ബിനോയി ജോസഫ്
നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.
മലയാളം യുകെ അറിയിപ്പ്
യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ 00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല.
കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.
“ഇനിയെന്ത് വന്നാലും അതെല്ലാം നേരിടാനുള്ള വലിയ അനുഭവമാണ് ഈ പ്രളയത്തിലൂടെ നമ്മളെല്ലാം നേടിയതെന്ന് ടൊവീനോ ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരോട് പറഞ്ഞു”
വലുപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ക്യാംപുകളിൽ ഉറക്കമൊഴിച്ച് വോളന്റീയറുമാർക്കൊപ്പം സജീവമാണ് ടൊവീനോയും. തലയിൽ അരചാക്കേറ്റിയും ഗ്യാസ്കുറ്റി ചുമന്നുമൊക്കെ താരം സാധാരണക്കാരിലൊരാളായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ വൈറലാകുന്നത് ദുരിതാശ്വാസ ക്യാംപുകളിൽ താരം പറഞ്ഞവാക്കുകളാണ്. അത്രമേൽ ഊർജമേകുന്നതാണ് ടൊവീനോയുടെ ഓരോ വാക്കും.
വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുഴുവന്‍ ചെയ്യുക. കേരളത്തിലെ ചിലരുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ദുരന്തമാണ് നമ്മള്‍ കണ്ടത്. എന്തുവന്നാലും നേരിടാനുള്ള ആർജവം നമുക്കെല്ലാവർക്കുമുണ്ട്. പ്രളയത്തിന്റെ പോസിറ്റീവ് വശങ്ങൾ കൂടി കാണാൻ ഈ അവസരം പ്രയോജനപ്പെടുത്തകയാണ് വേണ്ടതെന്ന് ടൊവിനോ പറയുന്നു.
പ്രളയത്തിന്റെ ആദ്യദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുത്തുകൊണ്ടാണ് ടൊവീനോ ഞെട്ടിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു വളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനും പായ്ക്ക് ചെയ്ത് ലോറിയിലാക്കി അയയ്ക്കുന്നതിനും ടൊവീനോ മുന്‍പന്തിയിലുണ്ടായിരുന്നു. ഒട്ടും താരപരിവേഷമില്ലാതെ ക്യാമ്പുകളില്‍ ഓടി നടന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ച ടൊവീനോ ഏവരുടെയും ഹൃദയം കവര്‍ന്നു.
ഓരോ ഘട്ടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ടൊവിനോയുടെ വാക്കുകളും വൈറലായി. കേരളത്തിലെ ജനങ്ങളോടുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു അത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവീനോയുടെ പ്രവര്‍ത്തനമെങ്കിലും ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് യുവതാരം കാഴ്ച വച്ചത്.
മന്ത്രി കെ.രാജുവിന്‍റെ പ്രളയകാല ജര്‍മനി യാത്രയില്‍ രാഷ്ട്രീയ വിവാദം മൂക്കുന്നു. ഇതു സംബന്ധിച്ച കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ രാജു കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ യാത്രയ്ക്ക് പോകുമ്പോള്‍ മന്ത്രിയുടെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. മന്ത്രി രാജു വകുപ്പ് ചുമതല പി.തിലോത്തമന് കൈമാറിയതാണ് വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണ് നടന്നത് എന്നത് വിവാദത്തിന്‍റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.
മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുനത്തലുണ്ട്. ജര്‍മന്‍ യാത്രക്ക് പാര്‍ട്ടി അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രക്കു മുന്‍പുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് മുതിര്‍ന്നനേതാക്കള്‍.
ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. മുപ്പത്തേഴുകാരനായ ചാള്‍സ് കോതേരിത്തറയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമി വെടിവയ്ക്കുകയായിരുന്നെന്നാണ് നിഗമനം. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും മകനാണ് മരിച്ച ചാള്‍സ്.
തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ട്രെയിന്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ വേഗനിയന്ത്രണമുള്ളതിനാല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി ദീര്‍ഘദൂര സര്‍വ്വീസകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പാതകളെല്ലാം രണ്ട് ദിവസത്തിനകം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തൃശൂര്‍ഗുരുവായൂര്‍ പാതയിലും കൊല്ലംചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനം വിടാനായി ട്രെയിന്‍ കാത്ത് സ്റ്റേഷനുകളിലെത്തിയിരിക്കുന്നത്. നോര്‍ത്തിലേക്ക് യാത്ര ചെയ്യുന്ന പരിമിതമായ ട്രെയിനുകള്‍ മാത്രമെ നിലവിലുള്ളു. ഇവയെല്ലാം തിങ്ങി നിറഞ്ഞാണ് ഓടുന്നത്. ചെന്നൈമംഗളൂരു അടക്കമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്‌പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളംഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. കുതിരാന്‍, താമരശേരി ചുരം തുടങ്ങിയ സംസ്ഥാനത്തെ നിര്‍ണായക റോഡുകള്‍ പൂര്‍ണമായും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ചരക്ക് നീക്കം ദ്രുതഗതിയിലാക്കാനാണ് അധികൃതരുടെ പദ്ധതി. സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൊച്ചി നേവല്‍ ബേസില്‍ നിന്നും ആഭ്യന്തര വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. നെടുമ്പാശേരി വിമാനതാവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളീയരെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മസ്‌ക്കറ്റിലെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണു പിരിച്ചുവിട്ടത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സാനിട്ടറി നാപ്കിന്‍ ആവശ്യപ്പെട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കീഴെയാണ് ഗര്‍ഭനിരോധന ഉറ കൂടി തരാം എന്ന രാഹുലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണുണ്ടായത്.
കമ്പനി വിശദീകരണം ചോദിക്കുക കൂടി ചെയ്തതോടെ രാഹുല്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തില്‍ അല്ലാതായ സമയത്തായിരുന്നു കമന്റിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. ലുലു ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ യൂസഫലിയുടെയും ഫെയ്‌സ്ബുക്ക് പേജുകളില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്റുമായി രംഗത്ത് എത്തിയിയിരുന്നു.
കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ തീര്‍ത്തും അപകീര്‍ത്തിപരമായ കമന്റാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള കുറിപ്പില്‍ അറിയിച്ചു.
ദില്ലി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ചു കോൺഗ്രസ്. 5000 കോടി രൂപയ്ക്കു പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര സഹായം 500 കോടിയായി ചുരുക്കിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഫണ്ടുകൾ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാനാണ് മോദിക്കു താൽപര്യമെന്നും കോൺഗ്രസ് ആരോപിച്ചു.
നവ്ജ്യോത് സിങ് സിദ്ദു പാക്കിസ്ഥാനിലേക്കു പോയത് പഞ്ചാബ് മന്ത്രിയെന്ന നിലയിലോ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലോ അല്ലെന്നും കോൺഗ്രസ് വക്താവ് ജയ്‌വീർ ഷേർഗിൽ പറഞ്ഞു. ക്രിക്കറ്റ് സുഹൃത്തെന്ന നിലയിലാണ് ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദു പോയതെന്നും ഇക്കാര്യത്തിൽ കോൺഗ്രസിനു പറയാനുള്ളതു പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഷേർഗിൽ പറഞ്ഞു.
