Latest News

നാല് വിവാഹം കഴിച്ചെന്നുള്ള പ്രചാരണങ്ങള്‍ക്കു ശക്തമായ മറുപടിയുമായി നടന്‍ ആദിത്യന്‍. കഴിഞ്ഞ ദിവസം നടി അമ്പിളി ദേവിയെ വിവാഹം കഴിച്ചതിനുപിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെറുതല്ല.

എന്നാല്‍, താന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ക്കുപിന്നില്‍ ഒരു സിനിമാ നിര്‍മ്മാതാവാണെന്ന് ആദിത്യന്‍ പറയുന്നു.ഇയാള്‍ക്കെതിരെ പല തെളിവുകളും വാര്‍ത്തകളും തന്റെ കൈയിലുണ്ടെന്നും ഇനിയും കുപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം വെളിപ്പെടുത്തുമെന്നും ആദിത്യന്‍ പറയുന്നു. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും.

തിരുവനന്തപുരത്തു നിന്ന് താമസം മാറാന്‍ തന്നെ കാരണം അയാളാണെന്നും ആദിത്യന്‍ വെളിപ്പെടുത്തുന്നു.18 കൊല്ലമായി അഭിനയ രംഗത്ത് ഞാന്‍ വന്നിട്ട്. നിരവധി നടിമാരുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്നില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും ആദിത്യന്‍ പറഞ്ഞു.

ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഒരു പ്രമുഖ സീരിയല്‍ നടിയാണ് എന്റെ ആദ്യ ഭാര്യ. അവരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വിവാഹമോചിതനാവുന്നത്. അതിന് ശേഷമാണ് ഈ വിവാഹം. ഇക്കാര്യം അമ്പിളിക്കും അവളുടെ കുടുംബത്തിനും നന്നായി അറിയാം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചിലരുടെ താത്പര്യങ്ങളാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് നന്നായി അറിയാമെന്നും ആദിത്യന്‍ പറയുന്നു.

2013 മുതല്‍ സ്വസ്ഥത എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ ആദ്യ ഭാര്യയുടെ ഭാഗത്ത് നിന്ന് എന്നെ ദ്രോഹിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് എനിക്ക് ജീവിതം കൈ വിട്ടുപോകാന്‍ ഇടയാക്കിയത്. ആ ബന്ധം ഉപേക്ഷിച്ച് അവര്‍ അവരുടെ വഴിനോക്കി പോയി. പിന്നീടാണ് എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ആലോചന വരുന്നത്. എല്ലാം വാക്കാലുറപ്പിച്ച ശേഷമാണ് അതിലെ ചില പ്രശ്നങ്ങള്‍ ഞാനറിയുന്നത്. അങ്ങനെ അതില്‍ നിന്നും പിന്മാറിയെന്നും ആദിത്യന്‍ വ്യക്തമാക്കി.

ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹം ചർച്ചയായ സാഹചര്യത്തിൽ, പുതിയ വെളിപ്പെടുത്തലുമായി ആദിത്യൻ. തനിക്ക് 15 വർഷം മുമ്പേ അമ്പിളിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ ആ പ്രണയത്തെക്കുറിച്ച് തുറന്നുപറയാൻ സാധിച്ചിരുന്നില്ലെന്ന് ആദിത്യൻ വെളിപ്പെടുത്തി. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യന്റെ തുറന്നുപറച്ചിൽ.

ആദിത്യന്റെ വാക്കുൾ ഇങ്ങനെ:

പതിനെട്ട് വർഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവർക്കും വലിയ ഇഷ്ടമാണ്. സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വർഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങൾ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവൽ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നോട് ചർച്ച ചെയ്തിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അയാളുമായുള്ള ജീവിതത്തിൽ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേർ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തതോടെയാണ് ഇവർ വേർപിരിയുന്നത്. പിന്നെ എന്തിനാണ് ഇപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളിൽ ചാർത്താൻ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്ല്യാണം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാൻ ആദ്യം പോയത് ഡാൻസ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാൾ ഞങ്ങളൊരുമിച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നർത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകും. ചിലർ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങൾ ഒരുമിച്ച് അവഗണിക്കുകയാണ്. മുന്നിൽ കൈവിട്ടുപോയി എന്ന് ഞാൻ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളത്.

