തമിഴ് നടൻ അജിത്തിന്റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചു പേർക്ക് പരുക്ക്. ഇന്നലെ പുറത്തിറങ്ങിയ വിശ്വാസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെയായിരുന്നു അപകടം. മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടായിരുന്നു. പാലഭിഷേകം നടത്താനായി അഞ്ചു പേർ മുകളിലേക്ക് വലിഞ്ഞു കയറിയതായിരുന്നു. ഭാരം താങ്ങാനാകാതെ കട്ടൗട്ട് നിലംപതിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വെല്ലൂരിൽ അജിത്തിന്റെ ആരാധകർ തമ്മിൽ ഏറ്റുമുട്ടയിരുന്നു. രണ്ടു പേർക്ക് കുത്തേൽക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പുലർച്ചെ നടന്ന പ്രദർശനശേഷമാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.
Extremely unfortunate. Hope everyone escapes with minor injuries and recovers soon. Some sort of self restraint is needed for fans. Dangerous!#Viswasam pic.twitter.com/emiX8MUzkZ
— Surendhar MK (@SurendharMK) January 10, 2019
പരസ്യ കമ്പനിയിലെ ജീവനക്കാരൻ ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടത് ചൈനയില്‍ ഉണ്ടാക്കിയത് വന്‍ പുകില്. സംഗതി നഗരം മുഴുവൻ പരസ്യമായി. നഗരത്തിലെ തിരക്കേറിയ റോഡിലെ പരസ്യ സ്ക്രീനിൽ ഒന്നര മണിക്കൂറോളമാണ് ഈ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. പരസ്യ ബോർഡിന്റെ പ്രവർത്തന ചുമതലയുള്ള ജീവനക്കാരനാണ് അമളി പറ്റിയത്.
പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വിഡിയോ കണ്ടതാണ് നഗരമധ്യത്തിലെ പരസ്യ സ്‌ക്രീനില്‍ ഇത് പ്ലേ ആകാന്‍ കാരണം.
ഈ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. അതിനാല്‍ 90 മിനിറ്റ് ഇയാള്‍ കണ്ട അശ്ലീല വിഡിയോ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ ‘പ്രദര്‍ശിപ്പിക്കപ്പെട്ടു’. ഇതോടെ സ്‌ക്രീനിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുകയും വിഡിയോയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹമാധ്യമത്തിൽ കാട്ടുതീ പോലെ വൈറലായി.
സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വിഡിയോയും ദൃശ്യങ്ങളും വെറലായതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷമാണ് സക്രീന്‍ ഓഫ് ചെയ്യാന്‍ സാധിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാണാതായ യുവതിയെ അസമിലെ ബംഗ്ലദേശ് കുടിയേറ്റ മേഖലയിൽ നിന്നു കുമ്പള പൊലീസ് കണ്ടെത്തി. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയ പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്
കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്റഫുൽ(24)മായി പ്രണയത്തിൽ ആയിരുന്നു യുവതി.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്.
തുടർന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടി. സിവിൽ പൊലീസ് ഓഫിസർമായ എൻ. സുനിഷ്, കെ.സജിത് കുമാർ എന്നിവരാണ് റുപ്പായ്ഹട്ട് പൊലീസിന്റെ സഹായത്തോടെ പശ്ചിം സൽപാറയിലെ വീട്ടിൽ നിന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടു
മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില്‍പന. 28 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2018-19 സാമ്പത്തികവര്‍ഷം രണ്ട് തവണകളിലായി നടന്ന വിൽപ്പനയിൽ സര്‍ക്കാരിന് ലഭിച്ചത് 66 കോടിരൂപ.
ലേലത്തിത്തിലൂടെ സര്‍ക്കാരിന് നികുതിയുള്‍പടെ ലഭിച്ചത് 28 കോടി 23 ലക്ഷം രൂപയാണ്. വിവിധ തരത്തിലുള്ള 29 ടണ്‍ ചന്ദനമാണ് വിറ്റഴിച്ചത്. ഇത് മറയൂര്‍ ചന്ദനലേല ചരിത്രത്തില്‍ ഉയര്‍ന്ന വിറ്റുവരവാണ്. ഇന്നലെ ഒറ്റ ദിവസത്തില്‍ രണ്ട് ഘട്ടമായി വൈകിട്ട് 6 മണിവരെയാണ് ലേലം നടന്നത്. ഇതില്‍ ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ 18 കോടി 76 ലക്ഷം രൂപക്കും, കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍ 2.5 കോടി രൂപക്കും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് 22 ലക്ഷം രൂപക്കും, കൊല്‍ക്കത്തയിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ സാമാജം മൂന്ന് ലക്ഷം രൂപക്കും ചന്ദനം വാങ്ങി.