തിരുവനന്തപുരം: പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ ഒറ്റപ്പെട്ട അവസാന ആളെയും രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും ദുരിതശ്വാസ ക്യാന്പുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർക്ക് അതിജീവനത്തിന് തത്കാലത്തേക്ക് ആവശ്യമായ കിറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവർക്ക് നേരിട്ടു സഹായങ്ങൾ നൽകുന്നതു വിലക്കിയ മുഖ്യമന്ത്രി, ചില സംഘടനകൾ പ്രത്യേക ചിഹ്നങ്ങളും മുദ്രകളും ധരിക്കണമെന്ന് ആവശ്യപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സംസ്ഥാനത്താകെ 3214 ക്യാന്പുകളിലായി 10,78,073 പേരാണ് കഴിയുന്നത്. 2,12,735 സ്ത്രീകൾ, 2,23,847 പുരുഷൻമാർ, 12 വയസിൽ താഴെയുള്ള 1,00,491 കുട്ടികൾ എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. വീടുകളിലേക്കു മടങ്ങിയെത്താവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. വീടുകൾ വാസയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തും. അതുവരെ ദുരിതാശ്വാസ ക്യാന്പുകൾ തുടരും- മുഖ്യമന്ത്രി പറഞ്ഞു.
ഒഴിഞ്ഞുപോയ വീടുകളിലേക്ക് തനിയെ ചെന്നുകയറുന്നത് ഒഴിവാക്കണം. മറിച്ചായാൽ അപകടങ്ങൾക്കു അത് വഴിവയ്ക്കും. വൈദ്യുതി ബന്ധം തകർന്നയിടങ്ങളിൽ കണക്ഷൻ ലഭ്യമാക്കാൻ കഐസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യമായി വയറിംഗ്, പ്ലംബിംഗ് ചെയ്തു നൽകാൻ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം കേരളത്തിലേക്ക് എത്തുന്നുണ്ട്. ചികിത്സാ ആവശ്യങ്ങളിൽ ഐഎംഎയുടെ സഹകരണം ലഭിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ സഹായങ്ങൾ കൈമാറേണ്ടത്. അത് അദ്ദേഹം വിതരണം ചെയ്യും. ക്യാന്പിൽ കഴിയുന്നവർക്കു നേരിട്ടു സഹായം നൽകകേണ്ടതില്ല. ഒരു കുടുംബംപോലെ കഴിയുന്നവർക്ക് ഒരേപോലെ സാധനങ്ങൾ ലഭിക്കണം. ചില സംഘടനകൾ അവരുടെ അടയാളങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്നായി ശ്രദ്ധയിൽപ്പെട്ടു. അത് അനുവദിക്കാൻ കഴിയില്ല. സർക്കാർ സംസ്ഥാനത്തെ ഓണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. പ്രളയസാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കണമെന്നാണു സർക്കാർ അഭ്യർഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നും ഇതിനായി 29-ാം തിയതി തിരുവനന്തപുരത്തു ചടങ്ങ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത യുവതീയുവാക്കളെ മുഖ്യമന്ത്രി അകമഴിഞ്ഞു പ്രശംസിച്ചു. പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ഉൾപ്പെട്ടു നനഞ്ഞുപോയ നോട്ടുകൾ മാറ്റിനൽകണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം ചെയ്തു നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി: പ്രളയ ദുരിത മേഖലകളിൽ പാന്പ് ശല്യം രൂക്ഷമാവുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്കു മടങ്ങിയെത്തുന്ന അങ്കമാലി, പറവൂർ, കാലടി മേഖലകളിലാണ് ഇഴ ജന്തു ശല്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവിടെ 50 പേരാണ് പാന്പുകടിയേറ്റു ചികിത്സ തേടിയത്.
അണലി, ഇരുതലമൂരി, മൂർഖൻ, ചേര എന്നീ പാന്പുകളിലാണ് വെള്ളത്തിൽ ഒഴുകിയെത്തിയത്. പാന്പുകടിയേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
നോട്ടിംഗ്ഹാം: ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിനം ചായയ്ക്ക് പിന്നാലെ കോഹ്‌ലി പരന്പരയിലെ രണ്ടാം സെഞ്ചുറി നേടി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 281/3 എന്ന ശക്തമായ നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് നിലവിൽ 449 റണ്‍സിന്‍റെ ലീഡുണ്ട്.