Latest News

ചെങ്ങന്നൂര്‍: ആര്‍ ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. കൊടിക്കുന്നില്‍ സുരേഷ് കള്ളനെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും കെ വി തോമസും സ്വന്തം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്നു.

പി ജെ ജോസഫ് ഇനിയും കേരള കോണ്‍ഗ്രസില്‍ തുടരുന്നതെന്തിനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള ചോദിച്ചു. ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള. ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഉച്ചയ്ക്കാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച നളിനി നെറ്റോയോട് തെരഞ്ഞെടുപ്പ് കഴിയും വരെ തുടരാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി വാര്‍ത്ത‍യുണ്ടായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.  സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സിഎംഒയിൽ (ചീഫ് മിനിസ്റ്റർ ഓഫീസ്) നിന്നും പടിയിറങ്ങാൻ നളിനി നെറ്റോയും തീരുമാനിച്ചത്.

പൊള്ളിച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയോട് തിരുനാവരശ് എന്ന ചെറുപ്പക്കാരന്‍ സൗഹൃദം സ്ഥാപിക്കുന്നു. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥനയും. ഒരു ദിവസം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് തിരുനാവക്കരശ് പെണ്‍കുട്ടിയെ കാറിലേക്ക് ക്ഷണിക്കുന്നു. വിസമ്മതം കാണിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കയറ്റി. കാര്‍ പോകുന്ന വഴിയില്‍ വച്ച് മറ്റു മൂന്നുപേര്‍ കൂടി കാറിനുള്ളിലേക്ക് കയറി. തുടര്‍ന്നു നാലുപേരും കൂടി പെണ്‍കുട്ടിയെ പീഢിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

തനിക്കുണ്ടായ ദുരന്തം 19 കാരിയായ പെണ്‍കുട്ടി തന്റെ സഹോദരനോട് പറഞ്ഞു. സഹോദരന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ശബരിരാജന്‍ എന്ന റിഷ്വന്ത്, സതീഷ്, വസന്തകുമാര്‍ എന്നിവരെ ഫെബ്രുവരി 25 ന് പിടികൂടി. പിടിയിലായവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് മാര്‍ച്ച് 5 ന് തിരുനാവാക്കരശിനെയും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളാകുന്ന നൂറുകണക്കിന് പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ആ ഫോണില്‍ ഉണ്ടായിരുന്നു.

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഇപ്പോള്‍ ഈ കേസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയവും ഇതാണ്. പൊള്ളാച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ശബരീരാജന്‍, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ ഏഴുവര്‍ഷത്തിനിടയില്‍ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസിന വിവരം കിട്ടിയിരിക്കുന്നത്. പീഡനങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരേ ഗൂണ്ട അക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. പിടിയിലായ നാലു പ്രതികളും ഇരുപത് വയസിന് അടുത്ത് മാത്രം പ്രായമുള്ളവരാണ്.

പിടിയിലായവര്‍ക്കൊപ്പം ചില ഉന്നതരുടെ മക്കളും ഉണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബി സിഐഡി ക്ക് വിട്ടിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഡിഎംകെയാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. എ ഐ എ ഡി എം കെ മന്ത്രി എസ് പി വേലുമണി, എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധം ഉണ്ടെന്നാണ് ഡിഎംകെയുടെ ആരോപണം. സര്‍ക്കാര്‍ ഈ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും ഇതേ കുറിച്ചും അന്വേഷിക്കുന്നതിനായി സിബിഐയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. പൊള്ളാച്ചിയില്‍ ഈ വിഷയത്തിന്റെ പേരില്‍ വലിയ പ്രകടനങ്ങളും ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുകയുണ്ടായി.

പ്രതികളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ആകെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ വലിയിലാകുന്ന പെണ്‍കുട്ടികളെ പലതരത്തിലുള്ള ശാരീരിക-മാനസിക പീഡനങ്ങള്‍ക്കായിരുന്നു പ്രതികള്‍ വിധേയരാക്കിയിരുന്നത്. കൂടാതെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗും നടത്തിയിരുന്നു. ഇതുവഴി വന്‍ സാമ്പത്തിക നേട്ടവും പ്രതികള്‍ ഉണ്ടാക്കിയിരുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം ഉണ്ടാക്കുന്നത്. പിന്നീട് ഈ സൗഹൃദം ഉപയോഗിച്ച് പെണ്‍കുട്ടികളെ തങ്ങളുടെ അരികിലേക്ക് ഇവര്‍ എത്തിക്കും. തുടര്‍ന്ന് ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യും. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഇരകളായ പെണ്‍കുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം ചെയ്യും.

