ന്യൂഡല്‍ഹി: ന്യൂസിലൻഡിലെ മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയടക്കം ആറ് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 50 ആയതായി ന്യൂസിലൻഡ് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ് മാത്രമാണ് രണ്ട് പളളികളിലും അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മെഹ്ബൂബ് ഖോഖര്‍, റമീസ് വോറ, ആസിഫ് വോറ, അന്‍സി ആലിബാവ, മുഹമ്മദ് ജുനൈദ്, ഒസൈര്‍ ഖാദര് എന്നിവരാണ് ഇന്ത്യക്കാര്‍. ഇതില്‍ അന്‍സി ആലിബാവ മലയാളിയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് അന്‍സി. ന്യൂസിലൻഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലൻഡിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലൻഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികളിലാണ് ആക്രമണം നടന്നത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡാരില്‍ ഡി’മോന്റെ അന്തരിച്ചു. 76 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായെന്ന് പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കും. ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം നേരത്തേ ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പത്രങ്ങളിലും പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം എന്‍വിയോണ്‍മെന്റല്‍ ജേണലിസ്റ്റ്സ് ഓഫ് ഇന്ത്യ ഫോറത്തിൽ ചെയർപേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം’ ലൂസിഫറി’ന്റെ ക്യാരക്ക്റ്റർ പോസ്റ്ററുകളായിരുന്നു കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ കണ്ണും മനസ്സും നിറച്ചത്. മുരളി ഗോപി എഴുതുന്ന പൊളിറ്റിക്കൽ ത്രില്ലറിലെ ഓരോ കഥാപാത്രത്തേയും ഓരോ ദിവസങ്ങളിലായി പരിചയപ്പെടുത്തിയപ്പോൾ, ആരാധകരെല്ലാം തന്നെ ഏറെ ഉദ്വേഗത്തോടെ കാത്തിരുന്നത് ഇരുപത്തിയാറാം നാളായ ഇന്ന് റിലീസ് ചെയ്യുന്ന പോസ്റ്റർ ഏതായിരിക്കും എന്നാണ്.
പ്രതീക്ഷിച്ചതു പോലെ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പുള്ളിയുടെ ക്യാരക്റ്റർ പോസ്റ്റാണ് ഇന്ന് റിലീസ് ചെയ്തത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്.
ഏറെ നാളായി മലയാള സിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫർ’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ സസ്‌പെൻസ് സ്വഭാവം നിലനിർത്തുകയാണ്.
ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റെതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.
ഏറെനാളായി സംവിധാനമോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേർന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. “ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്.” ‘ലൂസിഫറി’ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമങ്ങള്‍. ലോക്‌സഭാ സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി പ്രതിഷേധം അറിയിച്ച കെ.വി. തോമസിനെ ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി. തോമസിന്റെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയാണ്. ഉമ്മന്‍ ചാണ്ടിയും കെ.വി. തോമസുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട മറ്റ് ഏതെങ്കിലും പദവി നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.വി. തോമസുമായി സോണിയ ഗാന്ധി ചർച്ച നടത്താനാണ് സാധ്യത.
അതേസമയം, കെ.വി. തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപി നേതാക്കള്‍ കെ.വി. തോമസിനെ സ്വാഗതം ചെയ്ത് പരസ്യമായി രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ കെ.വി. തോമസിനായി ചരടുവലികള്‍ നടക്കുന്നുണ്ട്. എറണാകുളത്ത് കെ.വി. തോമസിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കെ.വി. തോമസ് ഇതിനോട് മൗനം പാലിക്കുകയാണ്. ടോം വടക്കന്റെ നേതൃത്വത്തില്‍ കെ.വി. തോമസുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഭീമൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയ മനുഷ്യന്റെ അമ്പരപ്പിക്കുന്ന വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ജീവനോടെ തന്നെ പുറത്തെത്തിയത്. 49 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ വായിലാണ് അബദ്ധത്തിൽ റെയ്നർ കുടുങ്ങിയത്.
