Latest News

ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.1000ത്തില്‍ 6 കുട്ടികള്‍ മാത്രമാണ് ജനിച്ചു ഒരു മസത്തിനകം മരിക്കുന്നത്. അതേ സമയം ശിശുമരണ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മധ്യപ്രദേശും, ഒഡിഷയുമാണ്. ഇതിനു പുറമെ പ്രതിരോധ കുത്തിവെപ്പ് 100ശതമാനം കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ട്യൂബര്‍ കുലോസിസ് പ്രതിരോധിക്കാന്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തി. 2015 -16 കാലയളവില്‍ 139 ടിബി നിരക്ക് ആയിരുന്നത് 2017-18 കാലയളവില്‍ 67ലേക്ക് കുറക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും, പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിലും മുന്നിട്ടു നില്‍ക്കുന്നതിനോടൊപ്പം പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

വീട്ടു ജോലിക്കാരന്‍റെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന അമിതാഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിരവധി പേരാണ് ബച്ചന്‍ കുടുംബത്തിന്‍റെ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്. ബച്ചന്‍ കുടുംബത്തിന്‍റെ മര്യാദയും സ്നേഹവും വലിയ കാര്യമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരനെ അന്ത്യയാത്രയില്‍ ആദരമായാണ് ബിഗ് ബിയും മകനും എത്തിയത്.

Amitabh Bachchan

40 വര്‍ഷത്തോളം ബച്ചന്‍ കുടുംബത്തിന്‍റെ വീട്ടുജോലികള്‍ ചെയ്ത വ്യക്തിയുടെ മരണാനന്തര ചടങ്ങുകള്‍ക്കാണ് അമിതാഭ് ബച്ചനും അഭിഷേകും നേരിട്ടെത്തിയത്. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു ആരാധകനാണ്. സീനിയര്‍ ബച്ചനും ജൂനിയര്‍ ബച്ചനും തങ്ങളുടെ ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് കൊണ്ട് സംസ്‌കാര ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യമാണിതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

ഇടുക്കിയില്‍ മദ്യവുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൊടുപുഴ -വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്. കുളമാവ്-നാടുകാണി റോഡില്‍ അയ്യാക്കാട് വെച്ചായിരുന്നു അപകടം.

ഒളമറ്റത്ത് നിന്ന് ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട ഇസ്മയിലിനെ കുളമാവ് എസ് ഐ പി എസ് നാസറിന്റെ നേതൃത്വത്തില്‍ മൂലമറ്റത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ലോറി മറിഞ്ഞതിനെ തുടര്‍ന്ന് മദ്യക്കുപ്പികളും ചിതറിയ നിലയിലാണ്. മദ്യക്കുപ്പികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് മാണൂര്‍ സ്വദേശിയെ പരുക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറി. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈര്യാഗത്തിലുള്ള ആക്രമണത്തിനു ഒരു ഇര കൂടി. ഇത്തവണ പാലക്കാട് മാണൂര്‍ സ്വദേശിനി അമൃതയാണ് മുന്‍കാമുകന്റെ കുത്തേറ്റ് ആശുപത്രിയിലായത്. കോയമ്പത്തൂര്‍ ആര്‍.കെ. നഗറിലെ സ്വകാര്യ ഐ.ടി പരിശീലന സ്ഥാപനത്തിന് മുന്നില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം.

ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവതിയെ ഇരുചക്രവാഹനത്തില്‍ എത്തിയ മുന്‍കാമുകന്‍ കുത്തുകയായിരുന്നു. വയറില്‍ പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച മാണൂര്‍ സ്വദേശി സുരേഷിനെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറി. അമൃതയും സുരേഷും ഡിഗ്രിക്കു ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും സൗഹൃദത്തിലുമായിരുന്നു. പഠനശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം അമൃതയും കുടുംബവും തള്ളി. പലതവണ ആവശ്യപെട്ടിട്ടും യുവതി നിലപാടില്‍ ഉറച്ചുനിന്നു.ഇതോടെയാണ് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് കാത്തിരുന്ന് ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.

