Latest News

ആൻഡമാനിലെ സെന്റിനൽ എന്നു കൊച്ചു ദീപിലേക്കാണ് ഇപ്പോൾ ലോകത്തിന്റെ കണ്ണ്. 27 കാരനായ യുഎസ് പൗരൻ ജോൺ അലൻ ചൗ എന്ന യുവാവിന്റെ മൃതദേഹം ആ ദ്വീപിലെ മണ്ണിൽ ജീർണിച്ചു കിടക്കുകയാണ്. ദ്വീപിലെ ഗോത്രവർഗക്കാരുടെ അമ്പേറ്റാണ് അലൻ കൊല്ലപ്പെടുന്നത്. എന്തു വില കൊടുത്തും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ അതത്ര എളുപ്പമുള്ള ജോലിയല്ല.

ആൻഡമാൻ നിക്കോബാർ ഐലൻഡ് പൊലീസ് കഴിഞ്ഞ ദിവസം ദ്വീപ് തീരത്തിന്റെ 400 മീറ്റർ അടുത്ത് വരെയെത്തി. എന്നാൽ മുന്നോട്ടു അധികം പോകാനായില്ല. അമ്പും വില്ലുമേന്തി ഗോത്രവർഗക്കാരെ ബൈനോക്കുലറിലൂടെ വളരെ ദൂരെ നിന്നേ കാണാനായെന്ന് പൊലീസ് ചീഫ് ദിപേന്ദ്ര പഥക് വാർത്താ ഏജൻസികളോടു പറഞ്ഞു. അവർ തങ്ങളെ തുറിച്ചു നോക്കി നിന്നു. ഇനിയും അവിടെ തുടർന്നാൽ ഒരു പക്ഷെ അവർ ആക്രമിച്ചേക്കാം. അതോടെ പിൻവാങ്ങാൻ തീരുമാനിച്ചു– ദിപേന്ദ്ര പറഞ്ഞു.

മതപ്രചാരണത്തിനായാണ് അലൻ ദ്വീപിലെത്തിയത്. കൊലപ്പെട്ട ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ദ്വീപിലേക്ക് കടക്കാന്‍ സഹായിച്ച മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സ്ഥലത്തെക്കുറിച്ച് ഏകദേശസൂചന ലഭിച്ചത്

ജോണിന്‍റെ മൃതദേഹം ആദിവാസികള്‍ വലിച്ചു കൊണ്ടു വരുന്നത് നേരിട്ടു കണ്ട മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം കൈകാര്യം ചെയ്യുന്നതിന് ഏതൊരു സാമൂഹിക വിഭാഗത്തിനും സ്വന്തമായ രീതികളും ആചാരങ്ങളുമുണ്ടാവും. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ ഒരു മൃതദേഹം അതും പുറത്ത് നിന്നും വരുന്ന ഒരാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

കൊലപ്പെടുത്തിയവരുടെ മൃതദേഹം ആദ്യം കുഴിച്ചിടുന്ന നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ അല്‍പ ദിവസങ്ങള്‍ക്ക് ശേഷം അതു പുറത്തെടുക്കും എന്നാണ് ചില നരവംശവിദഗ്ദ്ധരുടെ അഭിപ്രായം. ഇങ്ങനെ പുറത്തെടുക്കുന്ന മൃതദേഹം മുളയില്‍ കുത്തി തീരത്ത് പ്രദര്‍ശിപ്പിക്കും. ദ്വീപിലേക്ക് അതിക്രമിച്ചു കയറുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന തരത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.

