Latest News
 കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.

പ്ലാന്റിലെ തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തതിനാല്‍ പുകശൈല്യത്തിന് എപ്പോള്‍ ശമനമുണ്ടാകും എന്നത് വ്യക്തമല്ല. എംജി റോഡിലും മരടിലും കുണ്ടന്നൂരിലും പുക ജനജീവിതത്തെ കാര്യമായി ബാധിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും വമിക്കുകയാണ്.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് ലോക്കല്‍ പോലീസിന്റെ വാദം. കൊലപാതകത്തില്‍ പങ്കെടുത്തവരും മുഖ്യ ആസൂത്രകരും പിടിയിലായിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ളത് പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറയുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.

കൊലപാതകത്തിന് ശേഷം സിപിഎം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ അക്രമം ഉണ്ടായിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങള്‍ നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്. നേരത്തെ കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു.

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീർ‌ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂെട ബിജു രംഗത്തെത്തിയത്. കുട്ടിച്ചൻ ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം– ബിജു കുറിപ്പിൽ പറയുന്നു.

അതേസമയം സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും വിവാദമെന്ന് കോട്ടയം നസീർ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം–

”കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം

കുട്ടിച്ചന്‍ എന്ന ഒരു ഷോർട്ട് ഫിലിം. കോട്ടയം നസീര്‍ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പര്‍ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ ”അകത്തോ പുറത്തോ” എന്ന ചിത്രത്തിലെ ”വൃദ്ധന്‍” എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവന്‍ തീര്‍ച്ചയായും നിയമപരമായി നീങ്ങണം.

ഇത് നഗ്‌നമായ കോപ്പിയടി ആണ്. സുദേവന്‍ എത്ര മനോഹരമായി പൊളിറ്റിക്കല്‍ ആയി ചിത്രീകരിച്ച ഒരു സെഗ്മെന്റ്‌റ് ആണ് ”വൃദ്ധന്‍”. അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോര്‍ട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാള്‍ മോശമായി കോട്ടയം നസീര്‍ ചെയ്ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബില്‍ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവര്‍ക്ക് ആദ്യ ഷോട്ടില്‍.തന്നെ കാര്യം തിരിയും….’

നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം തെളിയിക്കാൻ വിഡിയോ പുറത്തുവിട്ട് നടൻ അഭി ശരവണൻ. തികച്ചും സ്വകാര്യമായി ചിത്രികരിച്ച വിഡിയോയിൽ അതിഥിയുടെ കഴുത്തിൽ അഭി താലികെട്ടുന്നതായി കാണിക്കുന്നുണ്ട്. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.

നേരത്തെ പത്രസമ്മേളനം വിളിച്ചു ചേർത്ത് ഇരുവരുടേയും വിവാഹം കഴിഞ്ഞതായി അഭി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി.

എന്നാല്‍ അഭി ശരവണനെ താന്‍ വിവഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്.

‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.’–അതിഥി മാധ്യമങ്ങളോട് പറഞ്ഞു.

2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.

അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലായി പ്രദേശവാസികള്‍. കാഴ്ചയില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പോലെയുള്ള പല്ലുകളും അതിനുള്ളതിനാലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്.   തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വര്‍ഷം വരെ മണ്ണിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

മിക്കവാറും ചതുപ്പ് പ്രദേശങ്ങളിലാണ് ഇവയുടെ വാസം. അര്‍ജന്റീനയിലെ സാന്‍ നദിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്.  എന്നാല്‍ നീളം കുറവായതിനാല്‍ ഇത് ഈല്‍ മത്സ്യമാണോ എന്ന് ആദ്യം സംശയിക്കും. ജീവിയുടെ വായ് തുറന്ന് യുവതി എടുത്ത ചിത്രങ്ങള്‍ കണ്ട് പേടി തോന്നുന്നുവെന്നാണ് സമൂഹ മാധ്യമത്തില്‍ വന്ന കമന്റ്. എന്തായാലും എങ്ങനെ ഈ ജീവി ഇവിടെയെത്തിയെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്.

ഷൂട്ടിങ്ങിനിടെ താരം അപകടത്തില്‍പ്പെട്ടു. കല്ലാര്‍കുട്ടി ഡാമിലെ ഷൂട്ടിങ്ങിനിടയിലാണ് നടന്‍ അഷ്‌കര്‍ സൗദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താരത്തെ രക്ഷപ്പെടുത്തിയത്.

മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. സംവിധായകന്‍ രതീഷ് രാജു, നിര്‍മാതാവ് ദേവസ്യ, സഹതാരം ബേസില്‍ മാത്യു എന്നിവരാണ് താരത്തെ രക്ഷപ്പെടുത്തിയത്.

പ്രോ വോളിബോൾ ലീഗിലെ പ്രഥമ പതിപ്പിലെ വിജയികൾ ആരെന്ന് ഇന്നറിയാം. കലാശപോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്‌പാർട്ടൻസിനെ നേരിടും. വൈകിട്ട് 6.50ന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിൽ തോൽവിയറിയാതെയാണ് കോഴിക്കോടിന്റെ മുന്നേറ്റം. പ്രാഥമിക റൗണ്ടിലെ തകർപ്പൻ ജയങ്ങൾക്ക് ശേഷം സെമിയിൽ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിന് യോഗ്യത നേടിയത്. നായകൻ ജെറോം വിനീതിന്റെ തകർപ്പൻ ഫോം കോഴിക്കോടിന്റെ പ്രതീക്ഷകൾ സജീവമാക്കുമ്പോൾ അമേരിക്കൻ താരം പോൾ ലോട്‌മാനും മലയാളി താരം അജിത്‌ലാലും ചേരുന്നതോടെ ടീം കൂടുതൽ ശക്തമാകും.

കന്നി കിരീടം കോഴിക്കോട് തന്നെ എത്തിച്ചിരിക്കുമെന്ന് കാലിക്കറ്റ് ഹീറോസ് നായകൻ ജെറോം വിനീത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രോ വോളിബോൾ ലീഗിന്റെ ഫൈനൽ വരെ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന് സഹായിച്ച ടീം അംഗങ്ങൾക്കും ചെമ്പട ആരാധക കൂട്ടായ്മയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ചെന്നൈയുടെ ഫൈനൽ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നു. പ്രാഥമിക റൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ ലീഗിന്റെ അവസാന ഘട്ടത്തിൽ അസാമാന്യ കുതിപ്പാണ് നടത്തിയത്. സെമിഫൈനലിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനോട് 2-1ന് പിന്നിട്ട് നിന്ന ശേഷമാണ് ചെന്നൈ വിജയത്തിലേയ്ക്ക് കുതിച്ചത്.

മലയാളി താരം അഖിനും വിദേശതാരം റൂഡിയുമാണ് ടീമിന്റെ പ്രധാന കരുത്ത്. നായകൻ ഷെൽട്ടണും നവീനും ഒപ്പം ചേരുന്നതോടെ കിരീടം ചെന്നൈയ്ക്കും കൈയ്യെത്തും ദൂരത്താണ്. കോഴിക്കോട് ശക്തരായ എതിരാളികളാണെങ്കിലും കിരീടം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെന്നൈ നായകൻ വ്യക്തമാക്കി കഴിഞ്ഞു.

സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നത് എന്നത് ചെന്നൈയ്ക്ക് അനുകൂലമാണ്. എന്നാൽ പ്രോ വോളിബോൾ ലീഗിലെ ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മയായ ചെമ്പടയാണ് കോഴിക്കോടിന്റെ കരുത്ത്. ടീമിന്റെ ഇതുവരെ പ്രകടനങ്ങൾക്കെല്ലാം ഗ്യാലറി തിങ്ങിനിറഞ്ഞ ആരാധകർ കലാശപോരാട്ടത്തിനും എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

 

പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.

“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”

പുല്‍വാമയിലെ ജവാന്‍മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ബ്ലോഗിന്‍റെ തുടക്കം. ജവാൻമാർ രാജ്യത്തിൻറെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്‍റെ കാവല്‍ക്കാരാണെന്ന് ബ്ലോഗില്‍ പറയുന്നു.

ബ്ലോഗ് പോസ്റ്റിന്‍റെ പൂർണരൂപം

അവർ മരിച്ചുകൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി….. അതിനാൽ ഒരു കുറിപ്പ്….
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..

ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു.

കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു….
ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ…. തണുത്ത നിലങ്ങളിൽ അവർ ചിതറി…. ഭൂമി വിറച്ചു: പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി…… ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..

ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…..
അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്.

അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.

ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്.
ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം…….

ഞങ്ങൾക്കറിയാം….. നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്, നിരർത്ഥ‌ക മോഹങ്ങളിൽ മുഴുകിക്കൊണ്ട്…………..

