Latest News

ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈന്‍സിന് കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7.

അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് നോ ബോളാവുകയും പൊള്ളാര്‍ഡ് സിക്സര്‍ നേടുകയും ചെയ്തതോടെ മുംബൈക്ക് ആത്മവിശ്വാസമായി. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് പൊള്ളാര്‍ഡ് മുംബൈയെ വിജയത്തോട് അടുപ്പിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായതോടെ വീണ്ടും മുംബൈ സമ്മര്‍ദ്ദത്തിലായി. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍വേണ്ടിയിരുന്നത്. പന്ത് കൊണ്ട് നിരാശപ്പെടുത്തിയ അല്‍സാരി ജോസഫ് ബാറ്റുകൊണ്ട് മുംബൈക്കായി വിജയറണ്‍ ഓടിയെടുത്തു.

രോഹിത്തിന്റെ പകരക്കാരാനായി ടീമിലെത്തിയ യുവതാരം സിദ്ദേശ് ലാഡ് ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. അടുത്ത പന്ത് ബൗണ്ടറിയടിച്ച് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. നല്ല തുടക്കം കിട്ടിയിട്ടും ഡീകോക്ക്(24), സൂര്യകുമാര്‍ യാദവ്(21), ഇഷാന്‍ കിഷന്‍(7), ഹര്‍ദ്ദിക് പാണ്ഡ്യ(19) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ മുംബൈ പ്രതിസന്ധിയിലായി. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടി. അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.സാം കറനെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സറടക്കം പൊള്ളാര്‍ഡ് 17 റണ്‍സടിച്ചു. 10 സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ബൗളിംഗില്‍ തിളങ്ങിയത്.

നേരത്തെ തുടക്കത്തിലെ ഗെയ്ല്‍ കൊടുങ്കാറ്റിനുശേഷം അവസാനം ആഞ്ഞടിച്ച കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ അടിച്ചെടുത്തത്. 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് പ‍ഞ്ചാബിന് മികച്ച സ്കോറിലെത്തിയത്.ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പ‍ഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി. ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌‌ലിന്റെ ഇന്നിംഗ്സ്. ഗെയ്ല്‍ പുറത്തായശേഷം മന്ദഗതിയിലായ പഞ്ചാബ് ഇന്നിംഗ്സിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലാണ് ഗതിവേഗം നല്‍കിയത്. പതിനേഴാം ഓവറില്‍ 143 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍.

ബൂമ്ര എറിഞ്ഞ 18-ാം ഓവറില്‍ 16 റണ്‍സടിച്ച പഞ്ചാബ് ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ചു. ബൂമ്രയുടെ അവസാന ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ അവസാന മൂന്നോവറില്‍ പ‍ഞ്ചാബ് അടിച്ചുകൂട്ടിയത് 54 റണ്‍സ്. ഇതില്‍ 36 ഉം അടിച്ചത് കെ എല്‍ രാഹുലും.ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ അപാരാജിത ഇന്നിംഗ്സ്. മുംബൈക്കായി ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുമ്രയും ബെഹന്‍റോഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ആറു വിക്കറ്റുമായി അരങ്ങേറിയ അല്‍സാരി ജോസഫ് രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങി.

സ്റ്റേജ് പൊട്ടിവീണിട്ടും നർമ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന വടകര ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ . കുറ്റ്യാടി ചെറിയ കുമ്പളത്ത് മുരളീധരനായി നടത്തിയ ഹാരാര്‍പ്പണ സമയത്താണ് വേദി പൊട്ടിവീണത്.

ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിക്കാന്‍ നമുക്ക് കഴിയും, സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മടെ പ്രവർത്തനെത്ത ബാധിക്കാന്‍ പോവില്ലെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു.

കോൺഗ്രസിന് ദക്ഷിണേന്ത്യയിൽ വിജയിക്കണമെന്നുണ്ടെങ്കിൽ കർണാടകത്തിൽ മൽസരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സർക്കാരിനെ താഴെയിറക്കുമെന്നും യെഡിയൂരപ്പ

കർണാടകത്തിൽ ബി.ജെ.പിയുടെ പോരാട്ടത്തിന് ചുക്കാനെന്തുന്ന യെഡിയൂരപ്പക്ക് ഈ തിരഞ്ഞെടുപ്പിൽ രണ്ട് ലക്ഷ്യങ്ങളാണ്. 22 ലോക്സഭ സീറ്റുകളെങ്കിലും നേടണം ,ആ കരുത്തിൽ കുമാരസ്വാമി സർക്കാരിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിക്കണം.

