പ്രണയം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാര്‍ (21), ഹുസൈന്‍ (21) എന്നിവരാണ് പിടിയിലായത്.
നിലമ്പൂര്‍ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയില്‍ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയില്‍ ഹുസൈനുമായും യുവതി പരിചയത്തിലായി. തുടര്‍ന്ന് ഹുസൈനും യുവതിയോട് മൊബൈല്‍ഫോണ്‍ വഴി പ്രണയാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയില്‍ വീഡിയോ കോള്‍ വഴി നഗ്‌നചിത്രം പകര്‍ത്തുകയും തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി ബന്ധത്തില്‍നിന്ന് പിന്‍മാറി. ഇതിന്റെ വിരോധത്തിലാണ് നഗ്‌നദൃശ്യം പ്രചരിപ്പിച്ചത്.
ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എ.എസ്.ഐ. ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബിറലി, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു
ഒറ്റക്കൊമ്പനെന്ന തന്റെ 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ഗോപി. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുൻപ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത് ആരാധകരെയും ആവേശത്തിലാഴ്ത്തി.
‘ഊഹാപോഹങ്ങൾക്ക് ഇടമില്ല, 2025’ എന്നാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിലെ തന്റെ പുതിയ ലുക്ക് പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്.
വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം വട്ടക്കരിക്കകം മന്‍സിലില്‍ ഷെറിന് (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ജോര്‍ജിയയില്‍ എംബിബിഎസ് വിദ്യാർത്ഥിയായ പ്രതി മയ്യനാട് സ്വദേശിനിയായ യുവതിക്ക് ഇയാള്‍ പഠിക്കുന്ന കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണകളായി പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി എയര്‍പോര്‍ട്ടിലൂടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞ് ഇരവിപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയിലെത്തി പിടികൂടുകയായിരുന്നു.
യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.
സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന 10 സീറ്റുകൾകൂടി ചേർത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്.
ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.
ജോൺസൺ ജോർജ്ജ്
ലണ്ടനിലെ ബാസിൽഡൺ ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പാസ്റ്റർ ബേബി കടമ്പനാട് ചികിത്സയിലായിരുന്നു. ഐപിസി ജനറൽ കൗൺസിൽ അംഗവും, ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമായ പാസ്റ്റർ ബേബി കടമ്പനാട് (70) സന്ദർശനാർത്ഥം യു.കെ.യിൽ ആയിരക്കവേ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസിൽഡൺ ആശുപത്രിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
1954-ൽ ചെറിയാൻ കെ. വർക്കിയുടെ മകനായി ജനിച്ച ഇദ്ദേഹം തിരുവചന പഠനത്തിന് ശേഷം അലഹബാദ് ,ഷാർജ, ചന്ദനപ്പള്ളി, നരിയാപുരം ഇടക്കാട്, കിളിവയൽ മാലാപറമ്പ്, തുടങ്ങി നിരവധി സഭകളിൽ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും, സുവിശേഷീകരണ പദ്ധതികൾക്കും നേതൃത്വം നൽകിയിരുന്നു. സഭയുടെ വെൽഫെയർ ബോർഡ് ചെയർമാൻ, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലോക്കൽ – സംസ്ഥാന തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഐ.പി.സി. പുത്രികാ സംഘടനകളായ പി.വൈ.പി.എ , സണ്ടേസ്കൂൾ സോണൽതല എക്സിക്യൂട്ടീവ് പദവികൾ അലങ്കരിച്ചിട്ടുണ്ട്. കൺവൻഷൻ പ്രഭാഷകൻ, എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം നേതൃത്വ ശുശ്രൂഷ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവാണ്. ഭാര്യ: പൊന്നമ്മ, മക്കൾ: ഫിന്നി , ഫെബി.
റോമി കുര്യാക്കോസ്
യു കെ: ഉപതെരഞ്ഞെടുപ്പിൽ യു ഡി ഫ് സ്ഥാനർഥികളുടെ വിജയത്തിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് സംഘടന പ്രത്യേകമായി രൂപപ്പെടുത്തിയ ടി ഷർട്ടുകളും തൊപ്പികളുടേയും പ്രകാശനകർമ്മം നിർവഹിക്കപ്പെട്ടത്തോടെ ഒ ഐ സി സി (യു കെ) യുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ചേലക്കരയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രകാശനകർമ്മം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ എം എൽ എ സന്നിഹിതനായിരുന്നു. വയനാട് കേണിച്ചേരിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് വച്ച് നടന്ന പ്രകാശനകർമം ചാണ്ടി ഉമ്മൻ എം എൽ എയും സുൽത്താൻ ബത്തേരിയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പ്രകാശനകർമ്മം കോട്ടയം ജില്ലാ യുഡിഎഫ് കൺവീനർ ഫിൽസൻ മാത്യൂസും നിർവഹിച്ചു. സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഇരുവരും പ്രചരണ പ്രവർത്തനങ്ങൾക്ക് വേണ്ടി കഴിഞ്ഞ രണ്ടാം തിയതിയാണ് യു കെയിൽ നിന്നും നാട്ടിലെത്തി ചേർന്നത്.