നാണക്കേടും ഭീഷണിയും ഭയന്നു ഇതുവരെയാരും പ്രതികള്‍ക്കെതിരേ പരാതി നല്‍കാന്‍ തയ്യാറായില്ല എന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പ്രതികളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതു വഴി തിരിച്ചറിഞ്ഞ ചില പെണ്‍കുട്ടികളെ പൊലീസ് സമീപിച്ചെങ്കിലും ഇവര്‍ പരാതി നല്‍ക്കാന്‍ തയ്യാറില്ലെന്നാണ് പറയുന്നത്. പരാതി നല്‍കാന്‍ മുന്നോട്ടുവരാന്‍ താത്പര്യം കാണിക്കാത്തവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുവന്നു രഹസ്യ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. പ്രതികള്‍ ഏതെങ്കിലും പെണ്‍വാണിഭ സംഘങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവും പ്രതികളുമായി ബന്ധപ്പെട്ടാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരകളായവരെ കണ്ടെത്തുകയാണ് ഇപ്പോള്‍ അന്വേഷണം സംഘം ശ്രമിക്കുന്നത്.

അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ കോയമ്പത്തൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാജപ്രാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു കളക്ടര്‍ കെ രാജാമണി അറിയിച്ചിട്ടുണ്ട്.

അതേസമയം ഈ സംഭവം തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധത്തിനു കളമൊരുക്കിയിരിക്കുകയാണ്. ചലച്ചിത്ര, മാധ്യമ- സാമൂഹ്യപ്രവര്‍ത്തകരും വിവിധ സ്ത്രീ സംഘടനകളും എസ് എഫ് ഐ പോലുള്ള വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഡിഎംകെയുമെല്ലാം പ്രതിഷേധപ്രകടനങ്ങളും സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. കോയമ്പത്തൂര്‍ കളക് ട്രേറ്റിനു മുന്നില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. പ്രതികളെയെല്ലാം ഗൂണ്ടാ ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രയക്കാരുടെ അവരുടെ മക്കളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആരെയും രക്ഷപ്പെടാന്‍ അനവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ യുടെ സമരം. എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിത്വമില്ലാതായെന്ന ആരോപണം ഉയര്‍ത്തിയാണ് ഡിഎംകെയുടെ പ്രതിഷേധം. കനിമൊഴിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി തെരുവില്‍ ഇറങ്ങിയത്. അതേസമയം തങ്ങള്‍ക്കെതിരേ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് എ ഐ എഡി എംകെ നേതാക്കള്‍ ഡിഎംകെ്‌യ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.

മെൽബോൺ ബാലപീഡന കേസിൽ ചരിത്ര വിധി. അധികാര ചിഹ്നങ്ങളൊന്നുമില്ലാതെ കർദ്ദിനാൾ ജോർജ് പെല്ലിന് ഇനി ജയിലിലേക്ക് പോകം. വർഷങ്ങൾക്ക് മുൻപ് രണ്ട് ചെറിയ അൾത്താര ബാലന്മാരെ ലൈംഗികമായി ഉപയോഗിച്ചതിനും അവരുടെ ജീവിതം തകർത്തതിനും അധികാരമുപയോഗിച്ച് കേസ് ഒതുക്കി തീർത്തതിനുമായി 6 വർഷം തടവ് ശിക്ഷ അനുഭവിക്കണം.

