കുട്ടനാട് പ്രളയ ജലം വന്നു മുടിയപ്പോൾ എല്ലാവരും തിരഞ്ഞ ഒരു മുഖം ഉണ്ടായിരുന്നു, അത് മറ്റാരുമല്ല നാട്ടുകാരൻ കൂടിയായ സ്വന്തം എംഎൽഎ തോമസ് ചാണ്ടിയെ. അദ്ദേഹത്തിന്റെ പൊടിപോലും കാണാനില്ലായിരുന്നു. വിമർശങ്ങളും ട്രോളുകൾകൊണ്ടും നാട്ടുകാർ തോമസ് ചാണ്ടിയെ നേരിടുമ്പോൾ, എംഎല്‍എ തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നീരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. കുട്ടനാട് വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ ചാണ്ടി മുതലാളിയെ മാത്രം കണ്ടില്ലെന്നും ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും ചാണ്ടിച്ചായന്‍ വന്നില്ലയെന്നും ജയശങ്കര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ കണ്ടത് ചാണ്ടിച്ചായന്റെ പുനരവതാരമാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ, പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായൻ്റെ പുനരവതാരം സംഭവിച്ചത്.
കുട്ടനാട് വെളളപ്പൊക്കത്തിൽ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോൾ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായൻ വന്നില്ല. അച്ചായൻ ആശുപത്രിയിലാണെന്ന് ആരാധകരും അല്ല കുവൈറ്റിലാണെന്ന് വിരോധികളും പ്രചരിപ്പിച്ചു.
എല്ലാ കുപ്രചരണങ്ങൾക്കും ചുട്ട മറുപടി നൽകിക്കൊണ്ട് ചാണ്ടി സമ്മേളനത്തിൽ പങ്കെടുത്തു എന്നു മാത്രമല്ല ചിന്താബന്ധുരമായ പ്രസംഗം കൊണ്ട് സഭയെ ധന്യമാക്കുകയും ചെയ്തു. കിഴക്കൻ മലകളിൽ ക്വാറികൾ ഉളളതുകൊണ്ടാണോ ഇത്തവണ മഴ കൂടുതൽ പെയ്തത് എന്നു ചോദിച്ചു; കുട്ടനാട്ടിനെ വെളളപ്പൊക്കത്തിൽ നിന്നു രക്ഷിക്കാൻ വേമ്പനാട്ടു കായലിൻ്റെ ആഴം കൂട്ടണം എന്നാവശ്യപ്പെട്ടു.
പ്രളയകാലത്ത് എംഎൽഎയെ കാണാൻ കഴിഞ്ഞില്ലെന്നു കരുതി കുട്ടനാട്ടുകാർ പരിഭവിക്കില്ല. ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു ജനനേതാവല്ല ചാണ്ടിച്ചായൻ. ഈനാട്ടിലും മറുനാട്ടിലും നൂറുകൂട്ടം ബിസിനസുളള ആളാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അച്ചായൻ ഓടിക്കിതച്ചു വരും, വലിയ പെട്ടിയും കയ്യിലുണ്ടാകും.
മലപ്പുറത്ത് സദാചാര ഗുണ്ടായിസം ചമഞ്ഞ് ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ജീവനൊടുക്കി. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ജീവനൊടുക്കിയത്. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് സാജിത്തിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതിനുശേഷം യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി. യുവാവിന്റെ ശരീരത്തിൽ കെട്ടോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ഇരുകൂട്ടർക്കും പരാതി ഇല്ലാതിരുന്നതിനാൽ കേസ് എടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടാണ് യുവാവിനെ മർദിക്കുന്നതിനിടെ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ ചിലർ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.