സുൽത്താൻ ബത്തേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കായി പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച തൊപ്പികൾ മഹിളാ കോൺഗ്രസ് സുൽത്താൻ ബത്തേരി ബ്ലോക് പ്രസിഡന്റ് ശാലിനി, ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസിൽ നിന്നും സ്വീകരിച്ചു.
ഇപ്പോൾ നാട്ടിൽ വോട്ടവകാശമുള്ള പ്രവാസികളെയും അവരുടെ ബന്ധുക്കളായ വോട്ടർമാരെയും നേരിൽ കണ്ടു വോട്ടുറപ്പിക്കുന്നതിനൊപ്പം പ്രാദേശിക യു ഡി എഫ് പ്രവർത്തകരുമായി ചേർന്നു ഗൃഹസന്ദർശം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പരമാവധി വോട്ടുകൾ യുഡിഎഫ് ക്യാമ്പിൽ എത്തിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങളും ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിലുടനീളം കൃത്യമായി നടക്കുന്നുണ്ട്.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് അമേരിക്കയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് അവസാനഫലത്തിന്റെ കൃത്യമായ സൂചന ആയിക്കൊള്ളണമെന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാരണം പരമ്പരാഗതമായി ഏത് പാര്‍ട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത് ആ സ്ഥിതി തന്നെ തുടരുന്നുവെന്നാണ് പ്രാഥമികഫലം തരുന്ന സൂചന. അതുകൊണ്ട് തന്നെ സ്വിങ് സ്റ്റേറ്റസ് തന്നെയാകും ഇക്കുറിയും വിജയിയെ തീരുമാനിക്കുക.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഫ്‌ളോറിഡ, ടെക്‌സസ്, ഇന്ത്യാന, കെന്റക്കി സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായ വെര്‍മോണ്ട്, വാഷിങ്ടണ്‍, കലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ കമലയ്ക്കുമൊപ്പമാണ്. തുടര്‍ച്ചയായ മൂന്നാം തിരഞ്ഞെടുപ്പിലും ടെക്‌സസിലെ നാല്‍പ്പത് ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപ് ഉറപ്പാക്കികഴിഞ്ഞു. ഒഹിയോയിലെ 17 വോട്ടുകളും ട്രംപിന് അനുകൂലമാകും. അതേസമയം ന്യൂയോര്‍ക്കിലെ 28 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍സിന്റെ കോട്ടയായ ഫ്ളോറിഡയിലും ട്രംപ് തുടക്കം മുതല്‍ മുന്നേറുന്ന കാഴ്ചയാണ്.
ഇത്തവണയും നിര്‍ണായകമാകുക സ്വിങ് സ്റ്റേറ്റ്‌സ് എന്ന് അറിയപ്പെടുന്ന ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) വോട്ടുകളായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കരോലിന ഒഴികെ ആറ് സംസ്ഥാനങ്ങളും ജോ ബൈഡനൊപ്പമാണ് നിലയുറപ്പിച്ചത്. ഇത്തവണ പെന്‍സില്‍വാനിയയില്‍ ട്രംപ് മുന്‍തൂക്കം നേടിയിട്ടുണ്ട്. 19 ഇലക്ടറല്‍ വോട്ടുകളുണ്ട് പെന്‍സില്‍വാനിയയില്‍. ജോര്‍ജിയയിലും ട്രംപിനാണ് ലീഡ്. ഇവിടെ 66 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ജോര്‍ജിയ ട്രംപിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണുള്ളത്. 16 വോട്ടുകളുള്ള ജോര്‍ജിയ പിടിക്കാനായാല്‍ അത് റിപ്പബ്ലിക്കന്‍സിന് ഏറെ നിര്‍ണായകമാകും. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗണിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്. ഈ സ്വിങ് സ്റ്റേറ്റുകളിലെ സൂചനകള്‍ ഇതേ നില തുടര്‍ന്നാല്‍ ട്രംപിന് തിരിച്ചുവരവിനുള്ള സാധ്യതകള്‍ തെളിയും.
