കാമുകന്റെ ശരീരം വെട്ടിനുറുക്കി ബിരിയാണി വെച്ച് വിളമ്പിയ യുവതിയുടെ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. പ്രതിയെ അറബ് പൊലീസാണ് പിടികൂടിയത്. ലോകത്തെ നടുക്കിയ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രചരിച്ച വാർത്തകളിൽ പറഞ്ഞതുപോലെ ബിരിയാണി വെച്ചില്ലെന്ന വെളിപ്പെടുത്തലാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. പ്രതിയായ മൊറോക്കൻ യുവതിയെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.

കൊല്ലപ്പെട്ട യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മൊറോക്കോയിൽ തന്നെയുള്ള യുവതിയുമായാണ് ഈ വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അൽ ഐയ്ൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കൻ സ്വദേശിയാണ്. യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനകത്ത് മറ്റൊരിടത്തേക്ക് മാറ്റി, തറയിലുണ്ടായിരുന്ന രക്തം മുഴുവൻ കഴുകിക്കളഞ്ഞ് മൃതദേഹം ഒളിപ്പിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. മൃതദേഹം ഒളിപ്പിക്കാൻ ഒരു ഫ്ലാറ്റ് ഇവർ വാടകയ്ക്ക് എടുത്തിരുന്നു. കൈവശം ഉണ്ടായിരുന്ന സ്വർണ്ണം വിറ്റാണ് മൃതദേഹം വേവിക്കുന്നതിനുളള പാത്രങ്ങളും മുറിക്കുന്നതിനുളള കത്തികളും വാങ്ങിയത്.

യുവാവിന്റെ എല്ലാ വസ്ത്രങ്ങള്‍ കത്തിച്ച് ഫോണും പേഴ്സും നശിപ്പിച്ചു. ശേഷം മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റിയ അവയവങ്ങൾ ഓരോന്നും ഓരോ പാത്രത്തിലാക്കി വേവിച്ചു. ഇറച്ചിയും എല്ലും പൊടിയാക്കി മാറ്റി. ഇത് മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളിൽ ഉപേക്ഷിച്ചെന്നും ഡ്രെയിനേജ് വഴി ഒഴുക്കിക്കളഞ്ഞെന്നുമാണ് മൊഴി.

യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.