Latest News

റാസൽഖൈമയിലെ കറാനിൽ ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച മലയാളി യുവതി ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെയാണ് ദിവ്യയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. അതിനിടെ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ പ്രവീണിൽ നിന്നും രണ്ടു ലക്ഷം ദിർഹം (ഏകദേശം 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (രണ്ട്) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പ്രവീൺ സമ്മതിച്ചതിനെ തുടർന്നാണ് യുവതിയുടെ ആശ്രിതർക്ക് രണ്ടു ലക്ഷം ദിർഹം ദയാധനം നൽകാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിർഹം പിഴയും ചുമത്തി. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചാണ് കോടതിയിൽ അടച്ചതെന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയൽ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകൻ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതിനു ശേഷമായിരിക്കും ഇത്.

അപകടത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രവീണിനെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിലെ സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ പറഞ്ഞുവെന്ന് ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ സംസ്ഥാനമാകെ നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണത്തിനെതിരെ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് പൊലീസില്‍ പരാതി നല്‍കി. ഋഷിരാജ് സിങിന്റെ മുഖഛായയുള്ള ഫോട്ടോ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ടാണ് സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്ക് ബിജെപിയും എന്‍എസ്എസും സംഘപരിവാര്‍ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല, കാണികളും ഒടുവിൽ തനിനിറം പുറത്തെടുത്തു. കളത്തിലെ മോശം പെരുമാറ്റത്തിൽ കുപ്രസിദ്ധി നേടിയ ഓസീസ് താരങ്ങൾ മെൽബണിൽ ഇതുവരെ കുഴപ്പങ്ങളൊന്നും കാണിച്ചിട്ടില്ല.

അപ്പോഴാണ് കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നാലാനായി ക്രീസിലെത്തിയപ്പോൾ കൂവലോടെയായിരുന്നു കാണികൾ സ്വീകരിച്ചത്. എന്നാൽ അതുകൊണ്ടൊന്നും കോഹ്‌ലിയെെന്ന പോരാളിയെ തളർത്താൻ സാധിച്ചില്ല. ക്രീസിൽ പൂജാരയ്ക്കൊപ്പം ഉറച്ചു നിന്നു കളിച്ച കോഹ്‌ലി ഇന്ത്യൻ ഇന്നിങ്സിനു അടിത്തറ പാകുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. 204 പന്തുകളിൽ നിന്നും ഒൻപതു ഫോറുകളുമായി 82 റൺസാണ് താരം നേടിയത്. ഒരു ഘട്ടത്തിൽ അദ്ദേഹം സെഞ്ചുറി നേടുമെന്നു തോന്നിച്ചെങ്കിലും സ്റ്റാർക്കിന്റെ പന്തിൽ ഫിഞ്ച് പിടിച്ചു പുറത്തായി.

പൊതുവെ മാന്യമായി പെരുമാറുന്നവരാണ് ഓസ്ട്രേലിയൻ കാണികൾ. എന്നാൽ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിംപെയ്നുമായുള്ള ഉരസലാണ് കാണികളെ പ്രകോപിപ്പിച്ചത്. ടിം പെയ്നും കോഹ്‌ലിയും തമ്മിലുള്ള വാഗ്വാദം ക്രിക്കറ്റ് ലോകത്തു ചർച്ചയായിരുന്നു. അംപയർ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. കളിയ്ക്കു ശേഷം ടിം പെയ്ൻ ഹസ്തദാനം നൽകിയപ്പോൾ കോഹ്‌ലി മുഖം തിരിക്കുകയും ചെയ്തു.

എന്നാൽ ഇന്ത്യൻ ഇന്നിങ്‌സ് ഏഴിന് 443 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ. രണ്ടാം ദിനം കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. 90 റൺസ് പൂർത്തിയാക്കിയപ്പോൾ വിദേശത്ത് 2000 ടെസ്റ്റ് റൺസ് എന്ന നേട്ടവും പൂജാരയ്ക്കു ലഭിച്ചു. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ.