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു.

രണ്ടും ഭീകരത തന്നെ…. ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു.

അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം….
നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും.

അവരെ ഒറ്റപ്പെടുത്തു…. തള്ളിക്കളയുക…. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക…..

മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ.

അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ.

അതെ…. അവർ മരിച്ചുകൊണ്ടേരിയിക്കുന്നു…. നാം ജീവിക്കുന്നു.

ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു……. മാപ്പ്….. മാപ്പ്. ലജ്ജയോടെ, തകർന്ന ഹൃദയത്തോടെ, ഞങ്ങൾ ജീവിതം തുടരട്ടെ…..

സ്നേഹപൂർവം
മോഹൻലാൽ

പെരിയ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴി പ്രകാരം സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങൾ ഇങ്ങനെ

∙ കോൺഗ്രസുകാരിൽ നിന്നു മർദനമേറ്റതിൽ പീതാംബരനു കടുത്ത പകയുണ്ടായി. തുടർന്നു സുഹൃത്തായ സജിയുമായി ചേർന്നു ശരത്‍ലാലിനെ തിരിച്ചടിക്കാൻ തീരുമാനിച്ചു

അക്രമി സംഘത്തിന്റെ ലക്ഷ്യം ശരത്‍ലാൽ മാത്രമായിരുന്നു. അതിനാൽ ശരത്തിന്റെ പോക്കുവരവുകൾ നിരീക്ഷിച്ചു. 17 നു പെരുങ്കളിയാട്ട സ്വാഗതസംഘം സ്ഥലത്തു നിന്നു മടങ്ങിയതായി സൂചന ലഭിച്ചു.

∙ കൃത്യം നടത്താനായി വൈകിട്ട് 7.30 ഓടെ കല്യോട്ടെ സ്കൂളിനടുത്ത റബർതോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ സംഘം ഒളിഞ്ഞിരുന്നു. രക്ഷപ്പെടാൻ പാകത്തിൽ വാഹനങ്ങൾ നേരത്തേ വിവിധ സ്ഥലങ്ങളിൽ തയാറാക്കി നിർത്തി

ബൈക്കിൽ കൃപേഷും ശരത്‍ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. അക്രമികളെ തിരിച്ചറിഞ്ഞ ശരത് ബൈക്ക് നിർത്താൻ തയാറായില്ല. ഇതോടെ ഇവർ ബൈക്കിൽ ചവിട്ടി. ബൈക്ക് മറിഞ്ഞു വീണത് കെ.എം. സുരേഷ് നിന്ന ഭാഗത്തേക്ക്. ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. വെട്ട് കൊണ്ടതു കൃപേഷിന്റെ തലയ്ക്ക്

∙ വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തിൽ മുന്നോട്ട് ഓടിപ്പോയി. ഇതോടെ കൃപേഷിനെ ഉപേക്ഷിച്ചു ശരത്‍ലാലിനു നേരെ സംഘം തിരിഞ്ഞു. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവൻ പേരും ശരത്‍ലാലിനെ തുരുതുരാ വെട്ടി വഴിയിൽ ഉപേക്ഷിച്ചു. മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ ചിലതു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയാറായില്ല. വാൾ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവർ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.

തുടർന്നു നേരത്തെ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഓടിക്കയറി, വിവിധ ഭാഗങ്ങളിലേക്കു രക്ഷപ്പെട്ടു. 8 പ്രതികൾ 3 വാഹനങ്ങളിലായാണു രക്ഷപ്പെട്ടത്. സജി ജോർജിന്റെ വണ്ടിയിൽ 4 പേരും മറ്റു വാഹനങ്ങളിൽ 2 പേർ വീതവുമാണു രക്ഷപ്പെട്ടത്

∙ സംഘം ആദ്യം പാർട്ടി കേന്ദ്രമായ വെളുത്തോളിയിൽ എത്തി. അവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ. എന്തു മൊഴി നൽകണമെന്ന കാര്യത്തിൽ നിയമോപദേശം ചർച്ച ചെയ്തത് ഇവിടെ വച്ചാണ്

∙ രാത്രി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വണ്ടിയെക്കുറിച്ചു വിവരം ലഭിച്ച പൊലീസുകാർ സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലർച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ഒരാൾ മാത്രം ഹാജരായില്ല. ഇയാൾ അറസ്റ്റിലാകാനുണ്ട്

RECENT POSTS
Copyright © . All rights reserved