അതേസമയം ഇല്ലിനോയിയിലെ 19 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ്. ന്യൂജേഴ്‌സിയിലെ 14 വോട്ടുകളും കമലയ്ക്ക് ലഭിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പരിശോധന നടത്തിയിട്ട് പൊലീസ് രണ്ട് ചാക്ക് കള്ളപ്പണം കൊണ്ടുപോയോ എന്നും കെ. സുധാകരന്‍ ചോദിച്ചു. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും, പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
തോന്നിയ പോലെ ചെയ്യാന്‍ പൊലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഈ ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കാന്‍ പോകുകയാണ്. സമരമുഖത്ത് തങ്ങള്‍ കാണും. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും. ഈ പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ക്ക് സാധിച്ചില്ല. ഏത്രയോ കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാ നേരത്തു പരിശോധിക്കുന്നതില്‍ പൊലീസിന് എന്തു ന്യായീകരണമാണുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു.
പതിറ്റാണ്ടുകളായി സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതാക്കളെ അപമാനിക്കുന്നതിന് പരിധിയില്ലേയെന്നും അദേഹം ചോദിച്ചു. പരാതി കിട്ടിയിട്ട് അന്വേഷിക്കാന്‍ വന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞു സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്. എന്നാല്‍ ഇതിന് ഒരു അര്‍ത്ഥവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
അന്തസില്ലാത്ത, അഭിമാനബോധമില്ലാത്ത, ആണത്തമില്ലാത്ത പൊലീസ് തെമ്മാടിത്തമാണ് കാണിച്ചത്. പൊലീസിന്റെ നടപടി ആസൂത്രിതമാണ്. പരിശോധന നടക്കുന്നതിനിടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വന്ന് മുദ്രാവാക്യം വിളിച്ചത് ഇവര്‍ക്ക് മുന്‍കൂട്ടി അറിവു ലഭിച്ചു എന്നതിന് തെളിവാണെന്നും അദേഹം പറഞ്ഞു. അവര്‍ പ്രശ്നമുണ്ടാക്കിയതെല്ലാം ആസൂത്രിതമായിട്ടാണ്. മറ്റ് പാര്‍ട്ടിക്കാരുടെ മുറിയിലൊന്നും പോയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് പൊലീസ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയെ കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. അയാളുടെ മുറിയില്‍ കയറുമ്പോള്‍ അറിയാം. സാമാന്യബുദ്ധിയും വിവരവും വിവേകവും വേണം നേതാക്കന്മാര്‍ക്ക്. അതില്ലാത്ത മരമണ്ടന്മാര്‍ക്ക് വായില്‍ തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയം. ഇതോര്‍ത്ത് സംസാരിക്കണമെന്ന് ടി.പി രാമകൃഷ്ണന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
അധികാരം ഉപയോഗിച്ച് കോടാനുകോടികളാണ് പിണറായി വിജയന്‍ ഉണ്ടാക്കുന്നത്. നാടു നന്നാക്കലല്ല, കുടുംബത്തെ നന്നാക്കലാണ് പിണറായിയുടെ ലക്ഷ്യം. പാലക്കാട്ടേക്ക് പോകുകയാണെന്നും നേതാക്കന്മാരുമായി സംസാരിച്ച് തുടര്‍നടപടി എടുക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കൊഴിഞ്ഞാമ്പാറയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട സ്വദേശി മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്.
ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ അസ്ബിയ ഫാത്തിമ തളർന്നു വീണു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്.
കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണന്നും പ്രതിഭാഗം വാദിച്ചു. ദിവ്യയുടെ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണയില്ലെന്നും അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്നും ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണം എന്നുമാണ് ദിവ്യയുടെ അഭിഭാഷകന്റെ ആവശ്യം.
സ്വര്‍ണം പണയം വെച്ച് ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാന്‍ ഉപയോഗിച്ചതാണെന്നാണ് ഉന്നയിച്ച വാദം. നവീന്‍ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവായി ഫോണ്‍ രേഖകള്‍ ഹാജരാക്കി. കൂടാതെ പ്രശാന്തനും നവീന്‍ ബാബുവും തമ്മില്‍ കണ്ടെന്ന വാദത്തിന് തെളിവായി ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.
നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നവീനെതിരേ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രമാണ്. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് വാദം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. ദിവ്യയ്ക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്.റാല്‍ഫും കോടതിയില്‍ ഹാജരായി.
ഒക്ടോബര്‍ 29 നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.