കുപ്രസിദ്ധ ഗുണ്ടയും വാടക കൊലയാളിയുമായ മുന്ന ബജ്‌റംഗിയെ വെടിവെച്ച് കൊന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ജയിലിനുള്ളില്‍ വെച്ച് വെടിവെച്ച് കൊന്നത്. മറ്റൊരു ജയില്‍പുള്ളിയാണ് പുലര്‍ച്ചെ 6.30 ഓടെ മുന്നയെ വെടിവെച്ച് കൊന്നത്.ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലാണ് മുന്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരുന്നത്.
മുന്നയെ കൊല്ലാന്‍ ആരൊക്കെയോ പദ്ധതി തയാറാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ മുന്ന കൊല്ലപ്പെട്ടിരിക്കുന്നത്.
പ്രേം പ്രകാശ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഒക്ടോബര്‍ 2009 ലാണ് മുന്നയെ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലായിരുന്നു ഇയാള്‍ വിചാരണ നേരിട്ടു കൊണ്ടിരുന്നത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി2 ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. രോഹിത് ശർമയുടെ സെഞ്ചുറി മികവിലാണ് ടീം ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. മൂന്ന് മൽസരങ്ങളുടെ പരമ്പര ഇന്ത്യ (2-1)ന് സ്വന്തമാക്കി.
ഒാപ്പണർ ശിഖർ ധവാനെ(5) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ രോഹിതിനൊപ്പം ചേർന്ന നായകൻ കോഹ്‌ലിയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രോഹിത് പുറത്താവാതെ 56 പന്തിൽ 100 (11 ഫോറും, 5 സിക്സും) റൺസെടുത്തു. 29 പന്തിൽ 43 റൺെസടുത്ത കോഹ്‌ലിയെ ജോർദാൻ പുറത്താക്കി. 19 റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റ് ജേക്കബ് ബാളിനാണ്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ ജേസൺ റോയിയുടെ (31 പന്തിൽ നാലു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെ 67 റൺസ്) പ്രകടനമാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ബോളർമാരെല്ലാം നാല് ഓവറിൽ മുപ്പതിലേറെ റൺസ് വഴങ്ങി. നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ഏറ്റവും വലിയ ‘തല്ലുകൊള്ളി’. അതേസമയം, ഒരു റണ്ണൗട്ട് ഉൾപ്പെടെ ഇംഗ്ലണ്ട് നിരയിലെ ആറു പേരുടെ പുറത്താകലിൽ പങ്കാളിയായ ധോണിയുടെ പ്രകടനം ശ്രദ്ധ നേടി.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, കളത്തിൽ നിയന്ത്രണം പിടിച്ച ഇംഗ്ലണ്ട് ഓപ്പണർമാർ വഴിപിരിഞ്ഞത് സ്കോർ ബോർഡിൽ 94 റൺസ് കൂട്ടിച്ചേർത്തശേഷം. വെറും 47 പന്തിലാണ് ഇംഗ്ലിഷ് ഓപ്പണർമാർ 94 റൺസെടുത്തത്.
അനായാസം സെഞ്ചുറി കൂട്ടുകെട്ടിലേക്ക് നീങ്ങിയ സഖ്യം പൊളിച്ച് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത് ഭുവനേശ്വർ കുമാറിനു പകരം ടീമിൽ ഇടം കണ്ടെത്തിയ സിദ്ധാർഥ് കൗൾ. 21 പന്തിൽ ഏഴു ബൗണ്ടറികളോടെ 34 റൺസെടുത്ത ജോസ് ബട്‍ലറിനെ കൗൾ ക്ലീൻബൗൾഡാക്കി. സ്കോർ 103ൽ എത്തിയപ്പോൾ ജേസൺ റോയിയും വീണു. 31 പന്തിൽ ഏഴു സിക്സും നാലു ബൗണ്ടറിയും സഹിതം 67 റൺസെടുത്ത റോയിയെ ചഹാർ മടക്കി.
