Latest News

‘വോട്ട് ഒരു തിരഞ്ഞെടുപ്പ് അടുക്കണ സമയത്ത് വിലയുള്ള നോട്ട്..’ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ഇൗ ഗാനം ഇലക്ഷൻ പ്രചാരണങ്ങൾക്ക് അന്ന് എല്ലായിടത്തും മുഴങ്ങിയതായിരുന്നു. പാട്ടും പാരഡിയുമായി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനും സ്വന്തം ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താനും പലപണികളും സ്ഥനാർഥികൾ തേടും. അക്കൂട്ടത്തിൽ ഏറെ പ്രത്യേകത നിറഞ്ഞ പ്രചാരണമാണ് ആറ്റിങ്ങലിൽ പോരിനിറങ്ങുന്ന അടൂർ പ്രകാശ് സ്വീകരിക്കുന്നത്.സൂപ്പർ ഹിറ്റായ സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂർ പ്രകാശിന്റെ പുത്തൻ സൈബർ പ്രചാരണം.

ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ സമ്പത്തിനെതിരെ നിൽക്കുന്നത്. പ്രചാരണത്തിൽ സിറ്റിങ് എംപി കൂടിയായ സമ്പത്തിനെ കടത്തി വെട്ടാൻ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ പോസ്റ്ററാണ് ഉപയോഗിച്ചത്. ഫഹദിന്റെ തല മാറ്റി അവിടെ അടൂർ പ്രകാശിന്റെ തല ചേർത്താണ് വേറിട്ട പ്രചാരണം. നിമിഷനേരം കൊണ്ട് തന്നെ ഇൗ പോസ്റ്റർ വലിയ ശ്രദ്ധ നേടി. സ്ഥാനാർഥിയും തന്റെ പേജിൽ ഇതു പങ്കുവച്ചു. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്​ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ച് ലൂസിഫർ ട്രെയിലർ എത്തി. മീശ പിരിച്ച് മുണ്ട് മടക്കി കുത്തി മാസായും ക്ലാസായും മോഹൻലാൽ നിറഞ്ഞു നിൽക്കുന്നു. കഥയുടെ ഗതിയൊന്നും പറയാതെ കൗതുകം ഒളിപ്പിച്ച ട്രെയിലറാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റീഫൻ നെടുംപളളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. വിവേക് ഒബ്റോയി വില്ലനാകുന്നു. മഞ്ജു വാരിയരാണ് നായിക. മഞ്ജുവിന്റെ സഹോദരനായി ടൊവിനോ തോമസ് അഭിനയിക്കുന്നു. ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്.

പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.

വ്യവസായിയെ നഗ്നാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. 27കാരിയായ തൃശൂര്‍ സ്വദേശി ഷമീനയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് സംഭവം. തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശി ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു.

പൂർണ വളർച്ചയെത്താത്ത ശിശുവിന്റെ മൃതദേഹം ട്രെയിനിൽ ​ഉപേക്ഷിച്ച നിലയിൽ. ഏകദേശം 5 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹത്തിനു 1 ദിവസം പഴക്കവും 300 ഗ്രാം തൂക്കവുമുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ എറ​ണാകുളം–ആലപ്പുഴ പാസ്സഞ്ചർ ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

ട്രെയിൻ ശുചീകരിക്കുന്നതിനിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടി നിൽക്കുന്നത് പരിഹരിക്കാൻ ശക്തമായി പമ്പ് ചെയ്തപ്പോൾ തടസ്സമായി നിന്ന മൃതദേഹം ട്രാക്കിലേക്കുവീഴുകയായിരുന്നു. ബയോ ടൊയ്‌ലെറ്റിന്റെ മൂടി തുറന്നായിരുന്നു ശുചീകരണം. തുടർന്ന് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ഗർഭം അലസിപ്പോയതാകാമെന്നാണ് ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം. ഷൊർണൂർ–എറണാകുളം–ആലപ്പുഴ റൂട്ടിലോടുന്ന ട്രെയിനിൽ എവിടെവച്ചാണ് സംഭവമെന്നു വ്യക്തമല്ല റെയിൽവേ പൊലീസ് കെസെടുത്ത് അന്വേഷിക്കും.

ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്കു ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും.

