ലൈംഗിക ആരോപണം വിവാദമാകുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിളെടുക്കാന്‍ അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. രണ്ടായിരത്തി ഒമ്പതില്‍ റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി
അതേസമയം ആരോപണം ഉന്നയിച്ച മോഡല്‍ കാതറിന്‍ മയോര്‍ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ പറയുന്നു. 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നും മോഡല്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറക്കം കെടുത്തി മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശില്‍ എസ്പിയുടെയും ബിഎസ്പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ചു. മായാവതിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.
സഖ്യം ബിജെപിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയാണെന്നും മായാവതി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും ഒരുമിച്ച് മത്സരിക്കും.എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കും. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതി പറഞ്ഞു.
മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് ‘ബ്യൂട്ടിഫുൾ’ എന്ന് പറയുന്ന കാമറാമാന്‍. എന്നാൽ അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നതോടെ റൊമാൻസ് ‘ഹ്യൂമർ’ ആയി മാറി. ഫ്രെയിമിൽ കൂട്ടച്ചിരി.
ലൊക്കേഷൻ കുട്ടനാട്. കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്. പ്രണയാതുരമായ ഒരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ ഷൂട്ടിങ് നടക്കുകയാണ്
അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസുമാണ് ഫ്രെയിമിൽ.
വീഡിയോ കാണാം….
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1137 കേസുകള്‍. 13,000ത്തിലധികം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ 10,024 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. തിരിച്ചറിഞ്ഞവരില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഗവണര്‍ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനോടനുബന്ധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളും സി.പിഎം ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി 3 കോടിയിലേറെ രൂപയാണ് ഹര്‍ത്താല്‍ ദിനത്തില്‍ നഷ്ടമുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത്.
അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റിലായി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും നടന്നതായി മുഖ്യമന്ത്രി ഗവണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്രമികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. അക്രമത്തില്‍ പങ്കെടുത്തവര്‍ നഷ്ടപരിഹാരം കെട്ടിവെച്ചില്ലെങ്കില്‍ സ്വത്തുക്കളില്‍ നിന്ന് ഈടാക്കാനുള്ള നിയമ സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്.
ആമസോണ്‍ മേധാവി ജെഫ് ബിസോസും മക്‌കെന്‍സിയുമായുള്ള വിവാഹമോചനത്തിനു പിന്നില്‍ ടിവി താരം ലോറന്‍ സാഞ്ചസെന്നു റിപ്പോര്‍ട്ട്. 49 വയസുകാരിയായ സാഞ്ചസുമായുള്ള അടുപ്പമാണു വിവാഹമോചനത്തിലെത്തിയത്. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്‌തിയാകും പങ്കുവയ്‌ക്കപ്പെടുക.
49 വയസ്സുകാരിയായ ടിവി താരം ലോറന്‍ സാഞ്ചസുമായുള്ള ബിസോസിന്റെ പ്രണയം തകർത്തത് 25 വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ്. സാഞ്ചസുമായി എട്ടു മാസമായി പ്രണയത്തിലായിരുന്നു ബിസോസ്. ഇവരുടെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്സെല്‍ ബിസോസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ടെലിവിഷൻ അവതാരക മാത്രമല്ല, സാഞ്ചസ് നല്ലൊരു ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ്.
ആഴ്ചയില്‍ മൂന്നു തവണ ഇവര്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ ഇരുവരും ഒരുമിച്ചായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു ഇരുവരുടെയും യാത്ര.ഞാന്‍ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്റെ ഗന്ധം അറിയണം, നിന്നെയൊന്ന് ശ്വസിക്കണം, മുറുകെയൊന്ന് പുണരണം, നിന്റെ ചുണ്ടുകളില്‍ ചുംബിക്കണം.” ബിസോസ് സാഞ്ചസിനയച്ച സന്ദേശവും നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സി ബ്ല്യൂ ഒറിജിന്റെ പരസ്യത്തിനായുള്ള ഷൂട്ടിങ്ങിനിടെയാണു ബിസോസും സാഞ്ചസും പരിചയപ്പെട്ടത്. സാഞ്ചസിന് മുന്‍ ഭര്‍ത്താവും എന്‍എഫ്എല്‍ താരവുമായ ടോണി ഗോണ്‍സാലസില്‍ ഒരു മകനുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്വിറ്ററിലൂടെ ജെഫ് ബിസോസുമായുളള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായി ഭാര്യ മാക്കെന്‍സി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും നാലു കുട്ടികളാണ് ഉള്ളത്.