15 വർഷം മുമ്പ് ആദിത്യൻ പ്രണയം തുറന്നുപറഞ്ഞിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്ന് അമ്പിളിയും പ്രതികരിച്ചു.

ചുറ്റിവരിഞ്ഞ തുമ്പികൈയിൽ ജീവനുവേണ്ടി പിടയുന്ന ഭർത്താവ്. നിലവിളികേട്ട് അടുക്കളയിൽ നിന്ന് ഇറങ്ങിനോക്കിയപ്പോൾ രജനി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആന ഭർത്താവിനെ തുമ്പികയ്യിൽ ചുഴറ്റിയെടുത്ത് നിലത്തടിയ്ക്കാൻ നിൽക്കുന്നു. പിന്നെ എങ്ങനെയെങ്കിലും ഭർത്താവിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ രജനിയ്ക്കുള്ളായിരുന്നു.

സ്വന്തം ജീവൻ പോലും പണയംവെച്ച് കയ്യിൽകിട്ടിയ വടിയെടുത്ത് രജനി ആനയെ ആഞ്ഞടിച്ചു. തലങ്ങും വിലങ്ങും തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. താഴെ വീണ ഭർത്താവിനെ ചവിട്ടിയരയ്ക്കും മുമ്പ് രജനി വലിച്ചിഴച്ച് രക്ഷപെടുത്തു. സിനിമയെവെല്ലുന്ന സാഹസികത നടന്നത് കൊല്ലം അഞ്ചലിലാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഉത്സവം കഴിഞ്ഞ് ദേവസ്വംബോർഡിന്റെ ആനയെ തളച്ചത് സുരേഷിന്റെ പറമ്പിലാണ്. ആനയെ തളച്ച് പാപ്പാൻ പോയസമയത്താണ് ആനയ്ക്ക് കുടിക്കാൻ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്ത് എത്തിയ ഉടൻ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ സുരേഷിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിൽ ചികിൽസയിലാണ്. തുടയെല്ല് പൊട്ടിയെങ്കിലും ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടില്ലല്ലോയെന്ന സമാധാനത്തിലാണ രജനി. പനയഞ്ചേരി എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് രജനി.

‘പേരൻപ്’ മഹത്തായ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പ്രീമിയർ ഷോയിൽ മമ്മൂട്ടിയും സംവിധായകൻ റാമും മറ്റ് അണിയറപ്രവർത്തകരും എത്തി. ഇതോടൊപ്പം മലയാളസിനിമയിലെ താരങ്ങളും സംവിധായകരും ചേർന്നതോടെ പ്രീമിയർ ഷോ ആഘോഷം തന്നെയായി. ഷോയ്ക്ക് ശേഷം നടത്തിയ പരിപാടിയിൽ എന്തുകൊണ്ട് മമ്മൂട്ടിയെ പേരൻപിൽ തിരഞ്ഞെടുത്തു എന്ന് പലരും ചോദിച്ചു. അതിനുള്ള മറുപടി മമ്മൂട്ടി തന്നെ പറഞ്ഞത് ഇങ്ങനെ;

ഞാൻ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുൻസിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകർക്കാണ്- താരത്തിന്റെ വാക്കുകൾ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്.

രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, എസ്.എൻ.സ്വാമി, രണ്‍ജി പണിക്കർ, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിർഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിൻ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരൻപിനെ വാഴ്ത്തുന്നത്. പത്തുവർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അതിനേക്കാളുപരി ഇതിൽ അഭിനയിക്കാൻ ഒരു രൂപ പോലും മമ്മൂട്ടി പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നുള്ളത് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സംസാരവിഷയമാണ്.

ഒരു തമിഴ് ചാനൽ നടത്തിയ ടോക്ക് ഷോയിൽ നിർമാതാവ് പിഎൽ തേനപ്പനാണ് താരത്തിന്റെ സാന്നിധ്യത്തിൽവെച്ച് ഇത് പറയുന്നത്. പേരൻപിൽ അഭിനയിച്ചതിന് ഇതുവരെയും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതത്തോടെയാണ് അവതാരക കാരണം ചോദിക്കുന്നത്. കാശ് വാങ്ങാതെ പടം ചെയ്യാനും മാത്രം വിശ്വാസം ഉണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോൾ. “കഥ പുടിച്ചുപോച്ച്, എല്ലാ പടവും കാശുക്കാകെ പണ്ണ മുടിയാത്” (കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാൻസാധിക്കില്ല) – എന്ന് തമിഴിൽ തന്നെ മറുപടി പറഞ്ഞതും വൈറലാണ്. അതിനോടൊപ്പമാണ് ഇന്നത്തെ മറുപടിയും തരംഗമായിരിക്കുന്നത്.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തില്‍ ബി.ജെ.പി നടത്തിയ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചേദ്യോത്തരവേളയില്‍ ഹര്‍ത്താല്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കലാപം ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നേരത്തെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹര്‍ത്താലിനിടെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും വഹിക്കാത്തവരാണ് ബോധപൂര്‍വം ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് ബി.ജെ.പി വര്‍ഗീയ കലാപനീക്കം നടത്തിയതായി കണ്ടെത്തിയിരുന്നു. പോലീസിന്റെ ജാഗ്രതാ പൂര്‍ണമായ നീക്കമാണ് കലാപനീക്കം പൊളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കിയെന്നും പിണറായി ചൂണ്ടിക്കാണിച്ചു. അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളെ വലയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ചൂണ്ടിക്കാണിച്ചു.

ജനതയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് പലകുറി കണ്ടിട്ടുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉൽഘാടനത്തിൽ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന പഴഞ്ചൊല്ല് ഉദ്ദരിച്ചുകൊണ്ടാണ് മോദി പ്രസംഗിച്ചത്. തൃശൂരിലെത്തിയപ്പോഴും പതിവ് തെറ്റില്ല. തൃശൂരിന്റെ ഹൃദയത്തെ കീഴടക്കാൻ നടൻ കലാഭവൻ മണിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം.

കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശൂരിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്നും മോദി പറഞ്ഞു. ഹർഷാരവത്തോടെയാണ് തൃശൂർ തേക്കിൻകാട് മൈതാനത്തിലെത്തിയ ജനസഹസ്രം ഈ വാക്കുകൾ സ്വീകരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്‍മാരായ സാഹിത്യനായകന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്- മോദി പറഞ്ഞു.

ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുതുവർഷത്തിൽ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. ടെസ്റ്റ് വിജയത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരം കണ്ടാണ് ഓസീസ് പര്യടനത്തിന് കോഹ്‌ലി സമാപനം കുറിച്ചത്.

കോഹ്‌ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമ്മയും ടെന്നിസ് മത്സരം കാണാനെത്തിയിരുന്നു. അവിടെ വച്ച് ഇരുവരും ടെന്നിസ് ഇതിഹാസ താരം റോജർ ഫെഡററെ നേരിൽക്കണ്ടു. ഇതിന്റെ ചിത്രങ്ങൾ കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു. ഫെഡററുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‌ലി സംസാരിച്ചു.

Image result for virat-kohli-reveals-what-he-discussed-with-roger-federer

”ഫെഡററെ ഇതിനു മുൻപ് ഞാൻ നേരിൽക്കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ഓർത്തിരിക്കുമെന്ന് കരുതിയില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് സിഡ്നിയിൽ വച്ച് പരസ്പരം കണ്ടിട്ടുണ്ടെന്ന് ഫെഡറർ പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. എന്നെ കണ്ടത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നുണ്ടെന്നത് എന്നെ ശരിക്കും അതിശയപ്പെടുത്തി,” കോഹ്‌ലി പറഞ്ഞു.

”ഫെഡററെ കാണാൻ സാധിച്ചതിന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹം കളിക്കുന്നത് ഞാൻ കാണാറുണ്ട്. നല്ലൊരു ടെന്നിസ് താരം മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം.”

”ഫെഡറർ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നല്ലോയെന്നായിരുന്നു എന്റെ ചിന്ത. അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും കളിക്കാനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ടെന്നിസിനെ അദ്ദേഹം നോക്കിക്കാണുന്നതിനെക്കുറിച്ചും ഞാൻ സംസാരിച്ചു. അത് തികച്ചും മനോഹരമായൊരു നിമിഷമായിരുന്നു,” കോഹ്‌ലി പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ചിന്. വാശിയേറിയ ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നാദാലിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-2, 6-3. ജോക്കോവിച്ചിന്റെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഏറ്റവും കൂടുതല്‍ തവണ ഓസട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇതോടെ സെര്‍ബിയന്‍ താരം സ്വന്തമാക്കി.

ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വയ്ക്കുന്ന രീതി ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ അനാവശ്യ നോട്ടങ്ങള്‍ ഒ‍ഴിവാക്കാനാണ് സ്തന വളര്‍ച്ച തടയാന്‍ കുടുംബാംഗങ്ങള്‍ പ്രാകൃതരീതി ഉപയോഗിക്കുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് വിധേയമാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. ആ‍ഴ്ചയിലൊരുക്കിലോ രണ്ടാ‍ഴ്ച കൂടുന്പോ‍ഴോ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് ക്യാന്‍സറും മറ്റ് നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പാലൂട്ടാനും വിഷമിക്കുന്നു.


ആഫ്രിക്കയിലെ ചില രാജ്യങ്ങളിലാണ് ഇത്തരത്തിലുളള ഈ പ്രാകൃതരീതി തുടര്‍ന്നുപോരുന്നത്. ബ്രസ്റ്റ് അയണിങ് എന്നാണ് ഇതിനെ യുഎന്‍ വിശേഷിപ്പിക്കുന്നത്. ബ്രസ്റ്റ് അയേണിങ്ങിന് വിധേയരാകുന്ന പെണ്‍കുട്ടികളെല്ലാം ബ്രിട്ടീഷ് പൗരത്വം ഉളള‍വരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രം 15 മുതല്‍ 20 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷൈന്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്, എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. യുകെയില്‍ മാത്രമായി ഇതുവരെ ആയിരത്തോളം പെണ്‍കുട്ടികള്‍ ബ്രസ്റ്റ് അയണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന സംഘടന പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഏകദിന സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍ നിന്ന് രാജഗിരിയിലേക്ക് തിരിച്ചു. കൊച്ചി റിൈഫനറിയിലാണ് ആദ്യ പരിപാടി. വൈകിട്ട് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കും. വിമാനത്തകരാര്‍ കാരണം മുഖ്യമന്ത്രി സ്വീകരിക്കാന്‍ എത്തിയില്ല. ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് പുറപ്പെടാനിരുന്ന വിമാനത്തിന് യന്ത്രത്തകരാര്‍. കൊച്ചിയില്‍ നിന്നെത്തിയ നേവിയുടെ ഡോണിയര്‍ വിമാനമാണ് തകരാറിലായത്. തുടര്‍ന്ന് ഒന്നരയോടെ കൊച്ചിയില്‍ നിന്ന് നേവിയുടെ പകരം വിമാനം എത്തിച്ചാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.

ബി.പി.സി.എല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബി.പി.സിഎല്ല‍ില്‍ രണ്ടു ചടങ്ങുകള്‍. റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയില്‍ പരമ്പരാഗത രീതിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കും. എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെ=വലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം എന്നീ ചടങ്ങുകള്‍ നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്ക് പ്രത്യേക പാസ് മൂലമാണ് പ്രവേശനം.
ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂര്‍ക്ക് തിരിയ്ക്കും.

നാലു മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ ഹെലികോപ്ടര്‍ ഇറങ്ങും. 4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കും. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. അഞ്ചു മണിയോടെ വീണ്ടും കൊച്ചിയിലേയ്ക്ക് ഹെലികോപ്ടര്‍ മാര്‍ഗം മടങ്ങും. അവിടെ നിന്ന് ഡല്‍ഹയിലേയ്ക്ക് തിരിക്കും. കൊച്ചിയിലും തൃശൂരിലും ഐ.ജിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.

RECENT POSTS
Copyright © . All rights reserved