Latest News

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ ജോത്സ്യന്‍ അറസ്റ്റില്‍. 31കാരനായ അര്‍ജുന്‍ മുനിയപ്പനെയാണ് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിഡ്‌നിയിലെ ലിവര്‍പൂളിലാണ് സംഭവം. ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ജയിക്കാൻ 158 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 85 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിൽ അർധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ ശിഖർ ധവാനാണ് (പുറത്താകാതെ 75) ഇന്ത്യൻ വിജയം അനായാസമാക്കിയത്. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കാഴ്ച മറച്ചതിനെ തുടർന്ന് കളി തടസ്സപ്പെടുന്ന അപൂർവ കാഴ്ചയ്ക്കും ഒക്‌ലീൻ പാർക്ക് സാക്ഷ്യം വഹിച്ചു. മൽസരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എന്നാൽ, ഈ മാറ്റങ്ങളൊന്നും കളിയിൽ ഒരു സ്വാധീനവും ചെലുത്തിയില്ല. ഓപ്പണർ രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവരുടെ വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ വിജയം തൊട്ടു

24 പന്തിൽ ഒരു ബൗണ്ടറി സഹിതം 11 റൺസെടുത്ത ശർമയെ ഡഗ് ബ്രാസ്‌വെലിന്റെ പന്തിൽ മാർട്ടിൻ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. സ്കോർ 41ൽ നിൽക്കെയായിരുന്നു രോഹിതിന്റെ മടക്കം. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ധവാൻ–കോഹ്‍ലി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുമായി ടീമിനെ വിജയത്തന്റെ വക്കിലെത്തിച്ചെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് കോഹ്‍ലി പുറത്തായി. 59 പന്തിൽ മൂന്നു ബൗണ്ടറികൾ സഹിതം 45 റണ്‍സായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ധവാൻ–കോഹ്‍ലി സഖ്യം 91 റണ്‍സ് കൂട്ടിച്ചേർത്തു

പിന്നീടെത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ധവാൻ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 69 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാൻ 26–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. മൽസരത്തിലാകെ 103 പന്തുകൾ നേരിട്ട ധവാൻ ആറു ബൗണ്ടറികൾ സഹിതം 75 റൺസോടെ പുറത്താകാതെ നിന്നു. റായുഡു 23 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13 റൺസെടുത്തു കൂട്ടുനിന്നു

പേസും സ്പിന്നും സമാസമം ചാലിച്ച് നേപ്പിയറിൽ ഇന്ത്യ നടത്തിയ ഓൾഔട്ട് അറ്റാക്കിൽ ന്യൂസിലൻഡ് ബാറ്റിങ് നിര തകർന്നടിഞ്ഞു. നായകൻ കെയ്ൻ വില്യംസൻ ഒഴികെയുള്ള ആർക്കും ഫോമിലെത്താൻ സാധിക്കാതെ പോയതോടെ ന്യൂസീലൻഡ് 38 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. 36–ാം ഏകദിന അർധസെഞ്ചുറി കുറിച്ച വില്യംസൻ 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസെടുത്ത് പുറത്തായി

നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ന്യൂസീലൻഡിനെ തകർത്തുവിട്ടത്. പാർട്ട് ടൈം സ്പിന്നറുടെ റോൾ ഭംഗിയാക്കിയ കേദാർ ജാദവിനാണ് ഒരു വിക്കറ്റ്. ഇന്നത്തെ മൽസരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തിൽ 100 വിക്കറ്റും പൂർത്തിയാക്കി. ന്യൂസീലൻഡ് നിരയിൽ ആറു താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അർധസെഞ്ചുറി കൂട്ടുകെട്ടുപോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിലാണ് ന്യൂസീലൻഡ് 157 റൺസിന് എല്ലാവരും പുറത്തായത്

63 പന്തിൽ ആറു ബൗണ്ടറികളോടെയാണ് വില്യംസൻ തന്റെ 36–ാം ഏകദിന അർധസെഞ്ചുറി നേടിയത്. കുൽദീപ് യാദവിന് മൽസരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 81 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതം 64 റൺസായിരുന്നു വില്യംസന്റെ സമ്പാദ്യം. മാർട്ടിൻ ഗപ്റ്റിൽ (ഒൻപതു പന്തിൽ അഞ്ച്), കോളിൻ മൺറോ (ഒൻപതു പന്തിൽ എട്ട്), റോസ് ടെയ്‌ലർ (41 പന്തിൽ 24),ടോം ലാഥം (10 പന്തിൽ 11), ഹെൻറി നിക്കോൾസ് (17 പന്തിൽ 12), മിച്ചൽ സാന്റ്നർ (21 പന്തിൽ 14), ഡഗ് ബ്രേസ്‌വെൽ (15 പന്തിൽ ഏഴ്), ലോക്കി ഫെർഗൂസൻ (മൂന്നു പന്തിൽ പൂജ്യം), ട്രെന്റ് ബൗൾട്ട് (10 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ടീം സൗത്തി ഒൻപതു റൺസോടെ പുറത്താകാത നിന്നു.

