ബലാത്സംഗത്തിനിരയായ പതിനാറുകാരി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. അയൽവാസിയും ഇയാളുടെ പതിനഞ്ചുകാരനായ മകനും ചേർന്നും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണി ആയിരുന്നു പെൺകുട്ടി. ഹൈദരാബാദിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. വ്യാഴാഴ്ച പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോഴാണ് ക്രൂര പീഡനം പുറത്ത് അറിഞ്ഞത്.
ദിവസക്കൂലിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ക്ലാസിൽ നിന്നും തിരികെയെത്തുന്ന പെൺകുട്ടി തനിച്ചായിരുന്നു. പിന്നീട് ക്ലാസ് കഴിയുന്നതോടെ പെൺകുട്ടിയും വലയലിൽ മാതാപിതാക്കളെ സഹായിക്കാൻ ജോലി ചെയ്യാൻ ആരംഭിച്ചു. അയൽവാസിയായ ഓട്ടോ ഡ്രൈവർ ബി സ്രീനു എന്നയാളായിരുന്നു പെൺകുട്ടിയെ ഓട്ടോയിൽ വയലിൽ കൊണ്ടു വിട്ടിരുന്നത്.
സ്രീനു പെൺകുട്ടിയെ വലയിൽ വീഴ്ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സ്രീനുവിന്റെ പതിനഞ്ചുകാരനായ മകനും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു. പീഡിപ്പിച്ചെന്ന് മനസിലായതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ സ്രീനുവിന്റെ വീട്ടിൽ എത്തിയെങ്കിലും 5000 രൂപ നൽകി ഗർഭഛിത്രം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ജീവൻ തന്നെ അപകടത്തിൽ ആകുമെന്ന് അറിയിച്ച് ഡോക്ടർമാർ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന്് മടക്കി അയച്ചു.
വീണ്ടും പെൺകുട്ടിയുമായി സ്രീനുവിന്റ വീട്ടിൽ എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി. മാതാപിതാക്കളെ കായികമായി കൈകാര്യം ചെയ്യാനും മുതിർന്നതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. വെളളിയാഴ്ചയാണ് പെൺകുട്ടി കീടനാശിനി കുടിച്ചത്. പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിയുടെ വീടിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ െചയ്തു
സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന ഭർത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സജു പുതിയ നിയമയുദ്ധത്തിന്. ഭർത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച ചൈല്‍ഡ്‌ലൈനെതിരെ കോടതിയെ സമീപിക്കുമെന്ന് ശോഭ മനോരമ ന്യൂസിനോട് പറഞ്ഞു. ചൈല്‍ഡ്‌ലൈന്റെ ഈ നടപടി മൂലമാണ് കുട്ടികളെ തനിക്ക് കാണാൻ കൂടി കഴിയാത്ത സ്ഥിതിയായത്. ആത്മാഭിമാനം സംരക്ഷിക്കാനുള്ള ശോഭയുടെ പോരാട്ടം പ്രമുഖ പത്ര മാധ്യമമാണ് പുറത്തുകൊണ്ടുവന്നത്.
സമാനതകൾ ഇല്ലാത്ത നിയമപോരാട്ടമാണ് തൊടുപുഴക്കാരി ശോഭ രണ്ടര വര്‍ഷക്കാലം നടത്തിയത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭർത്താവിന്റെ തോന്നലിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭർത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീർക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു.
ശോഭ മർദിച്ചുവെന്ന് ആരോപിച്ച് കുട്ടികളിൽ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകരോട് ശോഭക്ക് മാനസികപ്രശ്നം ആണെന്നും ചികിത്സ ഉണ്ടെന്നും ഭർത്താവ് പറഞ്ഞു. ഈ വാദം അതുപടി ഏറ്റെടുത്ത ചൈല്‍ഡ്‌ലൈന്‍, മറ്റ് അന്വേഷണമൊന്നും നടത്താതെ ശിശുക്ഷേമ സമിതിക്ക് നൽകിയ റിപ്പോർട്ടാണ് ഇത്. ഇതിനെയാണ് ശോഭ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
‘മാനസികരോഗം സ്വന്തമായി ചികിൽസിക്കാൻ പറ്റില്ലല്ലോ, അങ്ങനെ ചികിത്സ ഉണ്ടെന്ന് പറഞ്ഞ ഭർത്താവിനോട് ഡോക്ടർ ആരാണ് എന്നെങ്കിലും ചോദിക്കണമായിരുന്നു..’ ശോഭ പറയുന്നു.
