മലപ്പുറം: പൊന്നാനിയില്‍ പിതാവ് പൊള്ളലേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാമ്പ്ര നാരായണന്‍(65) പൊള്ളലേറ്റ് മരിച്ച കേസില്‍ മകന്‍ വിനോദി (27)നെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഒരാഴ്ച മുമ്പാണ് മരണത്തിനാസ്പദമായ സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ പിതാവ് കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടര്‍ന്നു. കിടപ്പിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നാരായണനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആസ്ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. 49 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ മുഖ്യപ്രതിയായ ബ്രെന്റണ്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജരുണ്ടെന്ന് സംശയമുണ്ടെന്ന്. 9 പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയിൽ മൂടൽമഞ്ഞു തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിർദേശം.
പുലർച്ചെ കാഴ്ചാപരിധി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അബുദബി, ദുബായ്, ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ പലയിടങ്ങളിലും കനത്ത മഴ പെയ്തു. അതേസമയം, കനത്ത മൂടൽ മഞ്ഞ് കാരണം ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ഫുജൈറ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.
ന്യൂഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാണ് കൈകൊള്ളുക. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുള്ളുവെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ നിലപാട്.
വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പകരം ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് പകരം ഷാനി മോള്‍ ഉസ്മാനെയോ അടൂര്‍ പ്രകാശിനെയോ പാര്‍ട്ടി പരിഗണിക്കാനാവും സാധ്യത. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന് നേതൃത്വത്തിന്റെ ആവശ്യം. വേണുഗോപാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കില്ലെങ്കില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായേക്കും. പി. ജയരാജനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ.കെ രമയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി തോമസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പി. രാജീവിനെതിരെ ഹൈബി ഈഡനെ ഇറക്കണമെന്ന് ജില്ലാ കമ്മറ്റിയിലെ ചിലര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇടുക്കിയില്‍ പിജെ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിലും കൃത്യമായി തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനെത്തിയതോടെ പത്തനംതിട്ട സീറ്റിന് വേണ്ടി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ മത്സരം നടത്തുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ശോഭാ സുരേന്ദ്രനെയോ സി. കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കാനാവും കേന്ദ്ര നേതൃത്വം ശ്രമം നടത്തുക. അതേസമയം തൃശൂരില്‍ ടോം വടക്കന്‍ മത്സരിക്കാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ,പി.ജെ ജോസഫിന്റ തുടര്‍നിലപാടായിരിക്കും നിര്‍ണായകം. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് ജോസഫും കൂട്ടരും എന്തുചെയ്യുമെന്നതായിരിക്കും ഏവരും ഉറ്റുനോക്കുക. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇനിയെന്ത് പോംവഴി കണ്ടെത്തുമെന്നതും പ്രധാനമാണ്.
കോണ്‍ഗ്രസിന്റ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സിസി പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ഥിയാകില്ലെന്നാണ് സൂചന. എങ്കിലും വൈകിട്ട് വരെ കാത്തിരിക്കാന്‍ തന്നെയാണ് ജോസഫിന്റേയും കൂട്ടരുടേയും തീരുമാനം. ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇതിന് പുറമെ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കുന്നതിലെ സാങ്കേതികകുരുക്കും നീക്കം ഉപേക്ഷിക്കാന്‍ കാരണമായി. സീറ്റ് ഇല്ലാതെ വന്നാല്‍ ജോസഫിന്റ ഭാവി നീക്കം വ്യക്തമല്ല.
കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിക്ക് കോട്ടയം സീറ്റില്‍ ഇനി അവകാശവാദം ഉന്നയിക്കാനുമാകില്ല. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മാണിയും കൂട്ടരും പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മാണിപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് മുന്നണിയില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ജോസഫും കൂട്ടരും തീരുമാനിച്ചേക്കാം. പക്ഷെ തിരഞ്ഞെടുപ്പ് മുന്നണിക്കാകെ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്താനാകും കോണ്‍ഗ്രസ് ശ്രമം. പ്രശ്നങ്ങളില്‍ ഇടപെട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിന്റേത് മാത്രമായി മാറിയിരിക്കുകയാണിപ്പോള്‍.