സ്കോർ ബോർഡിൽ വെറും അഞ്ചു റൺസുള്ളപ്പോൾ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടമായ ന്യൂസീലൻഡിന് പിന്നീട് പിടിച്ചുകയറാൻ ഇന്ത്യൻ ബോളർമാർ അവസരം നൽകിയില്ല. നാട്ടിലെ പരിചിത സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും ഇതുവരെ ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും തീർക്കാൻ ന്യൂസീലൻഡിനു സാധിച്ചിട്ടില്ല. മൂന്നാം വിക്കറ്റിൽ റോസ് ടെയ്‌ലർ‌–കെയ്ൻ വില്യംസൻ സഖ്യം കൂട്ടിച്ചേർത്ത 34 റൺസാണ് ഇതുവരെയുള്ള ഉയർന്ന കൂട്ടുകെട്ട്.

സ്കോർ ബോർഡിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ ഗപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യ ആശിച്ച തുടക്കം സമ്മാനിച്ചത്. പിടിച്ചുകയറാനുള്ള കിവീസ് ശ്രമങ്ങളുടെ മുനയൊടിച്ച് സ്കോർ 18ൽ നിൽക്കെ രണ്ടാമത്തെ ഓപ്പണർ കോളിൻ മൺറോയെയും ഷമി തന്നെ വീഴ്ത്തി. ഇക്കുറിയും കുറ്റിതെറിപ്പിച്ചാണ് ഷമി മൺറോയെ കൂടാരം കയറ്റിയത്

മൂന്നാം വിക്കറ്റിൽ ക്ഷമയോടെ പിടിച്ചുനിന്ന റോസ് ടെയ്‌ലർ–വില്യംസൻ സഖ്യം ന്യൂസീലൻഡിന് പ്രതീക്ഷ പകർന്നെങ്കിലും ഇന്ത്യയുടെ രക്ഷകനായി ചാഹൽ അവതരിച്ചു. സ്കോർ 50 കടന്നതിനു പിന്നാലെ ടെയ്‌‌ലറെ സ്വന്തം ബോളിങ്ങിൽ പിടിച്ചു പുറത്താക്കിയ ചാഹൽ, പിന്നാലെ ടോം ലാഥമിനെയും സമാന രീതിയിൽ മടക്കി

പാർട്ട് ടൈം സ്പിന്നർ കേദാർ ജാദവിന്റേതായിരുന്നു അടുത്ത ഊഴം. വില്യംസനു കൂട്ടുനിൽക്കാനുള്ള ഹെൻറി നിക്കോൾസിന്റെ ശ്രമം പൊളിച്ച കേദാർ, ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. അപ്പോൾ സ്കോർ ബോർഡിൽ 107 റൺ‌സ് മാത്രം. മിച്ചൽ സാന്റ്നറിനെയും ഷമി മടക്കിയതോടെ ആറിന് 133 റൺസ് എന്ന നിലയിലായി ന്യൂസീലൻഡ്

ഡഗ് ബ്രേസ്‌വെല്ലിനെ കൂട്ടുപിടിച്ച് വില്യംസൻ രക്ഷാപ്രവർത്തനത്തിനു തുനിഞ്ഞെങ്കിലും ഇരട്ടപ്രഹരവുമായി കുൽദീപ് എത്തിയതോടെ ന്യൂസീലൻഡ് വീണ്ടും പതറി. 34–ാം ഓവറിന്റെ ആദ്യ പന്തിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രതിരോധം തകർത്ത ചാഹൽ, അവസാന പന്തിൽ ബ്രേസ്‌വെല്ലിനെയും മടക്കി. സ്കോർ 146ൽ നിൽക്കെയാണ് ന്യൂസീലൻഡിന് രണ്ടു വിക്കറ്റ് നഷ്ടമായത്. ഒരു ഓവറിനു ശേഷം മടങ്ങിയെത്തിയ കുൽദീപ് ലോക്കി ഫെർഗൂസനെയും പുറത്താക്കി ന്യൂസീലൻഡിനെ ഒൻപതിന് 148 റൺസ് എന്ന നിലയിലേക്കു തള്ളിവിട്ടു. അടുത്ത വരവിൽ ടിം സൗത്തി സിക്സോടെ വരവേറ്റെങ്കിലും അവസാന പന്തിൽ ബൗൾട്ടിനെ (1) വീഴ്ത്തി കുൽദീപ് കിവീസ് ഇന്നിങ്സിന് തിരശീലയിട്ടു

