മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ് ചെയർമാനും യോഗത്തിൽ പങ്കെടുക്കും.
കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചർച്ച ചെയ്യും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.
അതേസമയം പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളെ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാത്തവരോട് രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം.
നോര്‍ത്ത് കരോലിന, നെവാഡ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല നേരിയ മുന്‍തൂക്കം നേടുമ്പോള്‍ അരിസോണയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാനാര്‍ത്ഥികളുടെയും അവസാനഘട്ട പ്രചാരണം പുരോഗമിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്രയേറെ സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന 1973 ലെ വിധിയില്‍ നിന്നും അമേരിക്കന്‍ സുപ്രീം കോടതി നിലപാട് മാറ്റിയതോടെ ഗര്‍ഭഛിദ്രമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. റിപ്പബ്ലിക്കന്‍സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ഗര്‍ഭഛിദ്രം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഗര്‍ഭഛിദ്രം രാജ്യവ്യാപകമായി നിയമ വിരുദ്ധമാക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രചാരണത്തില്‍ ഉടനീളം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്നും സുരക്ഷിത്വം നിറഞ്ഞ ഗര്‍ഭഛിദ്രം നിയമം മൂലം സംരക്ഷിക്കുമെന്നുമാണ് കമല ഹാരിസിന്റെ നിലപാട്. ഗര്‍ഭഛിദ്രം സംബന്ധിച്ച വിഷയം പത്ത് സംസ്ഥാനങ്ങളിലെയെങ്കിലും ജനവിധിയെ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടിയേറ്റമാണ് പ്രചാരണ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന വിഷയം. കുടിയേറ്റക്കാരെ പലപ്പോഴും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ നടപടികള്‍ നാസി കാലത്തേതിന് സമാനമാണെന്ന് പോലും വിമര്‍ശനമുണ്ടായി.
കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളില്‍ ട്രംപിനേക്കാള്‍ മയപ്പെട്ട നിലപാടാണ് കമല ഹാരിസിന്റേത്. വിഷയത്തില്‍ ഒരു സമവായ ശ്രമമാണ് കമല മുന്നോട്ട് വയ്ക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിതമായി നിജപ്പെടുത്തണം എന്ന തരത്തിലുള്ള നിര്‍ദേശമാണ് കമല ഹാരിസ് സ്വീകരിച്ച് വരുന്നത്. എന്തായാലും വിജയം ഉറപ്പിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ സ്വന്തമാക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികളും ശക്തമായി രംഗത്തുണ്ട്.
സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ തയ്യാറെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും അദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. റെയില്‍വേ പദ്ധതികളുടെ വിലയിരുത്തല്‍ നടത്തിയ ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവേ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി.
ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിൻ്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രയിനുകൾക്ക് വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 1 ലക്ഷം രൂപ വീതം റയിൽവെ നൽകുമെന്നും അറിയിച്ചു.
ബിനോയ് എം. ജെ.
അമേരിക്കൻ പ്രസിഡന്റിനോ, ചൈനീസ് പ്രീമിയറിനോ, റഷ്യൻ പ്രസിഡന്റിനോ കോപം വന്നാൽ ഈ ഭൂമി കത്തിയെരിയും. ഈ വ്യക്തികളിൽ പ്രകാശിക്കുന്ന അതേ ഈശ്വരചൈതന്യം നമ്മിലും പ്രകാശിക്കുന്നു. വ്യക്തിഭേദം ആപേക്ഷികം മാത്രം. എല്ലാവരും ഈശ്വരന്റെ അവതാരങ്ങൾ തന്നെ. ബുദ്ധനും, ശങ്കരനും വിവേകാനന്ദനും എല്ലാം ആ ഈശ്വരചൈതന്യത്തെ സാക്ഷാത്ക്കരിച്ചവരാണ്. നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു; നാമതിനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നു മാത്രം. കണ്ടെത്തിയില്ല എന്ന് കരുതി അതവിടെ ഇല്ലാതാകുന്നില്ല. അതപ്പോഴും അവിടെ ഉറങ്ങി കിടപ്പുണ്ട്. സുനാമികളും, ഭൂകമ്പങ്ങളും, കൊടുങ്കാറ്റുകളും ആദ്യമേ രൂപം കൊള്ളുന്നത് മനുഷ്യമനസ്സുകളിൽ ആണെന്ന് അമൃതാനന്ദമയി പറയുന്നു. അധർമ്മം വാഴുന്നിടത്ത് അവ രൂപംകൊണ്ടുകൊണ്ടേയിരിക്കും. അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രൂമാന്റെ മനസ്സിൽ രൂപം കൊണ്ട ഉഗ്രകോപം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെടുന്നതിനു കാരണമായി. അതിന്റെ അനന്തരഫലങ്ങളിൽ നിന്നും അവരിനിയും മോചിതരായിട്ടില്ല. അന്ന് ട്രൂമാൻ പറഞ്ഞു “പേൾ ഹാർബർ ആക്രമിച്ച ജപ്പാനോട് പകരം വീട്ടുകയാണ് നമ്മുടെ ലക്ഷ്യം.” ജപ്പാൻകാർ കാട്ടിയ ഒരു വിശ്വാസവഞ്ചനക്ക് ഇത്രയും വലിയ ശിക്ഷയോ? അതെ! അധർമ്മവും,ചതിയും,വഞ്ചനയും, പകയും, വിദ്വേഷവും നിറഞ്ഞ നമ്മുടെ സാമൂഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ആരും ചിന്തിക്കുന്നുണ്ടാവില്ല. മനുഷ്യൻ വെറും കൃമിയല്ല. അവന്റെയുള്ളിൽ അനന്തശക്തികൾ ഉറങ്ങുന്നു. അവ നിഷേധാത്മകമായി പോകാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്.