അതുവരെ മാസത്തിൽ രണ്ടുദിവസം കുട്ടികളെ കാണാൻ ശോഭക്ക് അനുമതി ഉണ്ടായിരുന്നു. ചൈല്‍ഡ്‌ലൈന്‍ ഈ റിപ്പോർട്ട് ജില്ലാ ശിശുക്ഷേമസമിതിക്ക് നൽകിയതോടെ അതിനും വഴിയില്ലാതെയായി. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളെ ഒന്നു കാണാൻ പോലും ശോഭക്ക് കഴിഞ്ഞിട്ടില്ല.
‘അമ്മയ്ക്ക് മനസിക രോഗം ഉണ്ടെന്ന് വന്നാൽ അത് കുട്ടികളെ കൂടിയാണല്ലോ ബാധിക്കുക, അതുകൊണ്ട് ചോദ്യംചെയ്തേ പറ്റൂ..’ അവര്‍ പറഞ്ഞു.
ആ സംഭവത്തെപ്പറ്റിയും മാറിയ ജീവിതത്തെപ്പറ്റിയും ശോഭ തന്നെ പറയട്ടെ:
‘രണ്ടരവർഷം മുൻപാണു സംഭവം. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ, എന്റേതെന്ന പേരിൽ ഒരു നഗ്നദൃശ്യം പരക്കുന്നതായി ഒരു ബന്ധുവഴി അറിഞ്ഞു. അപവാദപ്രചാരണത്തിനെതിരെ അന്നുതന്നെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ കുറ്റകത്യമായതിനാൽ, കമ്മിഷണറെ കാണാൻ നിർദേശം. അപ്പോൾ തന്നെ സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിനെ കണ്ടു പരാതി നൽകി. പരാതി സൈബർ സെല്ലിലേക്ക്. ഒരു ദിവസം കഴിഞ്ഞ്, തെളിവെടുപ്പ്. ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ദൃശ്യത്തിലുള്ളതു ഞാനല്ലെന്നു പൊലീസുകാർ തറപ്പിച്ചു പറഞ്ഞു. വിഡിയോ ദൃശ്യമാണെന്നുപോലും അപ്പോഴാണ് അറിയുന്നത്. അപ്പോഴേക്കും ദൃശ്യം പലർക്കും കൈമാറിയിരുന്നു.’
‘കാര്യം അവിടെ തീരേണ്ടതാണ്. പക്ഷേ, ബന്ധുക്കൾക്കും പരിചയക്കാർക്കുമിടയിൽ വ്യാപകമായ, ക്രൂരമായ അപവാദപ്രചാരണമാണു ചിലർ നടത്തിയത്. നഗ്നദൃശ്യങ്ങൾ സ്വയം പകർത്തി, ഞാൻ തന്നെ പ്രചരിപ്പിച്ചുവെന്നായിരുന്നു അപവാദ പ്രചാരണം. സംഭവത്തിലെ കൂട്ടുപ്രതികളെയും എന്നെയും അറസ്റ്റ് ചെയ്തുവെന്നു വരെയെത്തി അപവാദം. ഞാനല്ല ദൃശ്യത്തിലുള്ളതെന്നു തെളിയിക്കേണ്ടത് അത്യാവശ്യമായി. പക്ഷേ, അത് എന്റെ മാത്രം ഉത്തരവാദിത്തമാണെന്നും വൈകാതെ മനസ്സിലായി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു സൗത്ത് പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. അന്നു മുതൽ വീട്ടിലെ അന്തരീക്ഷം ആകെ മാറി. ഒറ്റപ്പെട്ടതു പോലെയായി. ഇതിനിടെ, വിവാഹമോചനം തേടിയുള്ള വക്കീൽ നോട്ടിസ് ലഭിച്ചു.’ ശോഭ പറഞ്ഞു.
‘മക്കളെ എന്നിൽ നിന്നകറ്റാനുള്ള ശ്രമമുണ്ടായി. മൂത്ത മകളെ മർദിച്ചുവെന്ന് എനിക്കെതിരെ കേസുണ്ടായി. വിവാഹമോചന കേസിന്റെ ചർച്ചയും വിചാരണയും ഒരുവശത്ത്. അപവാദ പ്രചാരണം മറുഭാഗത്ത്. മക്കളെ കാണാൻ കഴിയാത്ത വിഷമം വേറെ.