തിരുവനന്തപുരം തുമ്പ എസ്.ഐക്കെതിരെ പീഡനത്തിന് കേസെടുത്തു. കൊല്ലം ആയൂര്‍‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ വ്യാജപരാതിയെന്ന സംശയത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെയാണ് മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തത്. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അതിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. മ്യൂസിയം സ്റ്റേഷനിലെത്തി പരാതിയും മൊഴിയും നല്‍കിയതോടെയാണ് കേസെടുത്തത്.

രണ്ട് ദിവസം മുന്‍പ് പരാതിക്കാരി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സുമേഷാണ് ആത്മഹത്യക്ക് കാരണമെന്നും എഴുതിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി പൂര്‍ണമായും സത്യമാണോയെന്ന് സംശയമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ പുറത്താകുമോ? അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരമൊരു സാധ്യതയ്ക്കു വഴിമരുന്നിട്ട് ഇംഗ്ലണ്ടിന് ഈ ലോകകപ്പിലെ മൂന്നാം തോൽവി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്.‌ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഒറ്റയ്ക്കു പൊരുതിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു.

ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്‍ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും അവയൊന്നും ഓസീസ് സ്കോറിനെ വെല്ലുവിളിക്കാൻ പര്യാപ്തമായില്ല. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്), മോയിൻ അലി (ഒൻപതു പന്തിൽ ആറ്), ജോഫ്ര ആർച്ചർ (നാലു പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാർക്ക് വുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതാണ് ഫിഞ്ച് (496 റൺസ്).
116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ബെൽഫാസ്റ്റ് ∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരിച്ച ഷൈമോൾ തോമസിന്റെ (37) മൃതദേഹം ചൊവ്വാഴ്ച്ച (ജൂൺ 25 ന്) പൊതുദർശനത്തിന് വച്ചപ്പോൾ ദുഖത്തോടെ യുകെ യിലെ മലയാളി സമൂഹം അന്ത്യോപചാരമർപ്പിച്ചു . ബെൽഫാസ്റ്റ് റവൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിൽ ഉച്ചയ്ക്ക് 1 മുതൽ 5 വരെയായിരുന്നു പൊതുദർശനം. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാലിമന A-26 റോഡിലാണ് വാഹനാപകടം ഉണ്ടായത്.

ആൻട്രിം ഏരിയാ ഹോസ്പിറ്റലിലെ നഴ്സ് നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ. വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറമ്പിൽ) കുടുംബാംഗമാണ് നെൽസൺ. പാല കടപ്ലാമറ്റം മാറിടം രാമച്ചനാട്ട് തോമസ് മാത്യൂ– മേരി ദമ്പതികളുടെ മകളാണ് ഷൈമോൾ. മക്കൾ: ലിയോണ, റിയാന, ഈഡൻ.

ഷൈമോളുടെ നിര്യാണത്തിൽ ഈസ്റ്റ് ആൻട്രിം എംപി ഇയാൻ പെയ്സിലി അനുശോചിച്ചു.

ഭോപ്പാല്‍: പ്രിസ്ബിറ്ററിയില്‍ വച്ച് തന്നെ വൈദികന്‍ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് മധ്യവയസ്‌ക്ക നല്കിയ പരാതിയില്‍ വൈദികന്‍ നിരപരാധിയെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ ബലാത്സംഗാരോപിതനായി പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ഭോപ്പാല്‍ അതിരൂപതയിലെ ഫാ. ജോര്‍ജ് ജേക്കബ് എന്ന
അമ്പത്തിരണ്ടുകാരനെയാണ് കോടതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചത്

മെഡിക്കല്‍ റിപ്പോര്‍ട്ട്, സാക്ഷിമൊഴി, മറ്റ് ശാസ്ത്രീയ തെളിവുകള്‍, വാദം എന്നിവയുടെ അടിസ്ഥാനത്തിലാണ് വൈദികന്റെ നിരപരാധിത്വം തെളിഞ്ഞത്.

