Latest News

സണ്ണി വെയ്‌ന്റെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു. കൊച്ചിയിൽ വെച്ചായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്.നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.ദുൽക്കർ സൽമാൻ ഉൾപ്പെട വൻ താര നിരതന്നെ എത്തിയിരുന്നു

വിനീത് ശ്രീനിവാസന്‍, അനു സിത്താര, ഗൗതമി നായര്‍, 96 എന്ന തമിഴ് ചിത്രത്തിലൂടെ കുട്ടിജാനുവായി എത്തിയ ഗൗരി ജി കിഷന്‍, ജയസൂര്യ, അഹാന കൃഷ്ണകുമാര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, പേര്‍ളി മാണി, സംവിധായകരായ അരുണ്‍ ഗോപി, സക്കറിയ മുഹമ്മദ്, തുടങ്ങിയ വന്‍ താരനിര വിവാഹ സല്‍ക്കാരത്തിന് എത്തി.

രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഇന്ത്യയില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. നന്ദഡില്‍ തരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു എന്നും അതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവുമെന്നും രാജ് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടിക്കാണിക്കാന്‍ മോദിക്ക് മറ്റൊരു നേട്ടവുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായതെന്നും രാജ് താക്കറെ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാജ് താക്കറെ കുറ്റപ്പെടുത്തി. ഇനിയും മോദി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ദിരാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനെയും കുറ്റം പറയുകയാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായേയും കര്‍ഷക പ്രശ്നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ആര്‍ക്കും വോട്ട് തേടിയല്ല ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മോദിയേയും അമിഷായേയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും നിങ്ങള്‍ തുടച്ചു മാറ്റണം,’ രാജ് താക്കറെ പറഞ്ഞു.

 

കോഴിക്കോട്ടെ തെരെഞ്ഞെടുപ്പ് പരിപാടിയിൽ പ്രധാന മന്ത്രി മോദിജിയോടൊപ്പം വേദി പങ്കിട്ട് ജനപക്ഷം നേതാവ് പിസി ജോർജ് . കോഴിക്കോട് കടപ്പുറത്ത് ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിൽ തന്നെ ഇടംപിടിക്കുകയായിരുന്നു .

പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍ പങ്കെടുത്തു സംസാരിച്ച പിസി ജോര്‍ജ് അതിരൂക്ഷ വിമര്‍ശനമാണ് എല്‍ഡിഎഫിനും യുഡിഎഫിനും നേര്‍ക്ക് ഉന്നയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയേയും എന്‍ഡിഎ മുന്നണിയേയും ജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിച്ചു കഴിയുമ്പോള്‍ താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് പി.സി. ജോര്‍ജ്. വരുന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്ബിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബി.ജെ.പി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും പി.സി വ്യക്തമാക്കി

പിസി ജോര്‍ജിന്റെ വാക്കുകള്‍…

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. കേരളത്തിലെ എല്ലാം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും സീറ്റുകള്‍ പിടിച്ചടിക്കാന്‍ നമ്മുക്ക് സാധിക്കണം. അതിനപ്പുറം 2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും അന്ന് ഈ പാര്‍ട്ടിയില്‍ നിന്നുള്ള ആളാവാണം കേരള മുഖ്യമന്ത്രി ആവേണ്ടത്. വേദിയിലിരിക്കുന്ന ഈ നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകരാണ് ബിജെപിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത്.

