കേരളത്തിൽ മഴയുടെ ശക്തി രൗദ്രഭാവം പൂണ്ട് 24 അണക്കെട്ടുകളും തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തെ കാത്തുനിർത്തി. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 135 അടിയാണ്. സാധാരണ ഗതിയിൽ ഏറ്റവുമാദ്യം നിറഞ്ഞുതുളുന്പാറുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലവിതാനം താഴ്ന്നുനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ജലനിരപ്പ് 136 അടിയിലെത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ മൂന്നുദിവസമായി മുകളി ലേക്കു പോയിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396 അടിയിലെത്തിയപ്പോഴും അണക്കെട്ട് തുറക്കാൻ വൈദ്യുതി ബോർഡും ഡാം സുരക്ഷാ അഥോററ്റിയും ആലോചിച്ചതിനുപിന്നിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയർച്ചയായിരുന്നു.
തേക്കടി മേഖലയിലെ മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി താഴുകയും ചെയ്തതോടെയാണ് ഇടുക്കി തുറക്കുന്നതിനു സാവകാശം നൽകാൻ അധികൃതർ തീരുമാനിച്ചത്. മൂന്നുദിവസമായി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ ഏറെ ശക്തമായി. ഇടുക്കി അണക്കെട്ടിലേക്കു റിക്കാർഡ് അളവിൽ വെള്ളം ഒഴുകിയെത്തിയപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുനിൽക്കുകയാണ്. ഇവിടെ വൃഷ്ടി പ്രദേശത്തു മഴയും കുറവാണ്. തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കിൽ ഒട്ടും വർധന ഉണ്ടാക്കിയിട്ടില്ല.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ പ്രതിരോധത്തിലാക്കി വൈദികരുടെ മൊഴി. അന്വേഷണസംഘം നാലു വൈദികരുടെ മൊഴി എടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ അറിയിച്ചു. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി. അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ക്രമസമാധാന നില പരിശോധിച്ച ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക.
.
വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തിയിരിക്കുന്നത്. ബിഷപ്പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്.
ബിഷപ്പിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ഇന്നലെ വിശ്വാസികള്‍ ജലന്ധറില്‍ എത്തി തങ്ങിയിരുന്നു. ഒരാഴ്ച മുന്‍പാണ് സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ജലന്ധറില്‍ എത്തിയത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 55 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി ആണ് തയ്യാറാക്കിയിട്ടുള്ളത്.
ഇടുക്കി: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് താഴുന്നു. ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ഡാമിലേക്കുള്ള നീരൊഴുക്ക് കാര്യമായി കുറഞ്ഞതും ജലനിരപ്പ് താഴാന്‍ കാരണമായി. രാവിലെ 10 മണിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2400.92 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
നിലവില്‍ പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കില്ല. കൂടിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. പെരിയാറില്‍ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയര്‍ന്നത്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം എത്തിയത് വേലിയിറക്ക സമയമായതിനാലാണ് ജലനിരപ്പ് കാര്യമായി ഉയരാതിരുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചില്ല. പെരിയാറില്‍ കലങ്ങിയ വെള്ളമായതിനാല്‍ കൊച്ചിയിലേക്കുള്ള കുടിവെള്ള പമ്പിംഗ് കുറച്ചിട്ടുണ്ട്. ആലുവാ മണപ്പുറവും ക്ഷേത്രവും മുങ്ങിയതിനാല്‍ ഇന്ന് കര്‍ക്കടക വാവുബലി സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളിലാണ് നടത്തുന്നത്.
കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങി പോയത് നമ്മള് കണ്ടതാണ്. കേരളത്തിലും ഇത് പലയിടത്തും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം. വാഹനത്തില്‍ വെള്ളം കയറിയാല്‍ ചെയ്യേണ്ടത് എന്തൊക്കെ ?
വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ഓര്‍ക്കേണ്ടത് ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ടാക്കരുത് എന്നതാണ്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരുന്നാല്‍ അത്രയും നല്ലതാണ്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ ഷോറൂമില്‍ എത്തിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് കവറേജ് പോലും ലഭിക്കുകയുള്ളു. വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും.