മൂന്നാമനായി ക്രീസിലെത്തിയ അലക്സ് ഹെയ്‌ൽസ് 24 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 30 റൺസെടുത്തു. ഹെയിൽസ്‍ ഉൾപ്പെടെ നാലു പേരെ മടക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഹെയിൽസിനെയും പിന്നാലെ ക്യാപ്റ്റൻ ഒയിൻ മോർഗനെയും (ഒൻപതു പന്തിൽ ആറ്) ധോണിയുെട കൈകളിലെത്തിച്ച പാണ്ഡ്യ, ബെൻ സ്റ്റോക്സ് (10 പന്തിൽ 14), ജോണി ബെയർസ്റ്റോ (14 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 25) എന്നിവരെയും പുറത്താക്കി.
അവസാന ഓവറുകളിൽ കൂറ്റനടിക്കു ശ്രമിച്ച് ഡേവിഡ് വില്ലി (രണ്ടു പന്തിൽ ഒന്ന്), ലിയാം പ്ലങ്കറ്റ് (നാലു പന്തിൽ ഒൻപത്) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ട് സ്കോർ 198ൽ ഒതുങ്ങി. ക്രിസ് ജോർദാൻ (മൂന്നു പന്തിൽ മൂന്നു റൺസ്) അവസാന പന്തിൽ റണ്ണൗട്ടായി. ആദിൽ റഷീദ് (മൂന്നു പന്തിൽ നാലു റൺസ്) പുറത്താകാതെ നിന്നു.
വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടി ഇരുവരും. ആദ്യം തിരക്കിയത് ആശുപത്രിയില്‍ കിടക്കുന്ന അർജുന്റെ കാര്യം. അഭിമന്യു മഹാരാജാസ് മരിച്ചിട്ടില്ലെന്നും അർജുനിലൂടെ അഭിമന്യു ജീവിക്കുന്നുവെന്നും അര്‍ജുന്റെ പിതാവ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയാണ് നമ്മുടെ മക്കൾ പ്രവർത്തിച്ചത്. അവർ ചെയ്തതാണ് ശരി. കലാലയങ്ങൾ പഠിക്കാൻ വേണ്ടി മാത്രമല്ലെന്നും സർഗ്ഗാത്മകതയുടെ ഇടമാണെന്നും അർജുനെ മഹാരാജാസിൽ തന്നെ തുടർന്ന് പഠിപ്പിക്കുമെന്നും അധ്യാപകൻ കൂടിയായ പിതാവ് മനോജ് പറഞ്ഞപ്പോൾ അഭിമന്യൂവിന്റെ അമ്മ ഭൂപതി വിങ്ങിപ്പൊട്ടി.
അർജുന്‍ ആശുപത്രി വിട്ടാൽ നേരെ വട്ടവടയ്ക്ക് കൂട്ടിക്കൊണ്ടു വരുമെന്നും അഭിമന്യു തങ്ങളുടെ കൂടി മകനാണെന്നും അദ്ദേഹം പറഞ്ഞതും മറുപടി പറയാനാവാതെ ഇരുവരും കൈകൾ കൂട്ടിപ്പിടിച്ചു.അഭിമന്യുവിന്റെ ശവകുടീരം കൂടി സന്ദർശിച്ചാണ് അർജുന്റെ കുടുംബം മടങ്ങിയത്.
സ്വകാര്യ ചാനലിലെ പരിപാടിയിൽ അഭിനയിക്കുന്ന നടി നിഷ സാരംഗിനെ സംവിധായകൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതി ഒത്തുതീർപ്പിലേക്ക്. പരിപാടിയുടെ സംവിധായകനായ ഉണ്ണികൃഷ്ണനെതിരെയാണ് നേരത്തെ നടി ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ നവമാധ്യമങ്ങളിൽ അടക്കം ഒട്ടേറെ പേൻ നടിക്ക് പിന്തുണയുമായി എത്തിയിരുന്നു.
താരസംഘടനയായ അമ്മയുടെ പിന്തുണയറിയിച്ച് നടൻ മമ്മൂട്ടിയും വിമൻ ഇൻ സിനിമ കലക്ടീവും രംഗത്തെത്തിയതോടെ ചാനൽ അധികൃതർ ഒത്തുത്തീർപ്പിന് തയാറാവുകയായിരുന്നു. നടി മാല പാർവതിയാണ് ഒത്തുത്തീർപ്പിന് ശ്രമം നടക്കുന്നതായി ഫെയ്സ് ബുക്കിൽ അറിയിച്ചത്.