ഹനുമ വിഹാരി (66 പന്തിൽ എട്ട്), മായങ്ക് അഗർവാൾ (161 പന്തിൽ 76), ചേതേശ്വർ പൂജാര (319 പന്തിൽ 106), വിരാട് കോഹ്‍ലി (204 പന്തിൽ 82), രഹാനെ (76 പന്തിൽ 34), റിഷഭ് പന്ത് (76 പന്തില്‍ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ നാല്) എന്നിവരാണ് ഒന്നാം ഇന്നിങ്സിൽ പുറത്തായത്. അർധ സെഞ്ചുറിയുമായി രോഹിത് ശർമ പുറത്താകാതെനിന്നു.

.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണിങ് ബാറ്റ്സ്മാൻ ഹനുമ വിഹാരിക്കു തിളങ്ങാനായില്ല. 66 പന്തുകൾ നേരിട്ടെങ്കിലും വിഹാരിക്ക് എട്ട് റൺസ് മാത്രമാണ് നേടാനായത്. മായങ്ക് അഗർവാള്‍ കന്നി മൽസരത്തിൽ തന്നെ അർധസെഞ്ചുറി പൂർത്തിയാക്കി. പൂജാരയെ കൂട്ടുപിടിച്ച് മായങ്ക് ഇന്ത്യൻ സ്കോര്‍ 100 കടത്തി.

123ൽ നിൽക്കെ മായങ്ക് പുറത്തായി. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടിം പെയ്ൻ ക്യാച്ചെടുത്ത് മായങ്കിനെ പുറത്താക്കി. തുടർന്ന് ക്യാപ്റ്റൻ വിരാട് കോ‍ഹ്‍ലിയും പൂജാരയും ചേർന്ന് കളി മുന്നോട്ടുകൊണ്ടുപോയി. രണ്ടാം ദിനം രണ്ടിന് 215 എന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. രണ്ടാം ദിനം പൂജാര സെഞ്ചുറി പൂർത്തിയാക്കി.

സ്കോർ 293ൽ നിൽക്കെ കോഹ്‍ലി പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകിയായിരുന്ന ഇന്ത്യൻ നായകന്റെ പുറത്താകൽ. തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ പൂജാരയും മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ പൂജാര ബൗള്‍ഡായി. നാഥൻ ലിയോണിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് രഹാനെയും മടങ്ങി. പിന്നാലെയെത്തിയ യുവതാരം റിഷഭ് പന്തിനൊപ്പം രോഹിത് ശർമ ഇന്ത്യൻ സ്കോർ 400 കടത്തി. റിഷഭ് പന്തിനെ സ്റ്റാർക്കും ജഡേജയെ ജോഷ് ഹെയ്സൽവുഡുമാണു വീഴ്ത്തിയത്. ഓരോ മൽസരങ്ങൾ വീതം ജയിച്ച് ഇന്ത്യയും ഓസീസും പരമ്പരയില്‍ തുല്യനിലയിലാണ്.

കൊച്ചിയിലെ ദക്ഷിണനാവികാസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു . ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല. ചീഫ് പെറ്റി ഒാഫിസര്‍ റാങ്കിലുള്ളവരാണ് മരിച്ചത്. ഹെലികോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ഷെഡിന്റെ വാതലാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. വിഡിയോ സ്റ്റോറി കാണാം

ഈ സമയം പുറത്തുണ്ടായിരുന്ന ഓഫീസര്‍മാരുടെ ദേഹത്തിക്കാണ് വാതില്‍ വീണത്. ഉടന്‍ ഇവരെ നാവികാസ്ഥാനത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മാത്രമേ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിടകുയുള്ളൂ.