ഒരുദിവസം രാത്രി, എന്നെ വീട്ടിൽനിന്നു പുറത്താക്കി. അന്നുരാത്രി അതേ വീടിന്റെ വരാന്തയിൽ ഉറങ്ങാതെ ഇരുന്നു കഴിച്ചുകൂട്ടി. അന്ന് അർധരാത്രിയോടെ പ്രമുഖ ദൃശ്യ പത്ര മാധ്യമത്തെ വിളിച്ചുവരുത്തി അഭിമുഖം നൽകി. പൊലീസ് വനിതാ സെൽ വഴി രാത്രി താമസത്തിനു സൗകര്യം ഒരുക്കിത്തരാമെന്നു ചാനൽ സംഘം പറഞ്ഞുവെങ്കിലും ഞാൻ നിരസിച്ചു. ചാനൽ അഭിമുഖത്തിൽ മുഖം മറയ്ക്കേണ്ടെന്നു ഞാൻ തന്നെയാണു പറഞ്ഞതും. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ എന്തിനു നാണിക്കണം?
നായ്ക്കളുടെ കുര രാത്രി മുഴുവനുണ്ടായിരുന്നു. നായ്ക്കളെ എനിക്കു പേടിയാണ്. പക്ഷേ, ഒരു ചുമരിനപ്പുറം ഭർത്താവും മക്കളുമുണ്ടല്ലോയെന്ന ധൈര്യത്തിലാണു വരാന്തയിൽ തന്നെ ഇരുന്നത്. ആരെങ്കിലും വാതിൽ തുറക്കുമെന്നു കരുതി. അതുണ്ടായില്ല. വീട്ടിൽ കയറ്റില്ലെന്നുറപ്പായതോടെ പിറ്റേന്നു രാവിലെ കരിങ്കുന്നത്തെ വീട്ടിലേക്കു പോയി.’
‘ഭർത്താവും മക്കളുമുള്ള സ്ഥലമല്ലേ. ഇടയ്ക്കൊക്കെ മക്കളെ അകലെ നിന്നെങ്കിലും കാണാൻ കഴിയുമെന്നൊരു പ്രതീക്ഷ.
ചുറ്റുവട്ടത്ത് അവരുണ്ടല്ലോയെന്നൊരു സുരക്ഷിതത്വ ബോധം. രണ്ട് ആഴ്ചയ്ക്കുശേഷം കൊച്ചിയിലേക്കു തന്നെ മടങ്ങി. കടവന്ത്രയിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ ചെറിയൊരു കട നേരത്തെ തന്നെയും കണ്ടായിരുന്നു. അതു നോക്കിനടത്തി. ഇടയ്ക്കു പള്ളിയിൽ വരുമ്പോൾ മക്കളെ കാണും. ഒന്നും മിണ്ടാൻ കഴിയാറില്ല.
ഇതിനിടെ, ദൃശ്യം സംബന്ധിച്ചു സംസ്ഥാന സൈബർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട് വന്നു. വ്യക്തതയില്ലെന്നായിരുന്നു അതിൽ. എന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റിയ റിപ്പോർട്ടായിരുന്നില്ല അത്. കോടതിയിൽ പരാതി നൽകി. കോടതി നിർദേശപ്രകാരം പൊലീസ് വീണ്ടും അതേ ലാബിലേക്കു തന്നെ ദൃശ്യങ്ങൾ അയച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ, പഴയ നിഗമനം തന്നെ അവർ ആവർത്തിച്ചു. എനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർ കൂസലേതുമില്ലാതെ നടക്കുന്നു. എന്റെ ആവശ്യം എവിടെയുമെത്തില്ലെന്നു തോന്നി. എനിക്കുറപ്പുള്ള കാര്യമാണ്. പക്ഷേ, മക്കളുടെയും 85 വയസ്സുള്ള മുത്തശ്ശിയുടെയുമൊക്കെ മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽക്കാൻ എനിക്കൊരു തെളിവു വേണം. ഇല്ലെങ്കിൽ ആ അമ്മയുടെ മക്കളല്ലേ എന്ന ചോദ്യം അവർക്കു നേരെ ഉയരും. അപവാദത്തിന്റെ നിഴൽ മക്കളുടെ മേൽ വീഴരുതെന്ന നിർബന്ധമുണ്ടായിരുന്നു.