2006-ല്‍ ബോട്ട് തകര്‍ന്ന് ദ്വീപിലെത്തിയ രണ്ട് മത്സ്യത്തൊഴിലാളികളെ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപുകാര്‍ വധിച്ചിരുന്നു. ഇവരുടെ മൃതദേഹം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ശ്രമങ്ങള്‍ ഇവര്‍ തടയുകയും തിരച്ചിലിന് പോയ ഹെലികോപ്ടറിനും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നേരെ അമ്പെയ്യുകയും ചെയ്തിരുന്നു. അന്ന് അതിസാഹസികമായി ദ്വീപിലിറങ്ങിയ കമാന്‍ഡന്‍റെ പ്രവീണ്‍ ഗൗറിന്‍റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് സംഘം തീരത്ത് മത്സ്യത്തൊഴിലാളികളുടെ കുഴിമാടം കണ്ടെത്തുകയും അതിലൊന്ന് കുഴിച്ച് ഒരാളുടെ മൃതദേഹം വീണ്ടെടുക്കുകയും ചെയ്തിരുന്നു

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് അവധി നിഷേധിച്ചതിനു വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ ഇരുചക്ര വാഹനത്തിൽ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്ഐ സിസിടിവിയിൽ കുടുങ്ങി. വീഴ്ചയിൽ പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ധർമൻ ചികിൽസയിലാണ്. ചെന്നൈയിലെ തേനാംപെട്ട് സിവിരാമൻ റോഡിൽ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാഫിക് എസ്ഐ രവിചന്ദ്രനെ റിസർവ് പൊലീസിലേക്കു മാറ്റി. സംഭത്തെക്കുറിച്ച് അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ നിർദേശം നൽകി. ഇതിനിടെ സംഭവത്തിൽ പരാതി നൽകാനെത്തിയ ധർമന്റെ ഭാര്യ അഭിരാമിയെ നാലു മണിക്കൂറോളം സ്റ്റേഷനിൽ കാത്തു നിർത്തിയതായും പരാതിയുണ്ട്.

സംഭവ സ്ഥലത്തിനു സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. കഴിഞ്ഞ 21 നാണ് സംഭവം. ബൈക്കിൽ വന്ന ധർമനെ രവിചന്ദ്രൻ തള്ളിയിടുന്നത് വിഡിയോയിൽ വ്യക്തമാണ്. നിയന്ത്രണം തെറ്റി തെറിച്ചു വീണ ധർമൻ തലനാരിഴയ്ക്കാണ് എതിരെ വന്ന മിനിലോറിയുടെ അടിയിൽ നിന്നു രക്ഷപ്പെട്ടത്. തുടർന്നു നിർത്തിയിട്ട ജീപ്പിന് സമീപത്തേക്കു കൊണ്ടുവന്നതിനു ശേഷം മറ്റു പൊലീസുകാരുടെ സഹായത്തോടെ ധർമന്റെ വായിലേക്കു ദ്രാവകം ഒഴിച്ചു കൊടുക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. ധർമൻ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നു വരുത്തി തീർക്കാൻ ചെയ്തതാണിതെന്നു സംശയമുണ്ട്.

ധർമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മദ്യപിച്ചു വാഹനമോടിച്ചു എന്നു രവിചന്ദ്രൻ എഴുതി വാങ്ങിയതായാണു ഭാര്യയുടെ പരാതിയിലും പറയുന്നത്. വോക്കി ടോക്കിയിൽ പരാതി പറഞ്ഞതിനും, മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ധർമനെ ഇതേ ദിവസം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു യഥാർഥ സംഭവം പുറത്തായത്. കഴിഞ്ഞ 6ന് അമ്മയുടെ മരണത്തെ തുടർന്ന് ധർമൻ ഒരാഴ്ച അവധിയെടുത്തിരുന്നു. തുടർന്നു 21ന് അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി ധർമൻ വീണ്ടും അവധി ചോദിച്ചു. എന്നാൽ രവിചന്ദ്രൻ അവധി നൽകിയില്ല.