അര്‍ജന്റീനയില്‍നിന്ന് മനുഷ്യക്കടത്തുകാർ എൺപതുകളില്‍ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ 32 വർഷത്തിനുശേഷം ബോളീവിയയിൽ നിന്ന് രക്ഷപ്പെടുത്തി. ക്രിസ്മസ് നാളിലാണ് ഇവര്‍ കുടുംബത്തിനൊപ്പം ചേരുന്നത്. ഇപ്പോൾ 45 വയസ് പ്രായമുള്ള ഇവർക്ക് അന്ന് 13 വയസ്മാത്രമായിരുന്നു.

ഇവരുടെ മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെൺവാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാൽ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്.

ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒൻപതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ദിവസങ്ങൾക്കു മുൻപാണ് പോലീസ് ഇവരെ മോചിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവരെ മാര്‍ ഡെല്‍ പ്ലാറ്റയിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്. അർജന്റീനയിൽ പത്തുവർഷത്തിനിടെ 12,000 പേരാണ് തട്ടിക്കൊണ്ടുപോയശേഷം ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളത്.

ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രതിഭ കൊണ്ടും നിലപാട് കൊണ്ടും പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. കരണ്‍ ജോഹര്‍ അവതാരകനായി 2004ല്‍ തുടങ്ങിയ ചാറ്റ് ഷോ കോഫി വിത്ത് കരണ്‍ ഇപ്പോള്‍ ആറാമത്തെ സീസണ്‍ കടന്നിരിക്കുന്നു. തന്റെ മുന്നില്‍ വരുന്നവരോട് യായൊരു മറയുമില്ലാതെ ചോദിക്കാനും ഉത്തരം പറയിക്കാനുമുളള കരണിന്റെ അസാമാന്യ സാമര്‍ത്ഥ്യം തന്നെയാണ് വിജയത്തിന് പിന്നിലും.

എന്നാല്‍ അവതാരകനല്ലാതെ, അതിഥിയായി കരണ്‍ ജോഹര്‍ പങ്കെടുത്ത മറ്റൊരു ചാറ്റ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ അവതാരകയായ നടി നേഹ ധൂപിയയുടെ ചോദ്യത്തോട് കരണ്‍ ജോഹര്‍ നടത്തിയ പരാമര്‍ശമാണ് ശ്രദ്ധേയമായത്. ലൈംഗികതയെക്കുറിച്ചുളള ചോദ്യത്തിനിടെയാണ് ബോളിവുഡിലെ താരങ്ങള്‍ക്കായി രതിമൂര്‍ച്ഛ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കാം എന്ന് കരണ്‍ ഉപദേശിച്ചത്. രതിമൂര്‍ഛ അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞാല്‍ അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നവിധമുളള ഭക്ഷണം അമിതമായി കഴിക്കുക. രാവിലെ വയറിളകുന്ന അവസ്ഥ വരെയെത്തിച്ച ശേഷമേ പിന്മാറാകൂ. അടുത്തൊന്നും കക്കൂസും ഉണ്ടാകരുത്. അങ്ങനെയാകുമ്പോള്‍ വരുന്ന ഭാവം കൃത്യമായിരിക്കും- കരണ്‍ പറയുന്നു.

താന്‍ ഒരു ദിവസം മൂന്ന് തവണ അടിവസ്ത്രം മാറാറുണ്ടെന്നും കരണ്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തി. എല്ലാ നേരവും ഒരേ വസ്ത്രം ധരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അതിന് കാരണമെന്നും കരണ്‍ പറയുന്നു.

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ പട്ടാപ്പകലുണ്ടായ വെടിവെപ്പ് കേസ് അന്വേഷണം വഴിമുട്ടുന്നു. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു സിനിമാ താരമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പളളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ രണ്ടംഗ സംഘം വെടിവെച്ചത്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ലീന മരിയ പോളും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വെടിവെപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയമുണ്ട്. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിന് കാരണമെന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.

നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മീഷണര്‍ എം.പി. ദിനേശും വിലയിരുത്തും. എന്നാല്‍ ഇത്രയും വലിയ സംഘമുണ്ടായിട്ടും ആയുധമേതെന്നു പോലും സ്ഥിരീകരിക്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

സാമ്പത്തിക തട്ടിപ്പുകേസുകളിലടക്കം പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന് അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്നെയാണ് ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ലീന എന്തെല്ലാമോ മറച്ചു വയ്ക്കുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഈ സംശയം ദൂരീകരിക്കാനായി ലീനയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലീനയ്ക്ക് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

വിലക്കുറവോടെ വേണ്ടതെല്ലാം സ്വന്തമാക്കാൻ അവസരവുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. ലോകം ദുബായുടെ കുടക്കീഴിലെന്ന പ്രമേയത്തിൽ ഫെബ്രുവരി രണ്ടുവരെയാണ് മേള. തൊണ്ണൂറുശതമാനം വരെ വിലക്കുറവാണ് മേളയുടെ പ്രത്യേകത.

ഇനി കാഴ്ചകളുടേയും സമ്മാനങ്ങളുടേയും നാളുകൾ. ഷോപ്പിങ് മാളുകളും പാർക്കുകളും തെരുവുകളുമെല്ലാം മേളയുടെ ഭാഗമാകും. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്വർണ, വജ്രാഭരണങ്ങൾ തുടങ്ങി എന്തും വിലക്കുറവോടെ സ്വന്തമാക്കാം എന്നതാണ് മേളയുടെ പ്രത്യേകത. ഭാഗ്യമുണ്ടെങ്കിൽ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളും തേടിയെത്തും. ദുബായിലെ 3200ലേറെ 3200ൽ ഏറെ കച്ചവട സ്ഥാപനങ്ങൾ ഡിഎസ്എഫിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖമാളുകളിൽ 90% വരെ വിലക്കുറവിൽ 12 മണിക്കൂർ നീളുന്ന മെഗാ വിൽപനമേളയോടെയാണു മേളയുടെ തുടക്കം കുറിച്ചത്. കരകൌശല, ഭക്ഷ്യ മേളകൾ, ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ തുടങ്ങിയവ ഡിഎസ്എഫിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അരങ്ങറും.

ഗ്ലോബൽ വില്ലേജും ഡി.എസ്.എഫിൻറെ ഭാഗമാണ്. പതിവുപോലെ ഇന്ത്യക്കാർ അടക്കമുള്ള വിനോദസഞ്ചാരികളുടെ വൻ തിരക്കിനു ഇക്കുറിയും മേള സാക്ഷ്യം വഹിക്കും. കുട്ടികൾക്കായി പ്രത്യേക ഉല്ലാസവേദികളും മേളയിലുണ്ടാകും. ഡിഎസ്എഫിനോട് അനുബന്ധിച്ചു പ്രധാനകേന്ദ്രങ്ങളിലെ വർണാഭമായ കരിമരുന്നുപ്രയോഗം ഉൽസവത്തിൻറെ ഭാഗമാണ്.

സംസ്ഥാനത്ത് ആശങ്ക പരത്തി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പ് തുടരുന്നു. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഎഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്. ഇനിയും ലക്ഷക്കണക്കിനാളുകളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് സൈബർ ക്രൈം പ്രൊഫൈലർ യദു കൃഷ്ണൻ.

കേരളത്തിൽ ഹാക്ക് ചെയ്യപ്പെട്ട, ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത, നഷ്ടപ്പെടാൻ പോകുന്ന കാർഡുടമകളിൽ ചിലരുടെ വിവരങ്ങൾ യദു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങളും മറ്റും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന പ്ലാറ്റ്ഫോമുകളിലും വെബ്‌‍സൈറ്റുകളിലുമായി വർഷങ്ങളോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ ഡേറ്റ ലഭിച്ചതെന്ന് യദു മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

മൊബൈൽ റീച്ചാർജ് ചെയ്യാൻ ആശ്രയിക്കുന്ന വെബ്സൈറ്റുകളിൽ നിന്നുൾ‌പ്പെടെ വിവരങ്ങൾ ചോരുന്നുണ്ട്. ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, ഷോപ്പിങ് സൈറ്റുകളിൽ നിന്ന് ഇങ്ങനെ പല തരത്തിലാണ് വിവരങ്ങൾ ചോരുന്നത്.