നിയമസഭയില്‍ ഇത്രയും കാലം എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ഒ.രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇനി കൂടെ ഞാനുണ്ടാവും. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന പരിപാടിയാണ് ഇത്രയും കാലം നടന്നു കൊണ്ടിരുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ലീഗും കൂടി ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇനി അതു നടപ്പില്ല. രാജേട്ടനൊപ്പം എന്‍ഡിഎയെ പ്രതിരോധിക്കാന്‍ ഞാനും കൈകോര്‍ക്കുകയാണ്. ഇനി ഗോളടിക്കാന്‍ വരുന്നവന്റെ ചങ്കിലെ മര്‍മ്മം നോക്കി തിരിച്ചടിക്കും. 44 സീറ്റുണ്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്. ദയവ് ചെയ്ത് അയാള്‍ക്കൊരു പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കണം. പ്രതിപക്ഷത്തിരുന്ന് അവര് കാര്യങ്ങള്‍ പഠിക്കട്ടെ. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി വളരാന്‍ വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ശബരിമലയിലേത് ആചാര സംരക്ഷണത്തിന്റെ പ്രശ്‌നമാണ്. ഇവിടെ പ്രധാന വിഷയം അതാണ്. പക്ഷേ അതേക്കുറിച്ച് ഇവിടെ മിണ്ടാന്‍ പാടില്ല. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യഥാര്‍ത്ഥ്യമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ പതിനാറ് പിണറായി വിജയന്‍ വിചാരിച്ചാലും നടക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വോട്ടിന് പകരം ആട്ടാവും രാഹുലിന് വയനാട് കിട്ടുക. ബിജെപിയുടെ പ്രകടന പത്രികയില്‍ ആചാരസംരക്ഷണം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാണ്യവിളയായ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍ എതിര്‍ത്താല്‍ അത് നന്ദിക്കേടാവും.

ദൈവവിശ്വാസിയായ ഒരാള്‍ക്ക് എങ്ങനെയാണ് അത് ഹിന്ദു ദൈവം, ഇത് കൃസ്ത്യന്‍ ദൈവം, ഇത് മുസ്ലീം ദൈവം എന്നൊക്കെ വേര്‍തിരിച്ചു കണ്ട് മറ്റ് മനുഷ്യരെ ഉപദ്രവിക്കാനാവുന്നത്? മതത്തിന്‍റെയും ജാതിയുടേയും പേരില്‍ കലഹിക്കാനാവുന്നത്?

നന്മയുള്ള മനസാണ് എന്തിനേക്കാളും പ്രധാനം.. അവിടെയാണ് ദൈവമിരിക്കുക എന്ന് നമ്മളെന്നാണ് മനസിലാക്കുക.. ഏതായാലും 27 -കാരനായ സദ്ദാം ഹുസ്സൈന്‍ ഇങ്ങനെ കലഹിക്കുന്നവര്‍ക്ക് ഒരു അപവാദമായിരിക്കും തീര്‍ച്ച.. രാമനവമിയോടനുബന്ധിച്ച് സദ്ദാമിന്‍റെ ജോലി ബംഗളൂരു രാജാജി നഗറിലെ ഈ രാമക്ഷേത്രം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക എന്നതാണ്.

Image result for saddam-hussein-who-cleaning-the-temple-premises

ക്ഷേത്ര പരിസരം അടിച്ചു തുടച്ചു വൃത്തിയാക്കിയിടുന്നത് സദ്ദാമാണ്. രണ്ടാം ക്ലാസ് മാത്രമാണ് സദ്ദാമിന്‍റെ വിദ്യാഭ്യാസ യോഗ്യത. അതുകൊണ്ട് തന്നെ ചെറിയ ചെറിയ തൊഴിലുകളൊക്കെ ചെയ്താണ് ജീവിതം. വീട് വിട്ടുപോകുന്നവരെ വീട്ടുപകരണങ്ങളും മറ്റും മാറ്റാന്‍ സഹായിക്കുക, ഇടയ്ക്ക് ഒരു കടയില്‍ നില്‍ക്കുക, കാബ് ഓടിക്കുക ഇതൊക്കെയാണ് ജോലി..

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് അടുത്തുള്ള രാമക്ഷേത്രപരിസരം മുഴുവന്‍ വൃത്തിയായി സൂക്ഷിക്കുവാനുള്ള കടമയും സദ്ദാം ഹുസ്സൈന്‍റേതാണ്.

