ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നു വരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠന സമിതിയിലേക്ക് മാര്‍പാപ്പ നിയമിച്ചു.
പൗരസ്ത്യ സഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്ലൗദിയോ ഗുജറോത്തി, ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്.
ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തില്‍ പഠിച്ച് മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സിനഡിന്റെ സമിതികളില്‍ ഉള്ളത്. മാര്‍ ജോസഫ് സ്രാമ്പിക്കലും മുംബൈ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമാണ് പഠന സമിതികളില്‍ നിയമതരായിരിക്കുന്ന ഇന്ത്യക്കാര്‍.
സീറോ മലബാര്‍ സഭ ആഗോള സഭയായി മാറി എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആഗോള ലത്തീന്‍ കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിന്റെ നൂതന സാധ്യതകള്‍ പഠിക്കാനുള്ള ഈ സമിതിയിലുള്ള മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിയമനം സീറോ മലബാര്‍ സഭയെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നതും അഭിമാനകരവുമാണെന്ന് സഭാ വൃത്തങ്ങള്‍ പ്രതികരിച്ചു.
അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് സ്ഥിരീകരിച്ചത്. തുടർന്ന് ഇത് അർജുന്റെ ലോറിയെന്ന് എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു,
കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.
കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.
ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ഇന്നും മരണമില്ലാത്ത ജീവിക്കുന്ന കേരളം കണ്ട ഏറ്റവും വലിയ ജനനായകൻ ശ്രീ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികവും ഉമ്മൻ ചാണ്ടി അനുസ്മരണവും ഈ വരുന്ന ജൂലൈ 28 ന് ഒഐസിസി, യുകെ യുടെ നേതൃത്വത്തിൽ നടത്തപെടുന്നു
പ്രസ്തുത സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ , ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എയുമായ ശ്രീ ചാണ്ടി ഉമ്മൻ ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടൽ ,യുകെ പാർലമെന്റ്ലെ ഒരേഒരു മലയാളി അംഗം ശ്രീ സോജൻ ജോസഫ് , കേംബ്രിഡ്ജ് മേയർ ശ്രീ ബൈജു തിട്ടാല , മുൻ ക്രോയ്ടോൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , മലങ്കര ഓർത്തഡോക്സ് സഭ , വൈദീക സെക്കട്ടറി ബഹു ,ഫാ. ഡോ. നൈനാൻ വി ജോർജ് , കെഎംസിസി (യുകെ) നേതാവ് ശ്രീ സഫീർ , കൂടാതെ കേരളത്തിലെയും യുകെയിലെയും പ്രമുഖരായ ഒട്ടനവധി പൊതു , രാഷ്ട്രീയ , സാമുദായിക നേതാക്കൾ പങ്കെടുക്കുന്ന വേദിയിൽ , പ്രശസ്തനായ ഗായകൻ ശ്രീ ചാൾസ് ആന്റണിയുടെ സംഗീത വിരുന്നും ചടങ്ങിനെ മോടിപിടിപ്പിക്കും .
ജൂലൈ 28 ന് കൃത്യം 5:00 pm ന് ചടങ്ങുകൾ ആരംഭിക്കും . സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള റിഫ്രഷ്മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. എന്ന് സംഘാടകർ അറിയിച്ചു .
ശ്രീ കെ കെ മോഹൻദാസ് പ്രസിഡന്റ് ആയിട്ടുള്ള ഒഐസിസി, യുകെ നാഷണൽ കമ്മറ്റി , സംഘടിപ്പിക്കുന്ന ഈ പ്രോഗാമിന്റെ ജനറൽ കൺവീനർ , ഒഐസിസി, യുകെ യുടെ ജനറൽ സെക്കട്ടറിയായ ശ്രീ ബേബികുട്ടി ജോർജ് , സ്വാഗത കമ്മറ്റി കൺവീനർ ഒഐസിസി യുകെ, വർക്കിംഗ് പ്രസിഡന്റ് കൂടിയായ ശ്രീ സുജു ഡാനിയേൽ എന്നിവരുടെ മുഖ്യ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .
യുകെയുടെ പല ഭാഗത്തു നിന്നും നിരവധി കോൺഗ്രസ്സ് പ്രവർത്തകരും ,പൊതു ജനങ്ങളും ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും എന്നുറപ്പായത്തോട് , ആൾ ബലം കൊണ്ടും , പ്രമുഖ വ്യക്തികളുടെ സാനിധ്യം കൊണ്ടും പരുപാടി ശ്രദ്ധേയമാകും എന്നുറപ്പ് .
പ്രസ്തുത സമ്മേളനത്തിൽ ക്രോയ്ടോൻ മലയാളി നഴ്സുമാരും , എൻഎച്ച്എസ് വർക്കേഴ്സും അടങ്ങുന്ന പ്രത്യേക സംഘം പങ്കെടുക്കുകയും , ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്‌മരിക്കുകയും ചെയ്യുമെന്ന് മലയാളി നഴ്സസ് ലീഡറും , ഒഐസിസി ക്രോയ്ടോൻ യൂണിറ്റ് പ്രസിഡന്റുമായ ശ്രീമതി ലിലിയ പോൾ അറിയിച്ചു .
കേരളത്തിൽ നിന്നും , മറ്റു രാജ്യങ്ങളിൽ നിന്നും അതുപോലെ യുകെ യുടെ പല ഭാഗങ്ങളിൽ നിന്നും ക്രോയിഡോണിൽ എത്തിച്ചേരുന്ന നേതാക്കന്മാരെയും പ്രവർത്തകരെയും ഉള്ളറിഞ്ഞു സ്വാഗതം ചെയ്യാൻ വേണ്ട എല്ലാ പദ്ധതികളും തയ്യറായി കഴിഞ്ഞു എന്ന് ഒഐസിസി, യുകെ സറേ റീജൺപ്രസിഡന്റ് ശ്രീ വിത്സൺ ജോർജും ,സറേ റീജൺ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജും അറിയിച്ചു
പരുപാടി നടക്കുന്നത് അഡ്രസ്
St Jude With St Aidan Hall
Thornton Heath
CR7 6BA
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു
ശ്രീ ബേബികുട്ടി ജോർജ്
(ജനറൽ കൺവീനർ – 07961 390907)
ജോയിന്റ് കൺവീനർമ്മാർ
ശ്രീ അപ്പാ ഗഫുർ : 07534 499844
ശ്രീ വിൽസൺ ജോർജ് : 07725737105
ശ്രീമതി ഷൈനു മാത്യു : 07872514619
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ചത്.
ഷാരൂഖ് ഖാന്‍ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാര്‍ട്‌മെന്റാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലാണ് ഈ ആഡംബര അപാര്‍ട്‌മെന്റുള്ളത്. ബച്ചന്‍ കുടുംബവും സമ്മാനത്തില്‍ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്‌ളേസാണ് അവര്‍ രാധികയ്ക്ക് നല്‍കിയത്.
ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്പതിമാരുമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒമ്പത് കോടി രൂപ വില വരുന്ന മെഴ്‌സിഡീസാണ് സമ്മാനിച്ചത്. താരദമ്പതിമാരായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 20 കോടി രൂപ വില വരുന്ന കസ്റ്റമൈസ്ഡ് റോള്‍സ് റോയ്‌സാണ് ഇവരുടെ സമ്മാനം.
ലക്ഷങ്ങള്‍ വില വരുന്ന സമ്മാനങ്ങളുമായി പട്ടികയില്‍ കത്രീന കൈഫ്-വിക്കി കൗശല്‍ ദമ്പതിമാരും സിദ്ധാര്‍ഥ് മല്‍ഹോത്ര-കിയാര അദ്വാനി ദമ്പതിമാരുമുണ്ട്. 19 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാലയാണ് കത്രീനയും വിക്കിയും രാധികയ്ക്ക് നല്‍കിയത്. 25 ലക്ഷം രൂപയുടെ ഹാന്‍ഡ്‌മെയ്ഡ് ഷാള്‍ ആണ് കിയാരയുടേയും സിദ്ധാര്‍ഥിന്റേയും സമ്മാനം.
അതുപോലെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ആമസോണ്‍ സിഇഒ ജെഫ് ബെസോസും കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റാണ് സുക്കര്‍ബര്‍ഗ് സമ്മാനിച്ചതെന്നാണ് സൂചന. 11.5 കോടി രൂപ വില വരുന്ന ആഡംബ കാറാണ് ആമസോണ്‍ മുതലാളിയുടെ സമ്മാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തും ബന്ധുവും ചേർന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതി. ലുധിയാന സ്വദേശിയായ 22 കാരിയായ യുവതി ആണ് പരാതിക്കാരി.
ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടർന്ന് യുകെയിലേക്ക് മാറാൻ സഹായിക്കാമെന്ന് പ്രതി ഉറപ്പുനൽകി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ നിന്നും ഒരു ഹോട്ടലിലേക്കും യുവതിയെ കൊണ്ടുപോകുകയും ചെയ്തു.
ഹോട്ടലിൽ ഇയാളുടെ ബന്ധുവും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതായി പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്ന് ഇവർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് വിമാനത്താവളത്തിൽ ഇറക്കിവിട്ട് ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
പ്രതികളിൽ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാൾ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികൾ തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ അങ്ങെടുത്തിട്ടും, സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ കാര്യം തഥൈവ.
പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പേരു പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ല. മന്‍ കീ ബാത്ത് അടക്കം അടുത്തയിടെ പ്രധാനമന്ത്രി നടത്തിയ ഒട്ടു മിക്ക പ്രസംഗങ്ങളിലും തൃശൂരും കേരളവും പരാമര്‍ശിച്ചിരുന്നെങ്കിലും ബജറ്റില്‍ മൗനം പാലിച്ചു.
കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനത്തിന് ആവശ്യപ്പെട്ട 5,000 കോടിയുടെ സ്പഷ്യല്‍ പാക്കേജ് എന്നിവയൊന്നും ബജറ്റില്‍ ഇടം പിടിച്ചില്ല. ലൈറ്റ് മെട്രോ, ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍, റെയില്‍വേ വികസനം തുടങ്ങിയവയെല്ലാം സ്വപ്‌നമായി അവശേഷിക്കും.
2014 ല്‍ ഒന്നാം മോഡി സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസാണ് ഇതുവരെ പ്രാവര്‍ത്തികമാകാത്തത്. ഇതിനു ശേഷം അഞ്ച് എയിംസുകള്‍ യാഥാര്‍ത്ഥ്യമായി. കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022 ഏപ്രിലില്‍ ധന മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അപൂര്‍വ വ്യാധികളില്‍പ്പെട്ട് കേരളം ഉഴലുന്ന സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല.
പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളത്തിന് രക്ഷയില്ല. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളം ആ പട്ടികയിലില്ല. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയപ്പോഴും കേരളത്തിലെ പ്രധാന കാര്‍ഷിക ഇനങ്ങളായ റബറിനോ തെങ്ങിനോ പ്രത്യേക പ്രഖ്യാപനവും ഒന്നും ഉണ്ടായില്ല.
എന്നാല്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചതു പോലെ കസേര ഉറപ്പാക്കുന്നതിന് വേണ്ടി നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും സുഖിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ബിഹാറും ആന്ധ്രയും ആവശ്യപ്പെട്ട പ്രത്യേക പദവി നല്‍കിയില്ലെങ്കിലും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ നല്‍കി നിതീഷിന്റെയും ചന്ദ്രബാബുവിന്റെയും പ്രീതി നേടി.
2600 കോടി രൂപയാണ് ബിഹാറിലെ റോഡ് വികസനത്തിന് മാത്രമായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. പാറ്റ്ന-പൂര്‍ണിയ, ബസ്‌കര്‍- ഭഗല്‍പൂര്‍, ബോദ്ഗയ-രാജ്ഗിര്‍, വൈശാലി-ദര്‍ബാന്‍ഗ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയാണ് പ്രധാന റോഡ് വികസന പദ്ധതി.
കൂടാതെ പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ഗംഗാ നദിക്ക് കുറുകെ രണ്ടുവരി മേല്‍പ്പാലം, 2400 മെഗാവാട്ടിന്റെ പവര്‍ പ്ലാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ഭഗല്‍പൂരിലെ പിര്‍പൈന്തിയിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. ഗയ, രാജ്ഗിര്‍ എന്നിവയെ ബന്ധപ്പെടുത്തി ക്ഷേത്ര ഇടനാഴിയും പണിയും. പ്രളയ നിവാരണത്തിന് 11,500 കോടിയാണ് ബിഹാറിനായി ബജറ്റില്‍ മാറ്റിവച്ചത്.
ആന്ധ്രാപ്രദേശിനും നിര്‍മലാ സീതാരാമന്‍ വാരിക്കോരി നല്‍കി. അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് മാത്രം 15,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ വരും വര്‍ഷങ്ങളില്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ആന്ധ്രയിലെ കാര്‍ഷിക മേഖലയ്ക്ക് ഏറെ നിര്‍ണായകമായ പൊള്ളാവരം ജലസേചന പദ്ധതിക്ക് ധനസഹായം അനുവദിച്ചു. സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഇത്തരത്തില്‍, ഒട്ടും ഗ്യാരന്റിയില്ലാത്ത രണ്ട് സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന് മറ്റ് പല സംസ്ഥാനങ്ങളെയും തഴഞ്ഞ് ബിഹാറിനും അന്ധ്രാപ്രദേശിനും മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന പ്രതിപക്ഷ വിമര്‍ശനം ശരി വയ്ക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.
ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയില്‍പ്പെട്ട ലോറി കണ്ടെത്താന്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് ദൗത്യസംഘം തേടിയത്.
കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതിക വിദ്യയാണ് ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നത്. ദൗത്യ സംഘത്തിനൊപ്പം ഉടന്‍ ചേരുമെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ പറഞ്ഞു.
ഷിരൂരില്‍ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഡ്രോണ്‍ ഘടിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ് തങ്ങളുടെ പക്കലുള്ളത്. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കുറച്ചുകൂടി വേഗത്തില്‍ ലോറി കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം പറഞ്ഞു.
അതേസമയം രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസം പിന്നിടുമ്പോഴും അര്‍ജുനെ കണ്ടെത്താനായില്ല. മഴ കനത്തതോടെ ചൊവ്വാഴ്ചത്തെ തിരച്ചിലും അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.
മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.
സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്.
തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.
തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്.
ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത ഡയറ്റുകള്‍ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാല്‍ വീട്ടില്‍ സുലഭമായ കിട്ടുന്ന തേങ്ങവെള്ളം ശരീരഭാരത്തെ നിയന്ത്രിക്കാനുള്ള മികച്ച മാര്‍ഗമാണ്.
ഒരു ഗ്ലാസ് തേങ്ങവെള്ളത്തില്‍ വെറും 44 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനുള്ള ഡയറ്റില്‍ തേങ്ങവെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ്.
തേങ്ങവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയില്‍ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിൻ്റെ ആരോഗ്യത്തിന് മികച്ചതാക്കുന്നു. ദിവസവും ഈ വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന, ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.
ശരീരഭാരം കുറയ്ക്കാൻ വേണ്ട മറ്രൊരു പ്രധാന ഘടകമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. കരിക്ക് ഇതിന് മികച്ച ഒരു ചോയിസ് ആണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം സ്വഭാവികമായും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ സ്വദേശിയായ അധ്യാപിക ബംഗളൂരുവില്‍ മരിച്ചു.രാമങ്കരി കവലയില്‍ പി കെ വര്‍ഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫി മോളാ(24 )ണ് മരിച്ചത്. പതിനൊന്നുദിവസമായി ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എംഎസ്സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം പിന്നീട്.