അമ്മയുടെ ശേഷക്രിയ ചെയ്യാൻപോലും അവധി നൽകുന്നില്ലെന്നു ധർമൻ വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞു. ഇതോടെ സംഭവം ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപെട്ടു. ഇതാണ് രവിചന്ദ്രനെ ചൊടിപ്പിച്ചത്. ധർമൻ മദ്യലഹരിയിലാണു വോക്കി ടോക്കിയിൽ സംസാരിച്ചതെന്നാണ് ഉന്നതരുടെ ചോദ്യത്തിന് രവിചന്ദ്രൻ മറുപടി നൽകിയത്. ഇത് തെളിയിക്കുന്നതിനു വാഹനം തടഞ്ഞു നിർത്തി വായിൽ മദ്യമൊഴിച്ചു കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണു സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാളിയത്. കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യുകയും, ദൃശ്യങ്ങൾ പുറത്തായിട്ടും ക്രൂരത കാട്ടിയ എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധമയി അവധി നൽകണമെന്നും, ജോലി സമ്മർദം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും മദ്രാസ് ൈഹക്കോടതി നേരത്തെ സർക്കാരിനു നിർദേശം നൽകിയിരുന്നു. ജോലി സമ്മർദം ഉയർന്നതിനെ തുടർന്നു പൊലീസുകാർ തന്നെ പ്രതിഷേധിക്കാൻ ആരംഭിച്ചതോടെയാണിത്. മാസങ്ങൾക്കു മുൻപ് മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ചു മറീനയിലെ ഡിജിപി ഓഫിസിനു മുന്നിൽ പൊലീസുകാരൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു

ധോണി ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവയ്ക്കുകയാണ് ഗാംഗുലി നടത്തിയ ഇൗ വെളിപ്പെടുത്തൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായി ധോണി എത്തുന്നതിന് മുൻപുള്ള ഇൗ സംഭവം ഏറെ രസകരമാട്ടാണ് ഗാംഗുലി പറയുന്നത്. അന്നും ഇന്നും െവടിക്കെട്ട് ബാറ്റിങിന്റെ അകമ്പടിയോടെ ഉശിരൻ പ്രകടനം പുറത്തെടുക്കുന്ന ധോണിയെ എതിരാളികൾക്ക് വലിയ പേടിയാണ്. മുൻപ് ഒരു മൽസരത്തിനിടെ പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് ധോണിയെ കുറിച്ച് നടത്തിയ സംഭാഷണമാണ് ഗാംഗുലി ഇപ്പോൾ സൂചിപ്പിക്കുന്നത്.

‘ധോണിയെ ചൂണ്ടിക്കാട്ടി ഒരിക്കൽ മുഷറഫ് എന്നോട് ചേദിച്ചു. ഇവനെ എവിടെ നിന്നുമാണ് കിട്ടിയതെന്ന്. ഞാൻ അന്ന് അദ്ദേഹത്തിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. വാഗാ ബോര്‍ഡറിന് അടുത്തുകൂടെ നടന്നു പോകുന്നത് കണ്ടെന്നും ഉടനെ തന്നെ അവനെ അകത്തേക്ക് വലിച്ചിട്ടുകയായിരുന്നു.’ ഗാംഗുലി പറയുന്നു. 2004ല്‍ ബംഗ്ലാദേശിനെതിരെ ധോണി അരങ്ങേറുമ്പോള്‍ ഗാംഗുലിയായിരുന്നു ഇന്ത്യയുടെ നായകന്‍. അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പെട്ടെന്നു തന്നെ ഇന്ത്യന്‍ ടീമില്‍ ധോണി നിര്‍ണായക സാന്നിധ്യമായി വളരുകയായിരുന്നു.

ഒടി വെക്കാൻ മാണിക്യൻ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി, മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഒടിയൻ, എല്ലാം കൊണ്ടും സിനിമ ലോകത്തെ വിറപ്പിക്കുകയാണ്. ഫാൻസ് ഷോയുടെ കാര്യത്തിൽ ആയാലും കട്ട് ഔട്ടിന്റെ കാര്യത്തിൽ ആയാലും ഒടിയനെ വെല്ലാൻ കേരളത്തിൽ മലയാളത്തിൽ മറ്റൊരു സിനിമ ഇല്ല.

മോഹൻലാൽ നായകനായി എത്തുന്ന ചിത്രം, ഡിസംബർ 14ന് ലോകമെങ്ങും റിലീസിന് എത്തുന്നത്, ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രതി നായകനായി എത്തുന്നത് പ്രകാശ് രാജ് ആണ്.