ഇനി വാഹനം കെട്ടിവലിച്ചുകൊണ്ട് പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിലുമുണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. ഏറ്റവും സെയിഫായി വാഹനം കൊണ്ടു പോകാന്‍ സാധിക്കുന്നത് കാര്‍ ടവ്വിങ് ഹെവിക്കിള്‍സില്‍ വാഹനം കയറ്റിക്കൊണ്ട് പോകുന്നതാണ്. മുന്‍പത്തെ വീലുകള്‍ നിലത്ത് ഉരുളുന്ന തരത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയാലും കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. സര്‍വീസ് സെന്ററില്‍ എത്തിയാല്‍ വാഹനത്തിന്റെ എന്ജിന് ഓയില്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറേണ്ടതായി വരും. ഇന്ധനം ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്ക്കേണ്ടതായും വരും. ഇതിനൊക്കെ മുന്‍പെ, വാഹനത്തില്‍ വെള്ളം കയറുന്നതിനും മുന്‍പ് ചെയ്യേണ്ട ഒരു കാര്യമുണ്ട് – ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന് അനീഷുമായി കന്യകളെ വെച്ചുള്ള പൂജയ്ക്ക് ആലോചിച്ചിരുന്നതായും ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ഉപയോഗിച്ച് ഇക്കാര്യം പരീക്ഷിക്കാന്‍ ശ്രമിച്ചതായും സംശയം. കൃത്യം നടത്തിയ ശേഷം അനീഷ് കൃഷ്ണന്റെ ഭാര്യ സൂശീലയുടെയും അര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞിട്ടുണ്ട്.
കൊലപ്പെടുത്തിയ ശേഷം അര്‍ഷ കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് ലിബീഷിനോട് ആവശ്യപ്പെടുകയും തന്റെ അറിവ് വെച്ച് ലിബീഷ് വിരല്‍ കടത്തി പരിശോധന നടത്തിയെന്നുമാണ് ലിബീഷ് പോലീസിനോട് പറഞ്ഞത്. സുശീലയുടെ മൃതദേഹത്തില്‍ ഇതിനിടയില്‍ അനീഷ് ലൈംഗികത പരീക്ഷിക്കുകയും ചെയ്തു. അതേസമയം ഈ ആരോപണം അനീഷ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.
കൊലപാതകം നടത്തിയ വീട്ടില്‍ അനീഷും ലിബീഷും മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് അനീഷ് വീട്ടില്‍ കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നാണ് പോലീസിന്റെ സംശയം. നേരത്തേ പൂജയ്ക്കായി കന്യകളെ കിട്ടുമോ എന്ന വിവരം കൃഷ്ണന് തന്നോട് ചോദിച്ചിരുന്നതായി അനീഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഷയില്‍ ലിബീഷ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തില്‍ പൂജ പോലെയുള്ള നീക്കം പ്രതികള്‍ നടത്തിയതായുള്ള സംശയം ഉയരുന്നുണ്ട്.
കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കർക്കിടകവാവ് ബലിതർപ്പണത്തിന് മണപ്പുറം റോഡിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് താൽക്കിലക ബലിത്തറകൾ ഒരുക്കും. മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലുമായി ഇതിനുവേണ്ടി അന്‍പതോളം ബലിത്തറകളാണ് ഒരുക്കുന്നത്. കർമ്മം നടത്തുന്നതിന് ദേവസ്വം ബോർഡ് നേരത്തെ ലേലം ചെയ്ത് അനുമതി നൽകിയ കർമ്മിമാരുടെ ലിസ്റ്റ് പോലീസിനു കൈമാറിയിട്ടുണ്ട്. മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നന്പൂതിരിയുടെ കാർമികത്വത്തിൽ വാവുബലിയുടെ ചടങ്ങുകൾ ആരംഭിക്കും. ഐത്യഹ്യപെരുമയേറിയ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനായി ധാരാളം വിശ്വാസികളാണ് എത്താറുള്ളത്. ഇക്കൊല്ലം ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു തവണയാണ് ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. പെരിയാറിന്റെ മറുകരയിലുള്ള ശ്രീനാരായണ ഗുരുസ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും.
ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാൽ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. ഇതോടെ ഇടുക്കി ഡാമിൽ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികൾ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയർത്തി വയ്ക്കുമെന്ന് കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കനത്ത മഴയോടൊപ്പം ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയതിനെ തുടർന്ന് ചെങ്കൽത്തോട്ടിൽ ജലനിരപ്പ് ഉയരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക ഒഴിയുന്നില്ല. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിനു സമീപം വ്യാഴാഴ്ച വൈകിട്ട് വെള്ളം കയറിയിരുന്നു. ഇതുമൂലം രണ്ടു മണിക്കൂർ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി.
