അമിതമായ അഭ്യാസ പ്രകടനം വഴിവെച്ചത് വന്‍ അപകടത്തിലേക്ക്. പോളണ്ടിലാണ് അപകടമുണ്ടായത്. അശ്രദ്ധമായി അഭ്യാസ പ്രകടനം നടത്തി വിമാനം മരത്തിലിടിച്ച് താഴേയ്ക്ക് പതിച്ചക്കുന്നതിന്റെ വിഡിയോ സമൂപമാധ്യമങ്ങളില്‍ വൈറലാകുന്നു. അക്രോബാറ്റിക്ക്സിന് ഉപയോഗിക്കാന്‍ പാടില്ലാത്ത വിമാനത്തില്‍ അഭ്യാസം കാണിച്ചതും വളരെ താഴ്ന്ന് പറന്നതുമാണ് അപകടകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പൈലറ്റ് അടക്കം രണ്ടുപേരുണ്ടായിരുന്നു വിമാനത്തില്‍. പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ ആള്‍ക്ക് ഗുരുതരമായ പരിക്കുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.
‘യെദിയൂരപ്പ ഡയറി’ നുണകളുടെ വലയെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസില്‍പ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ നല്‍കിയതെന്നും രവിശങ്കർ പറഞ്ഞു.
ബിജെപി ദേശീയ നേതാക്കൾക്ക് വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ ഡയറി പുറത്തായിരുന്നു. കാരവൻ മാഗസിനാണ് ഡയറിയിലെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്ന് യഡിയൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി പറയുന്നു. രാജ് നാഥ് സിങ്ങിന് 100 കോടിയും അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതമാണ് നൽകിയത്.
യെഡിയൂരപ്പ ഡയറി പുറത്തുവന്നതോടെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ഇന്‍കം ടാക്സ് അന്വേഷണം തടഞ്ഞത് ആരെന്നും പ്രധാനമന്ത്രി പറയണം. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. നേരത്തെ പൊലീസിന് നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന.
യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. 2018 ജൂണിൽ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന. ആരോപണ വിധേയനായ ചെർപ്പുളശേരി സ്വദേശിയായ പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മിൽ മാറ്റമില്ലെങ്കിൽ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.
ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ ആദ്യ മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാർട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം
ഓരോ തുള്ളിയും ജീവാമൃതമാണെന്ന ബോധം വീണ്ടും ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. മഹാപ്രളയത്തിനുശേഷം സംസ്ഥാനം അസാധാരണമായ കൊടുംചൂടിന് സാക്ഷ്യംവഹിക്കുകയാണ്. നാടെങ്ങും കുടിവെള്ളക്ഷാമം. വനങ്ങളിൽ ജലസ്രോതസുകൾ പലതും വറ്റിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നു.കടുത്ത വരൾച്ചയുടെ വക്കിലാണ് സംസ്ഥാനമിന്ന് എത്തിനിൽക്കുന്നത്.കുളങ്ങൾ , അരുവികൾ, കായലുകൾ എന്നിവകൊണ്ട് സമ്പന്നമായ കേരളത്തിൽ ജല ദൗർലഭ്യം വന്നെങ്കിൽ അതിനു കാരണം നാം ഓരോരുത്തരുമാണ്. നാളത്തേക്ക് എന്ന ചിന്തയില്ലാതെ അമിതമായുള്ള ജല ചൂഷണമാണ് കേരളത്തെ വരൾച്ചയുടെ വക്കിലെത്തിച്ചിരിക്കുന്നത്. ഇന്ന് ജലം ഒരു കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനം ചുട്ട് പൊള്ളുന്നു.കിണറുകള്‍ വറ്റി വരണ്ട് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയായി.
ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം പ്രകൃതിയില്‍ തന്നെയാണ് ഉത്തരം എന്ന പ്രമേയത്തിലാണ് ജലദിനാചരണം.