മനുഷ്യ മനസ്സുകൾ പ്രക്ഷുബ്‌ധമാകാതെ സൂക്ഷിക്കുവിൻ. ഈഭൂമിയെ ഭസ്മമാക്കുവാനുള്ള ശക്തി ഓരോ വ്യക്തിയിലും ഉറങ്ങുന്നുണ്ട്. അവനെ പ്രകോപിപ്പിക്കാതെ സൂക്ഷിക്കുവിൻ. സമൂഹം എക്കാലവും വ്യക്തികളെ അടിച്ചമർത്തുന്നതായി കാണാം. ദുരന്തങ്ങൾ ഈ ഭൂമുഖത്തുനിന്നും വിട്ടു മാറുകയില്ല. സമൂഹം വ്യക്തികളെ നിഷ്കരുണം ചവിട്ടിത്തൂക്കുമ്പോൾ അതവന്റെ വംശനാശത്തിലേക്കേ നയിക്കൂ എന്നാരും ചിന്തിക്കുന്നുണ്ടാവില്ല. സമകാലീന സംഭവങ്ങളിലേക്ക് നോക്കുമ്പോൾ നാമൊരു ലോകമഹായുദ്ധത്തിലേക്ക് നടന്നടുക്കുകയാണോ എന്ന് സംശയം തോന്നുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ കാരണം അടിച്ചമർത്തപ്പെടുന്ന വ്യക്തികൾ തന്നെ. അവന്റെയുളളിലാണ് ആദ്യമേ അണുബോംബുകൾ പൊട്ടുന്നത്. വ്യക്തി എന്നാൽ ആറടി പൊക്കമുള്ള ഒരു മാംസപിണ്ഡമല്ല. മറിച്ച് അവന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു.
നിഷേധാത്മകമായി പോകുന്ന വ്യക്തികളുടെ അനന്തശക്തിയെ ഭാവാത്മകമായിതിരിച്ചുവിടണമെങ്കിൽ വ്യക്തികളെ പൂജിക്കേണ്ടിയിരിക്കുന്നു. വ്യക്തികൾ ചവിട്ടിത്തൂക്കപ്പെടുകയല്ല വേണ്ടത് മറിച്ച് അവർ ആരാധിക്കപ്പെടുകയാണ് വേണ്ടത്. വ്യക്തിൾ പൂജിക്കപ്പെടുന്നിടത്ത് ഐശ്വര്യം വാഴുന്നു. അഹം ബ്രഹ്മാസ്മി എന്നും തത്ത്വമസി എന്നും ഭാരതീയ ആചാര്യന്മാർ പണ്ടുതൊട്ടേ ഉദ്ഘോഷിച്ചിരുന്നത് ഭാരതീയർ വ്യക്തി പൂജയിൽ എത്രയോ മുന്നിലായിരുന്നു എന്നതിന് തെളിവാണ്. പാശ്ചാത്യ ചിന്താപദ്ധതിയുടെ അതിപ്രസരത്തിൽ നാം അതൊക്കെ മറന്നു കളഞ്ഞു. വ്യക്തി പൂജ എന്ന അതേ ആശയം തന്നെ ഇന്ന് ‘അസ്ഥിത്വവാദം’ എന്ന പേരിൽ പാശ്ചാത്യ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു. നമ്മെ ചതിക്കുന്നത് ധർമ്മശാസ്ത്രം തന്നെ. വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്നും അതിനാൽ വ്യക്തികളാണ് നന്നാകേണ്ടതെന്നും ഉള്ള വാദഗതികൾ സഹസ്രാബ്ദങ്ങളായി നമ്മുടെ കർണ്ണപുടങ്ങളിൽ പതിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് വ്യക്തികളെ നന്നാക്കുവാനും ആ കാരണം പറഞ്ഞ് അവരെ ക്രൂശിക്കുവാനും സമൂഹം നിയമങ്ങൾ നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. കാലക്രമേണ വ്യക്തി സമൂഹത്തിന്റെ അടിമയായി മാറി.
സ്വന്തം ഉള്ളിലുറങ്ങുന്ന അനന്തശക്തിയെ കണ്ടെത്തി അതിനെ ഭാവാത്മകമായി തിരിച്ചുവിടുന്നതിൽ യോഗികൾ വിജയം കണ്ടെത്തിയിരിക്കുന്നു. പ്രതിഭകളും ശാസ്ത്രകാരന്മാരും തങ്ങളറിയാതെ അൽപം യോഗ ചെയ്യുന്നുണ്ട്. അതാണ് അവരുടെ ധിഷണാശക്തിയുടെ രഹസ്യം. അവർക്കെല്ലാം , അവരോട് തന്നെ, എടുത്തു പറയത്തക്ക ആത്മസ്നേഹവും ആത്മബഹുമാനവും ഉണ്ടായിരുന്നു. ഈ ആത്മസ്നേഹമാകുന്നു ആദ്ധ്യാത്മികതയിലേക്കുള്ള പ്രവേശന കവാടം. അത് ഉള്ളിലുള്ള ജ്ഞാനത്തെയും ശക്തിയെയും ഉണർത്തുന്നു. മനുഷ്യൻ ശാസ്ത്രീയമായി വളരുകയാണ്. ഈ വിജ്ഞാനമെല്ലാം എവിടെ നിന്നും വരുന്നു? അത് വ്യക്തികളുടെ ഉള്ളിൽ നിന്നുമാണ് വരുന്നത്. ലോകത്തെ ഭസ്മമാക്കുവാൻ ശക്തിയുള്ള അണുബോംബ് പോലും എങ്ങനെ നിർമ്മിക്കപ്പെടുന്നു? അത് ഐൻസ്റ്റീന്റെയും, ഓപ്പൺ ഹീമറുടെയും, എന്റിക്കോ ഫെർമിയുടെയും മനസ്സിലുദിച്ച ചില ആശയങ്ങളാണ്. പോരാ..നാമിനിയും വളരെയധികം പുരോഗമിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തെ നമ്മുടെ കാൽചുവട്ടിൽ കൊണ്ട് വരേണ്ടിയിരിക്കുന്നു. ഇതിനെല്ലാം വേണ്ടത് വ്യക്തികൾക്ക് തങ്ങളോട് തന്നെ തോന്നുന്ന അനന്തമായ ആത്മബഹുമാനമാണ്. അത് പിറക്കണമെങ്കിൽ ചെറുപ്രായം തൊട്ടേ വ്യക്തികൾ പൂജിക്കപ്പെടണം. അവർ ആരാധിക്കപ്പെടണം. ‘നിങ്ങൾ വെറും കൃമിയാണെന്ന’ മൂഢത കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. അവരെ നിന്ദിക്കുകയും പീഢിപ്പിക്കാതെയുമിരിപ്പിൻ. വിവേകാനന്ദൻ പറഞ്ഞത് പോലെ ഈ ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനും ഉള്ള ശക്തി അവരിലുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുവിൻ. തോൽക്കുവാൻ വേണ്ടിയല്ല നാം ജനിച്ചു വീണിരിക്കുന്നത്. മറിച്ച്, പ്രപഞ്ചത്തിനു മേലുള്ള അത്യന്തികമായ വിജയം – അതിൽ കുറഞ്ഞ യാതൊന്നു കൊണ്ടും നാം തൃപ്തിപ്പെടരുത്. ഉണരുവിൻ! ഉത്തിഷ്ഠത! ജാഗ്രത!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120


റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) ദീപാവലിദിനം ആഘോഷനിമിഷങ്ങ ളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി. മധുരമുള്ള ഗുജറാത്തി ലഡു, മധുരം തുളുമ്പുന്ന ഗുലാബ് ജാബ്, സ്വാദിഷ്ടമായ ക്യാരറ്റ് കേക്ക്, സേമിയ പായസം, കേക്ക്, ബിസ്കറ്റ്, വിവിധയിനം മിഠായികൾ, പ്രത്യേകം തയ്യാർ ചെയ്ത നാടൻ ചായ എല്ലാവരും ആവോളം ആസ്വദിച്ചു. ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ തക്കതായ പാട്ടുകളും, ഡാൻസും ആഘോഷത്തിന് ഊർജം പകർന്നു. പരിപാടിയിൽ പങ്കെടുത്ത ഓരോ കുടുംബവും ദീപം തെളിച്ച് ഈ ലൈറ്റുകളുടെ ആഘോഷത്തിൽ കണ്ണികളായി. പുതുതായി ഈ കൂട്ടായ്എ ഈ കൂട്ടായ്മയിൽ എത്തിയവരെ പരിചയപ്പെടാനും സ്വന്തം നാട്ടിൽ നിന്നും എത്തിയവരുമായി സൗഹൃദം പങ്കിടുന്നതിനുമുള്ള അവസരമാണ് ഇത്തരം കൂട്ടായ് മകൾ.
മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റെർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.
WKC യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം 2025 ജനുവരി മാസം 4ാം തിയതി ശനിയാഴ്ച റെക്സം വാർ മെമ്മോറിയൽ ഹാളിൽ നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക
ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും WKC കമ്മിറ്റി അംഗങ്ങളുടെ നന്ദി അറിയിക്കുന്നു.

നല്ലിലയിൽ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. രാജിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കൈയിൽ കരുതിയെ പെട്രോൾ ഇരുവരുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു.
ആദ്യ ഭർത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ കാനഡ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കിയുള്ള നടപടികള്‍ ആരംഭിച്ചതായി സൂചന. സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ പ്രതികരണം.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെയും സൈബര്‍ എതിരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് കാനഡയ്ക്ക് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ആദ്യമായാണ് സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരവൃത്തി ലക്ഷ്യംവെച്ച് കാനഡ സര്‍ക്കാരിനെതിരേ സൈബര്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ആഗോളതലത്തില്‍ പുതിയ അധികാരകേന്ദ്രങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, കാനഡയുടെ പുതിയ നീക്കം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള മറ്റൊരു തന്ത്രമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്‌വാള്‍ പ്രതികരിച്ചു. ഇന്ത്യക്കെതിരേ കൃത്രിമമായി ആഗോള അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കാനഡ ശ്രമിക്കുന്നതായി അവരുടെ മുതിര്‍ന്ന വക്താക്കള്‍ സമ്മതിച്ചിരുന്നു. മറ്റുള്ളവയെപ്പോലെ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവര്‍ ആവര്‍ത്തിക്കുകയാണെന്നും രണ്‍ദീപ് ജയ്സ്വാള്‍ പറഞ്ഞു.
കഴിഞ്ഞദിവസം അമിത് ഷാക്കെതിരേ കനേഡിയന്‍ മന്ത്രി ഉന്നയിച്ച ആരോപണത്തില്‍ ഇന്ത്യ കാനഡയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയില്‍വെച്ച് വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്നായിരുന്നു കാനഡയുടെ ആരോപണം. തുടര്‍ന്ന് കനേഡിയന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്. ഇതുസംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിരുന്നു.
ഷാനോ എം കുമരൻ
യുകെയിൽ പുതിയതായി എത്തിയവരിൽ ഏറിയ പങ്കും സർക്കാരാശുപത്രിയിൽ ആരോഗ്യ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള ജോലിക്കു വന്നവർ. കൂടുതലും പെണ്ണുങ്ങൾ. അവരുടെ കെട്ടിയവന്മാരും കുട്ടികളുമൊക്കെയായി അങ്ങനെ തെറ്റില്ലാതെ ആർഭാടത്തിൽ കാലം തള്ളി നീക്കുന്നവർ. പുതിയതായി ചിലർ കൂടി കാക്കത്തുരുത്തിലേക്ക് ചേക്കേറി. നല്ല ജീവിതം ആസ്വദിക്കുവാൻ.