അതിനിടെ, വിമാനത്താവളത്തിലുള്ള ഹജ് ക്യാന്പിലേക്കുള്ള സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഹജ് വിമാനങ്ങൾ മുടങ്ങിയാൽ കൂടുതൽ യാത്രക്കാരെ ഇവിടെ താമസിപ്പിക്കേണ്ടിവരും. സന്ദർശകരുടെ സാന്നിധ്യം ഇതിനു തടസമാകും എന്ന വിലയിരുത്തലിലാണു നടപടി.
ചെറുതോണിയിൽ നിന്നും ഇന്ന് സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ഉച്ചയോടുകൂടി വിമാനത്താവളത്തിൽ വീണ്ടും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിമാനത്താവളത്തിലെ ക്രൈസിസ് മാനേജ്മെന്റ് ഇതുസംബന്ധിച്ച സാഹചര്യം വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഓവുചാലുകൾ വഴി വരുന്ന വെള്ളം റണ്‍വേയിലേക്കു കയറാതെ തത്സമയം പുറത്തേയ്ക്കു കളയുന്നതിനു പന്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.
ചെറുതോണിയിൽ ഇന്ന് പുലർച്ചെ വരെ ഒരു ഷട്ടറിലൂടെ മാത്രമാണ് വെള്ളം ഒഴുക്കി കളഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ രണ്ടു ഷട്ടറുകൾ കൂടി പുലർച്ചെ ഉയർത്തേണ്ടി വന്നു. മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം വരെ ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാതെ വന്നതോടെയാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്താൻ അധികൃതർ നിർബന്ധിതരായത്.
സെക്കൻഡിൽ ആറ് ലക്ഷം ലിറ്ററിലധികം വെള്ളമാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും ഒഴുകിപ്പോകുന്നത്. വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ ചെറുതോണി പാലം വെള്ളത്തിൽ മുങ്ങി. പാലത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ബസ് സ്റ്റാൻഡ് ചരിത്രമായി. ബസ് സ്റ്റാൻഡ് നിന്നിരുന്ന പ്രദേശം പൂർണമായും പുഴയെടുത്തു.
ഇതിനിടെ പരിസരത്ത് നിന്നിരുന്ന മരങ്ങളും കടപുഴകി വീണത് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസമുണ്ടാക്കി. പാലത്തിന് സമീപം ചില മരങ്ങൾ തങ്ങി നിന്നത് രക്ഷാപ്രവർത്തകർ വെട്ടിമാറ്റിയ ശേഷമാണ് അഞ്ചാം ഷട്ടർ തുറന്നത്.
അഞ്ച് ഷട്ടറുകളും ഉയർത്തിയതോടെ ചെറുതോണിയിലും പെരിയാറിന്റെ തീരങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി-കട്ടപ്പന റൂട്ടിൽ വാഹനഗതാഗതം നിലച്ച നിലയിലാണ്. ചെറുതോണിക്ക് താഴേയ്ക്ക് വെള്ളമൊഴുകുന്ന പ്രദേശത്തെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുഴയുടെ നൂറു മീറ്റർ പരിധിയിലുള്ള വീടുകളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നാല്ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുന്നതിനാല്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിട്ടു. മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ തീരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. നിലവില്‍ 2401.34 അടിയാണ് ജലനിരപ്പ്. ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചശേഷം ചെറുതോണിയില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കുന്നതായി മന്ത്രി എം.എം. മണി അറിയിച്ചു.
ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി രാവിലെ തുറന്നതോടെ നിലവില്‍ മൂന്നു ഷട്ടറുകള്‍ 40സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ചെറുതോണി, കരിമ്പന്‍ പ്രദേശളില്‍ വീടുകളില്‍ വെള്ളംകയറി. വ്യാപക കൃഷിനാശവുമുണ്ടായി.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ഇരുപത്തിയാറായി. നിലമ്പൂര്‍ എരുമമുണ്ടയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റേയും ഇടുക്കി കമ്പിളിക്കണ്ടത്ത് മണ്ണിടിച്ചിലില്‍ കാണാതായ ജിനുവിന്റെ മൃതദേഹവും കണ്ടെത്തി. വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ് മരിച്ചു. വയനാട് വൈത്തിരിയില്‍ കെട്ടിടത്തിന്റെ ഒരുനില മണ്ണിനടിയിലേക്ക് താഴ്ന്ന് കാറും വാനും മണ്ണിനടിയിലായി. ആളപായമില്ല.ആലുവ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.