ലോകത്ത് കോടിക്കണക്കിന് ആളുകളാണ് ശുദ്ധജലം ലഭിക്കാതെ വലയുന്നത്. കേരളത്തില്‍ ഓരോ ദിവസവും ശുദ്ധജല ലഭ്യത കുറയുകയാണെന്നും സ്രോതസുകള്‍ മലിനമാകുകയാണെന്നും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയെ സംരക്ഷിക്കുക തന്നെയാണ് വെള്ളം ലഭിക്കാനുള്ള വഴിയെന്നും കുന്നുകളും മലകളും വയലുകളും സംരക്ഷിക്കുന്നതിലൂടെ ജലക്ഷാമം തടയാന്‍ സാധിക്കു.
ജലക്ഷാമം, വെള്ളപ്പൊക്കം, വരള്‍ച്ച, ജലമലിനീകരണം തുടങ്ങിയ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നു തന്നെ പരിഹാരമുണ്ടെന്നാണ് ഈ വര്‍ഷത്തെ ജലദിനം നല്കുന്ന സന്ദേശം. ലോകത്ത് 2.1 ബില്യന്‍ ജനങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ആഗോളതലത്തിലെ കണക്ക്. 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റിലാണ് ജലദിന ആശയം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് യു.എന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജല സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകിയിട്ടില്ല . ഇതിനായുള്ള പ്രവർത്തനങ്ങൾ വാക്കുകളിൽ ഒതുക്കാതെ വരും തലമുറകൾക്ക് വേണ്ടി കരുതലോടെ ജീവിക്കാം..
കായംകുളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെയെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ 200 പവനിലധികം സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.
കായംകുളംത്ത് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35) ഒടുവിൽ അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ചാണു നേരിൽ കണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റു ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണു കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽ നിന്ന് മൂന്നു പവന്റെ മാല ശാലിനി വാങ്ങി. തന്റെ കൈവശമിരുന്ന മാല അഞ്ചു പവന്റേതാണെന്നു പറഞ്ഞു യുവാവിനു നൽകുകയും ചെയ്തു. പിന്നീട് ഇവർ ജ്വല്ലറിയിൽ പോയും ആഭരണങ്ങൾ വാങ്ങി. ഒാച്ചിറ ക്ഷേത്രദർശനം കഴിഞ്ഞുവരവേയാണ് യുവതിയെ പരിചയമുള്ള ചിലർ കാണുന്നത്.
യുവതി തട്ടിപ്പുകാരിയാണെന്നു ഇവർ യുവാവിനെ അറിയിക്കുകയും നേരത്തെ വന്ന ടിവി വാർത്തയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെ യുവതി തനിക്കു സമ്മാനിച്ച മാല യുവാവ് പരിശോധിപ്പിച്ചപ്പോൾ മുക്കുപണ്ടമാണെന്നു വ്യക്തമായി. തുടർന്നാണ് കേസ് നൽകിയത്. യുവാവിന്റെ പെരുമാറ്റത്തിൽനിന്ന് പന്തികേടു തോന്നിയ യുവതി സ്ഥലംവിടാനായി കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂർ ജില്ലകളിൽ നിന്നും ഒരു ഡസനിലധികം പരാതികളാണ് ആയൂർ സ്വദേശിനിയായ ഇവർക്കെതിരേ പോലീസിന് കിട്ടിയിട്ടുള്ളത്. 2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മധ്യവയസ്ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പോലീസ് പൊക്കിയത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്.ഭർത്താവിനെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പോലീസിൽ പരാതിപ്പെട്ടു.
കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പോലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മുൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പോലീസ് പിടികൂടിയത്.
പഴനിയിൽ വെച്ച് അറസ്റ്റിലാകുന്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്നം അവസാനിച്ച് മാസങ്ങൾ കഴിയും മുന്‍പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.
പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്.