മൽസ്യങ്ങളുടെ പ്രയാണം ചിത്രീകരിക്കുകയായിരുന്നു റെയ്നറും സംഘവും. ഇൗ മീനുകളെ ഭക്ഷണമാക്കാൻ കൂറ്റൻ തിമിംഗലങ്ങളും സമീപത്തുണ്ടായിരുന്നു. എന്നാൽ തിമിംഗലങ്ങൾ മനുഷ്യനെ ആഹാരമാക്കാറില്ല. മീനുകളെ വേട്ടയാടാൻ വായ തുറന്ന തിമിംഗലത്തിന്റെ വായിൽ റെയ്നറും കുടുങ്ങിപ്പോയി. പാതി ശരീരം തമിംഗത്തിന്റെ വായിലായതോടെ മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിലൂടെയാണ് ഇയാൾ കടന്നുപ്പോയത്.
ചെറു മത്സ്യങ്ങളെ വിഴുങ്ങിയാല്‍ അവയ്ക്കൊപ്പമുള്ള വെള്ളം കളയുന്നതിനായി തിമിംഗലം ആഴത്തിലേക്കു പോകും.
അതുവരെ വായ തുറക്കുകയുമില്ല. അതിനാല്‍ തന്നെ ആഴത്തിലേക്കു പോയാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനിടെയിലാണ് നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം തെളിയുന്നതായും റെയ്നര്‍ തിരിച്ചറിഞ്ഞു. തിമിംഗലം വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടക്കുകയായിരുന്നു. അതേസമയം റെയ്നര്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതും പുറത്തു വരുന്നതുമെല്ലാം സുഹൃത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
അപൂര്‍വ രോഗം ബാധിച്ച് ചെറുപ്പം മുതല്‍ നരകതുല്യമായ വേദന അനുഭവിച്ച് ജീവിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ പ്രീതി. സ്വന്തം രൂപമാണ് ഇവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് എന്ന് ചുറ്റുമുള്ള ചിലര്‍ അവരോട് പറയുന്നു. ഒന്നും വേണ്ട മനുഷ്യനായിട്ട് കണ്ടാല്‍ മതിയെന്ന് തൊഴുകയ്യോടെ പ്രീതി പറയുന്നു. സാമൂഹികപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ ജീവിതം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നെ ആരും കൂടെ കൂട്ടില്ല. ഒറ്റക്കാണ് ഞാന്‍ നടക്കുക. ഉച്ചയ്ക്ക് കഴിക്കാന്‍ തന്ന കഞ്ഞിയില്‍ വരെ തുപ്പിയിട്ടു ഒരാള്‍. അത്തരത്തില്‍ ഒട്ടേറെ അവഗണനകള്‍. പ്രേതം, ഭൂതം എന്നൊക്കെ ഇപ്പോഴും ചിലര്‍ കളിയാക്കി വിളിക്കാറുണ്ട്. അമ്മയും സഹോദരനുമാണ് ആകെ ഉള്ളത്. അവന്‍ ജോലിക്ക് പോയി കിട്ടുന്ന നിസാര ശമ്പളം കൊണ്ടാണ് ജീവിക്കുന്നത്. എന്റെ ഈ രൂപം കാരണം ഒരു കടയില്‍ പോലും എന്നെ ജോലിക്ക് നിര്‍ത്തുന്നില്ല.. ‘ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ പ്രീതി പൊട്ടിക്കരഞ്ഞു.
ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദനയാണ് പ്രീതി അനുഭവിക്കുന്നത്. ചികില്‍സിച്ചാല്‍ രോഗം മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ ഇതിനാവശ്യമായ പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് മറ്റുമാര്‍ഗങ്ങളൊന്നുമില്ല.
സുഷാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
സോഷ്യല്‍ മീഡിയ അതൊരു ഭാഗ്യ നിര്‍ഭാഗ്യ ങ്ങളുടെ വേദിയാണ്.
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങള്‍ .. 30 വയസ്സുകാരിയുടെ മനസ്സില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ ഉണ്ടാകും … എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവര്‍ ചെറുതായി ഒന്ന് കനിഞ്ഞാല്‍ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ….
പ്രീതി ,30 വയസ്സുള്ള തൃശ്ശൂര്‍കാരി.. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കല്‍പ്പിക്കാന്‍ പോലും വയ്യ ചൂട് കൂടുമ്പോള്‍ ശരീരം വിണ്ടു കീറും, അതിനാല്‍ കൂടുതല്‍ സമയവും ബാത്‌റൂമില്‍ കേറി ശരീരത്തില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കും…
പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.
വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാര്‍ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാല്‍ കൂടില്ല.