ആദ്യം തന്നെ ചെയ്യുന്നത് ഏണി എടുത്ത് വെച്ച് ഉയരത്തിലുള്ള പൊടിയും മാറാലയുമൊക്കെ തുടച്ചുനീക്കുക എന്നതാണ്. പിന്നീട് എല്ലായിടവും അടിച്ചു തുടച്ചിടും. എല്ലാ ജോലിയും സദ്ദാം തനിച്ചാണ് ചെയ്യുന്നത്. ക്ഷേത്രവും പരിസരവും പുതിയതുപോലെ തിളങ്ങുമ്പോഴേ അദ്ദേഹം ജോലി അവസാനിപ്പിക്കൂ.

‘രണ്ടുതരത്തിലുള്ള ആളുകളാണ് ഉള്ളത്, ഒന്ന്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്നെ അഭിനന്ദിക്കുന്നവര്‍, രണ്ട്, ചെയ്യുന്ന ജോലിക്ക് കമന്‍റ് പറയുന്നവര്‍.. രണ്ടായാലും ഒരു ചിരിയോടെ നേരിടാറാണ്’ എന്നാണ് സദ്ദാം പറയുന്നത്.

ക്ഷേത്രത്തിന്‍റെ പരിസരത്ത് ഗണേശ വിഗ്രഹങ്ങളും മറ്റും വില്‍ക്കുന്നയാളാണ് വെങ്കടേഷ് ബാബു. മാത്രവുമല്ല, ക്ഷേത്ര കമ്മിറ്റി അംഗവുമാണ്. ബാബുവാണ് സദ്ദാമിനെ ഈ ജോലി ഏല്‍പ്പിക്കുന്നത്. അദ്ദേഹം പറയുന്നത്, ‘ഗണേശ ചതുര്‍ത്ഥി സമയങ്ങളില്‍ ഗണേശ വിഗ്രഹം വില്‍ക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞ 18 വര്‍ഷമായി സദ്ദാം എന്‍റെ കൂടെ ജോലി ചെയ്യാനുണ്ടാവാറുണ്ട്. ഞാനാണ്, ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചത്. വളരെ ആത്മാര്‍ത്ഥതയോട് കൂടിയാണ് സദ്ദാം ആ ജോലി ചെയ്യുന്നത്. എല്ലാവരും അതിന് അദ്ദേഹത്തെ അഭിനന്ദിക്കാറുണ്ട്” എന്നാണ്.

‘മതത്തിന്‍റെ പേരില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ഒരുപാട് പേര്‍ ശ്രമിക്കും. പക്ഷെ, ആ ശക്തികള്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്നതിന് തെളിവാണ് സദ്ദാമിനെ പോലെയുള്ളവര്‍’ എന്നും ബാബു പറയുന്നു.

സദ്ദാം ഹുസ്സൈന്‍ പറയുന്നത്, ”ഞാന്‍ ജനിച്ചത് ഇസ്ലാം ആയിട്ടാണ്. ഈ ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നുണ്ട്. അതെനിക്ക് സമാധാനം തരുന്നുണ്ട്. ആരും എന്നെ ഒന്നും പറയാറില്ല.. ഹിന്ദുവായാലും മുസ്ലീം ആയാലും ഞങ്ങളെല്ലാവരും ഇവിടെ സ്നേഹത്തോടെ കഴിയുന്നു..” എന്നാണ്.

വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ്‌ പോലീസ്‌ അസ്റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ അദ്ദേഹത്തിന്റെ പൂച്ചയ്‌ക്ക്‌ എന്ത്‌ സംഭവിച്ചു എന്ന ആശങ്കയും അസാന്‍ജെ ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്‌. എംബസ്സി ക്യാറ്റ്‌ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പതിനായിരക്കണക്കിന്‌ വരുന്ന ഫോളോവേഴ്‌സ്‌ പൂച്ചയ്‌ക്കായുള്ള അന്വേഷണത്തിലാണെന്ന്‌ ന്യൂയോര്‍ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇക്വഡോര്‍ എംബസ്സിയിലെ അഭയാര്‍ത്ഥിക്കാലത്ത്‌ അസാന്‍ജെയ്‌ക്കൊപ്പം ഉണ്ടായിരുന്ന പൂച്ച അദ്ദേഹം പങ്കുവച്ച ഫോട്ടോകളിലൂടെയാണ്‌ സോഷ്യല്‍ മീഡിയയിലെ താരമായത്‌. പൂച്ച എവിടെപ്പോയി എന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ പ്രതികരിക്കാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സി തയ്യാറായിട്ടില്ലെന്നാണ്‌ സൂചന. എന്നാല്‍, വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത്‌ മാസങ്ങളായി പൂച്ച എംബസ്സിയില്‍ ഉണ്ടായിരുന്നില്ല എന്നാണ്‌.