കോൺഗ്രസ് ,ജെ.ഡി.എസ് സഖ്യത്തിൽ അസംതൃപ്തരായ 8 എം.എൽ.എമാരെങ്കിലും ബി.ജെ.പിയിൽ ചേരുമെന്നാണ് അവകാശവാദം. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് കരുത്താകുമെന്ന വാദം തള്ളുന്നതിനൊപ്പം കർണാടകയിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു.ദേവഗൗഡയുടെ തട്ടകങ്ങളിൽ പോലും വൻ പ്രകടനം ഒരുക്കിയാണ് യെഡിയൂരപ്പ മുന്നേറുന്നത്.

അഞ്ചാം തവണയും ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹു തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടു കൂടി ഏറ്റവും കൂടുതൽ കാലം ഇസ്രയേലിനെ ഭരിച്ച പ്രധാനമന്ത്രിയെന്ന ബഹുമതിയും നെതന്യാഹുവിനു സ്വന്തമാകും. അഴിമതി ആരോപണങ്ങൾ ഇപ്പോഴും ശക്തമായി നിൽക്കുന്ന ഘട്ടത്തിലെ ഈ വിജയം നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിൽ വളരെ സുപ്രധാനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

മുഴുവൻ വോട്ടുകളും എണ്ണിക്കഴിയുമ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും 35 വീതം സീറ്റുകളായിരുന്നു നേടിയിരുന്നത്. മറ്റ് വലതുപക്ഷ പാർട്ടികളുമായി കൂടി സഖ്യമുണ്ടാക്കി നെതന്യാഹു വീണ്ടും ഭരണം പിടിക്കുകയായിരുന്നു.

ജനങ്ങളുടെ വിധി അംഗീകരിക്കുന്നു എന്നു ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ്സ് പറഞ്ഞു. നെതന്യാഹു ഭരണത്തിനെതിരെയുള്ള ശരിയായ ബദല്‍ ആണ് തങ്ങളെന്നും ഗ്രാന്‍റ്സ് കൂട്ടിച്ചേര്‍ത്തു.

വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി 120 സീറ്റുകളുള്ള പാർലമെന്റിൽ 65 സീറ്റുകൾ പിടിച്ചെടുത്തതാണ് നെതന്യാഹു തന്റെ കസേര ഉറപ്പിച്ചത്. തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.

13 വർഷമായി നെതന്യാഹുവാണ് ഇസ്രായേൽ ഭരിച്ചുവരുന്നത്. തന്റെ പല വിവിധ പ്രസ്താവനകളും കൊണ്ട് വലതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായ നെതന്യാഹു ഇസ്രയേലിന്റെ അനിഷേധ്യനായ നേതാവാണ്. തന്റെ ഭരണകാലത്തുടനീളം അമേരിക്കയുമായും ട്രംപുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ട്രംപിന്റെ പല പിന്തിരിപ്പൻ നയങ്ങളും പിന്തുണച്ചത് വിവാദമായിരുന്നു. ഇക്കഴിഞ്ഞ ദിവസം ട്രംപ് ഇറാൻ സൈന്യത്തെ തീവ്രവാദ ഗ്രൂപ്പ് എന്ന് വിളിച്ചപ്പോൾ നെതന്യാഹു അതിന്റെ പിന്തുണച്ചിരുന്നു.

ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

അതേസമയം നെതന്യാഹു ഭരണത്തിന്റെ ഉറക്കം കെടുത്തുന്ന പ്രതിപക്ഷമായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് യാരി ലാപിഡ് പറഞ്ഞത് ഇസ്രായേലിന്റെ രാഷ്ട്രീയ കാലാവസ്ഥ സംഘര്‍ഷപൂരിതമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.

റാഫേല്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്നലെ തിരിച്ചടിയുണ്ടായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കരുത് എന്ന് പറഞ്ഞ മൂന്ന് രേഖകള്‍ പരിശോധിക്കും എന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിരോധ രേഖകള്‍ പുറത്തുവിടാന്‍ പാടില്ലെന്നും ഇത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ഔദ്യോഗിക രക്ഷാ നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമെല്ലാമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് രേഖകള്‍ സ്വീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയത്. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാന്‍ പാടില്ല എന്ന് വാദിക്കുന്ന ഈ മൂന്ന് രേഖകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