മാർപാപ്പയ്ക്ക് തൊട്ടു താഴെ കത്തോലിക്കാ സഭയുടെ വളരെ നിർണ്ണയ അധികാര സ്ഥാനം കയ്യാളിയിരുന്ന കർദ്ദിനാളിന്റെ വിധി ലോകം വളരെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ചർച്ചിനുള്ളിൽ നടക്കുന്ന ബാലപീഡനങ്ങൾ ഇനി മേലാൽ സഭ വെച്ച് പൊറുപ്പിക്കില്ല എന്ന സംയുക്ത പ്രസ്‍താവനകൾക്കും മാർപാപ്പയുടെ വാഗ്ദാനനങ്ങൾക്കും ശേഷം വന്ന ഈ വിധി സാമൂഹ്യ മന:സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കർദ്ദിനാൾ രണ്ട് ആൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ പ്രായത്തെയും ബലഹീനതകളെയും പരമാവധി മുതലെടുത്ത് പെൽ അവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഓസ്‌ട്രേലിയ കോർട്ട് ചീഫ് ജഡ്ഡ്ജ് പീറ്റർ കിഡ് നിരീക്ഷിക്കുന്നത്. തനിക്കു നേരെ നടത്തിയ ലൈംഗികാതിക്രമം മറ്റെയാൾ കാണുന്നുണ്ടെന്ന മനോവിഷമം കൂടി ഇയാൾ ഈ കുട്ടികളിൽ ഉണ്ടാക്കിയതായും ഇത് വളരെ ഗൗരവപൂർവം കാണേണ്ട വിഷയമാണെന്നും കോടതി പറയുന്നുണ്ട്. തന്റെ അമാന്യ പ്രവർത്തനങ്ങളെ മറയ്ക്കാനായി ഇയാൾ അധികാരം ദുർവിനിയോഗം ചെയ്തതായും കോടതി കണ്ടെത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബർ മാസത്തിലാണ് കോടതി കർദ്ദിനാൾ കുറ്റക്കാരനാണെന്നു കണ്ടെത്തുന്നത്. 1996 ൽ ആണ് കേസിന് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. മെൽബണിൽ ആർച്ച് ബിഷപ്പായിരുന്ന സമയത്ത് രണ്ട് അൾത്താര ബാലന്മാരെ പെൽ ഭീഷണിപ്പെടുത്തി തന്റെ സ്വകര്യ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് അമാന്യമായ കാര്യങ്ങൾ ചെയ്തുവെന്നുമാണ് കോടതി അന്ന് കണ്ടെത്തിയത്. ഇതിൽ ഒരു കുട്ടി മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. ഇപ്പോൾ മുപ്പതിനോട് അടുത്ത് പ്രായമുള്ള ഇയാൾ വിധി വന്നതിലുള്ള തന്റെ ആശ്വാസവും സന്തോഷവും അഭിഭാഷകൻ മുഖേനെ ലോകത്തെ അറിയിച്ചിട്ടുണ്ട്. ഇത്രയും നീണ്ട കാലത്തെ ജയിൽ ശിക്ഷ വിധിക്കപ്പെടുന്ന കത്തോലിക്ക സഭയിലെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള പുരോഹിതനാണ് ജോർജ് പെൽ.

തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാൽ ജോസ് പറയുന്നു. മലയാളത്തിലെ ക്ലാസിക് ക്യാംപസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തുറന്നു‌പറയുകയാണ്. രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രമാകാൻ കാവ്യ മാധവൻ ഏറെ ആഗ്രഹിച്ചിരുന്നു. അത് തുറന്നുപറഞ്ഞപ്പോൾ താൻ ദേഷ്യപ്പെട്ടെന്നും ലാൽ ജോസ് പറയുന്നു.

”ഷൂട്ടിങ് തുടങ്ങുംമുൻപ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാൻ ഞാൻ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്നും ഇന്ദ്രജിത്തും ചേർന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറായപ്പോൾ കാവ്യയെ കാണാനില്ല.

”ജയിംസ് ആല്‍ബർട്ട് ഓടിയെത്തി പറഞ്ഞു, കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയോട് കാര്യമെന്തെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞു, റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം’. അതും കൂടി കേട്ടതോടെ അവളുടെ കരച്ചിൽ കൂടി.

ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതിച്ചു”-ലാൽ ജോസ് പറയുന്നു.

യുവാവ് യുവതിയെ തീകൊളുത്തിയെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലോടെയാണ് ഇന്നലെ നഗരം ഉണർന്നത്. രാവിലെ 9.11ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്ന സംഭവത്തിനു ദൃക്സാക്ഷികൾ അധികം ഇല്ലായിരുന്നു. കടകൾ തുറന്നു വരുന്നതേയുള്ളു. ഒരു ടയർ കട, സൈക്കിൾ കട, മെഡിക്കൽ സ്റ്റോർ എന്നിവയാണ് ഇവിടെ ഉള്ളത്. ഇതിൽ ടയർ കട മാത്രമാണ് തുറന്നിരുന്നത്. തൊട്ടെതിർവശത്തുള്ള കടകളും തുറന്നിരുന്നില്ല.