സ്‌പുട്‌നിക്‌ എന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത്‌ തന്റെ സഹപ്രവര്‍ത്തകരിലാര്‍ക്കോ അസാന്‍ജെ പൂച്ചയെ കൈമാറി എന്നാണ്‌. സെപ്‌തംബര്‍ മുതല്‍ പൂച്ച എംബസ്സിയില്‍ ഇല്ലെന്നും സ്‌പുട്‌നിക്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തങ്ങള്‍ പൂച്ച സൂക്ഷിപ്പുകാരല്ലെന്നും ഇവിടെ പൂച്ചയെ സൂക്ഷിക്കാറില്ലെന്നും എംബസി ജീവനക്കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്‌.

2016 മെയ്‌മാസം മുതലാണ്‌ അസാന്‍ജെ പൂച്ചയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്യാന്‍ തുടങ്ങിയത്‌. പൂച്ചയെ താന്‍ മിഷി എന്നോ കാറ്റ്‌-സ്‌ട്രോ എന്നോ ആണ്‌ വിളിക്കാറുള്ളതെന്ന്‌ അസാന്‍ജെ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. പൂതച്ചയെച്ചൊല്ലി എംബസ്സി അധികൃതരും അസാന്‍ജെയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും മുമ്പ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

 

View this post on Instagram

 

What a smeowgasbord! 😻 #cheese

A post shared by Embassy Cat (@embassycat) on

ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം യുദ്ധസമാനമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ കളിക്കണമോ എന്ന ചോദ്യത്തിനായിരുന്നു സെവാഗിന്‍റെ ഈ പ്രതികരണം.

‘രണ്ട് കാര്യങ്ങളാണ് ഇതിനകം ചര്‍ച്ച ചെയ്തത്. പാക്കിസ്ഥാനെതിരെ ഒരു യുദ്ധം വേണോ വേണ്ടയോ…രാജ്യത്തിന്‍റെ നന്‍മയ്ക്ക് ഉതകുന്ന എന്തും ചെയ്യുക എന്നതായിരുന്നു ചര്‍ച്ച ചെയ്ത രണ്ടാമത്തെ പോയിന്‍റ്. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോള്‍ അത് യുദ്ധത്തേക്കാള്‍ ഒട്ടും ചെറിയ വിഷമയല്ല. ആ യുദ്ധത്തില്‍ നാം ജയിച്ചേ തീരു’ എന്നും ഗോവയില്‍ ഒരു പരിപാടിക്കിടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടേണ്ടത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് രാജ്യത്ത് ആവശ്യം ശക്തമാണ്.

മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപി നേതാവായ ഹിമാചല്‍ പ്രദേശ് മന്ത്രി അനില്‍ ശര്‍മ രാജി വച്ചു. മകന്‍ ആശ്രയ് ശര്‍മയെ മാണ്ഡി ലോക് സഭ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. സംസ്ഥാന ഊര്‍ജ്ജ മന്ത്രിയാണ് അനില്‍ ശര്‍മ. അനില്‍ ശര്‍മയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഖ് റാം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് വലിയ സമ്മര്‍ദ്ദമാണ് അനില്‍ ശര്‍മ്മയ്ക്ക് മേലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് മകനും ബിജെപി വിട്ടത്.