കുളനട ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ വിവാഹം ചെയ്ത ശാലിനിയെ അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കബളിക്കലിന് ഇരയായ ഒരാളുടെ സുഹൃത്ത് ശാലിനിയെ തിരിച്ചറിയുകയായിരുന്നു. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു.
പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസിൽ ശാലിനിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി.തുളസീദാസ് (42) ആണ് പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പു നടത്തിയതിനെ തുടർന്ന് ശാലിനിയെ ഉള്ളന്നൂർ വിളയാടി ക്ഷേത്രത്തിലെ വിവാഹവേദിയിൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് യുവതിയുടെ മൊബൈലിൽ ഏട്ടൻ നന്പർ വണ്‍ എന്ന പേരിൽ നിരവധി വിളികൾ വന്നിരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറിയുടുക്കാൻ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടുവിളിപ്പിച്ച പോലീസ് വസ്ത്രവുമായി സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് സഹോദരൻ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവർത്തിക്കുകയാണെന്നും മനസ്സിലായത്.
ഒരു വർഷമായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഇയാളുടെ പക്കൽ നിന്ന് ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണ്. തട്ടിപ്പിനിരയായ യുവാവിൽ നിന്നു വാങ്ങിയ പണം ഇരുവരും ചെലവഴിച്ചതായും പോലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാലിനിക്ക് ഒരു ഡസനിലധികം ഭർത്താക്കൻമാരുള്ളത്. ഇവരിൽ എല്ലാവരും പറ്റിക്കപ്പെട്ടു എങ്കിലും കിടങ്ങന്നൂർ സ്വദേശി പ്രമോദ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുന്പനാട്ടുകാരൻ, ചിങ്ങവനം സ്വദേശിയായ ഒാട്ടോ ഡ്രൈവർ, പുതുപ്പള്ളി സ്വദേശി സുധീഷ് തുടങ്ങി ചിലർ മാത്രമാണ് ശാലിനിക്കെതിരേ പരാതി നൽകാൻ തയാറായത്. ശാലിയുടെ ആദ്യഭർത്താവ് ഉണ്ണികൃഷ്ണൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ ഭർത്താവ് ചെന്നൈ സ്വദേശിയായ ബേബിയാണത്രേ.
പത്രത്തിൽ വിവാഹപ്പരസ്യം നൽകിയാണ് ശാലിനി വിവാഹത്തട്ടിപ്പുകൾ നടത്താറുള്ളത്. കോടതിയിൽ ഹാജരാക്കുന്പോഴും ശാലിനിക്ക് ഒരു കൂസലുണ്ടായിരുന്നില്ല. മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ചിരിച്ചുകൊണ്ടാണ് ശാലിനി മറുപടി പറഞ്ഞത്. കോടതിക്ക് പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരെ നോക്കി ചിരിക്കാനും, ഞാൻ പോസ് ചെയ്തു തരണോ എന്ന് ചോദിക്കാനും ശാലിനി സമയം കണ്ടെത്തി.
തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളിൽ രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളത്ത് വ്യാഴാഴ്ച രാത്രിയിൽ പട്രോളിംഗ് നടത്തിയ പോലീസാണ് ഡ്രോണ്‍ കാമറ ശ്രദ്ധിച്ചത്. സംഭവത്തിൽ പോലീസും ഇന്റലിജൻസും സംയുക്ത അന്വേഷണം തുടങ്ങി. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്റർ ഉൾപ്പടെയുള്ള പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തിയത്.
ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി ഫിൻലാൻഡ് തിരഞ്ഞെടുക്കപ്പെട്ടു. 156 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, തെക്കൻ സുഡാൻ എന്നീ രാജ്യങ്ങളാണ് അവസാന സ്ഥാനത്ത്. ആദ്യ പത്തു റാങ്കുകളിൽ നാലു നോർഡിക് രാജ്യങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടൻ ആദ്യ പത്തിൽ ഇല്ല. എന്നാൽ, കഴിഞ്ഞ വർഷം പത്തൊന്‍പതാം റാങ്കിലായിരുന്ന ബ്രിട്ടൻ ഈ വർഷം പതിനഞ്ചാം സ്ഥാനത്തേക്കുയർന്നു. ഇസ്രയേലികളും ഓസ്ട്രിയക്കാരും കോസ്റ്ററിക്കക്കാരുമൊക്കെ ബ്രിട്ടീഷുകാരെക്കാൾ സന്തുഷ്ടരാണ്. തുടരെ രണ്ടാം വർഷമാണ് ഫിൻലാൻഡ് ഒന്നാം റാങ്ക് നേടുന്നത്. ഡെൻമാർക്ക്(2), നോർവേ(3), ഐസ് ലാന്റ്(4), നെതർലാൻഡ്സ്(5), സ്വിറ്റ്സർലൻഡ്(6), സ്വീഡൻ(7), ന്യൂസിലൻഡ് (8), കാനഡ(9), ഓസ്ട്രിയ(10) എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയ രാജ്യങ്ങൾ.
ചരിത്രത്തിലെ ഏറ്റവും മോശം റാങ്കായ പത്തൊന്പതിലാണ് യുഎസ് ഇപ്പോൾ. ലക്സംബർഗ് (14),അയർലൻഡ് (16), ജർമനി(17), ബെൽജിയം(18),യുഎഇ (21), ഫ്രാൻസ്(24), ഖത്തർ (29) സ്ഥാനങ്ങളിൽ നിൽക്കുന്പോൾ ഇന്ത്യയുടെ സ്ഥാനം 140-ാം സ്ഥാനത്താണ്. ഫിൻലാന്റിലെ ആകെയുള്ള 5,5 മില്യൺ ജനസംഖ്യയിൽ മൂന്നു ലക്ഷം ആളുകൾ വിദേശ അടിവേരുള്ളവരാണ്.വരുമാനം, ആരോഗ്യം ആയുസ്, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഒൗദാര്യം എന്നിവയാണ് അടിസ്ഥാന മൂല്യങ്ങളാക്കിയാണ് സർവേ സംഘടിപ്പിച്ചത്.

ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലൂരൂ, രാജസ്ഥാന് എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. നിലവില്‍ കേസന്വേഷിച്ചുകൊണ്ടിരുന്ന ഓച്ചിറ എസ്ഐ, സിഐ, എന്നിവരില്‍ നിന്നും അന്വേഷണചുമതല കരുനാഗപളളി എസ്പിക്ക് കൈമാറി.
അതേസമയം പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ മുഹമ്മദ് റോഷന് സ്ഥലത്തെ സിപിഎം നേതാവ് നവാസിന്റെ മകനായതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി തര്‍ക്കം തുടരുന്നതിനിടയില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. സുരേന്ദ്രന്, എം.ടി രമേശ് എന്നിവരാണ് പത്തനംതിട്ട സീറ്റിനായി നിലവില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സുരേന്ദ്രനെ പിന്തുണച്ച് ആര്.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അല്‍ഫോണ്‍സ് കണ്ണന്താനമോ അല്ലെങ്കില്‍ ശ്രീധരന് പിള്ളയോ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരേന്ദ്രനെ പരിഗണിക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുക.
സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. മുരളീധരപക്ഷവും കെ. സുരേന്ദ്രന്റെ ഗ്രൂപ്പും പത്തംതിട്ട സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യക്തി തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. പിന്നാലെ പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.
കോട്ടയം: സൗദിയിൽനിന്ന് ആളുമാറി കോന്നിയിലെത്തിച്ച ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാനെത്തിയപ്പോൾ നടപടിക്രമം കുരുക്കായി. ഇതുമൂലം കനത്ത ചൂടിൽ ഒന്നര മണിക്കൂറോളം മൃതദേഹം ആംബുലൻസിൽ കിടക്കേണ്ടി വന്നു. ഒന്നര മണിക്കൂറിനുശേഷം, ശീതീകരണ സംവിധാനമില്ലാത്ത ആംബുലൻസിൽനിന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്പോഴേക്കും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. മോർച്ചറിയിൽ സൂക്ഷിക്കുന്നതിനു പണം സെക്യൂരിറ്റിയായി നൽകണമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ ആവശ്യം കൊണ്ടുവന്നവർ നിഷേധിച്ചു.