മുപ്പത് കോടി ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിന്റെ മലയാളം സാറ്റ്‌ലൈറ്റ് അവകാശം മാത്രം 21 കോടി രൂപക്കാണ് നൽകിയിരിക്കുന്നത്. ഏഷ്യാനെറ്റ് 14 കോടിക്കും അമൃത ടിവി 7 കോടിക്കും ആണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഗൾഫ് മേഖലയിലെ വിതരണവകാശത്തിന് ചിത്രം നേടിയിരിക്കുന്നത്, 2.9 കോടി രൂപയാണ്. അതുപോലെ തന്നെ മറ്റു രാജ്യങ്ങളിലായി 1.8 കോടി രൂപയും.

ജനതാ ഗരേജിനും പുലിമുറുകനും ശേഷം തെലുങ്കിൽ വമ്പൻ മാർക്കറ്റ് ഉള്ള മോഹൻലാൽ തെലുങ്ക് അവകാശം വിട്ടഴിഞ്ഞത് 5.2 കോടി രൂപയ്ക്കാണ്. തമിഴിൽ 4 കോടി രൂപയോളം ലഭിക്കും എങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വിതരണ അവകാശങ്ങൾക്കായി ഇതുവരെ 2 കോടിയോളം രൂപ നേടിയ ചിത്രം, ഓഡിയോ റൈറ്റ്‌സും മറയുമായി 1.8 കോടി രൂപയാണ് നേടിയത്. അതുപോലെ തന്നെ തീയറ്റർ അഡ്വാൻസ് ആയി ചിത്രം ഇതുവരെ നേടിയത് 13 കോടി രൂപയാണ്. ഇത് അന്തിമ കണക്കല്ല എന്നാണ് അറിയുന്നത്. മുപ്പത് കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇതുവരെ 51.7 കോടി രൂപ നേടിക്കഴിഞ്ഞു. ശതമാനകണക്കിൽ നോക്കുകയാണെങ്കിൽ 172.33% റിക്കവറി ചെയ്തു കഴിഞ്ഞു ഒടിയൻ ഇതുവരെ.

ലോകമ്പാടും 4000 സ്ക്രീനുകളിൽ സിനിമ റിലീസ് ചെയ്യും എന്നാണ് ഒടിയൻ സംവിധായകൻ വെളിപ്പെടുത്തിയത്. കേരളത്തിലെ 90% തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

സന്നിധാനം: ശബരിമലയില്‍ നവംബര്‍ 30 വരെ നിരോധനാജ്ഞ നീട്ടി. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ദര്‍ശനം നടത്താനെത്തുന്ന ഭക്തര്‍ക്ക് യാതൊരു തടസവും പോലീസ് സൃഷ്ടിക്കില്ല. സംഘമായോ അല്ലാതെയോ ദര്‍ശനത്തിനെത്താം. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശരണം വിളിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകില്ല. സമാധാനപരമായി ദര്‍ശനം നടത്തുന്ന തീര്‍ഥാടകരെയും അവരുടെ വാഹനങ്ങളെയും നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ശബരിമലയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 30 വരെ നീട്ടിയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയത്. ശബരിമലയില്‍ സമാധാന അന്തരീഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് മണ്ഡല-മകരവിളക്ക് കാലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശബരിമലയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ പോലീസ് തടസം സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

ന്യൂസ് ഡെസ്ക്

കുറവിലങ്ങാട് ദേവമാതാ കോളജ് അദ്ധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഇന്ന് രാവിലെ ആണ് അപകടമുണ്ടായത്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജോർജ് തോമസ് (45) ആണ് മരണമടഞ്ഞത്. ഇന്നു രാവിലെ എട്ടരയ്ക്ക് കോളജിലെത്തിയ അദ്ധ്യാപകൻ സ്റ്റാഫ് റൂമിന്റെ ജനാല തുറന്നപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്. ഭാര്യ അന്ന. മക്കൾ ജോർജ്, റോസ്മേരി, ആൻറണി.