മുഖ്യമന്ത്രിക്ക് എന്നില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസം നഷ്ടമായാല്‍ പിന്നെ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കുക, അല്ലെങ്കില്‍ മന്ത്രി രാജി വയ്ക്കുക. അതുകൊണ്ട് രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് ഞാന്‍ തീരുമാനിച്ചു. അതേസമയം മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും ബിജെപി വിടാന്‍ ഉദ്ദേശമില്ല എന്ന് അനില്‍ ശര്‍മ വ്യക്തമാക്കി.

മാണ്ഡിയില്‍ മകനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അനില്‍ ശര്‍മ ഇതിന് വിസമ്മതിച്ചു. തന്റെ മകന് വേണ്ടിയോ ബിജെപി സ്ഥാനാര്‍ത്ഥിയായ രാം സ്വരൂപ് ശര്‍മയ്ക്ക് വേണ്ടിയോ പ്രചാരണത്തിനിറങ്ങില്ല എന്ന് അനില്‍ ശര്‍മ വ്യക്തമാക്കി.

 

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്കു മാവോസിയ്റ്റ് ഭീഷണിയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ മാവോയിസ്‌റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ് . റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്‌തമാക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം. മണ്ഡലത്തില്‍ തുഷാറിന്‌ ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഉത്തരമേഖലാ എ.ഡി.ജി.പി: ഷേക്ക്‌ ദര്‍വേഷ്‌ സാഹിബ്‌ തീരുമാനിക്കും.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ദേശീയപ്രാധാന്യവും മാവോയിസ്‌റ്റ്‌ നീക്കത്തിനു പിന്നിലുണ്ട്‌. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്‌റ്റ്‌ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലീസിനെ വലയ്‌ക്കുന്നു. വയനാട്ടില്‍ പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്‌. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ഭീഷണിയുണ്ട്‌.

തിരഞ്ഞെടുപ്പിൽ ശക്തമായ മൽസരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വിവാദങ്ങളിലും പോരാട്ടത്തിലും അടുത്തിടെയായി ഇൗ മണ്ഡലം നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ വേറിട്ട ഒരു കാഴ്ച സമ്മാനിക്കുകയാണ് സ്ഥനാർഥികൾ. പ്രചാരണത്തിനിടെ കണ്ടുമുട്ടിയ ശശി തരൂരിന്റെയും കുമ്മനത്തിന്റെയും പ്രവൃത്തികൾ പോരാട്ടത്തിനപ്പുറമുള്ള ജനാധിപത്യത്തിന്റെ കാഴ്ചകൂടെയായി.

തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കഴക്കൂട്ടം ചന്തവിളയിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെയും ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെയും വാഹനങ്ങൾ നേർക്കുനേർ എത്തിയത്. അടുത്ത നിമിഷം തരൂർ തന്റെ തോളിൽ കിടന്ന ത്രിവർണ ഷാൾ ചുരുട്ടി കുമ്മനത്തിന്റെ വാഹനത്തിലേക്ക് എറിഞ്ഞുകൊടുത്തു. പകരം തന്റെ കൈവശമുള്ള താരമപ്പൂവ് കുമ്മനം തിരിച്ചെറിഞ്ഞതോടെ ഇരുഭാഗത്തെയും അണികൾക്കും ആവേശമായി. തരൂർ തന്റെ പക്കലുണ്ടായിരുന്ന റോസാപ്പൂവും കുമ്മനത്തിന് എറിഞ്ഞുകൊടുത്തതോടെ രണ്ടു പേരുടെയും മുഖത്ത് ആവേശം.

കഴിഞ്ഞ ദിവസം രാവിലെ എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരന്റെയും തരൂരിന്റെയും വാഹനങ്ങൾ അടുത്തെത്തിയപ്പോൾ പരസ്പരം ഹസ്തദാനം നൽകിയിരുന്നു. ഇതിനുശേഷം വൈകിട്ടാണ് കുമ്മനവും തരൂരും കണ്ടുമുട്ടിയത്. എന്നാൽ വാഹനങ്ങൾ തമ്മിൽ അകലമുണ്ടായിരുന്നതിനാൽ ഹസ്തദാനം ചെയ്യാനായില്ല.