കൂടെ ഉണ്ടാകണം നമ്മള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ കഴിയാതെ ബി.ജെ.പി നേതൃത്വം. പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെ സംബന്ധിച്ച് അതിരൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതി സമര്‍പ്പിച്ചിരിക്കുന്ന പട്ടിക ദേശീയ നേതൃത്വം കാര്യമായി അഴിച്ചുപണി നടത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതൊഴിച്ചാല്‍ മറ്റുള്ള സീറ്റുകളെക്കുറിച്ചൊന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.
പ്രോട്ടോക്കോൾ ലംഘിച്ച് പത്മ പുരസ്കാരവേദിയിൽ രാഷ്ട്രപതിക്ക് അനുഗ്രഹം. 107 വയസുള്ള സാലുമർ തിമ്മക്ക രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മശ്രീ പുരസ്കാരം സ്വീകരിച്ചപ്പോൾ രാജ്യം മുഴുവൻ ആ കാഴ്ച മനം നിറയെ കണ്ടു. പുരസ്ക്കാരം സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ തലയിൽ കൈ വച്ച് സാലുമർദ അദ്ദേഹത്തെ അനുഗ്രഹിച്ചു. അനുസരണയുള്ള ശിഷ്യനെപ്പോലെ ചിരിതൂകി രാഷ്ട്രപതി അനുഗ്രഹം സ്വീകരിച്ചു.
പത്മശ്രീ സ്വീകരിക്കാനായി കൂപ്പുകൈകളോടെ നടന്നുവന്ന അവരുടെ മുഖത്ത് സൗമ്യമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ സ്വീകരിച്ച ശേഷം തന്നെക്കാൾ 33 വയസു കുറഞ്ഞ രാംനാഥ് കോവിന്ദിന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചപ്പോൾ ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ പ്രോട്ടോക്കോൾ കാറ്റിൽപറന്നു. പ്രധാനമന്ത്രിയുൾപ്പെടെ ഇതിന് സാക്ഷിയായി.
കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയാണ് തിമ്മക്ക. ഇവർ ഒൗദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1991 ൽ തിമ്മക്കയുടെ ഭർത്താവ് മരിച്ചതിനു ശേഷം ഇവർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു. നാലു കിലോമീറ്റളോളം ഇവർ ആൽ മരങ്ങൾ നട്ടുവളർത്തി.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ ആഞ്ഞടിക്കുന്നത് മറ്റൊരു വിഷയമാണ്. പൊള്ളാച്ചി പീഡനക്കേസും അതിന്റെ പിന്നാലെ പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. തമിഴ്‌നാടിനെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ ഈ സംഭവം തകര്‍ത്തിരിക്കുകയാണ്. തമിഴ് തെരുവുകള്‍ മുഴുവന്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, യുവജനപ്രസ്ഥാനങ്ങള്‍ എല്ലാം തങ്ങളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉയര്‍ത്തുകയാണ്.
ഒരു കേളേജ് വിദ്യാര്‍ത്ഥിനി താന്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും സഹോദരനോട് പറയുന്നതോടെയാണ് നാടിനെ നടുക്കിയ വലിയ ലൈംഗിക ചൂഷണ പരമ്പരയുടെ കഥകള്‍ പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതികളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയെന്ന വിവരം പുറത്തു വരുന്നത്. ഒരാളുടെ മൊബൈല്‍ ഫോണില്‍ മാത്രം അമ്പത് പെണ്‍കുട്ടികളുടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.