സൗദിയിൽ മരിച്ച കോന്നി ഉതിമൂട് താന്നിമൂട്ടിൽ റഫീഖിന്റെ മൃതദേഹത്തിനു പകരമാണ് മറ്റൊരു ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് എത്തിച്ചുനൽകിയത്. സംസ്കാരത്തിനെടുത്തപ്പോഴാണു മൃതദേഹം മാറിയത് ബന്ധുക്കൾ അറിയുന്നത്. ഒടുവിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതും റഫീഖിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ ചേർന്നാണ്. സൗദിയിൽ എംബാം ചെയ്തു പെട്ടിയിലാക്കി വന്ന ശ്രീലങ്കൻ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു പെട്ടി തുറന്നതിനു ശേഷം മോർച്ചറിയിൽ വയ്ക്കാൻ സാധിച്ചത് ഏഴര മണിക്കൂറിനു ശേഷമാണ്. പത്തനംതിട്ട കളക്ടറും തഹസിൽദാറും ഇടപെട്ടാണു മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
റഫീഖിന്റെ പിതാവ് അബ്ദുൾ റസാഖ്, ഭാര്യാ പിതാവ് ഉദുമാൻ, അർധ സഹോദരൻ ജമാലുദീൻ, കോന്നി സ്റ്റേഷനിലെ പോലീസുകാരൻ എന്നിവർ മൃതദേഹവുമായി 12.55നു മോർച്ചറിക്കു മുന്നിലെത്തിയെങ്കിലും നടപടിക്രമങ്ങൾക്കു തടസം നേരിട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതദേഹങ്ങളെ മോർച്ചറിയിൽ സൂക്ഷിക്കൂവെന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തതോടെ ബന്ധുക്കൾ നിസഹായരായി.
റഫീഖിന്റെ മൃതദേഹം എവിടെയെന്നുപോലും അറിയാത്തതിന്റെ ദുഃഖം പേറുന്പോഴും ആരുടെയോ മൃതദേഹം എന്തു ചെയ്യണമെന്നറിയാത്തതിന്റെ അനിശ്ചിതത്വം. അധികൃതരുടെ കനിവിനായി മെഡിക്കൽ കോളജിലെ ഓഫീസുകൾ കയറിയിറങ്ങുന്പോഴും റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അധികൃതർ കനിയണമെന്ന പ്രാർഥനയായിരുന്നു ഈ പിതാവിന്. ഈ സമയമത്രയും മോർച്ചറി മുറ്റത്തെ ആംബുലൻസിലെ വലിയ ശവപ്പെട്ടിയിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കോട്ടയം, പത്തനംതിട്ട കളക്ടർമാർ ഇടപെട്ടതോടെ മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി.
മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാമെന്ന അനുമതി പത്രവും വാങ്ങി മോർച്ചറി മുറ്റത്തെത്തുന്പോഴേക്കും സമയം 2.30. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയെങ്കിലും വിദേശത്തുനിന്നു കൊണ്ടുവന്ന പേടകം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. തർക്കത്തിനൊടുവിൽ പേടകം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. കൂലിപ്പണിക്കാരനായ അബ്ദുൾ റസാഖിന് ഇതിനോടകം 40,000 രൂപയിലേറെ ചെലവുണ്ട്. ശ്രീലങ്കയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരത്തിനും മറ്റുമായി ഇനിയും പണം കണ്ടെത്തണം.
റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
തിരുവനന്തപുരം: സൗദി അറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. നോർക്ക വകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്തു നൽകുകയും സൗദി എയർലൈൻസ് അധികൃതരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.