ഗ്രന്ഥകാരനും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റെ അന്ത്യം കരള്‍ വൃക്ക രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ടേകാലോടെയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തിന്റെ വികസന, സാംസ്കാരിക മേഖലകളില്‍ ചലനമുണ്ടാക്കിയ നിരവധി പദ്ധതികളുടെ അമരക്കാരനായിരുന്നു അദ്ദേഹം. സിവിൽ എൻജിനീയറിംഗ് പാസായ അദ്ദേഹം 21 വയസ്സിൽ സർക്കാർ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസില്‍ ഏഴാം റാങ്ക് നേടി. കലക്ടര്‍, വകുപ്പ് തലവന്‍, അഡീ. ചീഫ് സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇടുക്കി പദ്ധതി പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം ഐഎഎസിൽ നിന്ന് 59ാം വയസിൽ സ്വയംവിരമിച്ച് ഒാംബുഡ്സ്മാനായി.

പ്രതിരോധ ശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും, മൂന്ന് ഡോക്ടറേറ്റ് ബിരുദങ്ങളും നേടിയിട്ടുണ്ട്. ബൈബിള്‍ നിഘണ്ടുവായ ‘വേദശബ്ദരത്നാകര’ത്തിന്‍റെ രചയിതാവാണ്. കഥ ഇതുവരെ, ഫ്രാൻസിസ് വീണ്ടും തുടങ്ങി 35 പുസ്തകങ്ങള്‍ രചിച്ചു. സംസ്കാരം നാളെ വൈകിട്ട് നാലിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരികമേഖലയ്ക്ക് കനത്ത നഷ്ടമെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു.

ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, മികച്ച ഭരണാധികാരി അങ്ങനെ വിവിധ മേഖലകളില്‍ മായാത്ത ഇടം സ്ഥാപിച്ചാണ് ഡോ. ഡി.ബാബുപോള്‍ വിടപറയുന്നത്. ഒരോന്നിലും സ്വതസിദ്ധമായ കയ്യൊപ്പ് കാണാം. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിന്ന് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച അദ്ദേഹം ബാക്കിജീവിതം ഉഴിഞ്ഞുവെച്ചത് എഴുത്തിനും വായനയ്ക്കും പ്രഭാഷണത്തിനുമായിരുന്നു.

അറിവ് തേടിയുള്ള അന്വേഷണമായിരുന്നു ഡോ. ഡി. ബാബുപോളിന്റെ ജീവിതം. സിറിയൻ ഒാർത്തഡോക്സ് സഭയിലെയും വടക്കൻ തിരുവിതാകൂറിലെയും ആദ്യകാല ബിരുദാനന്തരബിരുദധാരികളിൽ ഒരാളായിരുന്ന പി എ പൗലോസ് കോറെപ്പിസ്കോപ്പയുടെയും 1920കളിൽ തിരുവിതാംകൂറിൽ ഒന്നാം റാങ്കോടെ ഇ എസ് എൽ സി ജയിച്ച മേരി പോളിന്റെയും മകനാണ് ബാബുപോള്‍. 1941ൽ ജനിച്ചു. ആദ്യത്തെ പ്രസംഗം 1946 ൽ അഞ്ചാംവയസ്സില്‍. അന്നേ അദ്ദഹത്തിനെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നു.

എസ് എസ് എൽ സിക്ക് മൂന്നാം റാങ്ക് , സ്കോളര്‍ഷിപ്പോടെ തിരുവനന്തുപുരം എഞ്ചിനീയറിങ് കോളജില്‍ ഉപരിപഠനം . സിവിൽ എൻജിനീയറിംഗ് പാസായി 21 വയസ്സിൽ സർക്കാർ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതി. ഐഎഎസ് ഏഴാം റാങ്കോടെ നേടി . കൊല്ലം സബ്കലക്ടറായി തുടക്കം അതും ദിവാന്‍ സര്‍ ടി. മാധറാവവിന്റെ അതേ കസേരയില്‍ ഇരുന്ന്. വിവിധ സ്ഥാപനങ്ങളുടെ തലവന്‍, വിവിധ വകുപ്പുകളുടെ ചുമതലക്കാരന്‍, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ ഭരണമികവും നേതൃപാടവവും തെളിയിച്ചു. ഇടുക്കി പദ്ധതി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയതിന് അച്യുത മേനോൻ മന്ത്രിസഭ പ്രത്യേക പുരസ്കാരമായി അന്ന് പതിനായിരം രൂപ നല്കിയത് എടുത്തുപറയേണ്ട നേട്ടം. ഇതിനിടെ പഠനം ഒരിക്കലും ഒാരത്തായില്ല. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ

.മാനേജ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് .55ാം വയസ്സിൽ ചീഫ് സെക്രട്ടറിയുടെ റാങ്കുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയായി . 59വയസ്സിൽ സ്വമേധയാ വിരമിച്ച് ഒാംബുഡ്സ്മാൻ സ്ഥാനം സ്വീകരിച്ചു. ഇപ്പോള്‍ കിഫ്ബിയില്‍ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സില്‍ അംഗം.

19 ാം വയസ്സില്‍ എഴുതിയ യാത്രയുടെ ഒാര്‍മകളാണ് ആദ്യ പുസ്തകം. ആദ്യത്തെ പ്രതിഫലം 1962ൽ മലയാള മനോരമ വാരാന്തരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്. മലയാളത്തിലെ ആദ്യ ബൈബിള്‍ നിഖണ്ഡുവായ വേദ ശബ്ദ രത്നാകരം മാത്രം മതി ബാബുപോളിന്റെ പേര് എന്നെന്നും നിലനില്‍ക്കാന്‍. ഔദ്യോഗിക ജീവിത്തത്തിന്റെ തിരക്കുകള്‍ക്കിടെ എല്ലാദിവസവും പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ അഞ്ചേമുക്കാല്‍ വരെ രണ്ടരമണിക്കൂര്‍ മുടക്കം കൂടാതെ ഒന്‍പതുവര്‍ഷകൊണ്ടാണ് ഈ ബൃഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയത്

കഥ ഇതുവരെ എന്നപേരില്‍ സര്‍വീസ് സ്റ്റോറി 2001 ല്‍ പ്രസിദ്ധീകരിച്ചു. ലേഖനസമാഹാരങ്ങളും നർമ ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളുമുൾപ്പെടെ സാഹിത്യത്തിന്റെ എല്ലാശാഖകളിലും അദ്ദേഹം കൈവച്ചു. ഫ്രാൻസിസ് മാർപാപ്പയെ പറ്റി എഴുതിയ ഫ്രാൻസിസ് വീണ്ടും വന്നു എന്ന കൃതി അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയവയിലൊന്നാണ് . അച്ചൻ, അച്ഛൻ, ആചാര്യൻ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേർന്നാണ് രചിച്ചത്. ആകെ 35 പുസ്തകങ്ങള്‍ .സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. അറിവിനോട് മാത്രമായിരുന്നു ആസക്തി, ജീവത്തോട് അനാസക്തിയും. സ്വന്തം ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചു ആ മനസ്

ദൈവം ആ ആഗ്രഹവും സാധിച്ചുകൊടുത്തു. അവസാന നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. ഏതാനും ദിവസം മുമ്പ് എന്‍.ഡി.എയുടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ഒാഫിസ് ഉദ്ഘാടനം ചെയ്തത് ബാബുപോളാണ്. അവസാനത്തെ പൊതുപരിപാടിയും ഇതുതന്നെ. ഭാര്യ പരേതയായ അന്ന ബാബു പോള്‍. മക്കള്‍ :മറിയം ജോസഫ്,ചെറിയാൻ സി പോൾ . കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന കുര്യാക്കോസ് റോയ് പോൾ ഏക സഹോദരൻ . ജീവിതത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ ബാബുപോള്‍ ഇങ്ങനെ പറഞ്ഞു. ദൈവത്തില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അത് പ്രാവര്‍ത്തികമാക്കി ആ ധന്യജീവിതം.

Copyright © . All rights reserved