ആലപ്പുഴ: ഇന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോക യോഗത്തില്‍ പങ്കെടുത്ത ശേഷം പിണറായി തിരിച്ചു പോകുമെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രളയം ബാധിച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ജില്ലാ ഭരണകൂടത്തിനോ നിര്‍ദേശം നല്‍കിയിട്ടില്ല.
അതേസമയം ആലപ്പുഴയില്‍ എത്തിയിട്ടും കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിയത്. ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും സ്ഥലം എം.എല്‍.എയും കുട്ടനാട്ടിലെ ദുരിത മേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് വിവാദമായിരുന്നു.
കേരളം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. നേരത്തെ മന്ത്രി ജി. സുധാകരന്‍ കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ദുരൂഹത വര്‍ധിപ്പിച്ച് കസ്റ്റഡിയിലായ ഷിബുവിന്റെ ഫോണ്‍ ശബ്ദരേഖ. സുഹൃത്തിനോട് അന്‍പതിനായിരം രൂപകടം ചോദിക്കുന്ന ഷിബു ദിവസങ്ങള്‍ക്കുളളില്‍ തന്റെ കയ്യില്‍ കോടികള്‍ വരുമെന്നും പറയുന്നു. ഇതിനായി ക്രിട്ടിക്കൽ പണിയെടുക്കണം. ബിസിനസിനായി 50000 പണം തരണം. ബിസിനസ് ചീഫിന് നല്‍കാനാണിത്. ചീഫ് തിരുവനന്തപുരത്തുണ്ട്. പണം നല്‍കിയാല്‍ പ്രശസ്തനാകാമെന്നും സുഹൃത്തിനോട് ഷിബു പറയുന്നു.
മുസ്്ലീം ലീഗ് പ്രാദേശിക നേതാവായ ഷിബുവും റിട്ട.പൊലീസുകാരനും അടക്കം കസ്റ്റഡിയിലുളള അഞ്ചുപേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ നിര്‍ണായകവിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്, പേരൂര്‍ക്കട എസ്.എ.പി പൊലീസ് ക്യാമ്പില്‍ നിന്ന് വിരമിച്ച രാജശേഖരന്‍, നെടുങ്കണ്ടം സ്വദേശിയായ കൃഷ്ണന്റെ സഹായി ഉള്‍പ്പെടെ 5 പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശിയാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച 6 വിരലടയാളങ്ങളും, ഫോണ്‍ കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലുള്ള 5 പേരിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. പൈനാവ് പൊലീസ് ക്യാമ്പിലും രഹസ്യകേന്ദ്രങ്ങളിലുമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സംഘത്തിൽപ്പെട്ട ചിലർ തമിഴ്നാട്ടിലേക്കു കടന്നതായും സൂചനയുണ്ടെങ്കിലും. തല്‍ക്കാലം തമിഴ്നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന വീട്ടിലെ ഓരോ മുറികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി ഇതിൽ നിന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറയുന്നു. സെപ്ക്ട്ര യന്ത്രമുപയോഗിച്ച് ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടങ്ങി.
സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കൊല്ലം സ്വദേശികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീർ, ഉമയനല്ലൂർ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കു പരുക്കേറ്റു. റിയാദിൽ നിന്നു അൽഹസ്സയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ തൃശൂര്‍ സ്വദേശി പോള്‍സൺ, കായംകുളം സ്വദേശി നിഷാദ് എന്നിവരെ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച നടന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.
മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചതായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില് നടപടി നേരിടേണ്ടിവരുമെന്ന് ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുന്നതിനിടെ ശോഭനാ ജോര്‍ജ് പറഞ്ഞു.
നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. 54 മിനിറ്റ് നീണ്ട സെമി പോരാട്ടത്തിൽ ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിന് അർഹയായത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-16, 24-22. ഫൈനലിൽ സ്പാനിഷ് സൂപ്പർ താരം കരോളിന മാരിൻ ആണ് സിന്ധുവിന്റെ എതിരാളി.