ശബരിരാജന്‍, വസന്തകുമാര്‍, സതീഷ്, തിരുനാവരശ് എന്നിവരാണ് ഈ കൊടും ക്രൂരത ചെയ്ത പ്രതികള്‍. എന്നാല്‍ ഇവര്‍ മാത്രമല്ല, ഈ പീഡനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതും രാഷ്ട്രീയക്കാരടക്കം ഇതിനു പിന്നിലുണ്ടെന്നുമാണ് ഇപ്പോള്‍ പരാതികള്‍ ഉയരുന്നത്. സംഭവം വിവാദമായതോടെ കേസ് അന്വേഷണം സിബി സി ഐ ഡിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. സംസ്ഥാനം ഭരിക്കുന്ന എ ഐ എഡി എം കെ സര്‍ക്കാര്‍ വരെ ഈ സംഭവത്തില്‍ പ്രതികൂട്ടിലാണ്. പ്രതിപക്ഷമായ ഡിഎംകെ, കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്ന് ചെന്നൈയില്‍ എത്തിയ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരും തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തു വരുന്നുണ്ട്.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് തമിഴ്‌നാടിന്റെ രോഷം ആളിക്കത്തിക്കുന്നത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരോട് കരഞ്ഞ് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം വലിയ രോഷത്തിനാണ് ഇടയാക്കിയിരിക്കുന്നത്. എന്നെ വിട് അണ്ണാ എന്നു പറഞ്ഞാണ് കുറ്റവാളികളോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിക്കുന്നത്. ഇത്ര ദയനീയമായി ഒരു പെണ്‍കുട്ടി യാചിക്കുമ്പോഴും ക്രൂരമായ ചിരിയോടെ അവളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പ്രതികള്‍ക്കെതിരേ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള രണ്ടു വീഡിയോകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ ഈ കേസിലെ ഇരകളുടേതു തന്നെയാണോ എന്നു നിശ്ചയമില്ല. നക്കീരന്‍ മാസികയാണ് വീഡിയോ പുറത്തു വിട്ടതെന്നു പറയുന്നു. പ്രതികളില്‍ ഒരാള്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വീഡിയോകളാണിതെന്നും പറയുന്നുണ്ട്.
ഫെബ്രുവരിയിലാണ് പൊള്ളാച്ചിയില്‍ പ്രതികളുടെ കെണിയില്‍പ്പെട്ട പെണ്‍കുട്ടി പരാതി പൊലീസിന് കിട്ടുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലാകുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രതികള്‍ ഏകദേശം 200 ഓളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇരകളാക്കിയിട്ടുണ്ടെന്നാണ്.
സോഷ്യല്‍ മീഡിയ വഴി പരിചയം ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ അടുപ്പം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഈ പരിചയത്തിനു പുറത്ത് തമ്മില്‍ കാണുകയും കെണിയില്‍ വീഴ്ത്തുകയുമായിരുന്നു. കൂട്ടമായി ചേര്‍ന്ന് പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ചെന്നെ, സേലം, കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികളെ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കോളേജ് വിദ്യാര്‍ത്ഥിനികള്‍, ജോലിക്കാരായ യുവതികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ പല പ്രായക്കാരെ ഇവര്‍ ഉപദ്രവിച്ചിട്ടുണ്ട്. ഡോക്ടര്‍മാരായ ചില സ്ത്രീകള്‍ വരെ ഇവരുടെ ചതിയില്‍പ്പെട്ടു പോയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇത്തരം ചതിയുമായി മുന്നോട്ടു പോകുമായിരുന്നുവെന്നും മുന്‍പ് പീഡിപ്പിക്കപ്പെട്ടവര്‍ മൗനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ ഇരകള്‍ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പൊലീസ് പറയുന്നുണ്ട്. പൊള്ളാച്ചിയിലെ പെണ്‍കുട്ടി പരാതി നല്‍കുകയും ഫെബ്രുവരി 24 ന് തന്നെ പൊലീസ് മൂന്നുപേരെ പിടികൂടുകയും തുടര്‍ന്നും നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 6 ന് നാലമാനെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കൂടുതല്‍ പേര് ഇവരുടെ സംഘത്തില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതും
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ അതിലെ ഏക സ്ത്രീ സാന്നിധ്യമായി രമ്യാ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ആണ് ഏക വനിതാ സ്ഥാനാര്‍ത്ഥി. ആലത്തൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപി പി.കെ ബിജുവിനെതിരെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രമ്യയുടെ കന്നി മത്സരം. 2013ല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്തത്തില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെയാണ് ബിഎ സംഗീത വിദ്യാര്‍ഥിയായ രമ്യ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ് രമ്യ. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്. സംസ്‌കാര സാഹിതി വൈസ് ചെയര്‍മാന്‍, ജവഹര്‍ ബാലജനവേദി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ രമ്യ വഹിക്കുന്നുണ്ട്. കെഎസ്യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി, രണ്ടു തവണ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ ആദിവാസി-ദളിത് സമൂഹങ്ങ ളുടെ ഭൂസമര നായികയായി പങ്കെടുത്തിരുന്നു.