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച്, കെയ് നിഷികോരി എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. ജോക്കോവിച്ച് 4-6, 6-3, 6-2, 6-4ന് എഡ്മണ്ടിനെയും നിഷികോരി 6-1, 7-6 (7-3), 6-4ന് നിക് കിര്ഗിയോസിനെയും പരാജയപ്പെടുത്തി. സ്വരേവിനെ ഏണറ്റ്സ് ഗുൽബിസ് അട്ടിമറിച്ചു
ദേശീയപാതയിൽ കാസർകോട് ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഏഴു പേർക്കു പരുക്ക്. ജീപ്പിലുണ്ടായിരുന്നവർ കർണാടക സ്വദേശികളാണെന്നാണു വിവരം. ഇന്നു രാവിലെ ആറോടെയാണു സംഭവം. മംഗളൂരു ഭാഗത്തേക്കു പോയതാണ് ട്രാവലർ ജീപ്പ്.
ഇവർ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി മടങ്ങുകയായിരുന്നുവെന്നു കരുതുന്നു. ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തൽക്ഷണം മരിച്ചു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാർ, പൊലീസ്, അഗ്നി രക്ഷാ സേന തുടങ്ങിയവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
പെരുമണ്‍ ട്രെയിന്‍ അപകടത്തിന് ഇന്ന് മുപ്പതാണ്ട്. ഐലന്റ് എക്സ്പ്രസില്‍ സഞ്ചരിച്ചവരും രക്ഷാപ്രവര്‍ത്തനം നടത്തിയവരുമടക്കം നൂറ്റിയഞ്ച് പേരാണ് ദുരന്തത്തില്‍മരിച്ചത്. അപകട കാരണം ഇതുവരെ കണ്ടെത്തനായിട്ടില്ല.1988 ജൂലൈ എട്ട്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ പത്തുബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചു. അയല്‍സംസ്ഥാനക്കാരടക്കം 105 പേരാണ് മരണത്തിലേക്ക് മുങ്ങിതാണത്. നൂറകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അപകടത്തെക്കുറിച്ച് പല അന്വേഷണങ്ങള്‍ നടന്നു.ചുഴലിക്കാറ്റാണെന്നായിരുന്നു റയില്‍വേയുടെ കണ്ടെത്തല്‍. പക്ഷേ സംഭവസമയത്ത് ഒരു ചെറു കാറ്റു പോലും വീശിയിരുന്നില്ലെന്ന് നാട്ടുകാര്‍ അന്നു മുതല്‍ പറയുന്നതാണ്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും അവര്‍ ആക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു.പെരുമണ്‍ ദുരന്തം പുനരന്വേഷിക്കണമെന്ന് ലോകസഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപെട്ടപ്പോള്‍ അടഞ്ഞ അധ്യായം എന്നായിരുന്നു റയില്‍വേമന്ത്രിയുടെ മറുപടി.
അധ്യാപികയുടെ തലയറുത്ത ശേഷം തലയുമായി യുവാവ് കാട്ടിലേക്കോടി. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ഖപ്രസായ് പ്രൈമറി സ്‌കൂളിലെ അധ്യാപികയായ സുക്ര ഹെസ(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹരി ഹെമ്പ്രം(26) എന്ന യുവാവാണ് കൊലയ്ക്ക് പിന്നില്‍. ഇയാൾക്ക് മാനസികാസ്വാസ്വഥ്യമുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ.
സ്‌കൂളിന് സമീപം താമസിക്കുന്ന ഹരി അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം കയ്യിലുണ്ടായ വാളുകൊണ്ട് തലവെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ തലയുമായി യുവാവ് കാട്ടിലേക്കോടിയ യുവാവിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
വെട്ടിമാറ്റിയ തലയുമായി അഞ്ചുകിലോമീറ്ററോളം ദൂരം കാട്ടിലേക്ക് ഓടിയ പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കയ്യില്‍ ആയുധം ഉണ്ടായതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. പിന്നീട് പൊലീസ് എത്തി കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ തായ്‌ലന്‍ഡില്‍
ഗുഹയില്‍ കുടുങ്ങിയ നാല്കുട്ടികളെ പുറത്തെത്തിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വിവരം പുറത്തുവിട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തായ് അധികൃതര്‍ പറഞ്ഞു. ഒന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ശ്രമം വിജയം കാണുന്നത്. ബാക്കിയുളളവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.
