Latest News

ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. എന്നാൽ തോളിലുണ്ടായിരുന്ന കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ കുട്ടി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം ആണു മരിച്ചത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്.

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്. ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നത് പ്രയോഗിമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപെടണം എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു.

കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഖനനം നിര്‍ത്തും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിെയയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുെട തീരുമാനം.

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരായ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. യുവതികള്‍ ദര്‍ശനം നടത്തിയതായി വ്യക്തമായതോടെ തന്ത്രിയുടെ നിര്‍ദേശ പ്രകാരം നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. എന്നാല്‍ ശുദ്ധിക്രിയ മാത്രമല്ല അയിത്താചാര പ്രകാരമുള്ള ചില ക്രിയകളും സന്നിധാനത്ത് നടന്നതായിട്ടാണ് സൂചന.

അയിത്താചാര പ്രകാരമുള്ള ക്രിയകള്‍ ഇന്ത്യന്‍ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. അയിത്താചാരപ്രകാരമുള്ള ക്രിയകള്‍ നടന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ സൂചന നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ തന്ത്രക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. നവോത്ഥാന സംരക്ഷണത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും അവരുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്.

സ്ത്രീകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയുമാണ് ഇത്തരം അയിത്ത ആചാരങ്ങള്‍ നിലനിന്നിരുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ശബരിമലയില്‍ അയിത്തവുമായി ബന്ധപ്പെട്ട ശുദ്ധിക്രിയയാണ് നടന്നതെങ്കില്‍ തന്ത്രിക്കെതിരെ നിയമ നടപടി ഉള്‍പ്പെടെയുണ്ടാകും. തന്ത്രിയുടെ വിശദീകരണം ലഭിച്ചാലുടനെ വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. മകരവിളക്കിന് മുന്‍പ് വീണ്ടും പരിഹാരക്രിയ നടത്തുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു.

കുഞ്ചറിയാ മാത്യൂ

കേരളത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ശ്രോതസ്സുകളിലൊന്നായ വിനോദ സഞ്ചാര മേഖലയെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായി പരാതി. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ബ്രിട്ടണ്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടവും സംഘര്‍ഷവുമുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടവിട്ടുണ്ടാകുന്ന ഹര്‍ത്താലുകള്‍ തന്നെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രധാന്യം നല്‍കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഗുണകരമല്ല. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം നല്‍കുന്നവര്‍ പലപ്പോഴും വിനോദ സഞ്ചാരികളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിക്കാറുണ്ടെങ്കിലും ഇതൊരിക്കലും പ്രായോഗികമായ സമീപനം ആകാറില്ല. വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി ഒരു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്താനും തയ്യാറാകാറില്ല.

ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടു കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കുന്നതെന്ന് അറിയിച്ച ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം..സത്യൻ അന്തിക്കാട്, മോഹൻലാൽ ശ്രീനിവാസൻ ത്രയം സമ്മാനിച്ച് ക്ലാസിക് ഹിറ്റുകളാണിവ. പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഞാൻ പ്രകാശൻ’ എത്തിയപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് മൂവരും ഒന്നിക്കുന്ന ചിത്രം ഇനിയെപ്പോഴാണ് എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട്.

‘ഞാൻ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാൽ കഥ വന്നുചേർന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

”മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ.

”ഫഹദിന്റെ കഥാപാത്രം ‘വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നൽകുന്ന സീനുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്– സത്യൻ അന്തിക്കാട് പറഞ്ഞു.

ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ചെവി നേപ്പാളിയായ ഹോട്ടല്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു.

ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകള്‍ കൊണ്ട് അടിയും തുടങ്ങി.

സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. യുവാവിന്റെ ചെവിയുടെ കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടു. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യ, കെഎൽ രാഹുൽ എന്നിവർക്ക് ബിസിസിഐയുടെ കാരണംകാണിക്കൽ നോട്ടീസ്‌. കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിയിൽ പാണ്ഡ്യ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി.