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച കേരളത്തിലെത്തും. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും.
തിങ്കളാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ അന്ന് വൈകുന്നേരം തങ്ങിയശേഷം ഏഴിന് രാവിലെ ഒന്‍പതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. തുടര്‍ന്ന് രാവിലെ 10.10ന് ഹെലികോപ്റ്റര്‍ മുഖേന തൃശൂരിലേക്ക് തിരിക്കും.
രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടരക്കരയില്‍ എത്തിയത്.
കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. സമീപ പ്രദേശത്തെ കടകള്‍ക്കു കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റുമായി ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഹരി മരണപ്പെട്ടത്.
യുജിസി നെറ്റ് പരീക്ഷയെന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ബാലികേറാമല തന്നെയാണ്. ഉറക്കമിളച്ചും കഠിനാദ്ധ്വാനം ചെയ്തുമൊക്കെ തന്നെയാണ് പല വിദ്യാര്‍ത്ഥികളും അദ്ധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുന്നത്. ഇക്കുറി നെറ്റ് വന്നപ്പോഴും നമ്മള്‍ കേട്ടു. ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ നെറ്റ് നേടിയ കുറേ മിടുക്കന്‍മാരുടേയും മിടുക്കികളുടേയും കഥകള്‍. എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന വിദ്യാര്‍ത്ഥി.
ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി പി.എസ്.സി ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നും അനുപമ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.
അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ യുജിസി നെറ്റ് എക്‌സാമിന്റെ റിസല്‍ട്ട് വന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള പലരുടെയും വിജയം അവര്‍ പോസ്റ്റിലൂടെ എക്‌സ്പ്രസ്സ് ചെയ്യുകയും അതിനു ഞാന്‍ വരവ് വക്കുകയും ചെയ്തു. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കയ്‌പേറിയ ഒരു സത്യം വിജയികള്‍ക്കായി പങ്ക് വയ്ക്കുന്നു. Anupama m nath എന്ന എനിക്ക് english ലിറ്ററേച്ചറില്‍ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റില്‍ എത്തി നില്‍ക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ് മുതല്‍ക്കുള്ള സ്വപ്നം. പ്ലസ് ടു സയന്‍സ് എടുത്തു പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തു.
മഹാരാജാസില്‍ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജില്‍ തന്നെ ഭാവിയില്‍ പഠിപ്പിക്കുന്ന അനുപമ ടീച്ചര്‍ ആയിരുന്നു. കൂടെ ഉള്ള കൂട്ടുകാര്‍ പലരും മുപ്പതും, നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്‌മെന്റ് കോളേജുകളില്‍ കയറിപ്പറ്റിയപ്പോള്‍ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങള്‍ വാങ്ങി സീറ്റ് ഉറപ്പിച്ചിട്ട് നമ്മളെ ഇന്റര്‍വ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റില്‍ ക്രിസ്ത്യാനിക്ക് ജോലി, മുസ്ലിം മാനേജ്‌മെന്റില്‍ മുസ്ലിമിന്.
ഹിന്ദുക്കള്‍ക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതല്‍ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂര്‍ കോളേജിലെ മാനേജ്‌മെന്റിന്റെ തലപ്പത്തെ ഒരാള്‍ എന്നെ രഹസ്യമായി മാറ്റിനിര്‍ത്തി പറഞ്ഞത് ഇങ്ങനെ ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ്, ഇപ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘. 22വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ് ! അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി psc ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.