പക്ഷേ, സംശയാതീതമായി തെളിയിക്കാൻ ദൃശ്യം ഇനിയെവിടെ പരിശോധിപ്പിക്കും? അപ്പോഴാണ്, ‘സി–ഡാക്കിനെ’ പറ്റി പൊലീസ് ഉദ്യോഗസ്ഥർ വഴി അറിയുന്നത്. വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിയെ കണ്ടു. നേരത്തെ തന്നെ വന്നു കാണാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്.
കേസ് അതുവരെ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റാനും ദൃശ്യം സി–ഡാക്കിൽ പരിശോധിപ്പിക്കാനും അദ്ദേഹം അന്നുതന്നെ ഉത്തരവിട്ടു. ആറു മാസത്തിനകം, ദൃശ്യത്തിലുള്ളതു ഞാനല്ലെന്നും ദൃശ്യം ആർക്കൊക്കെ കൈമാറിയിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.’
‘സിറ്റി കമ്മിഷണറുടെ ഓഫിസിൽ എത്ര തവണ കയറിയിറങ്ങിയെന്നുപോലും ഓർമയില്ല. ആ ഓഫിസ് കാണുമ്പോൾ വല്ലാത്തൊരു വിഷമമാണ്. പൊലീസ് സ്റ്റേഷൻ, കോടതി, അഭിഭാഷകന്റെ ഓഫിസ് എന്നിവിടങ്ങളിലായി ജീവിതം. പറിച്ചെടുത്തു മാറ്റപ്പെട്ട മക്കൾ. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ചുറ്റിലും. ഒരു ചടങ്ങിനും പങ്കെടുക്കാനാവില്ല. അർഥം വച്ചുള്ള നോട്ടവും കമന്റുകളും. ഒരു സ്ത്രീക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും? ’
സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കു നിയമപോരാട്ടത്തിന്റെ വഴി കാണിച്ചു കൊടുക്കുകയാണു ശോഭ. എന്നിട്ടും ശോഭ കരയുകയാണ്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും സങ്കടം ചേർന്നൊഴുകുന്നു. ചില വിജയങ്ങൾ സങ്കടപ്പെടാൻ കൂടിയുള്ളതാണ്.
ഈ ജീവിതകഥ വായിക്കുന്നവരുടെയെല്ലാം മനസ്സിൽ ഉയരുന്ന ചോദ്യങ്ങളുണ്ട് ശോഭയ്ക്കു പഴയ കുടുംബജീവിതം തിരിച്ചു കിട്ടുമോ? ശോഭ അതിനു തയാറാകുമോ?
ഉത്തരം ഇതാണ്: ‘എന്റെ ജീവിതം തകർത്തവരെയും അതിനു പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയുമൊക്കെ കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല.’
ശോഭയുടേത് എന്ന പേരിൽ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അടക്കം കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശോഭയുടെ പുതിയ മൊഴി പ്രകാരം സംഭവത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി പറഞ്ഞു.
പാലക്കാട്: ഒമ്പതു വയസുകാരന്‍ സഹോദരന്റെ കുത്തേറ്റ് മരിച്ചു. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊപ്പത്താണ് സംഭവം. നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. സഹോദരനായ നബീല്‍ ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്ച
ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിമിനെ നബീല്‍ കുത്തുകയായിരുന്നു. ഇളയ സഹോദരന്‍, ഏഴു വയസുകാരനായ അഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മാതാപിതാക്കളുമായി വഴക്കിടുന്നതിനിടയില്‍ നബീല്‍ കുട്ടികളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. മുഹമ്മദിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തേറ്റ കുട്ടിയെ രാത്രി പന്ത്രണ്ടരയോടെ നടക്കാവ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി വീട്ടില്‍ വച്ചു തന്നെ മരണപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസിടിവി കാമറകൾ ഒരു മണിക്കൂർ കണ്ണടച്ചെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) സൂക്ഷിച്ചിരുന്ന സ്റ്റോർ മുറിയിലെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചിരുന്ന കാമറകളാണ് കണ്ണടച്ചത്. വെള്ളിയാഴ്ച അവിചാരിതമായി വൈദ്യുതി ബന്ധം നിലച്ചതുമൂലം ഒരു മണിക്കൂറിലേറെ സമയം സിസിടിവി കാമറകൾ പ്രവർത്തിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചത്. ഇവിഎമ്മുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു ഇതോടെ ബലമേറി. തിരിമറി നടത്താനായി ഒരു മണിക്കൂർ നേരെ കാമറ ഓഫ് ചെയ്തെന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആരോപിക്കുന്നത്.