ഒട്ടേറെപേര്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും എട്ട്് പേരാണ് ലേലത്തില്‍ ചന്ദനം വാങ്ങിയത്. മറ്റു ചന്ദനങ്ങളെ അപേക്ഷിച്ച് മറയൂര്‍ ചന്ദനത്തിന് ഗുണ നിലാവാരം കൂടുതലായതിനാല്‍ വില ഉയര്‍ന്നതാണെങ്കിലും പ്രമുഖ കമ്പനികള്‍ വാങ്ങാന്‍ താത്പര്യപെടുന്നത്.
ആലപ്പാട് മേഖലയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം അടിയന്തരമായി നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന് തന്നെ വലിയ നാശത്തിന് വഴിവെക്കുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. വലിയ അഴിമതിയുടെ പിന്‍ബലത്തിലാണ് അവിടെ ഖനനം തുടരുന്നത്. ഖനനം ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ 2020-ല്‍ അവരുടെ കരാര്‍ അവസാനിക്കുമ്പോള്‍ ഇപ്പോള്‍ ശേഷിക്കുന്ന ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാവും. അതിശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചത് മുതല്‍ ആലപ്പാട് ഖനനത്തിന് എതിരായി ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. ആ സമരങ്ങളെ കാലാകാലങ്ങളില്‍ അധികൃതര്‍ പലരൂപത്തില്‍ തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ 2 പതിറ്റാണ്ടിനിടയില്‍ 80 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇല്ലാതായതെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
ഇനി ആലപ്പാട് അവശേഷിക്കുന്നത് 7 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമാണ്. ഈ ഭൂമിയുടെ നഷ്ടവും അതിലെ മനുഷ്യന് ഉണ്ടായ നാശവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും പരിഗണിച്ചാല്‍ ഈ ഖനനത്തില്‍ നിന്ന് കേരളത്തിന് ഉണ്ടായിട്ടുള്ള നേട്ടം വളരെ ചെറുതാണ് എന്ന് മനസിലാവും ഇപ്പോള്‍ അവിടെയുള്ള മനുഷ്യരെ കൂടി കുടിയൊഴിപ്പിച്ചാല്‍ അത് വലിയ ദുരന്തത്തിലേക്ക് ആ പ്രദേശത്തിന് അപ്പുറത്തേക്ക് മാറും അത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റ് ആയിരിക്കും കെ.എം.ആര്‍.എല്‍, ഐ.ആര്‍.ഇ. പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഈ രാജ്യത്ത് ഏറ്റവുംവലിയ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നതിന് നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
കേരളത്തില്‍ വലിയ പ്രളയദുരന്തം ഉണ്ടായപ്പോള്‍ അന്ന് സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇത്തരമൊരു ദുരന്തം അവര്‍ക്ക് ഉണ്ടായിക്കൂടാ. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു ,എന്നാല്‍ ഖനനം നിര്‍ത്തിവച്ചു കൊണ്ടുള്ളല്ലാതെയുള്ള ഒരു അന്വേഷണവും ശരിയായ നടപടിയല്ല കാരണം അന്വേഷണം പൂര്‍ത്തിയായി വരുമ്പോഴേക്കും ഇല്ലാതായിരീക്കും.
അതുകൊണ്ട് ആലപ്പാട്ടെ ജനത നടത്തുന്ന സേവ് ആലപ്പാട് എന്ന സമരത്തിന് ആംആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ജനുവരി 16ന് , സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബഹുജന സംഘടനകളെ ചേര്‍ത്ത് കൊണ്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
കൊട്ടാരക്കര: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. തന്ത്രിയെ അയ്യപ്പന്‍ നേരിട്ട് നിയമച്ചതല്ലെന്ന് മണി ചൂണ്ടിക്കാണിച്ചു. നേരത്തെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് തന്ത്രി കുടുംബത്തിന് ശബരിമലയില്‍ പൂജ ചെയ്യാനുള്ള അവകാശം ലഭിച്ചതെന്ന് തന്ത്രി കണ്ഠരര് രാജീവരര് അവാകാശവാദമുന്നയിച്ചിരുന്നു. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമലയെന്നും മണി ഓര്‍മ്മിപ്പിച്ചു.
ശബരിമലയില്‍ നിരവധി യുവതികള്‍ ഇതിനകം കയറിയെന്നും ഇനിയും കയറുമെന്നും എം.എം.മണി പറഞ്ഞു. കൊട്ടരക്കരയില്‍ അബ്ദുള്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണം. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ തടയാന്‍ ഒരുത്തനും അപ്പോള്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനുള്‍പ്പെടെയുള്ള ഹിന്ദു എം.എല്‍.എ.മാര്‍ വോട്ടുചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നതെന്നും മണി പറഞ്ഞു.