ബ്രിട്ടനിലെ ഹോല്‍ബോര്‍ണ്‍ മെട്രോ സ്റ്റേഷനില്‍നിന്നാണ് ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദ്ദഫലമായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി മോദിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യപ്രതി നീരവ് മോദി അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് നിര്‍ണായക അറസ്റ്റ്. മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴി‍ഞ്ഞ ഓഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര പത്രം പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയത്. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയ്ക്കെതിരായ കേസും ഇതേ കോടതിയില്‍ തന്നെയാണ്. ഇന്ത്യയുടെ നിരന്തരശ്രമത്തെ തുടര്‍ന്ന് ജൂലൈയില്‍ ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണ് സൂചന. അതേസമയം, നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊച്ചി പനമ്പിള്ളി ന‌ഗറില്‍ ചലച്ചിത്ര നിർമ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വസതിയിലേക്ക് ഗുണ്ടകളുമായെത്തി റോഷന്‍ ആന്‍ഡ്രൂസ് ആക്രമണം നടത്തിയെന്നാണ് കേസ്.അതേസമയം റോഷന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചു.

നേരത്തെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്റെ സംവിധാന സഹായിയുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് റോഷന്റെ ചിത്രങ്ങളുമായി സഹകരിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം.

അഴിമതി ആരോപണങ്ങള്‍ യുണൈറ്റ് നഴ്സസ് അസോസിയേഷന്‍റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തള്ളി. ആരോപണങ്ങള്‍ക്കു പിന്നില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും തൃശൂരില്‍ വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

യു.എന്‍.എ ഭാരവാഹികള്‍ മൂന്നു കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. സംഘടനയുടെ മുന്‍ഭാരവാഹിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിയ്ക്കു പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, യുഎന്‍എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വിളിച്ചത്. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതു വരെ മാറിനില്‍ക്കാന്‍ തയാറാണെന്ന് യു.എന്‍.എ. ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍, ഭാരവാഹികള്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് യു.എന്‍.എ അംഗങ്ങള്‍ നിലപാടെടുത്തു.

സംഘടനയ്ക്കുള്ളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നയിക്കാന്‍ ഉന്നതാധികാര സമിതി രൂപികരിച്ചു. സംഘടനയുടെ വരവു ചെലവു കണക്കുകള്‍ വെബ്സൈറ്റില്‍ പരസ്യമായി പ്രസിദ്ധീകരിച്ചു. ആര്‍ക്കു വേണമെങ്കില്‍ ഈ കണക്കു പരിശോധിക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി. അഴിമതി ആരോപണം ശക്തമായ സാഹചര്യത്തിലായിരുന്നു അടിയന്തര ജനറല്‍ കൗണ്‍സില്‍ വിളിച്ചതും ഇക്കാര്യം ചര്‍ച്ച ചെയ്തതും.

മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു പിന്നാലെയാണ്.യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ ക്രമക്കേടെന്ന് പുറത്തു വന്നിരിക്കുന്നത്. 50 രൂപയുടെ അംഗത്വഫീസിന് 500 രൂപയാണ് പിരിപ്പിച്ചത്. മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപ പിരിച്ചെന്നും

യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയത്

തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ അയിരൂർ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പെൺകുട്ടി. നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 13 നായിരുന്നു സംഭവം.

രണ്ടു കുപ്പി പെട്രോൾ പ്രതി കയ്യിൽ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോൾ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം

അതേസമയം, ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയമാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്. തിരുവല്ലയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ സംസാരിച്ച് വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ കുപിതനായ അജിൻ കൈവശമുണ്ടായിരുന്ന കുപ്പിയിൽനിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെൺകുട്ടി അലറുന്നത് ഇയാൾ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി

സമീപത്തെ കടകളിൽനിന്നെടുത്ത വെള്ളം ഒഴിച്ചാണ് തീകെടുത്തിയത്. ഇതിനുശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് പെട്രോളുമായാണ് ഇയാൾ വന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ലോകത്തിനാകെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വൈറ്റ് തീവ്രവാദികളെ കുടുക്കാനൊരുങ്ങി യുകെ സർക്കാർ. വെള്ളക്കാരന്റെ സർവ്വാധികാരത്തിലും അതിശ്രേഷ്ഠതയിലും വിശ്വസിക്കുന്ന ഒരുകൂട്ടമാളുകൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയുന്നു എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരം പ്രവർത്തങ്ങൾ തടയിടാനായി യുകെ സർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളാനൊരുങ്ങുന്നത്.