ആകാശത്തിന്റെ സീമകള്‍ക്കുമപ്പുറം സ്വപ്‌നം കണ്ടു വളര്‍ന്ന ജെഫ് ബിസോസ് ഇന്നു ലോകത്തിലെ ഏറ്റവും പണക്കാരനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള പബ്ലിക് കമ്പനിയായ ആമസോണിന്റെ സ്ഥാപകന്‍. 796.8 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇപ്പോള്‍ ആമസോണിന്റെ വിപണി മൂല്യം. ബ്ലൂംബെര്‍ഗ് ഡെയ്‌ലിയുടെ ബില്യണയര്‍ സൂചിക അനുസരിച്ചു 137 ബില്യണ്‍ യുഎസ് ഡോളറാണു ജെഫ് ബിസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണു ജെഫ് ബില്യണയര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ആമസോണിന്റെ ഓഹരികളുടെ 16 ശതമാനവും ജെഫിന്റെ കൈകളിലാണ്.
ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയും മുന്‍പു 1994ലാണു ജെഫ് ആമസോണിന് രൂപം നല്‍കുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴില്‍ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം.
സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാര്‍ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തില്‍ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോണ്‍ 1996ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു
മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ടെന്നീസ് ലോകത്തെയാകമാനം ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടത്തിയ വികാരനിര്‍ഭരമായ വാര്‍ത്താ സമ്മേളനത്തിലാണ് കോര്‍ട്ടില്‍ ഇനി താനുണ്ടാവില്ലെന്ന് മറെ പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് മറെയുടെ പ്രഖ്യാപനം.
കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന്റെ വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും അതാണ് വിരമിക്കലിന് കാരണമെന്നും മറെ വ്യക്തമാക്കി. അടുത്ത വിംബിള്‍ഡണോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് മറെ വ്യക്തമാക്കി. കരിയറില്‍ 45 കിരീടങ്ങളാണ് മറെ സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങളും ഉള്‍പ്പെടുന്നു. രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങള്‍ നേടിയ ഏക ടെന്നീസ് താരവുമാണ് മറെ.
റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .
അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.
വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.
ന്യൂ ജെൻ വിവാഹ കോമാളിത്തരങ്ങളുടെ ഒരു അരങ്ങു തന്നെയാണ് ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്. വിവാഹ വസ്ത്രം വലിച്ചൂരി അടിവസ്ത്രം മാത്രം ധരിച്ചു വധുവിനൊപ്പം തുള്ളി പോയതും, വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോയും ഈ അടുത്ത കാലത്തു നടന്ന സംഭവങ്ങളിൽ പ്രധാനം . ഇപ്പോൾ ഇതാ അ ത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം.
വീഡിയോ കാണാം
വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ കുറെ പേര്‍ അനുകൂലിക്കുന്നുണ്ട്. അതേസമയം, വരനെ അനുകൂലിച്ചും ആള്‍ക്കാര്‍ കമന്റ് ഇടുന്നുണ്ട്. കൂട്ടുകാര് ചെയ്തത് കളിയായിട്ട് എടുക്കണമെന്നായിരുന്നു ചിലരുടെ കമന്റ്. വധുവിന് കുറച്ച് ചോറ് വരന് കൂടി കൊടുക്കാമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലെന്ന് ചിലര്‍ പറയുന്നു.
അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.
സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
തമിഴ് നടൻ അജിത്തിന്റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചു പേർക്ക് പരുക്ക്. ഇന്നലെ പുറത്തിറങ്ങിയ വിശ്വാസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെയായിരുന്നു അപകടം. മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടായിരുന്നു. പാലഭിഷേകം നടത്താനായി അഞ്ചു പേർ മുകളിലേക്ക് വലിഞ്ഞു കയറിയതായിരുന്നു. ഭാരം താങ്ങാനാകാതെ കട്ടൗട്ട് നിലംപതിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വെല്ലൂരിൽ അജിത്തിന്റെ ആരാധകർ തമ്മിൽ ഏറ്റുമുട്ടയിരുന്നു. രണ്ടു പേർക്ക് കുത്തേൽക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പുലർച്ചെ നടന്ന പ്രദർശനശേഷമാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.
Extremely unfortunate. Hope everyone escapes with minor injuries and recovers soon. Some sort of self restraint is needed for fans. Dangerous!#Viswasam pic.twitter.com/emiX8MUzkZ
— Surendhar MK (@SurendharMK) January 10, 2019