ഇത്തരം വിവരങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റുകൾ സജീവമാണ്. ഇത്തരത്തിൽ ഒരു വിൽപ്പനക്കാരന്റെ പക്കൽ മാത്രം മൂന്നരലക്ഷത്തിലധികം ഡേറ്റയുണ്ടാകും. ഒരു ക്രെഡിറ്റ് കാർഡിന് 5000 രൂപ എന്ന നിലയ്ക്ക് കണക്കിയാൽ, ഏറ്റവും കുറഞ്ഞത് 150 കോടിക്ക് മുകളിലുള്ള ഡേറ്റ ഒരു വിൽപ്പനക്കാരന്റെ പക്കലുണ്ടാകും. ഇത്തരത്തിൽ വിവരങ്ങൾ വിൽക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്.

ഡിജിറ്റൽ നാണയമായ ബിറ്റ്കോയിൻ വഴിയാണ് ഇത്തരം ഇടപാടുകൾ നടക്കുക. ഉദാഹരണത്തിന്, ഒരു സൈബർ കുറ്റവാളിക്ക് ഇത്തരം ഡേറ്റ വാങ്ങണമെന്നുണ്ടെങ്കിൽ ആദ്യം ബിറ്റ്കോയിൻ വാങ്ങണം. ബിറ്റ്കോയിൻ വഴി മാത്രമാണ് ഇടപാടുകൾ നടക്കുക. വാങ്ങുന്ന നാണയങ്ങൾ ബിറ്റ്കോയിൻ ടംപ്ലളറിലേക്ക് (Bitcoin Tumbler) മാറ്റും. നാണയങ്ങൾ മിക്സ് അപ് ചെയ്യുന്ന സർവീസ് ആണിത്. ലക്ഷക്കണക്കിനാളുകളുടെ ബിറ്റ്കോയിനുകളുമായി മിക്സ് അപ് ചെയ്യുന്ന പ്രക്രിയയാണ് അവിടെ നടക്കുക. ബിറ്റ്കോയിൻ വാങ്ങുന്നയാളിനെയും അതയാൾ എവിടെ ചെലവഴിക്കുന്നുവെന്നും കണ്ടെത്താൻ സാധിക്കും. പക്ഷേ ഇതിന് സമയമേറെയെടുക്കും. എന്നാൽ ഈ മിക്സ് അപ് പ്രക്രിയക്ക് ശേഷം തിരിച്ചെത്തുന്ന ബിറ്റ്കോയിൻ ലക്ഷക്കണക്കിനാളുകളുടെ പക്കൽ മാറിമറിഞ്ഞിട്ടുണ്ടാകും. അതിനാൽ ട്രാക്കിങ് അസാധ്യമാകുന്നു. ഇങ്ങനെ മിക്സ് അപ് ചെയ്ത ബിറ്റികോയിൻ ഉപയോഗിച്ച് വിവരങ്ങൾ വാങ്ങുന്നു.

ഡേറ്റ വിൽക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നാകണം എന്ന് നിർബന്ധമില്ല. എന്നാൽ ഡേറ്റ വാങ്ങുന്നവരിലധികവും ഇന്ത്യക്കാർ തന്നെയാണ്. രണ്ട് തരത്തിലുള്ള ഡേറ്റയാണ് കൈമാറ്റം ചെയ്യപ്പെടുക. ഒന്നാമത് കാർഡ് നമ്പറും സിവിവി കോഡും ഉൾപ്പെടെ ഓൺലൈൻ ഷോപ്പിങ്ങിനോ മറ്റോ ആയി നൽകുന്ന വിവരങ്ങള്‍. രണ്ടാമത് കാർഡിന്റെ പിൻവശത്തുള്ള മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ. മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ ചോർത്തുന്നതുവഴി ഒരുപയോക്താവിന്റേതിന് സമാനമായ ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടാക്കാൻ സാധിക്കും.

