ശാസ്ത്രലോകത്ത് ദിവസങ്ങളായി മുഖ്യചർച്ചാവിഷയമാണ് ഇൗ അദ്ഭുതവസ്തു. 400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഇതിനെ കണ്ടെത്തിയതോടെ പലതരം ചർച്ചകളും അവകാശവാദങ്ങളും സജീവമാണ്. സൗരയൂഥത്തിലൂടെ കടന്നു പോയ ഈ വസ്തു അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച പേടകമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ ഇതൊരു വാല്‍നക്ഷത്രമാകാനുള്ള സാധ്യതയാണുള്ളതെന്ന് മറുവിഭാഗം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷമാണ് നിരീക്ഷകർ ഇൗ അദ്ഭുതവസ്തുവിനെ കണ്ടെത്തുന്നത്. ഒൗമാമ എന്നാണ് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്.വാല്‍നക്ഷത്രമാണെന്നും ഛിന്നഗ്രഹമാണെന്നുമുള്ള കണക്കുകൂട്ടലുകള്‍ വിശദമായി നടത്തിയ പഠനത്തില്‍ തെറ്റിയതോടെ ഇതിനെ ഇന്റര്‍സ്‌റ്റെല്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന് പുറത്തുള്ള വസ്തുക്കളെയാണ് ഇന്റർസ്റ്റെല്ലർ ഗണത്തിൽപ്പെടുത്തുന്നത്.
ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ റോബര്‍ട്ട് വെറിക്ക് എന്ന ഗവേഷകനാണ് ഒൗമാമ കണ്ടെത്തിയത്. മണിക്കൂറില്‍ രണ്ട് ലക്ഷം മൈല്‍ വേഗതയിലാണ് വസ്തു സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്. സൂര്യനില്‍ നിന്നും ഊര്‍ജം ഉൾക്കൊണ്ടാണ് ഇൗ വസ്തുവിന്റെ സഞ്ചാരം. ഇത്തരത്തിലെ വാദങ്ങൾ ഉയർന്നതോെടയാണ് ഇതൊരു ചാരപേടകമാണെന്ന് ഒരുവിഭാഗം ഉറപ്പിക്കുന്നത്. അന്യഗ്രഹത്തില്‍ നിന്നാണ് ഔമാമ യാത്ര തുടങ്ങിയതെന്നാണ് ഇവർ പറയുന്നത്. അന്യഗ്രഹ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന സൗരയൂഥം വേറെ ഉണ്ടെന്നാണ് ഇത് സൂചന നല്‍കുന്നതെന്നും ചിലര്‍ പറയുന്നു.
അന്യഗ്രഹജീവികള്‍ ഉണ്ടെന്നത് ഇനി മിഥ്യയായിട്ടുള്ള കാര്യമല്ലെന്നും അതിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവാണ് ഇതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ എബ്രഹാം ലോബ് പറയുന്നു. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് മുൻപ് പലകുറി പറഞ്ഞിരുന്നു. അവരുടെ സ്പേസ്ഷിപ്പിന് സിഗരറ്റിന്റെയോ സൂചിയുടെയോ രൂപമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോട്ടയത്തെ കെവിന്‍റെ ദുരഭിമാനക്കൊലയില്‍ ഒടുവില്‍ പിരിച്ചുവിടല്‍ നടപടി. കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്‍റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ നടപടി എന്ന വിദഗ്ദര്‍ പറയുന്നു. ക്രൂരമായിരുന്നു ഈ കേസില്‍ എഎസ്ഐയുടെ ഇടപെടല്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കാണ് നടപടി. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരെയുള്ള കേസ്.
അന്ന് നടന്ന സംഭവങ്ങള്‍ ഇങ്ങനെ: കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ പരാതി നൽകിയവരുടെ പക്കൽനിന്ന് ലഭിച്ച ഫോൺ നമ്പരിൽ വിളിക്കുകയായിരുന്നു. ഫോൺ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോയായിരുന്നു. ഫോൺ വയ്ക്കുന്നതിനു മുമ്പ് ‘എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം’ എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നത് എഎസ്ഐ ബിജു കേട്ടിരുന്നു.
ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാൻ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയിൽ എഎസ്ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്പോർട്ടും പരിശോധിച്ചിരുന്നു.
ഇതിലെ വിലാസവും രാവിലെ ഫോൺ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പകരം പ്രതികളിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങി.
ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴിഞ്ഞ ദിവസം മൊഴി കൊടുത്തത്. കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ചവന്നതായി സൂചിപ്പിച്ച് ഐ.ജി വിജയ് സാഖറെ അടക്കം അന്ന് രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയിൽ നിന്നാണ് ബിജുവടക്കം കോഴ വാങ്ങിയത്.