അക്കൂട്ടത്തിലെ മിടുമിടുക്കനായിരുന്നു മഹാ ബുദ്ധിശാലിയെന്നു മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കുവാൻ കേമനായിരുന്ന ലോനപ്പൻ. ആളൊരു ശുദ്ധൻ എന്നിരുന്നാലും എനിക്ക് അല്പം കേമത്തമൊക്കെയാവാം. സായിപ്പിന്റെ നാട്ടിലാണല്ലോ ജീവിതം അങ്ങനെയും മോഹം . തെറ്റ് പറയുവാനാവില്ല. ആളൊരു മിടുക്കനാണ് കേട്ടോ മോഹിക്കാമല്ലോ മോഹത്തിനെന്തു വില. ചുമ്മാ മോഹിക്കട്ടെ എന്നിരുന്നാലും ഉള്ളവരിൽ വലിയ തെറ്റില്ല. ഉയരങ്ങളിൽ എത്തണം എന്ന ഉറച്ച തീരുമാനം അത് ലോനപ്പന്റെ ഒരു സവിശേഷതയായിരുന്നു. കുറച്ചു പഴമക്കാർ അല്ലെങ്കിൽ പഴയ ചിന്താഗതികൾക്കുടമസ്ഥരായിട്ടുള്ളവർ നമ്മുടെ ലോനപ്പനെ നോക്കി ചുമ്മാ അസൂയപ്പെടും. പുറമെ അല്ല കേട്ടോ ഉള്ളിൽ അതാരറിയാനാ ?
ലോനപ്പന്റെ അവധി ദിനങ്ങളിൽ കൂട്ടത്തിൽ കൂടി ഒരു മിടു മിടുക്കി . സൽസ്വഭാവി. ഭംഗിവാക്കല്ല നേരായിട്ടും തനി തങ്കം. തങ്കമ്മ നഴ്സ്. തങ്കമ്മ ലോനപ്പനൊപ്പം കൂട്ട് കൂടി. ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ അവരെ. സംഭവം നമ്മുടെ ലോനപ്പൻ സായിപ്പിന്റെ നാട്ടിലെ ആരോഗ്യ മേഖലയിലെ പുതിയ ചില വിഷയങ്ങൾ പഠിക്കുവാൻ തീരുമാനിച്ചു. അത് തനിക്കും കൂടെ ഉപയോഗപ്പെടുത്താമല്ലോ അതാണ് തങ്കമ്മ നഴ്സിന്റെ ആലോചന. അങ്ങനെ പഠിത്തം ഉഷാറായി നടന്നു തങ്കമ്മ സിസ്റ്റർ മുൻകൈയെടുത്തു കൊണ്ട് മറ്റു പല നേഴ്സ് പെൺകുട്ടികളും ലോനപ്പന്റെ ഒറ്റ മുറി വീട്ടിൽ ഒത്തു കൂടി സായിപ്പിന്റെ സർക്കാരാശുപത്രിയുടെ മേൽ നോട്ടത്തിൽ നടത്തി വന്ന പല പരീക്ഷകളും അവർ നേരിട്ടു അതിൽ ചിലരൊക്കെ വിജയിച്ചു. ചില ദിവസങ്ങളിൽ അവർ തങ്കമ്മ സിസ്റ്ററിന്റെ ഫ്ലാറ്റിൽ ഒത്തു ചേർന്ന് പഠനം മുന്നോട്ടു കൊണ്ട് പോയി.
വിരസമായ വേളകളിൽ അവരെല്ലാം പാശ്ചാത്യരായ തച്ചന്മാർ പണി തീർത്ത പുരാതനമായ പള്ളികളിലും മറ്റു ഇടപ്രഭുക്കന്മാരുടെ മാളികകളിലും മറ്റും സന്ദർശനം നടത്തി വന്നിരുന്നു. ലോനപ്പന്റെ അഭാവത്തിൽ ചില പെണ്ണുങ്ങൾ വട്ടം കൂടിയിരുന്നു വൈനും മറ്റും നുണഞ്ഞിരുന്നു പോലും. ചങ്ങാതി അറിഞ്ഞാൽ മോശമായെങ്കിലോ ? അങ്ങനെ ചിന്തിച്ചതും നല്ലതു തന്നെ. സ്വഭാവ സർട്ടിഫിക്കറ്റ് കളഞ്ഞു കുളിക്കരുതല്ലോ. അല്ലെങ്കിലും ഇക്കാലത്തു പെണ്ണുങ്ങൾ അല്പം ലഹരി രുചിച്ചാലിപ്പോൾ എന്താ പറ്റുക തണുപ്പുള്ള ദേശം അല്ലയോ വല്ലപ്പഴും തലയ്ക്കൊരല്പം മത്തു , അത് നല്ലതു തന്നെ.
എല്ലാവർക്കും ആശ്രയം നമ്മുടെ ബൈജുവിന്റെ പഴഞ്ചൻ ബെൻസ് കാറ് മാത്രമാണ് പഠിക്കുവാൻ പോകാനും ചുറ്റിക്കറങ്ങുവാനും ജോലിക്കു പോകുന്നതിനു എന്തിനേറെ എല്ലാത്തിനുമെല്ലാത്തിനും അവർക്കാശ്രയം പണ്ടെങ്ങോ ചേക്കേറിയ ബൈജുവിന്റെ ബെൻസ് വണ്ടി തന്നെ ശരണം. ചുമ്മാതല്ല കേട്ടോ. വണ്ടി കൂലി കൊടുത്തിട്ടാണേ അതും ഒന്നര ചക്രം കൂടുതൽ . നമ്മുടെ ബൈജു ചേട്ടൻ പാവം എപ്പോ വിളിച്ചാലും ഓടിയെത്തുമല്ലോ അത് വലിയ ഒരു കാര്യമല്ലേ ? ചോദ്യമാണോ ആരോട്. ? അല്ല പെണ്ണുങ്ങൾ വാസ്തവം പറഞ്ഞതാ.