അവസാനഘട്ടത്തിലും മഴ വില്ലനായി കടന്നെത്തിയിരുന്നു. 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ പ്രദേശത്ത് കനത്ത മഴ ആരംഭിച്ചതായി റിപ്പോർട്ട് പുറത്തുവന്നത് കനത്ത ആശങ്ക ഉയര്‍ത്തി. മഴ തുടരുകയാണെങ്കിൽ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവർത്തനം തടസ്സപ്പെട്ടേക്കാം എന്നായിരുന്നു വിവരം.
കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാൻ ബഡ്ഡി ഡൈവിങ്ങ് എന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങൽ വിദഗ്ധൻ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. ഇവിടെ ഒരു കുട്ടിക്ക് രണ്ട് ഡൈവിങ്ങ് പരിശീലകനാണ് ഉണ്ടാകുക. ഓരോരുത്തരെയായി ആയിരിക്കും പുറത്തെത്തിക്കുക. ആദ്യത്തെയാളെ ഇന്ന് പുറത്തെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്
ഗുഹയിലകപ്പെട്ട കുട്ടികളെ മുഴുവൻ നീന്തൽ പഠിപ്പിച്ച് പുറത്തെത്തിക്കുക എന്നത് പ്രായോഗികമല്ലാത്തതു കൊണ്ടാണ് ഈ മാർഗം പരീക്ഷിക്കുന്നത്. രക്ഷാപ്രവർത്തക സംഘത്തിലെ ഒരംഗം തന്നെയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. ഇടുങ്ങിയ, ദുർഘടമായ വഴിയിലൂടെ മൂന്നിലധികം കിലോമീറ്റർ സഞ്ചരിച്ചാലാണ് പുറത്തെത്താനാകുക.
മഴ കനക്കാനുള്ള സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് വെള്ളം വറ്റിച്ച് പുറത്തെത്തിക്കുക എന്ന മാർഗ്ഗം സ്വീകരിക്കാത്തത്. 15 ദിവസമായി ഇവർ ഗുഹയിക്കുള്ളിലാണ്. കുട്ടികൾക്കും കോച്ചിനുമുള്ള ഭക്ഷണസാധനങ്ങളുമായാണ് രക്ഷാപ്രവർത്തകസംഘം എത്തിയത്.
എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്നും ഉടന്‍പുറത്തെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കുട്ടികളും കോച്ചും മാതാപിതാക്കൾക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു. പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ലോകം. തങ്ങളുടെ കുട്ടികൾ ഉടൻ പുറത്തെത്തുമെന്ന പ്രതീക്ഷയിൽ ആശ്വാസം കണ്ടെത്തുകയാണ് കുടുംബാംഗങ്ങളും.
തിരുവനന്തപുരം: ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കുമ്പോഴും തിരിച്ചു വിളിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടും. ചില അനോമസ് മിസ് കോളുകള്‍ തിരിച്ചു വിളിച്ചാല്‍ നമ്മുടെ ഫോണ്‍ അക്കൗണ്ടില്‍ നിന്ന് നല്ലൊരു തുക നഷ്ടപ്പെടും. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസും രംഗത്ത് വന്നിട്ടുണ്ട്.
+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ വരുന്നത്. പലരും തിരികെ വിളിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ നിന്ന് റീചാര്‍ജ് ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചില നമ്പരുകളിലേക്ക് രണ്ടും മൂന്നും തവണ കോളുകള്‍ വന്നിട്ടുണ്ട്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ ഇത്തരം കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഐ.ടി സെല്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ നേരത്തെ ഇത്തരം അനോണിമസ് കോളുകളോട് പ്രതികരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ചില കോളുകള്‍ സ്ത്രീ ശബ്ദത്തില്‍ ഹലോ എന്ന് ചോദിച്ച ശേഷം ഡിസ്‌കണക്ട് ആവുകയാണ് ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന കോളുകളാണെന്നാണ് പ്രാഥമിക നിഗമനം.
സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും കേരളാ പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.