കോടതി വിധി തന്ത്രിക്കും ബാധകമാണെന്നത് ഓര്‍മ്മയുണ്ടാകുന്നത് നല്ലതാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥ പ്രേതം പോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്. യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ആർത്തവ അയിത്തത്തിന്റെ പേരിൽ വീടിന് പുറത്ത് താമസിപ്പിച്ച സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. നേപ്പാളിലെ ബജുരായിലാണ് ദാരുണ സംഭവം. അംബ ബൊഹ്റ എന്ന മുപ്പത്തിയഞ്ചുകാരിയേയും മക്കളേയുമാണ് ആർത്തവമായതിന്റെ പേരിൽ ഭർതൃവീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചത്.
ഒരു മുറി മാത്രമുള്ള കുടിലിൽ ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. കൊടുംതണുപ്പായിരുന്നു പുറത്ത്. തണുപ്പ് ചെറുക്കാൻ ഇവർ കുടിലിനകത്ത് നെരിപ്പോടിൽ വിറകിട്ട് തീ കത്തിച്ചിരുന്നു. പുക പുറത്തേക്ക് പോകാൻ കുടിലിന് ജനാലകളോ മറ്റ് വിടവുകളോ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇവർ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവൂ എന്നും പൊലീസ് അറിയിച്ചു. ഇവര്‍ പുതച്ചിരുന്ന കമ്പിളി പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കാലിലും പൊള്ളലേറ്റ പാടുണ്ട്. ഇതിന് മുമ്പും നേപ്പാളിൽ ആർത്തവ അയിത്തത്തിന്റെ പേരിലുള്ള അനാചാരങ്ങളും ഇതേ തുടർന്നുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമായി കേരളം . കേരള ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റിന് ഗതിവേഗം പകർന്ന് രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സീസണിലും കേരളം ക്വാർട്ടറിൽ. നിർണായക മൽസരത്തിൽ ഹിമാചൽ പ്രദേശിനെ അഞ്ചു വിക്കറ്റിനു തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. രണ്ടാം ഇന്നിങ്സിൽ തലേന്നത്തെ സ്കോറായ എട്ടിന് 285 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഹിമാചൽ അവസാന ദിനം കേരളത്തിനു മുന്നിൽ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ വിനൂപ് മനോഹരൻ (96), ക്യാപ്റ്റൻ സച്ചിൻ ബേബി (92), സഞ്ജു സാംസൺ (പുറത്താകാതെ 61) എന്നിവരുടെ മികവിൽ കേരളം അനായാസം വിജയത്തിലെത്തി. 15ന് ആരംഭിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്താണ് കേരളത്തിന് എതിരാളികൾ. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മൽസരം.
സ്കോർ: ഹിമാചൽ പ്രദേശ് – 297, 285/8 ഡിക്ലയേർഡ്, കേരളം – 286, 299/5
ഓപ്പണർ പി.രാഹുൽ (21 പന്തിൽ 14), സിജോമോൻ ജോസഫ് (48 പന്തിൽ 23), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇതോടെ, എട്ടു മൽസരങ്ങളിൽനിന്ന് സീസണിലെ നാലാം ജയം കുറിച്ച കേരളം 26 പോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ഗുജറാത്ത്, ബറോഡ ടീമുകൾക്കും 26 പോയിന്റുണ്ടെങ്കിലും അവരെ റൺ ശരാശരിയിൽ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കു പിന്തള്ളി നാലാം സ്ഥാനക്കാരായിട്ടാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. എ, ബി ഗ്രൂപ്പുകളിൽനിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്കു മുന്നേറുക. വിദർഭ (29 പോയിന്റ്), സൗരാഷ്ട്ര (29)), കർണാടക (27) എന്നിവരാണ് ക്വാർട്ടർ ഉറപ്പാക്കിയ മറ്റു ടീമുകൾ. ഗ്രൂപ്പ് സിയിൽ നിന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ് ടീമുകളും പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ഉത്തരാഖണ്ഡും ക്വാർട്ടറിലെത്തി.
സീസണിൽ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടു പിന്നാക്കം പോയ കേരളത്തിന്, ആന്ധ്രയ്ക്കെതിരെ മധ്യപ്രദേശ് വഴങ്ങിയ അപ്രതീക്ഷിത തോൽവിയും ബംഗാൾ–പഞ്ചാബ് മൽസരം സമനിലയിൽ അവസാനിച്ചതുമാണ് സഹായകമായത്. അതേസമയം, ഈ സീസണിൽ എ, ബി ഗ്രൂപ്പുകളിലായി നാലു ജയം കുറിച്ച ഏക ടീമാണ് കേരളം. ഇതിനു പുറമെ, മൂന്നു തോൽവിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.