കച്ചേരിപ്പടി ചിറ്റാട്ടുപറമ്പിൽ ആദിലക്ഷ്മി എന്ന നാലു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവം നടന്നയുടനെ ആദിലക്ഷ്മിയെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കുടുംബവഴക്കിനിടെ, 4 വയസ്സുകാരി വെട്ടേറ്റ് മരിച്ചു. വീട്ടമ്മയയെ കൈക്കോട്ട് കൊണ്ട് ആക്രമിച്ചപ്പോൾ കൈയിൽ ഇരുന്ന കുട്ടിക്ക് വെട്ട് ഏൽക്കുകയായിരുന്നു. ആദിലക്ഷ്മിയുടെ അമ്മമ്മയും, അവരുടെ ബന്ധുക്കളും തമ്മിലുള്ള കുടുംബവഴക്കിനിടെ, അമ്മമ്മയെ കൈകോട്ട് കൊണ്ട് അക്രമിക്കുന്നത് കണ്ട് അടുത്തേക്ക് ഓടി വന്നതായിരുന്നു നാലുവയസ്സുകാരി ആദിലക്ഷ്മി.
രാത്രി 11.30 ആണ് സംഭവം നടന്നത് ബന്ധുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്. കുന്നംകുളം നായരങ്ങാടി, കച്ചേരിപ്പടി സ്വദേശിയായ ജിതേഷിന്റെയും പരേതയായ നിത്യയുടെയും മകളാണ് ആദിലക്ഷ്മി. അമ്മ നിത്യ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് അമ്മയുടെ വീട്ടിലായിരുന്നു ആദിലക്ഷ്മി.
കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്റെ നില ഗുരുതരമെന്ന് ആശുപത്രിവൃത്തങ്ങള്‍. കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ എം.ഐ.ഷാനവാസ് ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.
നവംബര്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ചയോടെ വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു.
അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ പുരോഗതിയുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
തിരുവനന്തപുരം: മകളുടെ കോളേജ് ഫീസടക്കാന്‍ പോയ വീട്ടമ്മയെ കാണാതായ സംഭവത്തില്‍ പോലീസിന് ഒരു വിവരവും ലഭിച്ചില്ല. പുനലൂര്‍ സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ കാണാതായത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ബീന വീട്ടില്‍നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക് പോയി. പിന്നീട് ഉച്ചയ്ക്ക് രണ്ടരമണിയോടെ ഇവിടെനിന്ന് മകളുടെ ഫീസടക്കാനുണ്ടെന്ന് പറഞ്ഞ് വട്ടപ്പാറയിലെ കോളേജിലേക്കെന്ന് പറഞ്ഞാണ് യാത്രതിരിച്ചത്. എന്നാല്‍ ഇതിനുശേഷം ബീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പറയുന്നത്.
പണമെടുക്കാന്‍ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ബാങ്കിലും എത്തിയിരുന്നില്ല. ബീനയെക്കുറിച്ച് കോളേജില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെയും വന്നിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയെ കാണാതായ സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.
കൊട്ടാരക്കരയില്‍വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.സനലിന്റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് രംഗത്തെത്തി. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.
അതേസമയം സനലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. സനലിന്റെ വാരിയെല്ലും കൈയും ഒടിഞ്ഞിരുന്നു.
ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി.
ഏകദേശം 5 മിനിറ്റിലധികമാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ദുബായ് ∙ ജയിൽ ശിക്ഷ അനുഭവിച്ച യുവതിക്കു കേസിൽ നിന്നും രക്ഷപ്പെടാൻ ദയാധനം നൽകുകയും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യം അറിയിക്കുകയും ചെയ്ത് യുവാവ്. ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച യുവതിക്കാണ് യുവാവ് പണവും ജീവിതവും നൽകിയതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്കു ദയാധനം നൽകാൻ സാധിക്കുന്നില്ലെന്ന കാര്യം ഒരു ജീവകാരുണ്യ സംഘടന വഴി യുവാവിന്റെ സഹോദരിയാണ് അറിഞ്ഞത്. തുടർന്ന് ഇയാൾ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ദയാധനം നൽകുകയും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ സഹായിച്ച വ്യക്തിക്കൊപ്പം ജീവിക്കാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് കേസിൽ അകപ്പെട്ട 21 വയസ്സുള്ള അറബ് യുവതി 37 വയസ്സുള്ള വ്യക്തിയെ വിവാഹം കഴിച്ചതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വിവാഹത്തിൽ ഭാര്യയും മൂന്നു മക്കളും ഉണ്ടെന്ന കാര്യം ഇയാൾ യുവതിയിൽ നിന്നും മറച്ചുവച്ചിരുന്നു. ഈ കാലത്ത് യുവാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭർത്താവിന്റെ ആദ്യ ഭാര്യ വരികയും മൂന്നു മക്കളെയും ഏൽപ്പിച്ച് അവർ സ്വന്തം രാജ്യത്തേക്ക് പോവുകയും ചെയ്തു. മൂന്നു പെൺകുട്ടികളും വീട്ടിൽ രണ്ടാനമ്മയ്ക്കൊപ്പമായിരുന്നു (കേസിൽ അകപ്പെട്ട യുവതി). കുട്ടികളെ നോക്കാനുള്ളതിനാൽ യുവതിയെ ജോലിക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ല. അധികം വൈകാതെ 21 വയസ്സുള്ള യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നാലു മക്കളെയും ഇവർ സ്നേഹിക്കുകയും വളർത്തുകയും ചെയ്തു. ആദ്യ ഭാര്യയിലെ മക്കളും യുവതിയുമായി വളരെ അടുക്കുകയും ചെയ്തു.
കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് കുടുംബത്തിൽ ഒരു ദുരന്തം സംഭവിച്ചത്. ആദ്യ വിവാഹത്തിലുണ്ടായിരുന്ന ഏറ്റവും ഇളയ പെൺകുട്ടി യുവതിയുടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് യുവതി ഭർത്താവിനെ വിളിച്ചു പറയുകയും ചെയ്തു. ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടി പക്ഷേ, മരിച്ചു. സംഭവം അറിഞ്ഞ് പെൺകുട്ടികളുടെ മാതാവ് സ്ഥലത്ത് എത്തുകയും രണ്ടാനമ്മയായ യുവതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. തന്റെ മകളെ യുവതി ബൈക്കിൽ നിന്നും തള്ളിയിട്ടുവെന്നും പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി യുവതിയാണെന്നു ഇവർ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ യുവതിയുടെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലായിരുന്നു.
തുടർന്ന് യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും 10 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഭർത്താവും യുവതിയെ ഉപേക്ഷിച്ചു. യാതൊരു വിധത്തിലുള്ള സഹായവും നൽകിയില്ല. പിന്നീട്, കോടതി യുവതിയുടെ ശിക്ഷ അഞ്ചു വർഷമായി കുറച്ചു. ഒടുവിൽ ശിക്ഷാകാലവധി പൂർത്തിയാക്കിയിട്ടും യുവതിയ്ക്ക് സ്വതന്ത്രയാകാൻ സാധിച്ചില്ല. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദയാധനം കുടുംബത്തിന് നൽകാൻ സാധിക്കാത്തതായിരുന്നു പ്രശ്നം. ഭർത്താവോ കുടുംബമോ സഹായത്തിന് എത്തിയില്ല. ഈ സമയത്താണ് ഒരു ജീവകാരുണ്യ സംഘടനയിലൂടെ യുവാവിന്റെ സഹോദരി വിവരം അറിയുകയും യുവാവ് സഹായത്തിന് എത്തുകയും ചെയ്തത്.
ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് എം.ഐ.ഷാനവാസ് എംപിയുടെ നില ഗുരുതരം. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഷാനവാസ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ 31നാണ് എം.ഐ ഷാനവാസിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായി. എന്നാല്‍ നിര്‍ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഡയാലിസിസും നടത്തുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എം.എല്‍.എ, ടി. സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
ബെംഗളൂരു: കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഖനി രാജാവും ബി.ജെ.പി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍. റെഡ്ഡി ഒളിവിലാണെന്നും ചോദ്യം ചെയ്യാനായി റെഡ്ഡിയെ തിരയുകയാണെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ അറിയിച്ചു.
കര്‍ണാടകയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുണ്ട്. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്താണ് സംഭവം. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.
നൂറു കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് അഹ്മദ് ഫരീദ് പറഞ്ഞിട്ടുണ്ട്. ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് 18 കോടി രൂപ കൈമാറുകയും ഇയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ ഏല്‍പ്പിക്കുകയും ആയിരുന്നുവെന്നുമാണ് ഫരീദിന്റെ മൊഴി.
റെഡ്ഡി സഹോദരന്‍മാര്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടര ലക്ഷത്തോളം വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്.
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനായി കുടുംബ സമേതം എത്തിയ യുവതിക്ക് പൊലിസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതി. വടകര സ്വദേശി ശ്രേയസ് കണാരനും കുടുംബത്തിനുമാണ് ശബരിമലയിലേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ നല്‍കാതിരുന്നത്.
ഐ.ജി. മനോജ് എബ്രഹാമിനോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പൊലീസ് സംരക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലും മണ്ഡലകാലത്ത് കൂടുതല്‍ പേരെ സംഘടിപ്പിച്ച് വീണ്ടും മലകയറാനെത്തുമെന്നും യുവതിയും കുടുംബവും അറിയിച്ചു. പൊലിസ് സുരക്ഷയൊരുക്കും എന്ന് പറയുന്നത് വെറും നാടകമാണെന്നും സുരക്ഷ ആവശ്യപ്പെട്ട് ഐ.ജി. മനോജ് എബ്രഹാമിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. ഐ.ജി ഫോണ്‍ എടുത്തില്ലെന്ന് മാത്രമല്ല വാട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചിട്ട് മറുപടി തന്നില്ലെന്നും യുവതി പറയുന്നു.
അതേസമയം, ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ്‍ ചടങ്ങിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സൂരജടക്കമുള്ള സംഘം ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമം അഴിച്ചു വിട്ടത്.