സ്വകാര്യ ജീവിതത്തെകുറിച്ചും ലൈംഗിക ജീവിതത്തെകുറിച്ചും പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധതയും, വംശീയ അധിക്ഷേപവുമാണെന്ന തരത്തിൽ വിമര്‍ശനമുയര്‍ന്നിരുന്നു. തുടർന്നാണ് ബിസിസിഐ ഇടപെടൽ. പരാമർശങ്ങളിൽ ഉടൻ വിശദീകരണം നൽകാനാണ് ബിസിസിഐ ആരാഞ്ഞിട്ടുള്ളത്.തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി നേരത്തെ പാണ്ഡ്യ ട്വിറ്ററിൽകുറിച്ചിരുന്നു.

കൊച്ചി പാലാരിവട്ടത്ത് ഹോം നേഴ്സ് കുത്തിക്കൊലപ്പെടുത്തിയത് വൃദ്ധയായ  അമ്മയെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ. ലഹരിക്കടിമയായിരുന്ന പാലാരിവട്ടം സ്വദേശി തോബിയാസ് പ്രായമായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ഹോം നേഴ്സ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്‌സായി ജോലി ചെയ്ത് വരികയാണ്.

 

തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് അറസ്റ്റിലായ ലോറന്‍സിന്‍റെ മൊ‍ഴി.കുത്തേറ്റതിനെ തുടര്‍ന്ന് രക്തം വാർന്ന തോബിയാസ് മരിക്കുകയായിരുന്നു.തോബിയാസിന്‍റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്.എന്നാല്‍, പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

 

ലഹരിയ്ക്കടിമയായ തോബിയാസ് പലപ്പോഴും അമ്മയെയും ലോറന്‍സിനെയും ആക്രമിക്കാറുണ്ടെന്നും ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തിനിടെ ലോറന്‍സ് ഇയാളെ കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

മോഡലിങ് രംഗത്ത്‌ നിന്നാണ്‌ പ്രിയങ്ക സിനിമയിലെത്തിയത്‌. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി.കിച്ചാമണി എം.ബി.എ, ഭൂമി മലയാളം, സമസ്ത കേരളം പി.ഒ, ഇവിടം സ്വര്‍ഗമാണ്‌ തുടങ്ങിയ ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.

Related image

എന്നാൽ പ്രിയങ്ക നായര്‍ ഇപ്പോൾ വീണ്ടും സിനിമാരംഗത്ത് സജീവമാകുകയാണ് .
മുല്ലപ്പൂ പൊട്ട്, മാസ്‌ക്, പെങ്ങളില എന്നീ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ പ്രിയങ്ക. എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന ചോദ്യത്തിന്, ഭര്‍ത്താവിന്റെ തടങ്കലിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.കാരണം അഭിനയം എന്റെ പാഷനാണ് അത് വേണ്ടെന്നു പറഞ്ഞതും തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വെളിപ്പെടുത്തിയതും കൊണ്ടാണത്രെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.

ഈ സിനിമ തിരക്കുകൾക്കിടയിലും പ്രിയങ്ക വിവാഹ മോചനത്തിനുള്ള യഥാര്‍ത്ഥ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.2012 ലാണ് പ്രിയങ്കയും തമിഴ് യുവ സവിധായകന്‍ ലോറന്‍സ് റാമും വിവാഹിതരായത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച്അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ടായി. 2016 സെപ്റ്റംബറില്‍ പ്രിയങ്ക ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്തു. മാനസിക പീഡനമായിരുന്നു കാരണം. ആ വര്‍ഷം തന്നെ വേര്‍പിരിയുകയും ചെയ്തു.മകന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടത്തിയതിന് ശേഷം മാത്രമേ സിനിമയുള്ളൂ എന്നാണ് പ്രിയങ്ക പറഞ്ഞിരിയ്ക്കുന്നത്‌

ഈ വര്‍ഷത്തെ ഐപിഎൽ മത്സരങ്ങള്‍ ഇന്ത്യയിൽ തന്നെ നടത്താന്‍ തീരുമാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബിസിസിഐ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും മത്സരക്രമം പുറത്തിറക്കുക. മാര്‍ച്ച് 23ന് മത്സരങ്ങള്‍ തുടങ്ങാനാണ് ആലോചനയെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് കാരണം ഐപിഎൽ വിദേശത്ത് നടത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ ആദ്യഘട്ടമത്സരങ്ങള്‍ യുഎഇയിലും ആണ് നടത്തിയത്.

Copyright © . All rights reserved