പ്ലാറ്റിനം, പ്രീമിയർ, സിൽവർ എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ വിലയും വ്യത്യസ്തമായിരിക്കും.

കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയില്‍ ഇടപാടുകൾ നടത്തണമെങ്കിൽ ഒടിപി വഴി മാത്രമെ സാധിക്കൂ. ഇന്ത്യൻ പേമെന്റ് ഗേറ്റ്‌വേകൾക്കാണ് ആർബിഐയുടെ ഒടിപി നിർബന്ധം. അതിനാൽ അന്താരാഷ്ട്ര വെബ്സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുക.

ഏത് സൈറ്റ് വഴിയാണ് തട്ടിപ്പിനിരയായ കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തിയത്, ഐ പി അഡ്രസ് എന്നിവ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും. എന്നാൽ അവിടെയും പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിക്കാൻ തട്ടിപ്പ് സംഘത്തിനറിയാം. കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില സോഫ്റ്റുവെയറുകൾ, വ്യാജമായ വിവരങ്ങൾ മാത്രമാണ് പങ്കുവെക്കുക. ട്രാക്ക് ചെയ്താലും യഥാർഥ പ്രതിയിലേക്കെത്തില്ല എന്ന് ചുരുക്കം. മാത്രമല്ല, കൊച്ചിയിൽ നിന്നുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ആണെങ്കിൽ അടുത്തുള്ള സ്ഥലത്തെ ഐപി അഡ്രസിൽ നിന്നാകും തട്ടിപ്പ് നടത്തുക.

‌കാര്‍ഡുപയോഗിച്ച് അന്താരാഷ്്ട്ര സൈറ്റുകളിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങിയാലും അവ ട്രാക്ക് ചെയ്യാൻ കഴിയണമെന്നില്ല. ആമസോണിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ വാങ്ങി അവ ബിറ്റ്കോയിനുകളാക്കി മാറ്റി മിക്സ് അപ് ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്.

കാർഡുകളിലെ അന്താരാഷ്ട്ര ഇടപാടുകൾ താത്ക്കാലികമായി ബ്ലോക്ക് ചെയ്യുക എന്നതാണ് യദു നിർദേശിക്കുന്ന പോംവഴി. ആവശ്യമുള്ളപ്പോൾ മാത്രം എനേബിൾ (enable) ചെയ്യുക. അല്ലെങ്കിൽ ഇത്തരം ഇടപാടുകള്‍ക്ക് പരിധി വെയ്ക്കുക.

ന്യൂസ് ഡെസ്ക്

അമേരിക്കയിലെ കോളിര്‍വില്ലെയില്‍ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ ഇന്ത്യാക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഷാരോണ്‍ നായിക് (17), ജോയ് നായിക് (15), ആരോണ്‍ നായിക് (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ മിസിസിപ്പിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്.  ഇവര്‍ താമസിച്ച വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു.

ഞായറാഴ്ച അപകടമുണ്ടായതായി മരിച്ച കുട്ടികളുമായി ബന്ധപ്പെട്ടവര്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടുടമ കാരിയുടെ ഭര്‍ത്താവ് ഡാനിയല്‍ കോഡ്രിറ്റും മകന്‍ കോളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ ഡാനിയല്‍ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച  കുട്ടികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഇവരുടെ പിതാവ് ഒരു പാസ്റ്ററാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്.

RECENT POSTS
Copyright © . All rights reserved