അങ്ങനെ ബൈജു ചേട്ടന്റെ വണ്ടിയിൽ സവാരി പഠനം ജോലി. എല്ലാം കൂടെ ബ്രിട്ടൻ ജീവിതം എത്ര സുന്ദരം എത്ര മനോഹരം.
ബൈജു ചേട്ടൻ അത്യാവശ്യം ത്രില്ലിലാണ്. രണ്ടു നേരവും സായിപ്പിന്റെ തൊഴുത്തിലെ പൈക്കളുടെ പാൽ യന്ത്രം വച്ച് ഊറ്റി എടുത്തു സംഭരണിയിലൊഴിച്ചിട്ടു മിച്ചമുള്ള സമയം വണ്ടിയോട്ടം പഴഞ്ചനെങ്കിലും മെഴ്സിഡസ് ഒരു അലങ്കാരം തന്നെ. ഒഴിവുള്ള വൈകുന്നേരങ്ങളിൽ കാക്കത്തുരുത്തിലെ പുത്തൻ അച്ചായന്മാരുടെയും ചേട്ടന്മാരുടെയും വക കള്ളു സൽക്കാരം സംഗതി ജോർ. നമ്മുടെ ബൈജു ചേട്ടന് ഒരു ചെറിയ കുഴപ്പമുണ്ട്. സംഗതി ബൈജു സ്വതവേ അധികമാരോടും അങ്ങനെ മിണ്ടാറില്ല , പെണ്ണുങ്ങളോ ആണുങ്ങളോ വണ്ടിയിൽ കയറിയാൽ പിന്നെ പൂച്ചയാ പുള്ളി ശാന്തൻ. പക്ഷെ രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ മട്ടും ഭാവവും തെല്ലു വിത്യാസം വരും . ഒന്നരയടിച്ചാൽ പിന്നെ വേണമെങ്കിൽ പുള്ളി വിമാനവും പറത്തും. അതൊക്കെ സഹിക്കാം പക്ഷെ ഫിറ്റായാൽ പിന്നെ സ്വന്തം പെമ്പറന്നോത്തിയും താനും അപ്പോൾ മദ്യം ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കുന്നവരും ഒഴിച്ചാൽ പിന്നെ മറ്റെല്ലാ പെണ്ണുങ്ങളും ആണുങ്ങളും മൂപ്പരുടെ കണ്ണിൽ ശെരിയല്ല. അന്യരുടെ വണ്ടിയിൽ അസമയത് കേറുന്നത് വശപിശകു പെണ്ണുങ്ങളാണത്രെ.
അത് കൊണ്ട് അടി തുടങ്ങിയാൽ പിന്നെ ചേട്ടൻ ഭയങ്കര മാന്യനായ ഡ്രൈവർ ആണ്. മോശം മോശം ഞാൻ പോകില്ല അവളുടെ ഓട്ടം അവള് ശെരിയല്ലന്നെ.
ഒഴിച്ച് കൊടുക്കുന്ന ചില മാമന്മാർ മൂപ്പിയ്ക്കും. എടാ ബൈജുവെ ആരെടെ കാര്യവാണെടാ നീ പറയുന്നേ? ഇല്ലെ മറ്റേ ലവളാണോ ? എനിക്കും ചില ഡൌട്ട് ഉണ്ട്. നീ പറഞ്ഞെ, കേൾക്കട്ടെ. ശരിയാണോയെന്നു.
അങ്ങനെയങ്ങനെ നീളുന്ന കള്ളിൻ കോപ്പയ്ക് മുന്നിലെ അന്തിയ്ക്കുള്ള അപരാധം പറച്ചിൽ.
ഇനിയൽപ്പനേരം നമുക്കു ഇടത്തും വലത്തും നേരെ മുകളിലും ഒക്കെ ഇരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പോയേക്കാം. അവിടെ ഇടത്തരം കുടുംബത്തിലേ ചെറുപ്പക്കാരനായ ഗൃഹനാഥൻ സദാനന്ദൻ ചേട്ടൻ ഫോണിൽ സെറ്റ് ചെയ്ത അലാറം അടിക്കുന്നതിനു മുന്നേ എണീറ്റു ഒരു ഫോൺ കാൾ ആരാണത് ഈ വെളുപ്പിനെ ? അമ്മായിയമ്മയുടെ ‘അമ്മ വലിച്ചു വലിച്ചു കിടക്കുവാ ഇനി എന്തേലും ?? ഫോണെടുത്തു നോക്കി ലണ്ടനിന്നു ഭാര്യയാണ്. ആര് നമ്മുടെ തങ്കമ്മ സിസ്റ്റർ എന്ന തങ്കം. ആള് നമ്മുടെ സദാനന്ദൻ ചേട്ടന്റെ നല്ല പാതിയാണ് രണ്ടു പിള്ളേരെ ഓമനത്തത്തോടെ പെറ്റു കൊടുത്തിട്ടു ജീവിതം കരുപ്പിടിപ്പിക്കാൻ ലണ്ടനിലേക്ക് വണ്ടി കയറിയ സ്നേഹവതിയായ ധീര വനിത. ഭാഗ്യം വല്യമ്മയ്ക്ക് കുഴപ്പമൊന്നുല്ല. ‘
‘ എന്താണാവോ ഈ നേരത്തു വിളി പതിവില്ലാലോ. എന്റെയും പിള്ളേരുടേം വിസ ശരിയായിക്കാണും. എന്നിങ്ങനെ ധൃതിയിൽ മനോരാജ്യം കണ്ടു ഫോണെടുത്തു ചെവിട്ടിൽ വച്ചു
” എന്താ തങ്കമ്മേ “?