∙ വിജയം കണ്ടത് ‘കൈവിട്ട’ പരീക്ഷണം
നോക്കൗട്ടിലേക്കു മുന്നേറാൻ വിജയം അനിവാര്യമാണെന്നിരിക്കെ, തലേന്നത്തെ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് മൽസരത്തിനു റിസൾട്ട് സമ്മാനിച്ചത്. ഇതോടെ, ഒന്നാം ഇന്നിങ്സിലെ 11 റൺസിന്റെ ചെറിയ ലീഡും ചേർത്ത് കേരളത്തിനു മുന്നിൽ ആതിഥയേർ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം.
90 ഓവറിൽ 297 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പിൽ കാര്യമായ അഴിച്ചുപണിയാണ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വണ്‍ ഡൗണായി എത്തിയത് സ്പിന്നർ സിജോമോൻ ജോസഫ്. ‘ഡു ഓർ ഡൈ’ സിറ്റ്വേഷനിൽ കേരളം നടത്തിയ കൈവിട്ട പരീക്ഷണം വിജയിക്കുന്ന കാഴ്ചയാണ് ഹിമാചലിന്റെ തട്ടകത്തിൽ കണ്ടത്.
ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻ പി.രാഹുൽ 14 റൺസുമായി പുറത്തായിട്ടും പൊരുതിനിൽക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയെത്തിയ വിനൂപ്–സിജോമോൻ കൂട്ടുകെട്ടാണ്. സ്കോർ 32ൽ നിൽക്കെ 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 14 റൺസുമായി രാഹുൽ പുറത്തായെങ്കിലും ഇവരുടെ കൂട്ടുകെട്ട് കേരളത്തിന് മികച്ച സ്കോറിലേക്ക് അടിത്തറിയിട്ടു.
16.1 ഓവർ ക്രീസിൽനിന്ന ഇരുവരും രണ്ടാം വിക്കറ്റിൽ കേരള സ്കോർ ബോർഡിൽ ചേർത്തത് 73 റൺസ്. ഹിമാചൽ ബോളർമാർ സമചിത്തതയോടെ നേരിട്ട ഇരുവരും ആവശ്യത്തിനു റൺറേറ്റും കാത്തുസൂക്ഷിച്ചാണ് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തത്. സ്കോർ 105ൽ നിൽക്കെ സിജോമോനെ ജി.കെ. സിങ് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വിനൂപ് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു കൂടി തീർത്ത് കേരളത്തെ സുരക്ഷിതരാക്കി. 101 റൺസ് കൂട്ടുകെട്ടിനൊടുവിൽ അർഹിച്ച സെഞ്ചുറിക്കു നാലു റൺസ് അകലെ വിനൂപിനെ ദാഗർ മടക്കി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സഞ്ജു–സച്ചിൻ സഖ്യം കേരളത്തെ മുന്നോട്ടു നയിച്ചു.
അഞ്ചാം വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടു ചേർത്തതിനു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിൻ പുറത്തായി. 134 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 92 റൺസാണ് സച്ചിന്റെ സമ്പാദ്യം. തുടർന്നെത്തിയ വിഷ്ണു വിനോദിനെ മറുവശത്തു സാക്ഷിനിർത്തി സഞ്ജു വിജയറൺ കുറിച്ചു. ഒന്നാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ സഞ്ജു, രണ്ടാം ഇന്നിങ്സിൽ 53 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസോടെ പുറത്താകാതെ നിന്നു.
കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 11 റൺസിന്റെ ലീഡു നേടിയ ഹിമാചൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലായിരുന്നു. ഇരു ടീമുകൾക്കും മുന്നോട്ടു പോകാൻ മൽസരത്തിന് ഫലം അനിവാര്യമായ സാഹചര്യത്തിൽ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് നാലാം ദിനം പോരാട്ടം ആവേശകരമാക്കിയത്.
മൂന്നാം ദിനം ആദ്യ സെഷനിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച് ഒന്നാം ഇന്നിങ്സ് ലീഡിലേക്കു നീങ്ങിയ കേരളം 18 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയാണ് ഹിമാചലിനു ലീഡു സമ്മാനിച്ചത്. ചെറിയ ലീഡു കൈമുതലാക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയർക്ക് ഋഷി ധവാൻ (96 പന്തിൽ ഏഴു ബൗണ്ടറി സഹിതം 85), അങ്കിത് കൽസി (96 പന്തിൽ ആറു ബൗണ്ടറി സഹിതം 64) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. മൂന്നാം വിക്കറ്റിൽ കൽസി–ധവാൻ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം ഏറ്റവുമൊടുവിലാണ് ധവാൻ പുറത്തായത്.
ആങ്കുഷ് ബെയ്ൻസ് (21), ചോപ്ര (41), ഗാങ്ട (14), ജസ്വാൾ (പൂജ്യം), എ.ആർ. കുമാർ (21), ഡാഗർ (13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഹിമാചൽ താരങ്ങൾ. മികച്ച സ്കോർ നേടി കേരളത്തെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് അയയ്ക്കുന്നതിനായി ഏകദിന ശൈലിയിലാണ് ഹിമാചൽ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തത്. 52.1 ഓവറിൽ 5.46 റൺസ് ശരാശരിയിലാണ് അവർ 285 റൺസെടുത്തത്.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലായിരുന്ന ഹിമാചൽ പിന്നീട് കൂട്ടത്തോടെ തകരുകയായിരുന്നു. കേരളത്തിനായി സിജോമോൻ ജോസഫ് നാലും ബേസിൽ തമ്പി രണ്ടും സന്ദീപ് വാരിയർ, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധിഷിനു ഇക്കുറി വിക്കറ്റൊന്നും കിട്ടിയില്ല.
ഇന്ന് റിലീസായ രജനികാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. രണ്ടുമണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍നിന്ന് ചിത്രീകരിച്ച എച്ച്.ഡി പ്രിന്റാണ് പ്രചരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി വന്‍ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയാണ് അണിയറ പ്രവര്‍ത്തകരെ അടക്കം ഞെട്ടിച്ച് സിനിമ തമിഴ് റോക്കേഴ്സില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെയാണ് രജനീകാന്ത് ചിത്രം ‘പേട്ട’യുടെ കുതിപ്പ്. ആരാധകർ മാത്രമല്ല, വലിയ താരനിരയാണ് ചിത്രം കാണാനെത്തിയത്. മോണിങ്ങ് ഷോ കാണാനെത്തിയവരിൽ നടി തൃഷയും ഉണ്ടായിരുന്നു. ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്.
ചിത്രം കണ്ട് രജനിഫൈഡ് ആയത് ധനുഷ് മാത്രമല്ലെന്നാണ് ആദ്യപ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ റീലീസിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ചില കമ്പനികൾ ഇന്ന് അവധിദിനമായി പോലും പ്രഖ്യാപിച്ചു. നോട്ടീസ് ബോർഡുകളിൽ ദിവസങ്ങൾക്കു മുന്‍പേ അറിപ്പുകളും പ്രത്യക്ഷപ്പെട്ടു.
രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പേട്ടയുടെ ടീസർ റിലീസ് ചെയ്തത്. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്ഷൻ. കലാനിധി മാരൻ ആണ് നിർമാണം.
മറയൂര്‍ ചന്ദനത്തൈല ലേലം നാളെ. നിലവില്‍ ഒരു കിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് വില. ഇന്ത്യയിൽ എവിടെ നിന്നും ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം.
മറയൂര്‍ ചന്ദനം ലേലത്തിന് പിന്നാലെ മറയൂര്‍ ചന്ദനതൈലവും ഓൺലൈൻ ലേലത്തിന് ഒരുങ്ങി . നാളെ നടക്കുന്ന ഇ- ലേലത്തിലേക്ക് 35 കിലോഗ്രാം ചന്ദനതൈലമാണ് ഒരുക്കിയിരിക്കുന്നത്. ഒരുകിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തതി അന്‍പതിനായിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ മറയൂര്‍ സര്‍ക്കാര്‍ ചന്ദന ഡിപ്പോയില്‍ വച്ച് നടത്തുന്ന പൊതു ലേലത്തില്‍ കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ട് എത്തിയാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ നാല് വര്‍ഷക്കാലമായി ചന്ദന ലേലം ഓൺലൈൻ ലേലമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ കമ്പനികള്‍ക്ക് പങ്കെടുക്കുവാൻ കഴിയുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണകളിലായി ലേലത്തില്‍ വിറ്റഴിച്ച ചന്ദനതൈലത്തിന് മികച്ച വിലയാണ് ലഭിച്ചത്. ഇത്തവണ ലേലത്തില്‍ വെയ്ക്കുന്ന ചന്ദനതൈലത്തിന് 30 ശതമാനം വില കൂട്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദന തൈല ഫാക്ടറി കേരള വനം വികസന വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.