1. 2015 നവംബര്‍ 24ന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ്

അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ചകളെക്കുറിച്ച് പറയുന്നു. ഒരു കുറിപ്പില്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പറയുന്നത് നെഗോഷിയേറ്റിംഗ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നടത്തുന്ന കൈകടത്തലുകള്‍ സംബന്ധിച്ചാണ്. ഇത് നെഗോഷിയേറ്റിംഗ് ടീമിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതായി മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡെപ്യൂട്ടി സെക്രട്ടറി എസ്‌കെ ശര്‍മ പറയുന്നത് നെഗോഷിയേറ്റിംഗ് ടീമിന്റെ ഭാഗമല്ലാത്ത ഉദ്യോഗസ്ഥര്‍ സമാന്തരമായി ഫ്രഞ്ച് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് ഉപദേശം നല്‍കണം എന്നാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ വിലപേശല്‍ ചര്‍ച്ചകളില്‍ തൃപ്തിയില്ലെണ്ടെങ്കില്‍ മാത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുക എന്നാണ്.

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഈ വിമര്‍ശനങ്ങളും ആശങ്കകളും സംബന്ധിച്ച് മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ എഴുതിയ കുറിപ്പില്‍ പറയപുന്നത് പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിലും നടപടികള്‍ നിരീക്ഷിക്കുക മാത്രമാണ് എന്നാണ്. ഉദ്യോഗസ്ഥരുടേത് അനാവശ്യമായ അമിത പ്രതികരണമാണ് എന്നും പരീഖര്‍ വിമര്‍ശിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്്‌നം പരിഹരിക്കണമെന്നും പരീഖര്‍ നിര്‍ദ്ദേശിക്കുന്നു.

2. 2016 ഓഗസ്റ്റിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് – നോട്ട് 18

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി 2016 ജനുവരി 12, 13 തീയതികളില്‍ പാരീസില്‍ വച്ച് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വ്യോമ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നെഗോഷിയേറ്റിംഗ് ടീമിന് സമാന്തരമായി അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മനോഹര്‍ പരീഖര്‍ നിര്‍ദ്ദേശം നല്‍കിയത് സോവറിന്‍ ഗാരണ്ടി, മധ്യസ്ഥത തുടങ്ങിയ വിഷയങ്ങളില്‍ ഇളവുകള്‍ക്കുള്ള ആവശ്യം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് പകരം സുരക്ഷാകാര്യ മന്ത്രിതല സമിതിക്ക് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) മുന്നില്‍ വയ്ക്കാനാണ്.

3. 2016 ജൂണ്‍ ഒന്നിന് ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിലെ (ഐഎന്‍ടി) മൂന്ന് അംഗങ്ങള്‍ നല്‍കിയ വിയോജനക്കുറിപ്പ്

റാഫേല്‍ കരാറിലെ വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് നെഗോഷിയേറ്റിംഗ് ടീമിലെ മൂന്ന് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇവര്‍ രേഖപ്പെടുത്തിയ 10 കാര്യങ്ങളിലെ എതിര്‍പ്പുകള്‍ ഐഎന്‍ടിയുടെ അ്ന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

 

കെ.എം മാണിയുടെ മൃതദേഹം പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ പുറപ്പെട്ട വിലാപയാത്ര പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത് 20 മണിക്കൂറുകൾ പിന്നിട്ട ശേഷമാണ്. ഉച്ചവരെ പൊതുദര്‍ശനം. സംസ്കാരശുശ്രൂഷ രണ്ടുമണിക്ക് വീട്ടില്‍ ആരംഭിക്കും.

കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടു പള്ളിയിലും പാലാ നിയോജക മണ്ഡലം ഉൾപ്പെടുന്ന കടപ്ലാമറ്റത്തും വലിയ തിരക്കാണനുഭവപ്പെട്ടത്. വിലാപയാത്ര കടന്നു വന്ന അയർക്കുന്നം, കിടങ്ങൂർ ഭാഗങ്ങളിലും നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.

കേരളാ കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് രാത്രി വൈകിയും കെ എം മാണിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം കാത്തു നിന്നു. തിരുനക്കരയിൽ നിന്ന് കെ എം മാണിയെ യാത്രയാക്കാൻ രാഷ്ട്രീയ ഭേദമന്യേ നേതാക്കളും എത്തിയിരുന്നു.

ഒരു പകൽ നീണ്ട കാത്തിരിപ്പ് കടന്ന് കേരളാ കോൺഗ്രസിന്റ ഹൃദയഭൂമിയിലേക്ക് കെ.എം. മാണിയുടെ ഭൗതിക ശരീരമെത്തി, അതു വരെ കാത്തിരുന്ന് കണ്ണുകഴച്ചവർ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് സ്റ്റേജിലേക്ക് . പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളും പൊലീസും നന്നേ പാടുപെട്ടു

ആദ്യം ഉമ്മൻ ചാണ്ടി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വി എം സുധീരൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ പുഷ്പാർച്ചന നടത്തി.