സാഗറിൽ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞും സ്ട്രോംഗ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എത്തിക്കാതെ വൈകിപ്പിച്ച സംഭവത്തിൽ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മുകൾ എത്തിക്കാൻ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. സിസിടിവി കാമറകൾ പ്രവർത്തിക്കാതെവന്നതു സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 30 ന് രാവിലെ 8.19 മുതൽ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം കാമറകളും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടിവിയും പ്രവർത്തന രഹിതമായത്.
ഈ സമയം കാമറകളിൽ റിക്കോർഡിംഗ് ഉണ്ടായില്ല. ഇതേ തുടർന്ന് ഒരു എൽഇഡി ടിവിയും ഇൻവെർട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു. ഓള്‍ഡ് ജയില്‍ കാമ്പസിലെ സ്ട്രോംഗ് റൂം പൂട്ടിയിരുന്നില്ലെന്ന കോൺഗ്രസിന്റെ ആരോപണവും ഇലക്ഷൻ കമ്മീഷൻ ശരിവച്ചു. പരാതിക്കു ശേഷം ഇവ പൂട്ടിയതായി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനു ശേഷം ഇവിഎം നമ്പർ പ്ലേറ്റ് പോലുമില്ലാത്ത സ്കൂൾ ബസിലാണ് കൊണ്ടുപോയത്. ഈ സ്കൂൾ ബസ് സാഗർ കളക്ടറുടെ ഓഫീസ് വളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിനശിക്കുകയും ചെയ്തതായി കോൺഗ്രസ് എംപി വിവേക് താൻഖ ആരോപിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറേയിൽ പകരംവയ്ക്കാൻ എത്തിച്ച വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചുകൊണ്ടുപോയി.
എന്നാൽ വോട്ടിംഗ് മെഷീനുകൾ രണ്ടു ദിവസത്തിനു ശേഷമാണ് സ്ട്രോംഗ് റൂമിൽ എത്തിച്ചതെന്നും വിവേക് പറയുന്നു. വോട്ടിംഗ് മെഷീനുകളല്ല സ്ട്രോംഗ് റൂമിൽ എത്തിക്കാൻ വൈകിയത്. മെഷീനുകൾക്ക് തകരാർ സംഭവിച്ചാൽ പകരംവയ്ക്കാൻ എത്തിച്ചവയാണിതെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിശദീകരണം. ഇത് തള്ളിയാണ് വിവേകിന്റെ പ്രതികരണം. വളരെ കാലങ്ങളായി ഡൽഹി മുഖ്യമന്ത്രി കേജരിവാൾ പറയുന്നതും ഒത്തുചേർത്തു വായിച്ചാൽ വോട്ടിങ് മെഷീനുകൾ ഒഴിവാക്കേണ്ടത് തന്നെയോ എന്ന് ജനം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിത്തീരുമോ എന്നാണ് പലരുടെയും സംശയം.
ഭാവിയിലേക്കുള്ള മറ്റൊരു ബൃഹദ് പദ്ധതി കൂടി യുഎഇ ചര്‍ച്ച ചെയ്യുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍.
വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സ്ഥാപിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള അല്‍ശെഹി പറഞ്ഞു.