സന്നിധാനം: യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്ഞക്കാണ് ഇന്ന് അവസാനമാവുക. അതേസമയം നിരോധനാജ്ഞ പിന്‍വലിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അക്രമങ്ങളാണ് മണ്ഡലകാലത്തിന് മുന്‍പ് രണ്ട് തവണ നട തുറന്നപ്പോഴും ഉണ്ടായത്. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ തന്നെ ഏതാണ്ട് 15,000ത്തോളം പോലീസ് സേനാംഗങ്ങളെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയമിച്ചിരുന്നു. അക്രമങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച നിരവധ സംഘ്പരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

നേരത്തെ നവംബര്‍ 22 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അത് പിന്നീട് 26 വരെ നീട്ടുകയായിരുന്നു. നിലവില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ അക്രമങ്ങള്‍ തടയിടുന്നതിന് സഹായകമായിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കുന്നത് അക്രമങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.

ബ്രിസ്ബേനിൽ നടന്ന ആദ്യ ട്വന്റി20യിലെ ബോളിങ് പരാജയത്തിന് ക്രുനാൽ പാണ്ഡ്യയുടെയും ബാറ്റിങ് പരാജയത്തിന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും സമ്പൂർണ പ്രാശ്ചിത്തം. ഓസ്ട്രേലിയയിയൻ മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പാണ്ഡ്യയുടെയും 19–ാം അർധസെഞ്ചുറി നേടിയ കോഹ്‍ലിയുടെയും മികവിൽ മൂന്നാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൽസരം മഴകൊണ്ടുപോയാൽ പോലും പരമ്പര നഷ്ടമാകുമെന്ന ഭീഷണിക്കിടെ കളത്തിലിറങ്ങിയ ഇന്ത്യ, ആറു വിക്കറ്റിനാണ് ആതിഥേയരെ തറ പറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ, രണ്ടു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി 41 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്സും അടങ്ങുന്നതാണ് കോഹ്‍ലിയുടെ ഇന്നിങ്സ്. ദിനേഷ് കാർത്തിക് 18 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 22 റൺസുമായി കോഹ്‍ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–കാർത്തിക് സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് സമനില പാലിച്ചു. ബ്രിസ്ബേനിൽ നടന്ന ആദ്യ മൽസരം ഓസ്ട്രേലിയ ജയിപ്പോൾ, മെൽബണിൽ നടന്ന രണ്ടാം മൽസരം മഴ തടസ്സപ്പെടുത്തിയിരുന്നു. 2017നു ശേഷം തുടർച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളിൽ തോൽവിയറിയാതെ ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യ, അജയ്യ പരിവേഷവും കാത്തു.

ഓപ്പണർമാരായ ശിഖർ ധവാൻ (22 പന്തിൽ 41), രോഹിത് ശർമ (16 പന്തിൽ 23), ലോകേഷ് രാഹുൽ (20 പന്തിൽ 14), ഋഷഭ് പന്ത് (പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ വെറും 33 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതേ സ്കോറിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത് കോഹ്‍ലി–രാഹുൽ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോർ 108ൽ നിൽക്കെ രാഹുലിനെയും പന്തിനെയും പുറത്താക്കി ഓസീസ് വീണ്ടും ഇരട്ടപ്രഹരം ഏൽപ്പിച്ചെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേർത്ത് കോഹ്‍ലി–കാർത്തിക് സഖ്യം വിജയമുറപ്പാക്കി.

തകർത്തടിച്ചു മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് മിച്ചൽ സ്റ്റാർക്ക് ബോൾ ചെയ്ത ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ധവാനെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ആദ്യം ഔട്ട് നിഷേധിച്ചെങ്കിലും ഡിആർഎസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓസീസ് ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറിൽ ആദം സാംപയെ പരീക്ഷിച്ച ഫിഞ്ചിന്റെ പരീക്ഷണം വിജയം കണ്ടു. രോഹിത് ശർമയെ തീർത്തും നിരായുധനാക്കിയ സാംപ, അഞ്ചാം പന്തിൽ നിർണായക വിക്കറ്റെടുത്തു. 16 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 23 റൺസുമായി രോഹിതും പുറത്ത്.

വിരാട് കോഹ്‍ലി–ലോകേഷ് രാഹുൽ സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും വീണ്ടും രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് തിരിച്ചടിയായി. സ്കോർ 108ൽ നിൽക്കെ ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്. പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന രാഹുൽ 20 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് മടങ്ങി. ഇതേ സ്കോറിൽ അപകടകാരിയായ ഋഷഭ് പന്തിനെ ‘സംപൂജ്യ’നാക്കിയ ആൻഡ്രൂ ടൈ ഇന്ത്യയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിട്ടു.

നേരത്തെ, ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങു തകർത്ത ക്രുനാൽ പാണ്ഡ്യയാണ് ഓസ്ട്രേലിയൻ സ്കോർ 164 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഓസീസ് മണ്ണിൽ ട്വന്റി20യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.

33 റൺസെടുത്ത ഓപ്പണർ ഡാർസി ഷോർട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. 29 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോർട്ട് 33 റൺസെടുത്തത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 23 പന്തിൽ നാലു ബൗണ്ടറികളോടെ 28 റൺസെടുത്തു. 20 ഓവറിൽ 164 റൺസ് നേടിയെങ്കിലും ഓസീസ് ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ലെന്ന പ്രത്യേകതയുമുണ്ട്. എട്ട് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, ഒൻപതാം ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

അടുത്ത ഓവർ ബോൾ ചെയ്ത ക്രുനാൽ പാണ്ഡ്യ ഏൽപ്പിച്ച ഇരട്ടപ്രഹരം കൂടിയായതോടെ ഓസീസ് തളർന്നു. സ്കോർ 73ൽ നിൽക്കെ ഡാർസി ഷോർട്ട് (33), മക്ഡെർമോട്ട് (പൂജ്യം) എന്നിവരെ തുടർച്ചയായ പന്തുകളിൽ കൂടാരം കയറ്റിയ പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ഗ്ലെൻ മാക്സ്‍വെലിനേയും പുറത്താക്കി. 16 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കറേയുടെ നേതൃത്വത്തിൽ ഓസീസ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും തന്റെ നാലാം ഓവർ ബോൾ ചെയ്യാനെത്തിയ പാണ്ഡ്യ കറേയേയും പുറത്താക്കി. 19 പന്തിൽ നാലു ബൗണ്ടറി സഹിതം 27 റൺസായിരുന്നു കറേയുടെ സമ്പാദ്യം. ക്രിസ്‍ ലിൻ (10 പന്തിൽ 13 റൺസ്) ജസ്പ്രീത് ബുമ്രയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ 25), നഥാൻ കോൾട്ടർനീൽ (ഏഴു പന്തിൽ 13) എന്നിവരാണ് ഓസീസ് സ്കോർ 160 കടത്തിയത്.

നാൽപതു വിദ്യാർഥികളുമായി പോയ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാർഥികളും അധ്യാപകരും അദ്ഭുതകരമായി രക്ഷപ്പെട്ടു. . ആസാമിലെ ബാഗ്മതി അബരിഷ നഗറിലാണ് നടുക്കുന്ന സംഭവം. ബസ് പൂർണമായും കത്തി നശിച്ചു. ബസിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധ്യാപകരും വിദ്യാർഥികളും ബസിൽ നിന്നും ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബാഗ്മതിയിലെ സെറിഗ്ന ഫൗണ്ടേഷൻ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്റെ വിഡിയോ സോഷ്യൽ ലോകത്തും പ്രചരിക്കുകയാണ്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. നരസിംഹറാവു മന്ത്രിസഭയില്‍ 1991 മുതല്‍ 95 വരെ കേന്ദ്ര റയില്‍വേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീനാ ബീവിയാണ് ഭാര്യ.

1933 ൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലുള്ള ചല്ലക്കരെയിലാണ് ജാഫർ ഷെരീഫ് ജനിച്ചത്. കോൺഗ്രസ് നേതാവ് നിജലിംഗപ്പയുടെ അനുയായിയായി രാഷ്ട്രീയത്തിലെത്തിയ ഷെരീഫ് 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. എഴു തവണ എംപിയായി. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ പ്രധാന പങ്കു വഹിച്ചത് ജാഫര്‍ ഷെരീഫാണ്. ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഷെരീഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved