പത്തനംതിട്ട: സഹോദരന്റെ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ റാന്നി കീക്കൊഴൂര്‍ സ്വദേശി തോമസ് ചാക്കോയ്ക്ക് വധശിക്ഷ. സഹോദരനായ ഷൈബുവിന്റെയും ബിന്ദുവിന്റെ മക്കളായ മെബിന്‍(ഏഴ്), മെല്‍ബിന്‍(മൂന്ന്) എന്നിവരെയാണ് തോമസ് ചാക്കോ വീട്ടില്‍ കയറി അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അതിക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ഹരികുമാറാണ് വിധി പ്രസ്താവിച്ചത്.
2013 ഒക്ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ 7.30 ഓടെ തന്റെ കുടുംബ വീട്ടിലെത്തിയ പ്രതി വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മെബിനെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനായി ഓടിയെത്തിയ ബിന്ദുവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞു. കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം ബിന്ദുവിനെ അക്രമിക്കുകയും ചെയ്തു. പിന്നീട് അകത്ത് കയറിച്ചെന്ന് കസേരയില്‍ വിശ്രമിക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മെബിനെയും കൊലപ്പെടുത്തി.
കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതി പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2017-ലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. അമ്മയുടെ കണ്‍മുന്നിലിട്ട് പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വാദി ഭാഗത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജാണ് ഹാജരായത്.
കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ പ്രതികരണത്തിലാണ് പ്രിയ വാര്യരുടെ വാക്കുകള്‍. തുല്ല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വിരാജും സമാനമായ നിലപാട് പറഞ്ഞിരുന്നു.
‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ചോദിച്ചത്. ‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് വനിതയോടുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി.
[ot-video][/ot-video]
നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. അതേസമയം, ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ് എസി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് ബംഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനായിരുന്നു.
ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയതിന് പിന്നില്‍ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് കൊല നടത്തിയത്. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് ശാസ്ത്രീയ പരിശോധന ഫലത്തില്‍ പറയുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ആലുവയിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്.
മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച വരയന്‍ പുതപ്പ് കളമശേരിയിലെ തുണിക്കടയില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് വാങ്ങിയത്. ഏഴിന് രാത്രി പത്തോടെയാണ് തടിച്ച ശരീരമുള്ള സ്ത്രീയും പുരുഷനും കാറില്‍ തുണിക്കടയില്‍ എത്തിയത്. രാത്രി വൈകി അടയ്ക്കുന്ന കടയാണിത്. ആദ്യത്തെ പുതപ്പിന് വലുപ്പം കുറവായതിനാല്‍ മറ്റൊന്ന് ആവശ്യപ്പെട്ടു. രണ്ടാമത്തേത് വിടര്‍ത്തിനോക്കി മതിയാവുമെന്ന് സ്ത്രീ കൂടെയുള്ള പുരുഷനോട് പറഞ്ഞു. രാത്രി തുറക്കുന്ന കട അന്വേഷിച്ച് ഇറങ്ങിയ ഇവര്‍ യാദൃശ്ചികമായാണ് കട കണ്ടത്. മുന്നോട്ടു പോയ കാര്‍ റിവേഴ്‌സ് എടുത്തു വരുന്നത് സിസിടിവിയില്‍ കാണാം.
കൊച്ചിയിലെ വസ്ത്ര മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സൂചന കിട്ടിയത്. മൃതദേഹത്തില്‍ കണ്ട പുതപ്പിന് സമാനമായ ഡിസൈനിലുള്ള 860 പുതപ്പുകള്‍ ചെറുകിട കച്ചവടക്കാന്‍ വാങ്ങിയിരുന്നു. ഇവരുടെ വിലാസം ശേഖരിക്കുകയായിരുന്നു. മൃതദേഹം പെരിയാറിലെ വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍ ഒഴുകി എത്തിയത് അല്ല എന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതേ കടവില്‍ കല്ലു കെട്ടി താഴ്തിയതാവാന്‍ സാധ്യതയുണ്ട്.
വൈദിക സെമിനാരിയുടെ സ്വകാര്യ കടവാണിത്. സ്ഥല പരിചയമുള്ളവര്‍ക്കേ ഇവിടെ എത്താനാകൂ. മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാര്‍ത്ഥികളാണ്. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. ജില്ലയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളും ഹോം നഴ്‌സിങ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേ സമയം യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ട സംഭവത്തിൽ വൈദിക വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. കുളിക്കടവിൽ മൃതദേഹം ആദ്യം കണ്ടത് മംഗലശ്ശേരി സെമിനാരിയിലെ വിദ്യാർത്ഥികളായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ച് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. വായിൽ തുണി തിരുകിയോ കഴുത്തിൽ ബലം പ്രയോഗിച്ചോ ആകാം കൊലപാതകമെന്നാണ് പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ചുരിദാറിൻറെ പാന്‍റ്സാണ് വായിൽ തിരുകിയിരുന്നത്. 25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല.
കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ യുവാവും മോഷണവസ്തുക്കൾ വിൽപന നടത്താൻ സഹായിച്ച അമ്മയും പിടിയിലായി. മാമ്മൂട് മുണ്ടുകുഴി സന്തോഷിന്റെ മകൻ രതീഷ് (20), അമ്മ സരള (48) എന്നിവരെയാണു തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാമ്മൂട് ഭാഗത്തുള്ള കോൺവന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണു രതീഷ് പിടിയിലായത്.
മല്ലപ്പള്ളിയിലുള്ള കോൺവന്റ് കുത്തിത്തുറന്നുപണം മോഷ്ടിച്ച സംഭവത്തിലും മാമ്മൂട്, ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്നു ബാഗുകൾ പുറത്തെടുത്തു സ്വർണവും പണവും മോഷ്ടിച്ച കേസുകളിലും ചാഞ്ഞോടിയിലുള്ള വീട്ടിൽ നിന്ന് ആറേമുക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ചൂരനോലി ഭാഗത്തു മോഷണം നടന്ന വീട്ടിൽ നിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ചെരിപ്പു ധരിക്കാത്ത, കാൽപാദം വലുപ്പം കൂടുതലുള്ള ആളാണു മോഷണം നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു സമാനമായ രീതിയിൽ മുൻപു പിടിയിലായിട്ടുള്ള രതീഷിനെ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്.
ഇയാളുടെ വീട്ടിൽ പുതുതായി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ വാങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് രതീഷിനെ അന്വേഷിച്ചു വീട്ടിൽ എത്തിയെങ്കിലും തിരുപ്പൂരിൽ ജോലിക്കു പോയിരിക്കുകയാണ് എന്ന മറുപടിയാണു ലഭിച്ചത്. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമ്മൂട് ഭാഗത്തു തന്നെ ഉണ്ടെന്നു കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണമുതൽ വിൽപന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണു സരള അറസ്റ്റിലായത്.
ചങ്ങനാശേരിയിലെയും റാന്നിയിലെയും സ്വർണക്കടകളിൽ നിന്നു 13 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് സന്തോഷ് മോഷണക്കേസിൽ മാവേലിക്കര സബ്ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, ബിജു, രഞ്ജീവ് ദാസ്, ബെന്നി ചെറിയാൻ, ഷൈജു ആഞ്ചലോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭീകരവാദത്തെ നേരിടുന്ന കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സൈന്യത്തിനും സർക്കാരിനും ഒപ്പമുണ്ട്. ഇത്തരം ആക്രമണങ്ങൾകൊണ്ടു രാജ്യത്തെ തകർക്കാനും വിഭജിക്കാനുമാകില്ല. കോൺഗ്രസ് ഇപ്പോള്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമർശനത്തിനും ചർച്ചയ്ക്കുമില്ല– രാഹുൽ വ്യക്തമാക്കി
ദുഃഖാചരണത്തിനുള്ള സമയമാണിത്. ഭയാനകമായ ദുരന്തമാണ് കശ്മീരിൽ കഴിഞ്ഞ ദിവസം നടന്നത്. നമ്മുടെ സൈനികർക്കെതിരെയുണ്ടായത് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന രീതിയിലുള്ള അക്രമമാണ്. ജവാൻമാർക്കൊപ്പം നമ്മളെല്ലാം ഒരുമിച്ചു നിൽക്കണം. ഒരു ശക്തിക്കും ഈ രാജ്യത്തെ ഭിന്നിപ്പിക്കാനോ തകർക്കാനോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ദുഃഖാചരണത്തിന്റെ ദിനമാണ് ഇതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതികരിച്ചു. നാൽപതിലേറെ ജവാൻമാരെയാണ് നമുക്കു നഷ്ടമായത്. നമ്മളെല്ലാം ജവാൻമാരുടെ കുടുംബത്തോടൊപ്പം നിൽക്കുകയെന്നതാണു ഇപ്പോഴത്തെ കർത്തവ്യം. ഭീകരവാദികളുമായി നമുക്ക് യാതൊരു ഒത്തുതീർപ്പുമില്ല. ജവാൻമാർക്കും അവരുടെ കുടുംബത്തിനും കോൺഗ്രസ് പാര്‍ട്ടി എല്ലാ പിന്തുണയും നൽകും- സിങ് പറഞ്ഞു.