അപ്പുറത്തു ഒരു ഏങ്ങി കരച്ചിൽ. ചേട്ടന്റെ ഉറക്കം പാടെ പോയി. എന്നാ പറ്റിയെടീ എന്നാത്തിനാ കരയുന്നെ?
ചേട്ടൻ വേവലാതി പൂണ്ടു ചോദിച്ചു.
” സദുവേട്ടാ, ചേട്ടനെന്നെ അവിശ്വസിക്കരുത് . തങ്കമ്മ കരച്ചിൽ തുടർന്നു. ഏഹ് അവിശ്വസിക്കരുതെന്നോ അതിനു മാത്രം നീയെന്നാ ചെയ്തേ? സദാനന്ദൻ ചേട്ടൻ പരവശനായി. അയാൾ വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു. ” നീ കാര്യം പറ തങ്കമ്മേ മനുഷ്യന്റെ പ്രാണൻ പോകുന്നു.
നമ്മുടെ ലോനപ്പനില്ലേ അയാളേം എന്നെയും പറ്റി ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു നടക്കാണ് …. ഞങ്ങൾ ഒരുമിച്ചു ഇരുന്നല്ലേ പഠിക്കണേ അതാണെന്ന് തോന്നുന്നു.( കരച്ചിൽ) എനിക്കറിയാന്മേല സദുവേട്ട എന്നാ ചെയ്യണ്ടെന്നു. എന്റെ പിള്ളേരാണെ അയാള് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാ എനിക്ക്.
സദാനന്ദന്റെ ശ്വാസം നേരെ വീണു. ഓഹോ ഇത്രയുമേയുള്ളോ കാര്യം എനിക്കേ നല്ലവണ്ണം അറിയാം എന്റെ ഭാര്യയെ. ലോനപ്പനെയും എനിക്കറിയാം പറഞ്ഞു നടക്കണ പൊ…….ടി മക്കളോട് പോയി ………..പറഞ്ഞേക്കു കേട്ടോ. നീ കിടന്നുറങ്ങാൻ നോക്ക് അല്ല പിന്നെ. എനിക്കിന്ന് കമ്പനിയിൽ നൂറ്റമ്പതു കൂട്ടം തിരക്കുള്ളതാ “… സദാനന്ദൻ ഫോൺ കട്ട് ചെയ്തു.
തങ്കമ്മ സിസ്റ്ററിന്റെ മനസ്സിൽ ഒരു ആയിര തുടം കുളിർമഴ ഒരുമിച്ചു പെയ്തു തോർന്നു. കെട്ടിയവൻ കൂടെയുണ്ട് പോകാൻ പറ അപരാധകമ്മിറ്റിയോട്. ത്ഫൂ ….’ നീട്ടിയൊന്നു തുപ്പി. സങ്കടം പോയൊഴിഞ്ഞു. തങ്കം പഠനം തുടർന്ന് കൊണ്ടേയിരുന്നു തോൽവി മനസ്സ് മടുപ്പിച്ചപ്പോൾ പല കൂട്ടുകാരും അത് നിർത്തി പിരിഞ്ഞു
പോയി ഉള്ള ജോലിയുമായി തൃപ്‌തിയടഞ്ഞു.
അങ്ങനെ കുറച്ചു നാളുകൾക്കപ്പുറം സദാനന്ദനും കുട്ടികളും തങ്കമ്മയുടെ അടുത്തെത്തി. തങ്കം ഇപ്പോൾ ഗ്രേഡ് കൂടിയ നഴ്സ് ആണ്. കൂട്ടായ പഠനത്തിന്റെ വെളിച്ചം അല്ലാതെന്തു പറയുവാൻ സുകൃതം. കഴിവാണ് മുഖ്യം കേട്ടോ. തങ്കമ്മ വിവരിച്ചത് പോലെയല്ല അതിലും ഭംഗിയാണ് സായിപ്പിന്റെ നാടിന്.
എന്തിനും ഏതിനും പാശ്ചാത്യരെയും അവരുടെ രീതികളെയും കുറ്റം പറഞ്ഞു കൊണ്ട് ഏറെ സൗകര്യമുണ്ടായിരുന്നിട്ടും ഒന്നും ലഭിക്കാതെ പോകുന്ന വിഡ്‌ഢി കിഴങ്ങന്മാരായ സ്വജനത്തെകുറിച്ചോർത്തു ഉള്ളിൽ ഒരല്പം വേദനയും സഹതാപവും തോന്നാതിരിക്കുവാൻ നല്ല കർഷകൻ കൂടിയായ ആ കമ്പനി തൊഴിലാളിക്ക് മനസ്സ് വന്നില്ലെന്നത് മറ്റൊരു വാസ്തവം ആയിരുന്നു. അല്ലെങ്കിലും കിണറ്റിലെ തവളകൾ അങ്ങനെയാണല്ലോ ! തത്കാലം അങ്ങനെ ആശ്വസിക്കാം. വിശ്വാസം ആശ്വാസം രണ്ടും ഒരേ നാണയത്തിന്റെ മറു പുറം ആണെന്ന് സമ്മതിക്കാതെ വയ്യല്ലോ. വിശ്വസിക്കുവാനും ആശ്വസിക്കുവാനും ഒരു കാരണവും വേണ്ട അതെന്തു കൊണ്ടാണെന്നു വച്ചാൽ … അത് ….അത്….അതങ്ങനെയാണ്.
കാലം കടന്നു പോകുന്നതിനിടയിൽ നമ്മുടെ പാവം ബൈജു ചേട്ടന് ഒരു അക്കിടി പറ്റി. കള്ളിൻ പുറത്തു കറക്കാൻ ചെന്നപ്പോൾ പശു ചവിട്ടി പുറത്താക്കിയതാണോ അതോ സായിപ്പ് രണ്ടെണ്ണം പൊട്ടിച്ചതാണോ ആർക്കുമറിയില്ല. എന്തായാലും ഇപ്പൊൾ കറവയില്ല. കള്ളു നല്ലപോലെയുണ്ട് താനും. കാക്കത്തുരുത്തിലെ നല്ലവരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രാക്ക് ആണോ. ? ആയിരിക്കും.