ചിലങ്ക ജംക്‌ഷനിൽ നിന്നു വിദ്യാർഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടെങ്കിലും സാധാരണ കാഴ്ചയായേ കരുതിയുള്ളു. റോഡിൽ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങൾക്കുള്ളിലായിരുന്നു. 40 സെക്കൻഡിനുളളിൽ എല്ലാം കഴിഞ്ഞു. തീ ആളിക്കത്തിയപ്പോഴാണ് വഴിയിലുള്ളവർ ശ്രദ്ധിച്ചത്.

പെൺകുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെൺകുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു.

അപ്പോൾ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഈ സമയമെല്ലാം റോഡിൽ അക്ഷ്യോഭ്യനായി നിന്ന യുവാവിനെ ചിലർ പിടിച്ചുനിറുത്തി. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് അന്വേഷണം തുടങ്ങിയത്.

യുവതിയെ തീ കൊളുത്തിയ സംഭവത്തിൽ പൊലീസിനു തെളിവായതു റെയിൽവേ സ്റ്റേഷൻ റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറ. സംഭവം നടന്നതിന് എതിർവശത്താണ് കട. ഇവിടെ നിന്നു റോഡിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പലവട്ടം പരിശോധിച്ചു. 9.11 മുതൽ 40 സെക്കൻഡ് നീണ്ടുനിൽക്കുന്ന ദൃശ്യത്തിലാണ് സംഭവം ഉള്ളത്. റോഡിനെതിർവശത്ത് നടന്ന സംഭവമായതിനാൽ ഇടയ്ക്ക് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ തടസ്സം ഉണ്ടെങ്കിലും സംഭവം വ്യക്തമായി കാണാം.

ദൃശ്യം ഇങ്ങനെ: റോഡിലൂടെ പെൺകുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്പോൾ വഴി തടസ്സപ്പെടുത്തി മുൻപിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയിൽ പെൺകുട്ടി വയർ പൊത്തി വേദനയോടെ നിൽക്കുന്നു. (കത്തി കൊണ്ടുള്ള കുത്ത് കൊണ്ടതാകാം. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ മറവിലാണ് പല ദൃശ്യവും.) പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റർ കത്തിക്കുന്നതു പോലെയുള്ള ആക്‌ഷൻ. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവർ പുറകോട്ടു വീഴുന്നു. നാട്ടുകാർ ഓടിക്കൂടി ഫ്ലെക്സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നു. ഇത്രയും രംഗങ്ങളാണ് സിസി ടിവിയിലുള്ളത്. യുവാവ് പോക്കറ്റിലാണ് കത്തി സൂക്ഷിച്ചിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.

സംഭവം നടന്നതിനുശേഷം റോഡുവശത്ത് അവശേഷിച്ചത് യുവതിയുടെ കത്തിക്കരിഞ്ഞ ബാഗ്, അര ലീറ്ററിന്റെ കുപ്പി, ലൈറ്റർ എന്നിവയും നാട്ടുകാർ തീ കെടുത്താനുപയോഗിച്ച ഫ്ലെക്സ് ബോർഡും.

ബാഗ് പകുതിയോളം കത്തിയിട്ടുണ്ട്. ഇതിനോടു ചേർന്നാണ് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ലൈറ്ററും കിടന്നത്. പൊലീസിന്റെ സയന്റിഫിക് ഓഫിസർ ലീന ബി.നായർ, വിരലടയാള വിദഗ്ധരായ എ.ഷൈലജകുമാരി, ടി.കെ.ശ്രീജ, ഫൊട്ടോഗ്രഫർ ജയദേവകുമാർ എന്നിവർ ചേർന്നാണ് സംഭവസ്ഥലത്തു നിന്നു തെളിവുകൾ ശേഖരിച്ചത്.

വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്ന ഇരുവരും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രതി വന്നതെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോൾ, കയർ എന്നിവയുമായി ഇന്നലെ രാവിലെ തിരുവല്ലയിൽ എത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അത്ഭുതപ്പെടുത്തി.

പെൺകുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടർമാർ പറഞ്ഞു. തല മുതൽ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവൻ കരിഞ്ഞു. പേശികൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകൾക്കു തകരാർ സംഭവിക്കാൻ സാധ്യത ഏറെയാണ്. അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.

തിരുവല്ലയിൽ നിന്ന് എറണാകുളം വരെ ആംബുലൻസ് 43 മിനിറ്റിൽ

പൊള്ളലേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസ് (ഐഐഇഎംഎസ്) മെഡിക്കൽ ടീം ആംബുലൻസിൽ 94 കിലോമീറ്റർ അകലെ എറണാകുളം മെഡിക്കൽ സെന്ററിൽ എത്തിച്ചത് 43 മിനിറ്റുകൊണ്ട്. തിരുവല്ല, ആലപ്പുഴ, ചേർത്തല, അരൂർ വഴി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് സംഘം വഴിനീളെ നൽ‌കിയ സഹകരണം കൊണ്ടാണ് ഇത്രയും ചെറിയ സമയത്തിനുള്ളിൽ എത്താൻ കഴിഞ്ഞത്.

വെന്റിലേറ്ററിലേക്ക് ഘടിപ്പിച്ച് മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളും ജീവൻ രക്ഷാ മരുന്നുകളും നൽകി മെഡിക്കൽ ടീമംഗങ്ങളായ അഖിൽ കൃഷ്ണൻ, അനന്തു മനോഹരൻ എന്നിവരാണ് തിരുവല്ലയിൽ നിന്നു പുറപ്പെട്ടത്. ഇതിനിടയിൽ കോൾ സെന്ററിൽ നിന്നു അസിസ്റ്റന്റ് മാനേജർ (102) മജോ ജോൺ മെഡിക്കൽ സംഘത്തിനു നിർദേശം നൽകി കൊണ്ടിരുന്നു.

തിരുവല്ല സിഐ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മാർഗം പൊലീസ് നൽകിക്കൊണ്ടിരുന്നത്. യാത്രയിൽ ഓരോ നിമിഷവും രോഗിയുടെ അവസ്ഥ മനസ്സിലാക്കി കൃത്യതയോടുകൂടി ജീവൻ രക്ഷാ മരുന്നുകളും പരിചരണവും നൽകി സുരക്ഷിതമായി മെഡിക്കൽ സംഘാംഗങ്ങൾ എത്തിക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ തരിപ്പണമാക്കിയ യുവന്റസിന്റെ വിജയ ശില്‍പി മറ്റാരുമായിരുന്നില്ല. ഒന്നും രണ്ടുമല്ല മൂന്നുഗോളടിച്ചാണ് റൊണാള്‍ഡോ അത്്ലറ്റിക്കോയുടെ തട്ടകത്തില്‍ തോറ്റതിന് കണക്ക് തീര്‍ത്തത്.

സ്പെയിനിലെ മഡ്രിഡില്‍ (അത്്ലറ്റിക്കോയുടെ തട്ടകം) എതിരില്ലാത്ത രണ്ടുഗോളിന് തോറ്റുമടങ്ങുമ്പോള്‍ മുന്‍ റയല്‍ മഡ്രിഡ് താരമായിരുന്ന റൊണാള്‍ഡോയെ ആരാധകര്‍ കൂവിയാര്‍ത്തു. എന്നാല്‍ അവരോടെ അഞ്ചുവിരലും ഉയര്‍ത്തി റൊണാള്‍ഡോ പറയാതെ പറഞ്ഞു. ‘ ഒന്നും രണ്ടുമല്ല അഞ്ചു കിരീടം ഞാന്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ടെന്ന്.’ യുവന്റസിന്റെ തട്ടകത്തില്‍ രണ്ടാം പാദത്തിന് അത്‌ലറ്റിക്കോ എത്തുമ്പോള്‍ റൊണാള്‍ഡോ ഒരുങ്ങിയിറങ്ങി. മുടിവെട്ടി മിടുക്കനായ റൊണാള്‍ഡോ കളത്തിലിറങ്ങും മുമ്പ് ആരാധകരോട് പറഞ്ഞു. നിങ്ങളുടെ പിന്തുണ വേണം, എന്നാല്‍ നമുക്ക് ജയിക്കാമെന്ന്. അവര്‍ ആര്‍‌പ്പുവിളിച്ചു, അവന്‍ 27ാം മിനിറ്റില്‍ സ്വതസിദ്ധമായ ഹെഡര്‍ ഗോളില്‍ യുവയെ മുന്നിലെത്തിച്ചു. 49ാം മിനിറ്റിലും 86ാം മിനിറ്റിലും വീണ്ടും ഗോള്‍ നേടി യുവന്റസിനെ ക്വാര്‍‌ട്ടറിലേക്ക് നയിച്ചു.

വര്‍ഷങ്ങളായി അകന്നു നിന്നിരുന്ന കിരീടം കൈപ്പിടിയില്‍ ഒതുക്കാനാണ് റൊണാള്‍ഡോയെ യുവന്റസ് പൊന്നുംവിലയ്ക്ക് റയല്‍ മഡ്രിഡില്‍ നിന്ന് ഇറ്റലിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷവും റൊണാള്‍ഡോയുടെ റയലാണ് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്. റൊണാള്‍ഡോയെ എത്തിച്ചാല്‍ ആ കിരീടം ഇറ്റലിയിലെത്തിക്കാമെന്ന് യുവന്റസ് കണക്ക് കൂട്ടി. യുവന്റസിനായി റൊണാള്‍ഡോയുടെ ആദ്യഹാട്രിക്കാണ് അത്്ലറ്റിക്കോയ്ക്കെതിരെ നേടിയത്. അതുകൊണ്ട് തന്നെ ടീമിനെ ക്വാര്‍ട്ടറിലെത്തിച്ച ശേഷം റൊണാള്‍ഡോ പറഞ്ഞു. ‘ ഇതിനാണ് യുവ എന്നെ വാങ്ങിയത്, ഇതുപൊലെയുള്ള മാന്ത്രിക രാത്രികള്‍ക്കായിട്ട് യുവന്റസ് കൊതിച്ചിരുന്നു.’ സെറി എയില്‍ യുവയാണ് ഒന്നാമത്.

ബെല്‍ജിയം സര്‍വകലാശാല നടത്തിയ പഠനത്തില്‍ സമ്മര്‍ദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നവനാണ് റൊണാള്‍ഡോ. സമ്മര്‍ദം കൂടുമ്പോള്‍ കൂടുതല്‍ മികവുകാട്ടുന്നവനായി റൊണോ മാറും. ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം അത് വ്യക്തമാക്കുന്നു. ഏഴായിരം ഫുട്ബോള്‍ താരങ്ങളില്‍ നടത്തിയ പഠനത്തിലാണ് റൊണാള്‍ഡോയെ സമ്മര്‍ദം കീഴടക്കില്ലെന്ന് കണ്ടെത്തിയത്.

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. കെവിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയതെല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെവിനെ പുഴയിലേക്ക് തള്ളിയിട്ടതിന് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ കൊലപാതക കുറ്റം ഒഴിവാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. കെവിന്‍ കൊല്ലപ്പെടണമെന്ന് പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ തോമസിനെ ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സുപ്രീം കോടതി നിര്‍ദേശിച്ച ദുരഭിമാനക്കൊല മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി കെവിന്റെ വധം വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിലുള്ളത്.

പ്ലസ്സ്ടുമുതൽ പ്രേമത്തിലായിരുന്നെന്നും ഇപ്പോൾ പുതിയ കാമുകനുണ്ടെന്ന് അറിയിച്ചതിനാലാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്നും തിരുവല്ല പൊലീസ് കസ്റ്റഡിയിലുള്ള കോയിപ്പുറം കുമ്പനാട് കടപ്രാ കാരിലിൽ അജിൻ റെജി മാത്യു പൊലീസിനോട് സമ്മതിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള പെൺകുട്ടി  ഗുരുതരമായി വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്നത് എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

തിരുവല്ല ചുമത്ര സ്വദേശിനിയായ 19 കാരിയെ ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി തടഞ്ഞുവച്ച് തിരുവല്ല പൊലീസിന് കൈമാറിയത്. പരിക്കുള്ളതിനാൽ അജിനെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

അജിൻ വെച്ചുച്ചിറ വിശ്വാബ്രാഹ്മിൺസ് കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പെൺകുട്ടി നഗരത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു. പെൺകുട്ടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ അജിൻ ഉറപ്പിച്ചുപറഞ്ഞതായിട്ടാണ് സൂചന.

അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ

പുത്തേഴം ഹയർ സെക്കന്റി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും താനും അടുപ്പത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി തന്നെ അവഗണിക്കുന്നതായി മനസ്സിലായി എന്നും കാരണം തിരക്കിയപ്പോൾ വേറെ കാമുകനുണ്ടെന്നും പെൺകുട്ടി പറഞ്ഞതാണ് പ്രകോപനമായത്. ഇനി തന്നെ കാണാൻ വരണ്ടെന്നും പെൺകുട്ടി പറഞ്ഞെന്നും ഇതിന് ശേഷമാണ് വക വരുത്താൻ തീരുമാനിച്ചതെന്നുമാണ് അജിൻ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

വരുന്ന വഴി പുല്ലാടു നിന്നും രണ്ട് കുപ്പികൾ നിറയെ പെട്രോൾ വാങ്ങിയാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെയും കാത്ത് നിന്നിരുന്നത്. കൈയിൽ കത്തിയും കരുതിയിരുന്നു. പെൺകുട്ടിയെ കണ്ടതോടെ അജിൻ പാഞ്ഞടുത്ത് വയറ്റിൽ കുത്തി. ഇതിന് ശേഷമാണ് പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്നാണ് ദൃസാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് വിഫലമാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ ഷർട്ടുകൊണ്ട് കൈകൾ പിന്നിലേയ്ക്കാക്കി ബന്ധിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് അക്രമം നടത്തിയത്

നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപോൾ തന്നെ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.  പെൺകുട്ടിയുടെ മുടിയിൽ തീപടർന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്ലെയിൻ ലാൻഡ് ചെയ്ത ഉടന്‍ വിളിക്കാം’-ശിഖയുടെ വിളി കാത്തിരുന്ന ഭർത്താവിനെ തേടിയെത്തിയത് ദുരന്തവാർത്ത. മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ശിഖയും സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

പറന്നുയർന്ന ഉടൻ തകർന്നുവീണ എത്യോപ്യന്‍ വിമാനത്തിൽ ഇന്ത്യക്കാരിയും ഐക്യരാഷ്ട്രസഭാ ഉപദേശകയുമായ ശിഖ ദാർഗുമുണ്ടായിരുന്നു. നയ്‌റോബിയിൽ നടക്കുന്ന യുഎൻ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ.പാരിസ് പരിസ്ഥിതി ഉടമ്പടി ചർച്ചകളിൽ ശിഖ പങ്കെടുത്തിരുന്നു.

ശിഖക്കൊപ്പം നയ്റോബിയിലേക്ക് പോകാനിരുന്നതാണ് സൗമ്യയും. ടിക്കറ്റുമെടുത്തിരുന്നു. അവസാന നിമിഷമാണ് ഔദ്യോഗിക ആവശ്യം മൂലം സൗമ്യ ടിക്കറ്റ് റദ്ദാക്കിയത്. ‘ഞാൻ ഫ്ലൈറ്റിൽ കയറി. ലാൻഡ് ചെയ്യുമ്പോൾ വിളിക്കാം’- ശിഖ സൗമ്യക്കയച്ച അവസാന സന്ദേശം ഇങ്ങനെ.

തിരികെ എന്തെങ്കിലും പറയും മുൻപെ, സുഹൃത്തിന്റെ വിളി വന്നു. ദുരന്തവാർത്ത കേട്ട് ഒരക്ഷരം പോലും മിണ്ടാനാകാതെ സൗമ്യ നിന്നു. ശിഖ നയ്റോബിയിൽ നിന്ന് മടങ്ങിയെത്തിയാൽ അവധിക്കാല യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.

കഴിഞ്ഞ ദിവസം ശിഖയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ സഹായം തേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ശിഖയുൾപ്പെടെ വിമാനാപകടത്തിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെയും കുടുംബങ്ങളുമായി സംസാരിച്ചതായി മന്ത്രി വ്യക്തമാക്കി.

149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ എത്യോപ്യൻ എയർലൈൻസ് വിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

RECENT POSTS
Copyright © . All rights reserved