ന്യൂസിലാൻഡിൽ തീവ്ര വലതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു ഭീകരൻ മുസ്‌ലിം പള്ളികളിൽ കയറി 50 വിശ്വാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വലതുപക്ഷ തീവ്രവാദം ലോകത്താകെ വലിയ ചർച്ചയാകുന്നത്. സർക്കാർ നിയമിക്കുന്ന ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ (JTAC ആയിരിക്കും തീവ്രവാദത്തിനെതിരെ മുന്നറിയിപ്പു നൽകുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

സാധാരണ കുറ്റകൃത്യവും ആക്രമണങ്ങളും പോലീസിന്റെ അധികാരപരിധിയിലിരിക്കും വരികയെങ്കിലും തീവ്രവാദ ബന്ധങ്ങളും വലിയ ഭീകരാക്രമണങ്ങളും അന്വേഷിക്കുന്നത് ബ്രിട്ടീഷ് സർക്കാർ രഹസ്യാന്വേഷണ ഏജൻസിയായ M15 ആയിരുന്നു. JTAC യുടെ അന്വേഷണങ്ങൾ ഈ വര്ഷം തന്നെ ആരംഭിച്ചേക്കുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

2017 മാർച്ച് മുതൽ യുകെയിൽ 18 തീവ്രവാദ കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും ചില മുസ്‌ലിം വലതുപക്ഷ സംഘടനകളുടെ അധീനതയിൽ ഉള്ളവയായിരുന്നു. ഇസ്ലാം തീവ്രവാദം മാത്രമല്ല തീവ്ര വലതുപക്ഷ വെള്ള തീവ്രവാദവും നാടിനു ഭീഷണിയാണെന്ന് ഈ അടുത്തകാലത്താണ് സർക്കാർ ഗൗരവപൂർവ്വം മനസിലാക്കാൻ തുടങ്ങുന്നത്. സ്റ്റാൻവെല്ലിൽ കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരനുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ചില തീവ്ര വലതുപക്ഷ ലക്ഷ്യങ്ങൾ തന്നെയാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.

“എല്ലാവർക്കും സമാധാനത്തോടെ അവരുടെ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കണം. തീവ്രവാദ പ്രവർത്തങ്ങൾക്ക് ഈ രാജ്യത്തിൽ യാതൊരു ഇടവുമില്ല.” പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞതായി അവരുടെ വക്താവ് ഗാർഡിയനോട് പറയുന്നു.

ബിജെപിയുടെ കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെയും അമിത് ഷായുടെയും തീരുമാനങ്ങള്‍ നടപ്പിലായപ്പോള്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മാറ്റി സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. പാലക്കാട് സീറ്റിനായി തുടക്കം മുതല്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ പിന്തുണ സി കൃഷ്ണകുമാറിനായിരുന്നു അനുകൂലമായത്.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയതും കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായി. പാലക്കാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടുമായി എടുത്ത ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാവും ശോഭ മത്സരിക്കുക.

പത്തനംതിട്ട സീറ്റ് കിട്ടാതെ വന്നതോടെ മത്സരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ട സീറ്റിനായി അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയോടെ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ 28 ദിവസം ജയിലില്‍ കിടന്ന കെ സുരേന്ദ്രനാണ് പത്തനംത്തിട്ടയില്‍ മത്സരിക്കുക. സുരേന്ദ്രനെ പാര്‍ട്ടിക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള പത്തനംതിട്ട സീറ്റില്‍ എത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ഇടപെടലാണ്. സുരേന്ദ്രനെ മികച്ച സീറ്റില്‍ മത്സരിപ്പിക്കാത്ത പക്ഷം അത് അണികളുടെ പ്രതിഷേധം വരുത്തിവയ്ക്കുമെന്നാണ് ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.

കൊല്ലം സീറ്റിലേക്ക് കോണ്‍ഗ്രസ് വിട്ടു വന്ന ടോം വടക്കനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. തൃശ്ശൂരോ ചാലക്കുടിയോ ആയിരുന്നു ടോം വടക്കന്റെ ലക്ഷ്യം. എന്നാല്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറപ്പിച്ചു. തുഷാറിന് വേണ്ടി അമിത് ഷാ കര്‍ശന നിലപാടാണ് എടുത്തത്. കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലും ചാലക്കുടി സീറ്റില്‍ മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്റെയും പേരാണ് ഇപ്പോള്‍ പാര്‍ട്ടി പരിഗണിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം സീറ്റിലേക്കാണ് പരിഗണിക്കുന്നത്.

നിലവില്‍ പിഎസ് ശ്രീധരന്‍പിള്ളയും എംടി രമേശും കൂടാതെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസും ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved