മലപ്പുറം വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവന്തപുരം നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
ദേശീയപാത വട്ടപ്പാറയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട ബസ്സ് റോഡരികിലേക്ക് തലകീഴായി മറിഞ്ഞതെന്നാണ് സൂചന. നാല്പതിനടുത്ത് യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഇതിൽ 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന എ.ആര് ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാരും, പോലീസും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
ചെന്നൈ: ബിജെപി അപകടകരമാണെന്നു മറ്റു പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അതു ശരിയായിരിക്കാമെന്നു നടൻ രജനീകാന്ത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരായ മറ്റു പാർട്ടികളുടെ വിമർശനങ്ങളെ ശരിവച്ചത്.
പ്രതിപക്ഷ പാർട്ടികളെല്ലാം ബിജെപി അപകടകരമാണെന്നു കരുതുന്നുണ്ടെങ്കിൽ അത് ശരിയായിരിക്കാം. അതുകൊണ്ടാവാം അവർ ഒത്തുചേർന്ന് ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നത്- രജനി പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒന്നിക്കുന്ന തരത്തിൽ അത്ര അപകടം പിടിച്ചതാണോ ബിജെപി എന്ന ചോദ്യത്തിനു നൽകിയ മറുപടിയിലായിരുന്നു രജനിയുടെ പരാമർശം.
നോട്ടുനിരോധനത്തെ സംബന്ധിച്ച മുൻനിലപാടിലും രജനീകാന്ത് മാറ്റംവരുത്തി. നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയെന്നും ആഴത്തിൽ കാര്യങ്ങൾ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടിയിരുന്നതെന്നും രജനി പറഞ്ഞു. രണ്ടു വർഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ അതിനെ പ്രശംസിച്ച് ആദ്യ രംഗത്തെത്തിയവരിൽ ഒരാൾ രജനിയായിരുന്നു.
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ വിവിധയിടങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഇതിൽ 29 പേർ വടക്കൻ കലിഫോർണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്.
അതേസമയം കാണാതായ 137 പേരെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു. ഇവർ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിയതായാണ് വിവരം. കാട്ടുതീയെ തുടർന്നു 300,000 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത്- സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയർ, തെക്ക് വൂൾസ്ലി ഫയറും ഹിൽ ഫയറും.
കാന്പ് ഫയറാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. പാരഡൈസ് നഗരത്തെ വിഴുങ്ങിയ ഈ കാട്ടുതീ നിരവധി ജീവനുകളാണ് കവർന്നത്. 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരത്തിലെ 90 ശതമാനം ഭവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെക്കൻ മേഖലയിൽ പടരുന്ന വൂൾസ്ലി ഫയറും ഹിൽ ഫയറും മാലിബൂ നഗരത്തിൽ വലിയ നാശമുണ്ടാക്കിയത്. ഹെലികോപ്റ്ററുകൾ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് അഗ്നിശമനസേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിന് കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.
കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്.
സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
കൊച്ചി: ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാറില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഇടപെടല്‍. ആചാരപരമോ മതപരമോ ആയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു.
ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലം പറയുന്നു.
നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയുടെ പാരമ്പര്യം. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ദോഹ: കനത്ത മഴ ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാക്കി. റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർദേശിച്ചു. ആറുമാസത്തെ മഴ ഒരു ദിവസംകൊണ്ടു പെയ്ത അനുഭവമായിരുന്നു പല ഭാഗങ്ങളിലും. ഖത്തറിൽ വർഷം ലഭിക്കുന്നത് ശരാശരി 77 മില്ലിമീറ്റർ മഴയാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഇന്നലെ പെയ്തത് 311 മില്ലിമീറ്ററും.
വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം വലിയ വെള്ളപ്പൊക്കം ഖത്തറിലുണ്ടായി. ഒരു വർഷം ലഭിക്കുന്ന മഴ ഒറ്റദിവസംകൊണ്ടു പെയ്യുകയായിരുന്നു. റോഡ്, വിമാനഗതാഗതം തടസപ്പെട്ടിരുന്നു. ജോർദാനിൽ കഴിഞ്ഞദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ 12 പേർ മരിച്ചു.