അമ്മയുടെ വിയോഗമറിഞ്ഞ് വാവിട്ട് കരയുന്ന ഇൗ കുഞ്ഞുങ്ങളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിൽക്കുകയാണ് ഇൗ ഗ്രാമം. കാട്ടുമുണ്ട കമ്പനിപ്പടിയിലെ കെഎസ്ആർടിസി ബസ് അപകടം അനാഥമാക്കിയത് പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങളെയാണ്. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് വേണ്ടിയുള്ള ഒാട്ടത്തിനിടയിലാണ് മക്കളെ തനിച്ചാക്കി സരിത യാത്രയായത്.

വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ 2 വർഷം മുൻപാണ് സരിത ജോലിക്കു ചേർന്നത്. മുൻപ് നിലമ്പൂരിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററിൽ ജീവനക്കാരിയായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സരിത മക്കളുമൊത്ത് മമ്പാട് പുള്ളിപ്പാടം വില്ലേജ് ഓഫിസിന് സമീപം ഒറ്റമുറി വാടക ക്വാർട്ടേഴ്സിലാണു താമസിച്ചിരുന്നത്. മൂത്തമകൻ ശിവനേഷ് നിലമ്പൂർ മന്നം സ്മാരക എൻഎസ്എസ് എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മകൾ സുനിത ഏഴിലും ഇളയ മകൻ ശക്തിമൂർത്തി അഞ്ചിലും നിലമ്പൂർ ഗവ. മാനവേദൻ എച്ച്എസ്എസിൽ പഠിക്കുന്നു. നിലമ്പൂർ മുതീരിയിൽ നഗരസഭ പിഎംഎവൈ പദ്ധതിയിൽ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമാണം ലിന്റൽ ഘട്ടത്തിലാണ്.

വീട്ടുചെലവിനും മക്കളുടെ പഠനത്തിനും പുറമേ വീടു നിർമാണത്തിനും വക കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുകയായിരുന്ന സരിതയെന്ന് സഹപ്രവർത്തകരും അയൽവാസികളും പറഞ്ഞു. പിതാവും സഹോദരനും സാധാരണക്കാരാണ്. സരിതയുടെ വേർപാടോടെ കുട്ടികളുടെ ഭാവിയും വീടു നിർമാണവും അനിശ്ചിതത്വത്തിലായി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വണ്ടൂരിലെ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് വീട്ടിച്ചാലിലെ ‌തറവാട്ടിൽ കൊ‌ണ്ടുവന്നപ്പോൾ മാതാപിതാക്കളുടെയും മക്കളുടെയും കരച്ചിൽ നാടിന്റെയും സങ്കടമായി. നഗരസഭാ വാതകശ്മശാനത്തിൽ സംസ്കാരം നടത്തി.

സിപിഎമ്മില്‍ ആര്‍ക്കുമാവാമെങ്കിലും ആലത്തൂരില്‍ യുഡിഎഫിന് ആള്‍ക്ഷാമമാണ്. അനായാസവിജയമാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. തൃശൂര്‍ പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ ഇക്കുറി സിപിഎം പുതുമുഖത്തെ ഇറക്കും. ദുര്‍ഘടം മറികടക്കാന്‍ മികച്ച സ്ഥാനാര്‍ഥിക്കായി യുഡിഎഫിലും തിരക്കിട്ട ചര്‍ച്ചകളാണ്.
പാസ് ഉറപ്പെന്ന് പറയാന്‍ സിപിഎമ്മിന് പലതാണ് കാരണങ്ങള്‍. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും കോട്ടയത്തുകാരനായ പാര്‍ട്ടി സ്ഥാനാര്‍ഥി പികെ ബിജുവാണ് വിജയിച്ചത്.

37312 വോട്ടായിരുന്നു 2014 െല ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ ആലത്തൂര്‍, തരൂര്‍, നെന്മാറ, ചിറ്റൂര്‍, തൃശൂരിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലത്തൂരിലുള്ളത്. വടക്കാഞ്ചേരിയൊഴിച്ച് ആറു മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. സിപിഎം കേന്ദ്രകമ്മിറ്റിഅംഗം കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി ആലത്തൂരിലെത്തുമെന്നാണ് രാഷ്ട്രീയവര്‍ത്തമാനം.