ചെമ്പകശേരി, തോട്ടുമുഖം, ചൊവ്വര, കാഞ്ഞൂര്‍, ചെങ്ങല്‍ എന്നിവിടങ്ങളിലും വെള്ളം കയറി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും പുഴകളും കരകവിഞ്ഞു.പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കൊച്ചി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ കുടിവെള്ളവിതരണം മുടങ്ങി.
ഇടുക്കി അടക്കം സംസ്ഥാനത്ത് 24 ഡാമുകളാണ് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല,ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നിരിക്കുന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പ ഡാം തുറക്കാനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രളയബാധിത മേഖലകളില്‍ ആവശ്യമായ സഹായമെത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വെള്ളിയാഴ്ച വരെ പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.
തിരുവനന്തപുരം: ഇന്നലെ കനത്ത മഴ ലഭിച്ച ജില്ലകളിൽ ഇന്നും ആ രീതിയിൽ മഴ തുടരുമെന്നു കാലാസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ കനത്ത മഴയും വ്യാപകമായി കനത്തമഴയും പെയ്യുക. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ പെയ്യും.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,401 അടിയായി. ശക്തമായ മഴയാണ് പദ്ധതി പ്രദേശത്ത് പെയ്യുന്നത്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകൾ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നിരുന്നു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. മൂന്നു ഷട്ടറുകളും 40 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖലയിലെ ചുഴലിക്കാറ്റും ലക്ഷദ്വീപിനു സമീപം അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റുമാണു കേരളത്തിൽ ഇപ്പോൾ കനത്ത മഴ പെയ്യിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ലക്ഷദ്വീപിൽ മഴ നാമമാത്രമാണ്. കാലവർഷമഴ ലക്ഷദ്വീപിൽ ഇതുവരെ ശരാശരിയുടെ പകുതിയോളമേ ലഭിച്ചിട്ടുള്ളൂ. അതേസമയം കേരളത്തിൽ ഇന്നലെ രാവിലെവരെയുള്ള കണക്കനുസരിച്ച് 19 ശതമാനം അധികമഴ ലഭിച്ചു. 152.2 സെന്റിമീറ്റർ കിട്ടേണ്ട സ്ഥാനത്ത് 180.43 സെന്റിമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിൽ ഇന്നലെ രാവിലത്തെ നിലയനുസരിച്ച് 50.22 ശതമാനം അധികമഴ ലഭിച്ചു.
ഇന്നലെ രാവിലെ 8.30-ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് പൊതുവേ ലഭിച്ചത് 6.62 സെന്റിമീറ്റർ മഴയാണ്- സാധാരണ ലഭിക്കേണ്ടതിലും 377 ശതമാനം കൂടുതൽ. തലേന്ന് 5.9 സെന്റിമീറ്റർ ലഭിച്ചു. നിലന്പൂരിൽ ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ലഭിച്ചത് 39.8 സെന്റിമീറ്റർ മഴയാണ്. മാനന്തവാടിയിൽ 30.5 സെന്റിമീറ്റർ, മൂന്നാറിൽ 25.36 സെന്റിമീറ്റർ, പീരുമേട്ടിൽ 25.5 സെന്റിമീറ്റർ മഴ ലഭിച്ചു.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കുസമീപം മണ്ണൂർ ഐരാപുരത്തു തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐരാപുരം അംബികാമഠത്തിൽ വാടകവീട്ടിൽ താമസിക്കുന്ന അരൂർ സ്വദേശി കോയിൽപ്പറന്പിൽ തോമസിന്റെ മകൻ അലൻ (17), തൃക്കളത്തൂർ കൊല്ലേരിമൂലയിൽ ജിജിയുടെ മകൻ ഗോപീകൃഷ്ണൻ (17) എന്നിവരാണു മരിച്ചത്. കുന്നക്കുരുടി തട്ടുപാലം വലിയതോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.45 നായിരുന്നു അപകടം.