സദാനന്ദൻ ചേട്ടൻ ബൈജുവിനെ പരിചയപെട്ടു. ബൈജു പക്ഷെ അടുപ്പം കൂടാൻ അത്രയ്ക്കങ്ങു തയ്യാറായില്ല എന്തോ. അങ്ങനെയിരിക്കെ ഒരു മഞ്ഞുകാലത്തെ സായാഹ്നം. ജോലിയും കഴിഞ്ഞു തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴി സദാനന്ദൻ ചേട്ടന് ബൈജുവിനെ വഴിയിൽ നിന്നും കിട്ടി. സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അത്. നമ്മുടെ ബൈജു ചേട്ടന് വണ്ടിയില്ല ബെൻസ് വണ്ടി എവിടെപ്പോയി. സദാനന്ദൻ ചേട്ടൻ ചോദിച്ചു. ‘ ഓ അത് പഴയതായി ഇനി ഓടത്തില്ല. ഉദാസീനനായി ബൈജു പറഞ്ഞു.
എന്നാ വാ കയറ് ഞാൻ വിടാം വീട്ടിലേക്ക് .
സദാനന്ദൻ ചേട്ടന്റെ ഓഫർ ബൈജു ചുമ്മാ നിരസിച്ചു.
കുഴപ്പമില്ലന്നെ കയറ് എനിക്ക് സമയമുണ്ട്. എന്നായാലും ഞാനും അത് വഴിക്കല്ലേ പോകുന്നത് എനിക്കെന്നാ നഷ്ടം വരാനാ. സദാനന്ദൻ ചേട്ടൻ തന്റെ ബ്രാൻഡ് ന്യൂ മെഴ്സിഡസിന്റെ വാതിൽ തുറന്നു കൊടുത്തു. ബൈജു കയറി അല്ലാതെന്തു ചെയ്യുവാനാ.
സദാനന്ദൻ ചേട്ടൻ ഓരോരോ കാര്യങ്ങളിങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. ബൈജു എല്ലാം മുക്കിയും മൂളിയും മറുപടികൾ കൊടുത്തു. അങ്ങനെ ബൈജുവിന്റെ വീടിനു മുന്നിൽ കാർ നിറുത്തി.
താങ്ക്സ് പറഞ്ഞു വീട്ടിലേക്കു കാൽചുവടു തിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞു. ഒരു ഔപചാരികത. വാ ഇറങ്ങുന്നില്ലേ!
സദാനന്ദൻ ചേട്ടൻ ക്ഷണം കേട്ടയുടനെ വണ്ടിയിൽ നിന്നുമിറങ്ങി കാർ ലോക്ക് ചെയ്തു ബൈജുവിന്റെ കൂടെ നടന്നു. കുറച്ചായി വിചാരിക്കുന്നു ബൈജുന്റെ വീട്ടിലൊന്നു വരണമെന്നു ഇതായിരിക്കും ചിലപ്പോൽ പറ്റിയ സമയം. സദാനന്ദൻ പറഞ്ഞത് കേട്ട് വഴിയേ പോയ വയ്യാവേലിയെടുത്തു ഉടുത്തു പോയല്ലോ എന്നോർത്ത് ബൈജു അയാളെയും കൂട്ടി വീട്ടിലേക്കു നടന്നു. ബൈജുവിന്റെ ഭാര്യ വന്നു വാതിൽ തുറന്നു.
ഇതാരാഎന്ന മട്ടിൽ കെട്ടിയവന് നേരെ നോക്കി പുരികം വളച്ചു. സാധാരണ ഇതിയാൻ അങ്ങനെ ആരെയും വീട്ടിൽ വിളിച്ചു കൊണ്ട് വരാത്തതാണല്ലോ.
മോളിക്കുട്ടി ഇത് സദാനന്ദൻ ചേട്ടൻ മ്മടെ തങ്കമ്മ സിസ്റ്ററിന്റെ ഹസ്ബൻഡ്……. വാ ചേട്ടാ ഇരിക്ക്. വലിയ ആതിഥേയ ഭാവത്തിൽ ബൈജു സദാനന്ദൻ ക്ഷണിച്ചിരുത്തി. മോളമ്മ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ എന്ന് പറഞ്ഞു അടുക്കളയിലേക്കു നടന്നു.
പിള്ളേരൊറങ്ങിയോ എന്ന ചോദ്യത്തിന് ‘ ആ എന്നൊരു മറുപടി അടുക്കളഭാഗത്തു നിന്ന് വന്നു.
ചേട്ടാ ഒരു മിനിട്ടു ഇപ്പൊ വരാമേ എന്ന് പറഞ്ഞു കയ്യിലുള്ള സഞ്ചിയുമായി അടുക്കളയിലേക്കു നീങ്ങിയ ബൈജുവിനോട് സദാനന്ദൻ ചോദിച്ചു. ബൈജു ലോനപ്പനെ അറിയുമോ?
ബൈജു ഒന്ന് ഞെട്ടി പിന്നെ തിരിഞ്ഞു നിന്നു. ഏതു ലോനപ്പൻ ? ലോനപ്പനെ അറിയാത്ത മട്ടിൽ നിഷ്കളങ്കനായി ചോദിച്ചു. സദാനന്ദൻ മെല്ലെ എഴുന്നേറ്റു ബൈജുവിന്റെ അടുത്തേക്ക് ചെന്നു പടക്കം പൊട്ടുന്ന പോലെ ബൈജുവിന്റെ കവിളിൽ ഒരടി വച്ച് കൊടുത്തു. ഒരടിയ്ക്കു തന്നെ ബൈജുവിന്റെ കിളികൾ മുഴുവനും പറന്നു പോയി. പോയ കിളികൾ തിരിച്ചു വന്നപ്പോൾ സദാനന്ദൻ നോക്കി ബൈജു അലറി
എഡോ മൈ….താനെന്നെ തല്ലിയല്ലേ? തന്നെ ഞാനിന്നു കൊല്ലുമെടാ നായെ.