ഈ വര്‍ഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയിന്റ്‌മെന്റ് നടത്തി. എഴുന്നൂറു പേരോളം ഉള്ള ലിസ്റ്റില്‍ നിന്നാണെന്ന് ഓര്‍ക്കണം. എന്റെ റാങ്ക് 275. ഈ ലിസ്റ്റില്‍ നിന്നു 300 പേരെ എങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് സമ്മതിക്കില്ല എന്നാണ് കേള്‍ക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് കോളേജുകളില്‍ ലക്ഷങ്ങള്‍ മേടിച്ചു അപ്പോയിന്റ്‌മെന്റ് നടത്തുന്ന അധ്യാപകര്‍ക്ക് salary നല്കുന്നത് ഗവണ്‍മെന്റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും !! അധ്യാപകരുടെ salary അറിയാമല്ലോ. മാനേജ്‌മെന്റ് കോളേജുകളില്‍ 9 മണിക്കൂറിനാണ് ഒരു അധ്യാപകന്‍ എങ്കില്‍, govt കോളേജുകളില്‍ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓര്‍ക്കണം.
പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. മനപ്പൂര്‍വം ആണ് അപ്പോയിന്റ്‌മെന്റ് നടത്താത്തത്. ഗസ്റ്റുകള്‍ക്ക് കുറച്ചു കാശ് കൊടുത്താല്‍ മതിയല്ലോ. പലര്‍ക്കും salary കിട്ടാറില്ല എന്നുതന്നെ കേള്‍ക്കുന്നു. നല്ല പ്രായത്തില്‍ ldc എഴുതിയത് കൊണ്ട് ഇപ്പോള്‍ സര്‍വീസ് എട്ടുവര്‍ഷം ആയി.
അതുകൊണ്ട് നെറ്റ് കിട്ടിയവര്‍ സന്തോഷിച്ചോളു. നല്ലത് തന്നെ. ഞങ്ങളുടെ നളന്ദ അക്കാഡമിയില്‍ ഞാന്‍ പഠിപ്പിച്ച രണ്ടു പേര്‍ക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങള്‍ നേരിടാന്‍ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവര്‍ഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷന്‍ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്‌ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാതെ നില്‍ക്കുന്ന ഞങ്ങളില്‍ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ ആണ് ഒരു പരീക്ഷ എഴുതി റിസല്‍റ്റ് വന്നു റാങ്ക്‌ലിസ്‌റ് ആവാന്‍ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്‌ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനി വല്ല മീന്‍ കച്ചവടവും നടത്തി മീഡിയ അറ്റന്‍ഷന്‍ നേടേണ്ടി വരും.
തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.
സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണങ്ങളെ നേരിടാനായി ഇയാള്‍ വീട്ടിലെ എല്ലാ മുറിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ആയുധം പണിത കൊല്ലനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.
കൃഷ്ണന്റെ അരയില്‍ എപ്പോഴും കത്തിയുണ്ടാകുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് മന്ത്രവാദ ആവശ്യങ്ങള്‍ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണെന്നാണ് പോലീസ് നിഗമനം. വീടിന്റെ പല ഭാഗങ്ങളില്‍ നിന്നായി പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണനെയും കുടുംബത്തെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നവയാണെന്ന് തിരിച്ചറിഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയത് അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പ്രൊഫഷണല്‍ ഗുണ്ടകളെല്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
30 പവനിലധികം സ്വര്‍ണ്ണം കൊല നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൂജ നടത്തി കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ ധാരാളം സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നും വീട്ടില്‍ സ്വര്‍ണ്ണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കും കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മൂന്ന് പേര്‍ ശ്രമിച്ചാല്‍ പോലും കീഴ്‌പ്പെടുത്താനാവാത്ത ശരീരമുള്ള വ്യക്തിയാണ് കൃഷ്ണന്‍.
കുടുംബത്തെ അടുത്തറിയാവുന്നവരില്‍ ആരോ വീട്ടിലെത്തി സംസാരിക്കുന്നതിനിടയില്‍ കൃഷ്ണനെ പിറകില്‍ നിന്ന് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൃഷ്ണന്റെ തല തകര്‍ന്നിരുന്നു. കുത്തേറ്റ് മകന്‍ അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലയ്ക്ക് പിന്നില്‍ മോഷണ ശ്രമമോ അല്ലെങ്കില്‍ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കമോ ആകാമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ നേരെ വിപരീതമാണ്. അതേസമയം മോഷണത്തിനിടെ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ വാദം.