പെരുമ്പാവൂർ: ബൈക്കിൽ സഞ്ചരിച്ച യുവവൈദികന് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു മരിച്ചു. സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ കരിക്കരപ്പള്ളി (32) ആണു മരിച്ചത്. സംസ്കാരം നാളെ 2.30ന് കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയിൽ.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് എഎം റോഡില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിക്കു മുമ്പിലായിരുന്നു അപകടം. ആലുവയില്‍നിന്നു പെരുമ്പാവൂരിലേക്കു വന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേദിശയില്‍ പോയ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡില്‍ മറിയുകയായിരുന്നു. എതിരേ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ സഡൻ ബ്രേക്കിട്ടപ്പോൾ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബസിനടിയില്‍പ്പെട്ട വൈദികന് തത്ക്ഷണം മരിച്ചു. കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയുടെ കപ്പേളയില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സേവാഗ്രാം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലും പൊതുദര്‍ശനമുണ്ടാകും.
വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്-ആലീസ് ദമ്പതികളുടെ ഇളയ മകനാണ് ഫാ. ബിജോ. 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്. നീലീശ്വരം അസംപ്ഷന്‍ മൊണാസ്ട്രി പള്ളിയില്‍ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. പൂത്തോട്ടയിലെ സ്വകാര്യ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങൾ: ബിജു, സിജു.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം കനത്ത മഴയോടൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 14ന് അര്‍ദ്ധരാത്രിയില്‍ തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കാരയ്ക്കലിനും ഗൂഡല്ലൂരിനും ഇടയിലായി കാറ്റെത്തിച്ചേരുമെന്നാണ് അറിയിപ്പ്.
തിങ്കളാഴ്ചയോടെ കാറ്റ് ശക്തമാകുമെന്നും വടക്കന്‍ തമിഴ്നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യതൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.
അഗളി: ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയില്‍ മര്‍ദിച്ചു കൊന്ന കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് നടപടിയെന്നാണ് വിശദീകരണം.
പാലക്കാട്ടുകാരനായ പി.ഗോപിനാഥിനെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള ഫീസ് അഭിഭാഷകന് അംഗീകരിക്കാത്തതു കൊണ്ടാണ് നിയമനം റദ്ദാക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. പകരം മണ്ണാര്‍ക്കാട് എസ്സി എസ്ടി സ്പെഷല്‍ കോടതിയിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാക്കുമെന്നാണ് കഴിഞ്ഞമാസം 22 ന് പുറത്തിറങ്ങിയ ഉത്തരവിലുളളത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്.
16 പേര് അറസ്റ്റിലായ കേസില്‍ അഗളി ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ തുടങ്ങാനിരിക്കെയുളള സര്‍ക്കാര്‍ നടപടി കേസിനെ ബാധിക്കും. കോടതിയിലെ മറ്റ് നിരവധി കേസുകള്‍ക്കൊപ്പം മധു കേസും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. കേസില്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതാണ്. ഇതുപ്രകാരം നിയമമന്ത്രി എ.െക.ബാലന് നല്കിയ ഉറപ്പും മന്ത്രിസഭാ തീരുമാനവുമെല്ലാം ഇപ്പോള്‍ വെറുതെയായി.
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന് ഉപേക്ഷിച്ചാലും അദീബിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.
മുസ്ലിം ലീഗും യൂത്ത് ലീഗും വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീലിന്റെ വിശദീകരണം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്റെ ബന്ധു അദീബിന്റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ തന്റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി. ജലീലിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.
സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും പ്രതികരിച്ചത്. ഇങ്ങനെ വിവാദങ്ങള്‍ തുടരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെയാണ് അദീബ് രാജിക്കത്ത് നല്‍കിയത്.
നിയമന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ ഡയരക്ടര്‍ തസ്തികയില്‍ നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.