തമിഴ്നാട്ടിലെ സേലത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴ് പേരിൽ ആറു പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതിൽ നാല് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശികളായ ജോർജ് ജോസഫ് (60), ഭാര്യ അൽഫോൻസ (55), മകൾ ടീനു ജോസഫ് (32), മകളുടെ ഭർത്താവ് സിജി വിൻസന്‍റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങൾ. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബംഗളൂരുവിൽ നിന്നും തിരുവല്ലയ്ക്ക് വന്ന യാത്ര എന്ന ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ് ദേശീയപാതയിൽ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് എതിർ ദിശയിലെ ബസിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സേലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സേലം ജില്ലാ കളക്ടർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽ ബസുകൾ പൂർണമായും തകർന്നു. മൃതദേഹങ്ങൾ സേലത്തെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ഡിസി അല്‍പ്പനേരത്തേക്ക് ആംബുലന്‍സായി. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ആലുപ്പുഴ ഡിപ്പോയിലെ എടിഎ 268 നമ്പര്‍ ബസാണ് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. മങ്കൊമ്പ് സ്വദേശിനിയായ രത്‌നമ്മ (74) ആണ് യാത്രയ്ക്കിടെ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഡ്രൈവറിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ രത്‌നമ്മയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മങ്കൊമ്പില്‍ നിന്ന് ബസില്‍ കയറിയതു മുതല്‍ രത്‌നമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പള്ളാത്തുരുത്തി എത്തിയപ്പോള്‍ രത്‌നമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വണ്ടി നേരെ ആശുപത്രിയിലേക്ക് വിടാന്‍ കണ്ടക്ടര്‍ കെ. മായ നിര്‍ദ്ദേശിക്കുകയായിരുന്നു. യാത്രക്കാരും ഇതിനെ അനുകൂലിച്ചു. തുടര്‍ന്ന് പരമാവധി വേഗം ഡ്രൈവര്‍ സുനില്‍ കുമാര്‍ ബസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് സുനില്‍ കുമാറും മറ്റ് യാത്രക്കാരും ചേര്‍ന്ന് രത്‌നമ്മയെ ബസില്‍ നിന്നറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്‌നമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ മനസുകാണിച്ച ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അഭിന്ദന പ്രവാഹമാണ്.
വെള്ളിക്കുളങ്ങരയിൽ വയോധികയായ കൊച്ചുത്രേസ്യ (80) കൊല്ലപ്പെട്ടത് വഴക്കിനിടെ തള്ളിയിട്ടപ്പോൾ തലയ്ക്കേറ്റ മുറിവിലൂടെ രക്തംവാർന്നാണെന്ന് അറസ്റ്റിലായ പ്രതിയും ഭർത്താവുമായ ചെറിയക്കുട്ടിയുടെ കുറ്റസമ്മതം. ഇന്നലെ ഉച്ചയോടെയാണു വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടിൽ ചെറിയക്കുട്ടി (91) യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ തുടങ്ങിയ കേസുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ വൈകിട്ടോടെ ചാലക്കുടി കോടതിയിൽ ഹാജരാക്കി.
കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത് 26ന് രാത്രിയിലാണ്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കൊലപാതകവിവരം പുറത്തായത്. അഞ്ച് ആണ്മക്കളും രണ്ടു പെണ്മക്കളും ഇവർക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര-ചാലക്കുടി റോഡരികിൽ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടിൽ ഈ ദമ്പതികൾ മാത്രമാണു താമസിച്ചിരുന്നത്. കുറച്ചുകാലമായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും നിസാര പ്രശ്നങ്ങൾക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു.
26ന് രാത്രി വീടിന്റെ മുകൾനിലയിൽവച്ച് ഇവർ തമ്മിൽ വഴക്കു കൂടുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയിൽ തലയിടിച്ചു വീണ കൊച്ചുത്രേസ്യയെ വടികൊണ്ട് അടിക്കുകയും ചെയ്തു. മുറിവിൽനിന്ന് ചോരവാർന്ന് കൊച്ചുത്രേസ്യ മരിച്ചു. മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ചു. ബെഡ്ഷീറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതദേഹം 27ന് രാത്രി ചെറിയക്കുട്ടി മുകൾനിലയിൽനിന്ന് താഴേക്ക് ഇടുകയും വീടിനു പിറകുവശത്തുള്ള ഷെഡിനരികെ ചകിരിയും വിറകും കൂട്ടിയിട്ട് മീതെ മൃതദേഹംവച്ച് തീകൊളുത്തുകയും ചെയ്തു. തെളിവു നശിപ്പിക്കാൻ കൊച്ചുത്രേസ്യയുടെ ആറു പവന്റെ മാലയും വളകളും വീടിന് ഒന്നര കിലോമീറ്റർ അകലെ കുഴിച്ചിടുക യും ചെയ്തു.
മ്യാൻമാർ തീരക്കടലിനു സമീപം നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭീമൻ കപ്പൽ കണ്ടെത്തി. സാം രത്ലുങ്കി പിബി 1600 എന്ന കപ്പലാണ് കണ്ടെത്തിയിരിക്കുന്നതെന്നും യാങ്കോണ്‍ പോലീസ് അറിയിച്ചു. യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പോലീസ് വിവരം നൽകിയത്. 2001ൽ നിർമിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റർ നീളമുണ്ട്. ഇന്തോനേഷ്യൻ കപ്പലാണോയെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മ്യാൻമർ നാവികസേനയും അന്വേഷണം ആരംഭിച്ചു
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നു തട്ടിക്കൊണ്ടു പോകല്‍ നാടകത്തിലെ ദുരൂഹത എല്ലാം അഴിഞ്ഞുവീണു. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പരന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തി.
ബൈക്ക് മെക്കാനിക്കായി മനുവിന്റെ ഭാര്യയാണ് നീനു. കോട്ടയത്തുകാരിയായ നീനുവിനെ പ്രണയിച്ചാണ് മനു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം നീനം അടുത്തുള്ള ഒരു കടയില്‍ ജോലിക്കു പോയിരുന്നു. ഇവിടെവച്ച് ബിനു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ മനു നീനുവിന്റെ ജോലി നിര്‍ത്തിച്ചു.
പ്രണയം മൂത്തതോടെ നീനു ബിനുവിനൊപ്പം പോകാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. അങ്ങനെ തട്ടിക്കൊണ്ടു പോകല്‍ നാടകം പ്ലാന്‍ ചെയ്തത് ബിനുവാണ്. ഇരുവരും പ്ലാന്‍ ചെയ്തതു പോലെ ബിനുവിന്റെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ വിജയിച്ചു. എല്ലാവരും ആക്രിക്കച്ചവടക്കാരെ സംശയിച്ച് അന്വേഷണം ആ വഴിക്കു നീങ്ങുകയും ചെയ്തു. ഇതിനിടെ ബിനു അറിയാതെ നീനു ഒരു പെണ്‍ബുദ്ധി പ്രയോഗിച്ചി. പോകുംമുമ്പ് ഒരു ഫോട്ടോയെടുത്ത് ഭര്‍ത്താവിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തു.
സംഭവം ഗുരുതരമാണെന്നു കാണിക്കാന്‍ കഴുത്തില്‍ രക്തം ഒഴുകുന്ന ഒരു ചിത്രമായിരുന്നു അത്. ഈ ചിത്രമാണ് നീനുവിനെ കുടുക്കിയത്. ചിത്രം കിട്ടിയ മനു അതു പോലീസിന് നല്കി. പോലീസ് പരിശോധനയില്‍ കഴുത്തിനു മുറിവേറ്റാല്‍ ഉണ്ടാകുന്ന ചോരയല്ല അതെന്ന് മനസിലാക്കി. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകമാണെന്ന് പോലീസിന് മനസിലായതും. കുങ്കുമം കഴുത്തില്‍ പുരട്ടിയെടുത്ത ചോരയുടെ ചിത്രമായിരുന്നു നീനു അയച്ചു നല്കിയത്. ബിനു അറിയാതെയുള്ള ഈ നീക്കം ഒടുവില്‍ ഇരുവരെയും കുടുക്കുകയും ചെയ്തു.
പ്രളയശേഷത്തിന് പിന്നാലെ ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയിൽ നാലു പേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റു നാലു പേർക്ക് എലിപ്പനിയെന്ന് സംശയം. പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേർക്ക് എലിപ്പനി പകർന്നതായാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്ക്കെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ഊര്‍ജിതമാക്കി.
സംസ്ഥാനത്ത് പാചകവാതകവില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുടെ വില 1410.50 രൂപയായി. ഇന്ധനവിലയിലും വര്‍ധനയുണ്ട്. പെട്രോള്‍ വില 82 രൂപ കടന്നു.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു കാരണം. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധനവിലർധനയ്ക്കു കാരണമാകുന്നുണ്ട്.
ജൂലൈയിൽ ഡീസൽവില 50 പൈസയാണ് ഉയർന്നതെങ്കിൽ ഓഗസ്റ്റിൽ രണ്ടര രൂപയോളം വർധിച്ചു. പെട്രോൾ വിലയിലും രണ്ടു രൂപയുടെ വർധനയാണ് കഴിഞ്ഞമാസം ഉണ്ടായത്. പ്രളയ ദിനങ്ങളിലും വില നേരിയ തോതിൽ വർധിച്ചിരുന്നു. ഓഗസ്റ്റിൽ ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സേലം: ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. 30 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ ഏഴു പേര്‍ മലയാളികളാണ്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന തിരുവല്ല ബസില്‍ ഇടിക്കുകയായിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരില്‍ ആലപ്പുഴ എടത്വാ സ്വദേശി ജിം ജയിംസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.