പൂഞ്ഞാര്‍: ശബരിമല സമരത്തില്‍ ബിജെപിയുമായി കൈകോര്‍ക്കുന്ന ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് തിരിച്ചടികള്‍ എന്ന് സൂചന. സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ നിന്നുമാണ് പി.സിയുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന എസ്ഡിപിഐ ഇനി സഹകരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
2016ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി.ജോര്‍ജിന് മുസ്ലിം വിഭാഗത്തിന്റെ വോട്ടുകളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ നല്‍കിയ പിന്തുണ ഇനി വേണോ എന്ന് ആലോചിക്കുമെന്ന് കോണ്‍ഗ്രസും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായി നിലപാട് എടുത്ത പി.സി.ജോര്‍ജിനെ സ്വാഗതം ചെയ്യുന്നതില്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൂര്‍ണ തൃപ്തിയില്ല. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ ശബരിമലക്ക് വേണ്ടി സംസാരിക്കാന്‍ കറുപ്പണിഞ്ഞാണ് പി.സി ജോര്‍ജ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27821 വോട്ടുകള്‍ക്കാണ് മൂന്ന് മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് പി.സി.ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ വിജയിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിലെ മഞ്ഞണിക്കരയില്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഇവരുടെ ബന്ധുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോചദ്രവ്യമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്.
കുട്ടിയെ കണ്ടെത്തി പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു
അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബര ബുഷ് അന്തരിച്ച് 8 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്നു അദ്ദേഹം .റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു.തുടർന്ന് 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്‌ട്രപതി ആയി സേവനം ചെയ്യുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്‌ട്രപതി ആയ അവസാനത്തെ ആളെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട് .ഇതിനുപുറമെ ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ് ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 7.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടുവെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എന്നാല്‍ ഭൂകമ്പത്തില്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. അലാസ്‌കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് ഏഴ് മൈല്‍ അടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജി സര്‍വേ പറയുന്നത്.
അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂചലനം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് റിപ്പോർട്ട്.
കൂടാതെ, ഗ്യാസ് ലൈനുകളില്‍ ഭൂകമ്പം ഉണ്ടാക്കിയ തകരാറുകള്‍ മറ്റൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലസ്ഥലത്തും വീടുകളിലേക്കുള്ള ഗ്യാസ് ലൈനുകള്‍ തകരാറിലാണ്. മിക്കയിടത്തും റോഡുകളും തകര്‍ന്ന നിലയിലാണ്.
അന്‍ഡമാൻ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപായ സെന്റിനലും അവിടുത്തെ ഗോത്രവർഗ്ഗക്കാരും വാർത്തകളിലിടം നേടിയിട്ട് കുറച്ചായി. അമേരിക്കൻ പൗരൻ അലൻ ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനൽ ദ്വീപ് വാർത്തകളിൽ നിറഞ്ഞത്. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെൽസ്.
ദ്വീപിലെത്തുന്നവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് പതിവ്. പണ്ടുകാലത്ത്, കൃത്യമായി പറഞ്ഞാൽ 1991ൽ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടൽ ശ്രദ്ധേയമാണ്. ഇന്ത്യൻ ഉപദ്വീപിൽ നിന്നും 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തുവെച്ച് സെന്റിനൽ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സെന്റിനൽസുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടൽ ആയിരുന്നു അതെന്ന് ചരിത്രരേഖകൾ പറയുന്നു.

സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ.ഇന്ന് കേന്ദ്രസർക്കാർ ജീവനക്കാരിയായി ഡൽഹിയിലുണ്ട് മധുമാല.
ആന്ത്രപ്പോളജി സർവേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെല്ലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് ആറുവർഷം അൻഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ അൻഡമാനിലെ തന്നെ ജരാവ ഗോത്രവര്‍ഗവുമായി സൗഹൃത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാർ നിക്കോബാർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നു.

അൻഡമാനിലെ ഒരു മനുഷ്യൻ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലുമായി മുന്നോട്ടുവെന്നു.

ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കെയെടുക്കാൻ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽത്തന്നെ നിൽക്കുകയായിരുന്നു.
കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികൾ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങൾ വേണമെന്നാണ് അവർ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തിൽ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ തടഞ്ഞു.
ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നൽകി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികൾക്ക് ധൈര്യം നൽകിയത്.

അതിന് ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദർശിക്കാനെത്തി. അവർ അമ്പെയ്തില്ല, തേങ്ങകൾ സ്വീകരിക്കാൻ ബോട്ടിനുള്ളിൽ വരെയെത്തി.
അതിനിടെ ദ്വീപിൽ പുറത്തുനിന്നുള്ളവർ സന്ദർശിക്കുന്നതിന് ഇന്ത്യൻ സർക്കാർ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാൽ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു തീരുമാനം.