തിരുവനന്തപുരത്തെ അനന്തുവിന്റെ കൊലയ്ക്കു പിന്നാലെ ലഹരിമരുന്നു സംഘങ്ങളെ കൂട്ടത്തോടെ പിടിച്ചിരുന്നെങ്കിൽ വ്യാഴാഴ്ച രാത്രി ശ്യാം എന്ന യുവാവ് കൊല്ലപ്പെടില്ലായിരുന്നു. നഗരത്തിൽ കാര്യമായ പ്രവർത്തന പരിചയമില്ലാത്ത മേലുദ്യോഗസ്ഥരെ ചില കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണു സിറ്റി പൊലീസ് കാര്യമായ നടപടി സ്വീകരിക്കാത്തതെന്ന് ഉന്നത ഉദ്യോഗസ്ഥർക്കു പരാതിയുണ്ട്. ലുട്ടാപ്പി, സുനാമി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന രണ്ടു പേരാണു നഗരത്തിലെ കഞ്ചാവു സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിലൊരാൾ രണ്ടാഴ്ച മുൻപാണു ജയിലിൽ നിന്നു പുറത്തിറങ്ങിയത്. രണ്ടാമൻ ഒളിവിലാണ്.
ഒരു സംഘത്തിന്റെ തലവനെ അടുത്തിടെ ഫോർട്ട് സ്റ്റേഷനിൽ പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാനും ആഹാരം വാങ്ങി കൊടുക്കാനും ചില പ്രാദേശിക നേതാക്കളുടെ തിരക്കായിരുന്നു. ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനായി പൊലീസിൽ ജില്ലകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഏകോപിപ്പിക്കുന്ന നോഡൽ ഓഫിസർ പൊലീസ് ആസ്ഥാനത്തെ ഐജിയാണ്. ഈ സംഘത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പ്രവർത്തനം കടലാസിൽ മാത്രമാണിപ്പോൾ.
നഗരത്തിലെ ഒഴിഞ്ഞ പറമ്പുകളും പഴയ കെട്ടിടങ്ങളുടെ വളപ്പുകളും ലഹരിമാഫിയയുടെ താളവമാകുമ്പോൾ അവിടേക്ക് എത്തിനോക്കാതെ പൊലീസുകാർ. അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൈമനത്തെ കാടുപിടിച്ച സ്ഥലത്തു നേരത്തെ പൊലീസ് പരിശോധനപോലും നടത്തിയിട്ടില്ല. ഇവിടെ എത്തുമ്പോഴാണു ലഹരിമരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കും താവളമടിക്കാൻ പറ്റിയ സ്ഥലമെന്ന് അന്വേഷണസംഘം മനസ്സിലാക്കുന്നത്.
നഗരത്തിന്റെ പലഭാഗത്തും ഇത്തരം കേന്ദ്രങ്ങൾ സജീവമാണെന്നു പൊലീസ് സമ്മതിക്കുന്നു. പരാതി നൽകാനോ കൂട്ടായി പ്രതിരോധിക്കാനോ നാട്ടുകാർ തയാറാകുന്നില്ല. അയൽക്കാർ തമ്മിൽപ്പോലും സൗഹൃദമില്ലാത്ത പ്രദേശങ്ങളിൽ മാഫിയകൾക്കു തമ്പടിക്കാൻ പ്രയാസമില്ല. ആരെങ്കിലും പരാതി നൽകിയാൽ അവരെ വിരട്ടും. ഭീഷണിപ്പെടുത്തുന്നതു നേരിട്ടുകണ്ടാൽപോലും സമീപവാസികൾ ഇടപെടാറില്ല
അനന്തു ഗിരീഷിനെ ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങൾ. വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്ന കുഞ്ഞുവാവ എന്നീ സഹോദരങ്ങളാണു കൊലയാളി സംഘത്തിൽ ഉൾപ്പെട്ടത്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു.
ഇതാണു കൊലപാതകത്തിലേക്കു നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കുഞ്ഞുവാവയെ തല്ലിയിരുന്നു. ഇതാണു സഹോദരങ്ങൾക്കു അനന്തുവിനോടു കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണം. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്. മൂവരും ലഹരിക്കടിമകളായിരുന്നു.
പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്നു സഹോദരങ്ങളും മറ്റു മൂന്നു പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത സുമേഷ് എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. കൂടാതെ അരശുമൂട് സ്വദേശിയായ രാജ എന്നൊരാളെക്കൂടി പിടികൂടാനുണ്ട്. ഇയാളാണു തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘത്തിനു അനന്തുവിനെ കാട്ടിക്കൊടുത്തത്. അരശുമൂട്ടിലെ ബേക്കറിയിൽ നിന്നാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. പിടികൂടാനുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അന്തരിച്ച നടൻ അടൂർ ഭാസിക്കെതിരെ കെപിഎസി ലളിത
ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. ഭാസിയിൽ നിന്ന് ഒട്ടേറെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും താത്പര്യത്തിന് വഴങ്ങാത്തതിനാൽ തന്നെ നിരവധി സിനിമകളിൽ നിന്ന് ഒഴിവാക്കി എന്നുമായിരുന്നു ലളിതയുടെ ആരോപണം. ലളിതയുടെ ആരോപണം വിശ്വസിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.
‘അങ്ങേര് പാവം മനുഷ്യനാ. അങ്ങേരെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ല എന്നത് ഇൻഡസ്ട്രി മുഴുവൻ അറിയുന്ന കാര്യമാണ്. പിന്നെ എങ്ങനാണ് നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല’- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ പറഞ്ഞു.
സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- ”അതെല്ലാം അങ്ങനെ നടക്കുന്നവർക്കായിരിക്കും. സിനിമയിൽ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്തെന്നുവരും.”
അക്കാലത്ത് ഒരു നിർമാതാവിൽ നിന്നേറ്റ ദുരനുഭവത്തെക്കുറിച്ചും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തി. ”മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു”–പൊന്നമ്മ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിന് മിക്ക മണ്ഡലങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും ഡൽഹിയിൽ ചർച്ചകൾ തുടർന്നു. ആന്ധ്രയ്ക്ക് പോയ ഉമ്മൻ ചാണ്ടി മടങ്ങിയെത്തിയ ശേഷം ഇന്ന് നേതാക്കൾ തമ്മില്‍ അനൗപചാരിക ചർച്ചകൾ തുടരും. ഇതിനു ശേഷമാകും കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക. തൃശൂരിൽ ടി.എൻ.പ്രതാപനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ.ശ്രീകണ്ഠനും സ്ഥാനാർഥികളാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചാലക്കുടി, വയനാട് സീറ്റുകളുടെ കാര്യത്തിൽ എ, ഐ ഗ്രൂപ്പുകൾക്കിടയിൽ തർക്കം തുടരുന്നു. എറണാകുളത്ത് ഇരുഗ്രൂപ്പുകളും ഹൈബി ഈഡന്റ പേരാണ് നിർദേശിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ മൽസര രംഗത്തുണ്ടാവില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുമ്പോഴും അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാവും.
ഒടുവില്‍ അതു സംഭവിച്ചു. കിംവദന്തിയെന്ന് രാജകൊട്ടാരവും യാഥാര്‍ഥ്യമെന്നു പാപ്പരാസികളും ആവർത്തിച്ചുകൊണ്ടിരുന്ന വേര്‍പിരിയല്‍ പൂര്‍ണം. സത്യമെന്നു സംശയിച്ചെങ്കിലും അങ്ങനെ സംഭവിക്കരുതേ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചുവെങ്കിലും അനിവാര്യമായത് സംഭവിച്ചു. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരുടെ വേര്‍പിരിയില്‍. അതും കൊട്ടാരത്തില്‍ നവവധുക്കള്‍ എത്തിയതുമുതലുള്ള അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാണെന്നു തെളിയിച്ചുകൊണ്ട്.
രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി-മേഗന്‍ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫിസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഇങ്ങനെയൊരു വേര്‍പിരിയല്‍ വാര്‍ത്ത ഒരുവര്‍ഷമായി മാധ്യമങ്ങള്‍ പ്രവചിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് ബക്കിങ്‍ഹാം കൊട്ടാരം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഔദ്യോഗികമായി സസ്സക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും വിവാഹത്തിനുശേഷം വില്യം-കേറ്റ് ദമ്പതികള്‍ക്കൊപ്പം ഒരുമിച്ചായിരുന്നു താമസവും പ്രവര്‍ത്തനവും. പക്ഷേ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി കൊടുത്തത്. രാജകൊട്ടാരത്തില്‍ വധുക്കളായി എത്തിയ യുവതികളാണ് അഭിപ്രായവ്യത്യാസത്തിനു പിന്നിലെന്നാണ് സംസാരം.