ആക്രമണത്തിന് തൊട്ടുപിന്നാലെ സർക്കാരിനെ കുറ്റപ്പെടുത്തിയ കോൺഗ്രസ് വക്താവ് രൺദീപ് സുർജവാലയുടെ ട്വീറ്റുകൾ വിമർശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. 2000 ലധികം സൈനികരെ ഒരുമിച്ചു കൊണ്ടു പോയത് ഗുരുതര വീഴ്ചയാണെന്ന് മെഹബൂബെ മുഫ്തി പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗവർണർക്ക് വീഴ്ച സംഭവിച്ചുവെന്നു ഒമർ അബ്ദുള്ളയും വിമർശിച്ചു
കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ മലയാളി ജവാൻ വി.വി.വസന്തകുമാറിന് ആദരാഞ്ജലിയുമായി ജന്മനാട്. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് ഒൻപതിനാണു മടങ്ങിയത്. 2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.
സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ– ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.
ബറ്റാലിയൻ മാറ്റത്തെത്തുടർന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഭൗതികശരീരം വിമാനത്താവളത്തിൽ എത്തുന്ന സമയം സംബന്ധിച്ച അന്തിമവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ശരീരം, പൂർണ ബഹുമതികളോടെ ആയിരിക്കും സംസ്കരിക്കുക
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാര്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് അർധ സഹോദരന്‍ സജീവന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വസന്തകുമാര്‍ കൊല്ലപ്പെട്ട വിവരം ഭാര്യാസഹോദരന്‍ വിളിച്ചു പറയുന്നത്.
ഡൽഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് അറിയാനായി. ഭീകരാക്രമണത്തിൽ മരിച്ചവരുടെതേന്നു പറഞ്ഞു വാട്സാപ്പില്‍ വസന്തകുമാറിന്‍റെ ഫോട്ടോ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടു. അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്– സജീവന്‍ പറഞ്ഞു
തെക്കൻ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം
അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തിൽ 44 ജവാന്മാർ കൊല്ലപ്പെട്ടു
നജാഫ്: 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖിലേക്കുളള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ശിയാ തീര്‍ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട വിമാനം നജാഫില്‍ ലാന്‍ഡ് ചെയ്തു. ഇറാഖി ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനിടിയില്‍ ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുളള വിമാനം ഇറാഖില്‍ പറന്നിറങ്ങുന്നതെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു. പുണ്യഭൂമിയായ നജാഫിലേക്ക് തന്നെ ആദ്യ സർവീസ് നടത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രദീപ് സിങ് രാജ് പുരോഹിത് കൂട്ടിച്ചേര്‍ത്തു.
അഞ്ചര മണിക്കൂര്‍ സമയം എടുത്താണ് ഉത്തര്‍പ്രദേശില്‍ നിന്ന് വിമാനം ഇറാഖിലെത്തിയത്. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആണ് ഈ സര്‍വീസ് ഉണ്ടാവുക. ശിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജാഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചത്. എ1414 വിമാനം ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. കുടുംബ സംഗമത്തിനായി ആദ്യമായി യുഎഇയിലെത്തിയ ഗുജറാത്തിലെ ബറോഡയില്‍ നിന്നുളള കുടുംബമാണ് അപകടത്തില്‍ പെട്ടത്.
രോഹിണിബഹന്‍ പട്ടേല്‍ (42), ഇവരുടെ ഭര്‍ത്താവ് വിനോദ് ഭായ് പട്ടേല്‍ (47) എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായ വിനോദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ മദാമിലെ അല്‍ നസാവി റോഡില്‍ വച്ചായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. ഒരു സ്വകാര്യ ടൂറിസ്റ്റ് കമ്പനിയിലെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 8നാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. രോഹിണിബഹനിന്റെ അർധ സഹോദരനായ ദീപക് പട്ടേല്‍ മറ്റൊരു വാഹനത്തിലായിരുന്നു ഡെസേര്‍ട്ട് സഫാരി നടത്തിയിരുന്നത്. ഇദ്ദേഹം സഫാരി കഴിഞ്ഞതിന് പിന്നാലെ ടൂര്‍ കമ്പനിയെ സമീപിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. 12 വര്‍ഷമായി പരസ്പരം കാണാതിരുന്ന കുടുംബാംഗങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ ഇരുന്നപ്പോഴായിരുന്നു അപകടം വില്ലനായത്.
ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം കണ്ടെത്തിയതിന് അഞ്ച് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പരിശോധന ഫലങ്ങളില്‍ തിരിച്ചറിഞ്ഞത്. 25നും 30നും ഇടയില്‍ പ്രായം കണക്കാക്കുന്ന യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. വായിൽ തുണി തിരുകിയാണ് ശ്വാസം മുട്ടിച്ചത്. മൃതദേഹത്തിൽ മറ്റ് മുറിവുകളോ പരുക്കുകളോ ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മറ്റെവിടെയോ വച്ച് കൊല നടത്തിയതിന് ശേഷം കാറിലോ മറ്റോ കൊണ്ടുവന്ന് മൃതദേഹം പെരിയാറില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ യുവതികളെ കാണാതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ആലുവ പെരിയാറിൽ മംഗലപുഴ പാലത്തിനടുത്ത് വിൻസെഷൻ സെമിനാരിയുടെ കടവിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.