പിന്നെ കാത്തു നിന്ന ജനങ്ങളുടെ ഊഴമായിരുന്നു. എല്ലാരും പ്രിയ നേതാവിനെ കണ്ടു കഴിഞ്ഞപ്പോൾ മണിക്കൂറുകൾ നീണ്ടു. രാത്രി വൈകി മാണി സാറിന്റെ ആസ്ഥാനമായിരുന്ന കേരളാ കോൺ ഗ്രസ് ഓഫിസിലേക്ക്. അവിടേയും കാത്തു നിന്നിരുന്നു പ്രവർത്തകരുടെ നീണ്ട നിര മണർകാട്ടും അയർ കുന്നത്തും ജനങ്ങൾ രാത്രി വൈകിയും കാത്തു നിന്ന് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപിച്ചു.

ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

 

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ദേശീയ ജനാധിപത്യ മുന്നണിയില്‍ (എന്‍ഡിഎ) ചേര്‍ന്നു.

പി.സി.ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷം നേടി ലോക്സഭയില്‍ എത്തുന്നത് തന്റെ പാര്‍ട്ടിയുടെ വോട്ട് കൊണ്ടായിരിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് നേരത്തേ തന്നെ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ നല്‍കിയിരുന്നു. ഇതോടെ അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫിന്റെ ഭാഗത്തേക്ക് ചായുന്നതായും റിപ്പോര്‍ട്ടു വന്നെങ്കിലും ചര്‍ച്ച പരാജയമായി. തുടര്‍ന്ന് ഒടുവില്‍ എന്‍ഡിഎയില്‍ തന്നെ ചേരാന്‍ പി.സി. ജോര്‍ജ് തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. യുഡിഎഫില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ നേതൃത്വം വഞ്ചനാപരമായ നിലപാടാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഏപ്രിൽ 19ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവയ്പ്പ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്നതിനിടെയാണ് ബ്രിട്ടന്‍റെ ഖേദപ്രകടനം.

സ്ത്രീകളും കുട്ടികളും അടക്കം 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. എന്നാല്‍ 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്.
എന്നാല്‍ കൂട്ടക്കൊലയിൽ ബ്രിട്ടന്‍ നടത്തിയത് പൂര്‍ണമായ ഖേദപ്രകടനം അല്ലെന്നാണ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചത്.

ഒരു കാലത്ത് ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സിനിമാ താരം നഗ്മയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായി തിളങ്ങി നില്‍ക്കുന്ന സമയമായതു കൊണ്ടു തന്നെ ഈ വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച് പറഞ്ഞുകേട്ടില്ല. നഗ്മ ഇന്നും വിവാഹം കഴിക്കാതെ നില്‍ക്കുന്ന താരം കൂടിയാണ്.

ഗാംഗുലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ നഗ്മ വെളിപ്പെടുത്തുകയാണ്. ഗാംഗുലിയുടെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഈ ബന്ധം തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നഗ്മ വെളിപ്പെടുത്തി.

ഒഡീസി ഡാന്‍സറായ ഡോണയാണ് ഗാംഗുലിയുടെ ഭാര്യ. മകള്‍ സന. 1990കളില്‍ തമിഴ് തെലുങ്ക് സിനിമാ രംഗത്തെ മിന്നുന്ന താരമായിരുന്നു നഗ്മ. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലും നായിക നഗ്മയായിരുന്നു.

മലയാളത്തില്‍ ചതുരംഗം,ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ന് ശേഷം അഭിനയ രംഗത്ത് സജീവമല്ലാത്ത നഗ്മ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 44കാരിയായ നഗ്മ വിവാഹം കഴിച്ചിട്ടില്ല. പ്രശസ്ത സിനിമാതാരം ജ്യോതിക നഗ്മയുടെ സഹോദരിയാണ്.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

നാല് സീറ്റുകള്‍ വീതമാണ് അസമിലും ഒഡീഷയിലെയും വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരിയുടെ മണ്ഡലമടക്കം മഹാരാഷ്ട്രയില്‍ ഏഴു മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണഅ വോട്ടെടുപ്പ്. ലക്ഷദ്വീപിലെ 1 മണ്ഡലവും കൂടി ഉള്‍പ്പെടുമ്ബോള്‍ ഇന്ന് വിധിയെഴുതുന്നത് 91 മണ്ഡലങ്ങളാകും.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്.

RECENT POSTS
Copyright © . All rights reserved