സദാന്ദന്റെ മുഖത്തു അത് കേട്ട് ഭാവ വിത്യാസമൊന്നുമില്ലായിരുന്നു. അയാൾ പറഞ്ഞു.
നീ ഒരു കോപ്പും ചെയ്യത്തില്ല ഇനി മേലാൽ നല്ല രീതിയിൽ കഴിഞ്ഞു പോകുന്ന ആളുകളെപ്പറ്റി അവരാധം പറയരുത്. പറഞ്ഞാൽ …. ഇവിടെയുള്ള സകല മലയാളികളുടെയും മുന്നിൽ വച്ച് നിന്നെ ഞാൻ അടിക്കും. മനസ്സിലായോടാ നാറീ …..നേരാം വണ്ണം കഴിഞ്ഞു പോകുന്ന ആളുകളെപറ്റി അവരാധം പറഞ്ഞുണ്ടാക്കലാണ് നിന്റെ മെയിൻ പണിയെന്നു നാട്ടിൽ നിന്ന് ഞാൻ അറിഞ്ഞതാ. അന്നേ ഞാൻ ഒന്ന് ഓങ്ങി വച്ചതാ നിനക്കിട്ടു. ഇപ്പഴാ തരമായത്!
കയ്യിൽ ഒരു ഗ്ലാസ് തണുത്ത ജ്യൂസ് കൊണ്ട് വന്ന മോളമ്മയ്ക്കു കാര്യമൊന്നും മനസ്സിലായില്ല. സദാനന്ദൻ ആ ഗ്ലാസ് വാങ്ങി ബൈജുവിന്റെ കയ്യിൽ പിടിപ്പിച്ചു എന്നിട്ടു പറഞ്ഞു. ” കുടിച്ചോ ഒന്ന് തണുക്കട്ടെ”
സദാനന്ദൻ തിരികെ പോകുവാനിറങ്ങുന്നേരം മോളമ്മയോടായി പറഞ്ഞു ” കൊച്ചെ ഞാൻ ഇപ്പൊ കൊച്ചിന്റെ കയ്യിന്നു വല്ലതും വാങ്ങി കുടിച്ചാൽ ഒരു കടപ്പാടുണ്ടായി പോകും അപ്പൊ പിന്നെ എനിക്കെന്റെ കുടുംബത്തോടുള്ള കടപ്പാട് നിറവേറ്റാൻ ഒക്കാതെ വരും അത് കൊണ്ടാ കേട്ടോ അപ്പൊ ശരി ബൈജു ഞാൻ ഇറങ്ങുവാണെ ”
അത്രയും പറഞ്ഞിട്ട് സദാനന്ദൻ ചിരിച്ചു നടന്നു. എന്താന്ന് നടന്നതെന്ന് പിടി കിട്ടാതെ മോളമ്മ വെറുതെ സ്തംഭിച്ചു നിന്ന് പോയി. എന്തായാലും ബൈജു അതോടു കൂടെ നന്നായി. കള്ള് ഇപ്പൊ കുടിക്കാറേയില്ലത്രേ. സദാനന്ദൻ ചേട്ടന്റെ ധീരകൃത്യം ആരും അറിഞ്ഞില്ല അയാൾ പക്ഷെ ഭാര്യയോടും ലോനപ്പനോടും മാത്രം പറഞ്ഞു. തന്റെ ഉത്തരവാദിത്വം അവരെ അറിയിക്കേണ്ടതുണ്ടെന്നയാൾക്കു തോന്നിക്കാണും. അതെന്തായാലും നന്നായി. തങ്കമ്മ നഴ്സിന്റെ മുഖം അല്പം കൂടെ തെളിഞ്ഞു കാണപ്പെട്ടു.
അയാൾ ഒരു സായാഹ്നത്തിൽ ലോനപ്പനോട് പറഞ്ഞു. ലോനപ്പാ ആളുകൾ അങ്ങനെയാ പ്രത്യേകിച്ച് ചിലർ നാട്ടിൽ മുക്കാൽ ചക്രത്തിനു തെണ്ടി നടക്കുന്നവൻ സായിപ്പിന്റെ നാട്ടിൽ വന്നു ഒന്ന് നിവർന്നു നിൽക്കുമ്പോൾ ചെറുതായൊന്നു എല്ലിന്റെ ഇടയിൽ കുത്തും. അപ്പൊ, ഇങ്ങനെയുള്ള അവരാധങ്ങളൊക്കെ പടച്ചു വിടും. അത് മറ്റുള്ളവർക്ക് വേദനിക്കുമോ എന്നൊന്നും പിതാവിന് പിറക്കാത്ത ഈ പൊന്നു മക്കൾ നോക്കാറില്ല. നീ വിഷമിക്കണ്ട കേട്ടോ!
ബൈജു മറ്റുള്ളവരെക്കുറിച്ചു ചുമ്മാ ദ്വേഷിക്കുന്നത് നിർത്തിയെങ്കിലും മറ്റു ചില മാന്യന്മാർ നിർബാധം ബൈജുവിന്റെ പണി തുടർന്ന് കൊണ്ടേയിരുന്നു. അവരറിയാതെ അവർ ഏതോ സദാന്ദൻമാരെ കാത്തിരിക്കുന്നുണ്ടാവാം. കാലം അതങ്ങനെയല്ല മുന്നോട്ടു പോകൂ!
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.