കോണ്‍ഗ്രസിനാകട്ടെ താഴെത്തട്ടിലെ ദുര്‍ബലമായ പാര്‍ട്ടി ഘടകങ്ങള്‍ തന്നെയാണ് തിരിച്ചടി. കായികസിനിമാതാരങ്ങള്‍ക്കാണ് മുന്‍ഗണന. െഎ എം വിജയനെത്തുമെന്നും സൂചന. യൂത്ത്്കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലൂരും ഒറ്റപ്പാലം സ്വദേശിയും തൃശൂരില്‍ താമസിക്കുന്ന എംവി സുരേഷും പട്ടികയിലുണ്ട്. മുന്‍പ് കുഴല്‍മന്ദം മണ്ഡലത്തില്‍ മല്‍സരിച്ച പരിചയമാണ് സുരേഷിനുളളത്.

ബിജെപിയില്‍ നിന്ന് ഷാജുമോന്‍ വട്ടേക്കാടിന്റെ പേരാണ് പ്രധാനമായുളളത്. വോട്ടുശതമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച സമയം നല്‍കണമെന്നാണ് ആവശ്യം. ഈ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയില്ലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് അവകാശപ്പെട്ട യുഎസ് ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അനന്തിരവന്‍ ആവശ്യപ്പെട്ടു. ഷൂജയുടെ വെളിപ്പെടുത്തലുകളെ ഹാക്കത്തോണിന്‍റെ സംഘാടകര്‍ തള്ളിപ്പറഞ്ഞു. ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ വിശദീകരണം.

അപവാദപ്രചാരണവും തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി െഎപിസി 505 പ്രകാരം എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത് യുഎസ് ഹാക്കര്‍ക്കര്‍ സെയ്ദ് ഷൂജയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നുവെന്ന് ഷൂജ അവകാശപ്പെട്ടിരുന്നു.

ഇത് തെറ്റാണെന്ന് ഇസിെഎഎല്‍ വ്യക്തമാക്കി. ഷൂജ വെളിപ്പെടുത്തലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഹാക്കത്തോണിന്‍റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ഹാക്കത്തോണില്‍ കപില്‍ സിബില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ സംഘടകര്‍ ക്ഷണിച്ചപ്പോള്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് കപില്‍ സിബിലിന്‍റെ വിശദീകരണം. കപില്‍ സിബില്‍ പങ്കെടുത്തതിനെ തൃണമൂല്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ മതിയെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.

അതിനിടെ, 2014 മേയ് 12 ന് തന്‍റെ സഹായികളായ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത് ബിജെപി തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ചാണെന്ന് ഹാക്കര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് ആന്ധ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കപില്‍ സിബില്‍ ആവശ്യപ്പെട്ടു.

ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോയോ, സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് മുണ്ടെയുടെ അനന്തിരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ ആവശ്യം.

റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ക്രൈമിയയ്ക്കുസമീപം കെര്‍ച്ച് മുനമ്പില്‍ ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് 14 പേര്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായി. രണ്ടു കപ്പലുകളിലുമായി 15 ജീവനക്കാര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. ടാന്‍സാനിയന്‍ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. ലിബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ് ബാക്കി ജീവനക്കാര്‍. 12 പേരെ രക്ഷപെടുത്തിയതായി റഷ്യന്‍ നാവികസേന അറിയിച്ചു

തൃശൂരിൽ കാണാതായ നഴ്സ് ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കീഴടങ്ങി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് മുഖ്യപ്രതിയായ ജസ്റ്റിന്റെ കീഴടങ്ങൽ. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബെംഗളുരുവിൽ നഴ്സ് ആയിരുന്നു ആൻലിയ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആൻലിയയെ ത‍ൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതിയുടെ പിതാവ് ജസ്റ്റിനെതിരെ പരാതി നൽകി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.

ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മകൾക്ക് നീതി ലഭിക്കുന്നതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പിതാവ് ഹെജിനസ്, നിയമപോരാട്ടം നടത്തുന്നത്.

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാർട്ടിന് ഗുരുതരമായി പരുക്കേറ്റത്. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ഗാംഗുലി സഹായവുമായെത്തിയത്.

‘മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഇന്ത്യന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

എഴുപതിനായിരം രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തിയിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.

ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേൽ മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെയും പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഗാംഗുലിക്ക് പുറമെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.

Copyright © . All rights reserved