കോടതി വിധിയെ അതിരൂപത സ്വാഗതം ചെയ്തു. തങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ആദ്യം മുതല്ക്ക് തന്നെ അച്ചനെ വിട്ടയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും രൂപതയുടെ വക്താവ് ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു.

 

മാഞ്ചെസ്റ്റര്‍: കേരളത്തിന്റെ തനത് കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റി ഡേപരേഡിൽ നിറഞ്ഞുനിന്നത് മലയാളികള്‍. മലയാളികളുടെ അഭിമാനമായ കഥകളിയും മോഹിനിയാട്ടവും ഉൾപ്പടെയുള്ള കലാരൂപങ്ങൾ കാണികൾക്കു വിസ്മയ കാഴ്ച്ചയായി . മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ വര്‍ണത്തിന്റെ പൊലിമ അണിയിച്ചൊരുക്കിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി ഡേ ആഘോഷം മലയാളികള്‍ ഗംഭീരമാക്കിയത്. ഉത്സവത്തനിമയുടെ ആവിഷ്‌കാരം സമ്മാനിച്ച് മാഞ്ചസ്റ്റര്‍ പരേഡില്‍ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളുടെ തനത് കലാരൂപങ്ങള്‍ നൂറുകണക്കിന് മലയാളികളാണ് വിവിധ കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ തെരുവോരം കീഴടക്കിയത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം കീഴടക്കിയിരുന്ന 10 കലാരൂപങ്ങളാണ് നടന്ന മാഞ്ചസ്റ്റര്‍ പരേഡില്‍ മലയാളി സമൂഹം ദൃശ്യാവിഷ്‌കാരം ആയി മറുനാട്ടില്‍ അവതരിപ്പിച്ചത്. മലയാളിപ്പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഇത്. നൂറ്റമ്പതിലധികം കലാകാരന്മാരുടെ അക്ഷീണമായ പരിശ്രമമായിരുന്നു ഈ ഉദ്യമം. മാഞ്ചെസ്റ്റര്‍ പ്രിന്‍സസ് സ്ട്രീറ്റില്‍ നിന്നും ആണ് പരേഡ് ആരംഭിച്ചത്.. മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച പ്രധാന കലാരൂപങ്ങള്‍ കഥകളി, തെയ്യം, ചെണ്ടമേളം ,പുലികളി, കളരിപ്പയറ്റ്, കോല്‍ക്കളി, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിവയായിരുന്നു.

ഇവയെല്ലാം ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തെരുവോരത്െ വര്‍ണാഭമാക്കി. മലയാളികളുടെ കലാരൂപങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഇതില്‍ 22 അടി ഉയരത്തില്‍ നിര്‍മ്മിച്ച കെട്ടുകാള യായിരുന്നു. ഇത് ഏവരെയും ആകര്‍ഷിച്ചു. തിരുവോണാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ ഈ മറുനാട്ടില്‍ കാണാന്‍ കഴിഞ്ഞത് .മാഞ്ചസ്റ്റര്‍ സിറ്റി പരേഡിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കൈയ്യടക്കി .യക്ഷഗാനവും പുലികളിയും ആദ്യമായി കാണുന്ന സായിപ്പന്മാര്‍ക്ക് നവ്യാനുഭൂതി യായി. കലാരൂപങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് 15 കലാകാരന്മാര്‍ അണിനിരന്ന ശിങ്കാരിമേളവും ഉണ്ടായിരുന്നു ശിങ്കാരിമേളം അതിനൊപ്പം മലയാളികളും തദ്ദേശീയരും താളം പിടിച്ചപ്പോള്‍ അതൊരു പുത്തന്‍ അനുഭവമായി

ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.

ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.

തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.

Copyright © . All rights reserved
➤