ചലച്ചിത്രനടന്‍ അയ്യപ്പന്‍കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റിനെ ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .73 വയസ്സായിരുന്നു ആദ്യമായി അദ്ദേഹം അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതു മൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പൊലീസ്.
രാവിലെ ആലുവാ മണപ്പുറത്തെത്തിയ ഏണസ്റ്റ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്‌കാരം ഇന്ന് സെമിത്തേരി മുക്കിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
അമ്പോ മഹാ ഭാഗ്യം തന്നെ ! തിരുവനന്തപുരത്ത്ചീറിപായുന്ന റോഡില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഒരാള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട സംഭവം, കല്ലമ്പലം എന്ന സ്ഥലത്തെ തിരക്കേറിയ ജംഗ്ഷനിലാണ് സ്‌കൂട്ടര്‍ യാത്രക്കാരി മരണത്തെ തോല്‍പ്പിച്ചത്.
ആദ്യം ഒരു വാഹനത്തില്‍ ഇടിച്ച് വീണ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ പരിക്കൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും അതേ സ്‌കൂട്ടറില്‍ യാത്ര തുടരാനാണ് യുവതി തുനിഞ്ഞത്. എന്നാല്‍ സ്‌കൂട്ടറില്‍ കയറിയയുടന്‍ നിയന്ത്രണം വിട്ട് അത് വഴി വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ പിൻ ചക്രങ്ങൾ അവരുടെ ദേഹത്ത് കയറാതെ രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. മണിയെക്കുറിച്ചുള്ള പുതിയ സിനിമയില്‍ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.
മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. 2016 മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുൾപ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.
എന്നാൽ ആരോപിക്കുംവിധം മനഃപൂർവം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാൻ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോർട്ടുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ദേശീയപുരസ്കാരം നിരസിച്ചതിൽ വിഷമമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. അവാർഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.
”പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാർഡ് തരുന്നതെന്ന്. അപ്പോ അടുത്ത ഫ്ലൈറ്റിന് ഞാൻ ഇങ്ങോട്ടു പോന്നു.” ഷൂട്ടിങ് നിർത്തിവെച്ചാണ് അവാർഡ് വാങ്ങാൻ പോയത്. ശേഖർ കപൂർ സർ വിളിച്ചിരുന്നു. അഭിനന്ദനമറിയിക്കാനാണ് വിളിച്ചത്. വേറാരും വിളിച്ചില്ല”, ഫഹദ് പറഞ്ഞു.
സിനിമകളുടെ എണ്ണം കുറയാൻ കാരണം താൻ സെലക്ടീവ് ആയതല്ലെന്ന് ഫഹദ് പറയുന്നു. ”ഞാൻ സെലക്ടീവല്ല. 2013ല്‍ 11 സിനിമകളാണ് ചെയ്തത്. ഡയമണ്ട് നെക്ക്‌ലസ് കഴിഞ്ഞ് ഒരുവർഷം വെറുതെയിരുന്നു. അതിനുശേഷമാണ് അന്നയും റസൂലും ചെയ്യുന്നത്. ആ വർഷം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ മാത്രമാണ് ചെയ്തത്.
”വർക്കിങ് രീതികൾ മാറിയതാകാം സിനിമകളുടെ എണ്ണം കുറയാൻ കാരണം. വെറുതെ തിരക്കഥ കേൾക്കുന്നതിൽ നിന്ന് സംവിധായകനുമായി കൂടുതൽ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഒരു വർഷം ഇത്രം സിനിമകൾ ചെയ്യണം എന്ന പ്ലാൻ ഇപ്പോഴുമില്ല.
”സിനിമകളുടെ എണ്ണം കുറച്ചതാണ് വിജയത്തിന് പിന്നിലെന്ന് കരുതുന്നില്ല. പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയതാകാം വിജയത്തിന് പിന്നിൽ. രണ്ടുവർഷം മുൻപാണ് വരത്തന്‍ ചെയ്തതെങ്കിൽ ഇത്ര ഭംഗിയായി എബിയെ അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു, ഫഹദ് പറഞ്ഞു
കൊട്ടിയം പൊലീസ് പരിധിയിലെ ചെറിയേല ഭാഗത്ത് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ഉൾപ്പെട മൂന്ന് പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയോടെയാണ് പെൺകുട്ടികളെ രണ്ട് പേർ ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുപോയത്.രണ്ട് പേർ സഹോദരിമാരുടെ മക്കളും ഒരാൾ അവരുടെ അയൽവാസിയുമാണ്.
ഒരാൾ 19 വയസുകാരിയും മറ്റ് രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. പരവൂർ കലയ്ക്കോട് സ്വദേശികളായ ദീപുവും ഉല്ലാസുംചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്നലെ അർദ്ധരാത്രി ഒരു മണിക്കുശേഷം മുഖത്തലക്ഷേത്ര പരിസരത്ത് നിന്നാണ് പെൺകുട്ടികൾപോയത്. പൊലീസ് ആശയവിനിമയം നടത്തിയപ്പോൾ ഇന്ന് രാവിലെ പെൺകുട്ടികളിൽ ഒരാൾ ഫോണെടുത്ത് രഹസ്യമായി സംസാരിച്ചു. ദീപുവിന്റെ വീട്ടിലാണ് തങ്ങൾ ഉള്ളതെന്നും രക്ഷിക്കണമെന്നും പറഞ്ഞ പെൺകുട്ടിക്ക് സ്ഥലം കൃത്യമായി പറയാൻ കഴിഞ്ഞില്ല.
ദീപുവും ഉല്ലാസും ഉറക്കമായിരുന്നവേളയിലാണ് ഈ പെൺകുട്ടി പൊലീസുമായി സംസാരിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കൃത്യമായ ടവർ ലൊക്കേഷൻ വച്ച് പെൺകുട്ടികളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 5 ദിവസം മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തെക്കുറിച്ച് അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ന്യൂനമര്‍ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
വത്തിക്കാൻ സിറ്റി: ഇംഗ്ലണ്ടിൽനിന്നുള്ള 36 കത്തോലിക്കാ മെത്രാന്മാർ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. സെപ്റ്റംബർ 23 മുതൽ 30 വരെ ആയിരുന്നു ആദ് ലിമിനാ സന്ദർശനം.
പ്രാർഥനയ്ക്കും സുവിശേഷപ്രസംഗത്തിനും മെത്രാന്മാരുടെ ജീവിതത്തിൽ ഒന്നാംസ്ഥാനം ഉണ്ടായിരിക്കണമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാൻ മെത്രാൻമാർക്കു സാധിക്കണം.
മാർപാപ്പ എന്ന നിലയിൽ 2013 മാർച്ച് മുതലുള്ള ജീവിതത്തിലും ശുശ്രൂഷയിലും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒരുദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്് അദ്ദേഹം പറഞ്ഞു.
ബിഷപ്സ് കോൺഫറൻസി ന്‍റെ പ്രസിഡന്റ് വെസ്റ്റ് മിൻസ്റ്റർ ആർച്ച്ബിഷപ് കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ നേതൃത്വത്തിലെത്തിയ സംഘം വത്തിക്കാനിലെ കാര്യാലയങ്ങൾ സന്ദർശിച്ച് കൂടിയാലോചനകൾ നടത്തി. വിശുദ്ധ പത്രോസിന്റയും പൗലോസിന്റെയും കബറിടങ്ങൾ സന്ദർശിച്ച് ദിവ്യബലി അർപ്പിക്കുകയും വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കലും തന്റെ പ്രഥമ ആദ് ലിമിനാ സന്ദർശനം നടത്തി.
ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് പോലെ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനപകടത്തിലല്ലെന്നും മരണത്തിന് കാരണക്കാരനായത് മുന്‍ റഷ്യന്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ അഭയം തേടിയ നേതാജിയെ റഷ്യയില്‍ വച്ച് കൊല്ലുകയായിരുന്നു. രവീന്ദ്ര ശതഭര്‍ഷികി ഭവനില്‍ സംസ്‌കൃതിക് ഗൗരവ് സന്‍ഗസ്ത സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ ആരോപണം.
‘നേതാജി കൊല്ലപ്പെട്ടത് 1945ലെ വിമാനപകടത്തിലാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ വിവരമാണ്. നെഹ്‌റുവിന്റെയും റഷ്യയുടെയും ഗൂഢാലോചനയാണിത്. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. റഷ്യയില്‍ നേതാജി അഭയം തേടിയിരുന്നു. അവിടെ വച്ച് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്നാല്‍ ഇതെല്ലാം ജവഹര്‍ലാല്‍ നെഹ്‌റുവിന് അറിയാമായിരുന്നു’- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
സുഭാഷ് ചന്ദ്രബോസ് 75 വര്‍ഷം മുമ്പ് സിംഗപ്പൂരില്‍ രൂപീകരിച്ച ആസാദ് ഹിന്ദ് സര്‍ക്കാര്‍ കാരണമാണ് 1948ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 1948ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് ആറ്റ്‌ലീ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കൊളോണിയലിസ്റ്റുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടന്നും ഇനി യുദ്ധം ചെയ്താല്‍ ബ്രിട്ടീഷുകാര്‍ക്ക് പരാജയം നിശ്ചയമാണെന്ന് ഉറപ്പുണ്ടായിരുന്നതായും അന്ന് ആറ്റ്‌ലീ പറഞ്ഞതായി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ദേശാഭിമാനി ജീവനക്കാരനായിരുന്ന കടുങ്ങല്ലൂര്‍ മുപ്പത്തടം രാമാട്ട് വീട്ടില്‍ മോഹൻ ((42) ദാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്‌ക്കും കാമുകനും ജീവപര്യന്തം കഠിനതടവും പിഴയും. ഭാര്യ സീമ (40), കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ‌്കുമാർ (39) എന്നിവർക്കാണു അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി എൻ വി രാജു ശിക്ഷ വിധിച്ചത്. ഗിരീഷ‌്കുമാറിനു 50,000 രൂപയും സീമയ്ക്ക‌് 10,000 രൂപയും പിഴയും വിധിച്ചു. പണമടച്ചില്ലെങ്കിൽഗിരീഷ‌്കുമാർ രണ്ടുവർഷവും സീമ ആറു മാസവും അധിക തടവുശിക്ഷ അനുഭവിക്കണം.
