Latest News

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും കോഴിക്കോട് വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകരുടെ വരവേൽപ്പ്. സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തകരുടെ തിരക്കു കാരണം ഇരുവർക്കും വിഐപി ഏരിയയിൽ അൽപനേരം കാത്തിരിക്കേണ്ടി വന്നു. തുടർന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.

പ്രിയങ്ക ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ 8.42നും രാഹുൽ അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ 9.05നുമാണ് എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

വ്യാഴാഴ്ച രാവിലെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോ‍ഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും.

മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുൻപ് അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെ.സി. വേണുഗോപാൽ തിങ്കളാഴ്ച കോഴിക്കോട്ടെത്തിയിരുന്നു.

കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.

കോഴിക്കോട്ടെ ട്രാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ‍ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മലയാളം യുകെ സ്പെഷ്യല്‍ കറസ്പോണ്ടൻറ്

പ്രധാനമന്ത്രി തെരേസ മേയും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും തമ്മിൽ ബ്രെക്സിറ്റ് ഡെഡ് ലോക്ക് ഒഴിവാക്കുന്നതിനായി ആദ്യവട്ട ചർച്ചകൾ നടത്തി. ഇന്ന് നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്നും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചെന്നുമാണ് അറിയുന്നത്. മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത് എന്നുള്ള ഒരു നടപടിക്രമം രണ്ടു നേതാക്കളും അംഗീകരിച്ചു.

കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും സമവായ ചർച്ചകൾക്കായി ഓരോ ടീമുകളെ നിയോഗിച്ചു. അവർ ഇന്ന് രാത്രി ബ്രെക്സിറ്റ് വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തും. നാളെ നടക്കുന്ന മുഴുദിന ചർച്ചകൾക്ക് മുന്നോടിയാണിത്. ഇരു പാർട്ടികളും തങ്ങളുടെ സമീപനങ്ങളിൽ അയവു വരുത്തിയതായി നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.

ബ്രെക്സിറ്റിൽ ഒരു തീരുമാനം പാർലമെന്റിൽ എം പിമാർക്ക് എടുക്കാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താൻ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും യോജിപ്പിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ പുതിയ ബ്രെക്സിറ്റ് പ്ളാൻ പാർലമെന്റിൽ അംഗീകരിച്ച് യൂറോപ്യൻ യൂണിയനു മുന്നിൽ ഏപ്രിൽ 12 ന് മുമ്പ് സമർപ്പിച്ചില്ലെങ്കിൽ ഡീലില്ലാതെ ബ്രിട്ടൺ പുറത്തു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഇന്നത്തെ ചർച്ചകൾ ബ്രെക്സിറ്റ് ശുഭപര്യവസായി മാറുന്നു എന്ന സൂചനയാണ് നല്കുന്നത്

രാജ്യം തിരഞ്ഞെടുപ്പു ചൂടിലാണ്. രാജ്യത്തെ ഇനി ആരു നയിക്കുമെന്ന ചോദ്യത്തിനൊപ്പം ഇന്ത്യന്‍ വസ്ത്ര വിപണിയിലും മാറ്റത്തിന്റെ കാറ്റു വീശുന്നു. തരംഗമായിരുന്ന മോദി ജാക്കറ്റുകളെ മറികടന്ന് പ്രിയങ്ക സാരികള്‍ വിപണിയില്‍ പ്രിയതാരമാകുകയാണ്. ഇന്ദിര ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച സാരിയാണ് ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ വില്‍പനയ്ക്ക് എത്തിയത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഈ സാരികളുടെ വരവ്. ഇവിടെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നിലാണ് പ്രിയങ്ക സാരികളുടെ ചൂടന്‍ വില്‍പന. വില 700 രൂപ. ഇതിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
2014 ലെ തിരഞ്ഞെടുപ്പിലെ മോദി തരംഗം വസ്ത്ര വിപണിയിലും പ്രതിഫലിച്ചിരുന്നു. മോദി ജാക്കറ്റുകളായിരുന്നു അന്ന് വിപണിയിലെ താരം. നരേന്ദ്ര മോദി ധരിക്കുന്ന ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ പ്രശസ്തമായത്. എന്നാല്‍ ഇത്തവണ ഈ ജാക്കറ്റുകളുടെ വില്‍പന ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ദിവസവും 35 കോട്ടുകള്‍ വിറ്റിരുന്നിടത്ത് ആഴ്ചയില്‍ ഒന്ന് എന്ന നിലയിലേക്കു വില്‍പന താഴ്ന്നു. തിരഞ്ഞെടുപ്പു ചൂടു മുറുകുമ്പോള്‍ വില്‍പനയും ഉയരുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. പ്രിയങ്ക സാരികള്‍ക്കു മുന്‍പ് വിപണിയിലെത്തിയ മോദി സാരികളും ചൗക്കിദാര്‍ ടീഷര്‍ട്ടുകളും തൊപ്പികളും ശ്രദ്ധ നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായ പതിനഞ്ച് ലക്ഷം രൂപ കൊണ്ട് വന്ന് അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് പൊതുവേദിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി.പീപ്പിള്‍ ടി വിയാണ് വീഡിയോ പുറത്തുവിട്ടത്. പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. ‘പതിനഞ്ച് ലക്ഷം കൊണ്ടുവാ’ എന്ന് പറയുന്നവരോട് പുച്ഛമാണെന്നും ‘ഹിന്ദി ഭാഷ അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണ’മെന്നും സുരേഷ് ഗോപിയുടെ വീഡിയോയില്‍ പറയുന്നുണ്ട്.
സുരേഷ് ഗോപിയുടെ വാക്കുകള്‍.
‘പതിനഞ്ച് ലക്ഷം ഇപ്പോള്‍ വരും, പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട, ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്ത ആരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സ്വിസ് ബാങ്കിലടക്കം ഉണ്ട് അതിന് അവരുടെ നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി ചെല്ലാന്‍ കഴിയില്ല’
‘അവിടെ 1050 വര്‍ഷമായി കാശ് ഉണ്ട്. നമ്മുടെ പല മഹാന്മാരുടെയും ഈ പട്ടികയില്‍ ഉണ്ട്. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൂമ്പാരം കൂട്ടിയ പണമുണ്ടതില്‍. മോദി ഉടനെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് മുഴുവന്‍ കറന്ന് ചുരത്തി പതിനഞ്ച് ലക്ഷം വീതം അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ ഇത് ഈ ഭാഷയിലെ സംസാരിക്കാന്‍ കഴിയു. ഊളയെ ഊള എന്നെ വിളിക്കാന്‍ കഴിയൂ’ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

ന്യൂസ് ഡെസ്ക്

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി വയനാട് മാറുന്നു.  വയനാട്ടിൽ പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തി. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ട്. പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ രാഹുൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം.

കൽപറ്റ

രാത്രി ഉന്നത കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും.

എസ്.കെ.എം.ജെ. ഹൈസ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങും. അവിടന്ന് റോഡ് ഷോ ആയി നാമനിർദേശ പത്രിക നൽകാൻ കളക്ടറേറ്റിലേക്ക് പോകും. തുടർന്ന് മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ഏജൻസിയുടെ അനുമതി ലഭിച്ചശേഷമേ വ്യാഴാഴ്ചത്തെ പരിപാടികളിൽ അന്തിമ തീരുമാനമാവുകയുള്ളൂ.

ന്യൂസ് ഡെസ്ക്

കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

മഹാരാഷ്ട്രയിലെ ബല്ലാര്‍പൂരില്‍ ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് അധ്യാപകനായ ഭര്‍ത്താവ് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്പ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്തു.

ചൊവ്വാഴ്ചയാണ് നാല്‍പ്പത് വയസ്സുള്ള ഐടിഐ അധ്യാപകന്‍ രണ്ട് പെണ്‍കുട്ടികളെ തൂക്കിക്കൊന്നത്. ഇതിന് ശേഷം കൊലപാതത്തിന്‍റെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് വാട്ട്സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടിയതില്‍ മനംനൊന്താണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ ഭാര്യ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ ഉപേക്ഷിച്ച് ഡ്രൈവറുടെ കൂടെ ഒളിച്ചോടിയത്. ആറുവയസ്സും 18 വയസ്സും പ്രായമായ പെണ്‍കുട്ടികളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ക്യാന്‍സര്‍ ചികിത്സക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബോളിവു‍ഡ് നടന്‍ ഇര്‍ഫാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തു. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നെങ്കിലും ഇതുവരെ സന്ദര്‍ശകരെ അനുവദിക്കുകയോ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുകയോ ഇര്‍ഫാന്‍ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ ചികിത്സയ്ക്ക് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.

മുഖത്തിന്‍റെ താഴ്ഭാഗം കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും പിന്നീട് അത് അഴിക്കുകയായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇര്‍ഫാന്‍ ഖാനെ ക്യാമറകണ്ണുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം മുംബൈയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇര്‍ഫാന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ, ഫോട്ടോയ്ക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ വിമാനത്താവളത്തില്‍ നിന്നിറങ്ങുകയായിരുന്നു. ചികിത്സയ്ക്കായി എട്ടുമാസമാണ് ഇര്‍ഫാന്‍ ലണ്ടനില്‍ താമസിച്ചത്. ഇതിനിടെ ഒരു തവണ നാട്ടില്‍ വന്നെങ്കിലും അന്നും സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. എന്തായാലും ആരോഗ്യവാനായി ഇര്‍ഫാനെ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.

 

 

View this post on Instagram

 

#irfankhan today at the airport 👍👍👍👍 and he removes the Mask he was seen wearing earlier.

A post shared by Viral Bhayani (@viralbhayani) on

ദില്ലിയിലെ തിമാര്‍പുറില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങിയുണ്ടായ മുറിവിനെ തുടര്‍ന്ന് 18-കാരന് ദാരുണാന്ത്യം. മൂര്‍ച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തില്‍ കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വില്‍ക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിക്ക് നടന്ന അപകടത്തില്‍ ദില്ലിയിലെ ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാറാണ് മരിച്ചത്. നൂല്‍ ഒരു മരത്തില്‍ നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. എന്നാല്‍ ഇതെങ്ങിനെ കഴുത്തില്‍ ചുറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിപണനത്തിനെത്തുന്ന മഞ്ച നൂലുകള്‍ 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകള്‍ പൊട്ടില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ആരെങ്കിലും പട്ടം പറത്തിയിട്ടല്ല അപകടം ഉണ്ടായതെന്ന വാദത്തില്‍ സാക്ഷികള്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 336 വകുപ്പുകള്‍ പ്രകാരം അജ്ഞാതനെതിരെ ജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകും വിധമുള്ള കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പമാണ് രവി കുമാര്‍ കഴിഞ്ഞിരുന്നത്. അഞ്ച് സഹോദരങ്ങളില്‍ രണ്ടാമനായിരുന്ന രവി, അടുത്തിടെയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. രവിയുടെ അച്ഛന്‍ രാം കിഷോര്‍ ഒരു തട്ടുകടയില്‍ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്.

RECENT POSTS
Copyright © . All rights reserved