2017 ല്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫിസുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരത്തോടു ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനി അവര്‍ ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുകയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു പറയപ്പെട്ടിരുന്നെങ്കിലും ഇതുവരെയും പരസ്യമായ ഒരു സൂചനയും രാജകൊട്ടാരത്തില്‍നിന്നു പുറത്തുവന്നിട്ടില്ല. ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഡൈ സര്‍വീസിലും ഇരുദമ്പതികളും ഒരുമിച്ചു പങ്കെടുത്ത് അഭ്യൂഹങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. മുന്‍ അമേരിക്കന്‍ നടി കൂടിയായ മേഗന്‍ വരുന്ന വസന്തകാലത്ത് ഒരു കുട്ടിക്ക് ജന്‍മം കൊടുക്കും. അതിനോടനുബന്ധിച്ച് കെനിങ്സണ്‍ കൊട്ടാരത്തില്‍നിന്ന് അവര്‍ വിന്‍ഡ്സര്‍ എസ്റ്റേറ്റിലേക്കു മാറാന്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം: നഴ്സുമാർക്കുവേണ്ടി സമരം ചെയ്ത് തൊഴിലവകാശങ്ങൾ പലതും നേടിയെടുത്ത സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയരുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്സുമാരുടെ മാസവരുമാനത്തിൽ നിന്നും സംഭാവനകളിൽ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎൻഎ നേതൃത്വത്തിൽ തന്നെ ഉള്ള സിബി മഹേഷ്, ബെൽജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. വൻ സാമ്പത്തിക അപഹരണം നടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രമുഖ വാർത്ത മാധ്യമം പുറത്തുവിട്ട ചാറ്റ് ഷോയിൽ
സംഘടന നിലവിൽ വന്ന 2011 മുതൽ എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകൾ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിൻ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു. എന്നാൽ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിൻവലിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്ക് ജാസ്മിൻ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.
പ്രകടമായ അഴിമതിയാണ് ജാസ്മിൻ ഷാ അടക്കമുള്ള യുഎൻഎ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുഎൻഎയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്സിംഗ് സമൂഹത്തിന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്സിംഗ് സമൂഹം നൽകിയ സംഭാവനയും അതിലുണ്ട്. അതിൽനിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ സാമ്പത്തികാപഹരണം നടത്തിയവരെ കൈയ്യാമം വയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.
കണക്ക് ചോദിച്ചപ്പോൾ താൻ മാസങ്ങൾക്ക് മുമ്പ് വാട്സാപ്പിൽ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ബെൽജോ ഏലിയാസ് പറഞ്ഞു. ഇതിനും കൃത്യമായ വിശദീകരണം ഇല്ലാതെ ജാസ്മിൻ ഷാ ചർച്ചക്കിടെ ഉരുണ്ടുകളിച്ചു. ചോദ്യം ചോദിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതാണ് രീതിയെങ്കിൽ കേരളത്തിൽ ചെലവാകില്ല എന്നായിരുന്നു ചർച്ച നയിച്ച മാധ്യമ പ്രവർത്തകൻ പ്രതികരിച്ചു .
ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന്‍റെ ലോൺ അടയ്ക്കുന്നത് യുഎൻഎയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ചർച്ചയിൽ വെളിപ്പെട്ടു. ഭാര്യ കാർ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോൾ കാർ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിൻ ഷായുടെ ന്യായം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉപയോഗിക്കുന്ന ബൈക്ക് തന്‍റെ ഭാര്യയുടെ പേരിലല്ല വാങ്ങിയത് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പ്രതികരണം. ഒരു സംഘടനക്കായി വാങ്ങുന്ന മുതലുകൾ അതിന്‍റെ ഭാരവാഹികളുടെ പേരിലാണ് വാങ്ങേണ്ടതെന്നും എ എ റഹീം പറഞ്ഞു.
പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഇത്തരം സംഘടനകൾ എല്ലാ സംഘടനകളുടേയും വിശ്വാസ്യത തകർക്കുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഐഎംഎ പ്രതിനിധി ഡോ. എൻ സുൾഫിയുടെ പ്രതികരണം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കണക്കുകൾ കൃത്യമാണെന്നും ആവർത്തിച്ചതല്ലാതെ ജാസ്മിൻ ഷായ്ക്ക് മറ്റ് മറുപടികളൊന്നും ചർച്ചയിൽ ഇല്ലായിരുന്നു.