2012 ഡിസംബർ രണ്ടിനു രാത്രി 7.45നു കണ്ടെയ്നർ റോഡിലാണു കൊലപാതകം. സംഭവത്തിന് അഞ്ചു വർഷം മുമ്പാണു സീമയും ഗിരീഷ‌്കുമാറും പരിചയപ്പെട്ടത്. ഇരുവരും എറണാകുളത്ത് അടുത്തടുത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു. സീമയുടെ സുഹൃത്തെന്ന നിലയിൽ മോഹൻദാസിനു ഗിരീഷ‌്കുമാറിനെ അറിയാമായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തിരിമറി നടത്തി ഗിരീഷ‌്കുമാർ ഒരു കോടി രൂപയോളം കൈക്കലാക്കി. ഈ തുക ഉപയോഗിച്ചു സീമയും ഒട്ടേറെ വസ്തുക്കൾ വാങ്ങിക്കൂട്ടി. പിന്നീടു സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ പണം സ്ഥാപനത്തിലേക്കു തിരിച്ചുനൽകേണ്ടിവന്നു.
സാമ്പത്തിക ബാധ്യത തീർക്കുന്നതിനും മറ്റുകാര്യങ്ങൾക്കും മോഹൻദാസ് വഴങ്ങിയില്ല. തുടർന്ന‌് 2009 മുതൽ ഒട്ടേറെ തവണ ഇരുവരും ഗുരുവായൂരിലെ നെന്മണി ലോഡ്ജിൽ മുറിയെടുത്തു മോഹൻദാസിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചു ഗൂഢാലോചന നടത്തി. സംഭവദിവസം ജോലിക്കു പോകുകയായിരുന്ന മോഹൻദാസിനെ ഫോണിൽ വിളിച്ച സീമ,
ഗിരീഷ‌്കുമാറിന്റെ ബന്ധു ആശുപത്രിയിലാണെന്നും അയാൾ വഴിയിൽ നിൽക്കുന്നുണ്ടെന്നും ബൈക്കിൽ കയറ്റിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചു മോഹൻദാസ് ഗിരീഷ‌്കുമാറിനെ ബൈക്കിൽ കയറ്റി. യാത്രയ്ക്കിടെ മോഹൻദാസിനെ ഗിരീഷ‌്കുമാർ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽനിന്നു വീണ മോഹൻദാസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെചെന്ന‌് ഗിരീഷ‌്കുമാർ കഴുത്തറുത്തു.
അപകടം പറ്റിയതാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മൃതദേഹവും ബൈക്കും കിടന്നിരുന്ന അകലം സംശയത്തിനിടയാക്കി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഹൻദാസ് സുഹൃത്ത് രാജീവിനെ മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ‌്തിരുന്നു. ഗൂഢാലോചനയ്ക്കായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, പ്രതികളുടെ കോൾ ഡീറ്റയിൽസ് എന്നിവ പ്രധാന തെളിവുകളായി.
കൃത്യത്തിനുശേഷം അമ്പതോളം തവണ ഇരുവരും മപരസ്പരം വിളിച്ചിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ക്ലോറോഫോം കുപ്പി എന്നിവ അന്വേഷണസംഘം കണ്ടെത്തി. എറണാകുളം ടൗൺ നോർത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം ജി സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വിഭാഗം 45 സാക്ഷികളെ വിസ്തരിച്ചു. 69 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ജ്യോതി അനിൽകുമാർ, പി ശ്രീരാം, കെ കെ സാജിത എന്നിവർ ഹാജരായി.
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകന്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യൻ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേർ മരിച്ചതായാണ് റിപ്പോർട്ട്.
7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിലും തുടർചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികൾ അടക്കമുള്ള കെട്ടിടങ്ങളും തകർന്നു. സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് ആഞ്ഞടിച്ച പത്തടി ഉയരമുള്ള സുനാമി തിരമാലകൾ നിരവധി കെട്ടിടങ്ങളെ വിഴുങ്ങി.
സമുദ്രതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പാലു നഗരത്തിലെ പ്രധാന ആശുപത്രിക്കു ഭൂകന്പത്തിൽ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിക്കു പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്.