ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.

പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.

‘അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്.’

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.

നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.

മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.

‘കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും’ മോദി പറഞ്ഞു.

മധ്യവര്‍ഗത്തേയും കര്‍ഷകരേയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി പരിധിയില്‍ ഇളവ് അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാനം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കും എന്നതായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.