അമ്മയുടെ വിയോഗമറിഞ്ഞ് വാവിട്ട് കരയുന്ന ഇൗ കുഞ്ഞുങ്ങളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിൽക്കുകയാണ് ഇൗ ഗ്രാമം. കാട്ടുമുണ്ട കമ്പനിപ്പടിയിലെ കെഎസ്ആർടിസി ബസ് അപകടം അനാഥമാക്കിയത് പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങളെയാണ്. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് വേണ്ടിയുള്ള ഒാട്ടത്തിനിടയിലാണ് മക്കളെ തനിച്ചാക്കി സരിത യാത്രയായത്.
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ 2 വർഷം മുൻപാണ് സരിത ജോലിക്കു ചേർന്നത്. മുൻപ് നിലമ്പൂരിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററിൽ ജീവനക്കാരിയായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സരിത മക്കളുമൊത്ത് മമ്പാട് പുള്ളിപ്പാടം വില്ലേജ് ഓഫിസിന് സമീപം ഒറ്റമുറി വാടക ക്വാർട്ടേഴ്സിലാണു താമസിച്ചിരുന്നത്. മൂത്തമകൻ ശിവനേഷ് നിലമ്പൂർ മന്നം സ്മാരക എൻഎസ്എസ് എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മകൾ സുനിത ഏഴിലും ഇളയ മകൻ ശക്തിമൂർത്തി അഞ്ചിലും നിലമ്പൂർ ഗവ. മാനവേദൻ എച്ച്എസ്എസിൽ പഠിക്കുന്നു. നിലമ്പൂർ മുതീരിയിൽ നഗരസഭ പിഎംഎവൈ പദ്ധതിയിൽ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമാണം ലിന്റൽ ഘട്ടത്തിലാണ്.
വീട്ടുചെലവിനും മക്കളുടെ പഠനത്തിനും പുറമേ വീടു നിർമാണത്തിനും വക കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുകയായിരുന്ന സരിതയെന്ന് സഹപ്രവർത്തകരും അയൽവാസികളും പറഞ്ഞു. പിതാവും സഹോദരനും സാധാരണക്കാരാണ്. സരിതയുടെ വേർപാടോടെ കുട്ടികളുടെ ഭാവിയും വീടു നിർമാണവും അനിശ്ചിതത്വത്തിലായി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വണ്ടൂരിലെ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് വീട്ടിച്ചാലിലെ തറവാട്ടിൽ കൊണ്ടുവന്നപ്പോൾ മാതാപിതാക്കളുടെയും മക്കളുടെയും കരച്ചിൽ നാടിന്റെയും സങ്കടമായി. നഗരസഭാ വാതകശ്മശാനത്തിൽ സംസ്കാരം നടത്തി.
സിപിഎമ്മില്‍ ആര്‍ക്കുമാവാമെങ്കിലും ആലത്തൂരില്‍ യുഡിഎഫിന് ആള്‍ക്ഷാമമാണ്. അനായാസവിജയമാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. തൃശൂര്‍ പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ ഇക്കുറി സിപിഎം പുതുമുഖത്തെ ഇറക്കും. ദുര്‍ഘടം മറികടക്കാന്‍ മികച്ച സ്ഥാനാര്‍ഥിക്കായി യുഡിഎഫിലും തിരക്കിട്ട ചര്‍ച്ചകളാണ്.
പാസ് ഉറപ്പെന്ന് പറയാന്‍ സിപിഎമ്മിന് പലതാണ് കാരണങ്ങള്‍. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും കോട്ടയത്തുകാരനായ പാര്‍ട്ടി സ്ഥാനാര്‍ഥി പികെ ബിജുവാണ് വിജയിച്ചത്.
37312 വോട്ടായിരുന്നു 2014 െല ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ ആലത്തൂര്‍, തരൂര്‍, നെന്മാറ, ചിറ്റൂര്‍, തൃശൂരിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആലത്തൂരിലുള്ളത്. വടക്കാഞ്ചേരിയൊഴിച്ച് ആറു മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. സിപിഎം കേന്ദ്രകമ്മിറ്റിഅംഗം കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി ആലത്തൂരിലെത്തുമെന്നാണ് രാഷ്ട്രീയവര്‍ത്തമാനം.
കോണ്‍ഗ്രസിനാകട്ടെ താഴെത്തട്ടിലെ ദുര്‍ബലമായ പാര്‍ട്ടി ഘടകങ്ങള്‍ തന്നെയാണ് തിരിച്ചടി. കായികസിനിമാതാരങ്ങള്‍ക്കാണ് മുന്‍ഗണന. െഎ എം വിജയനെത്തുമെന്നും സൂചന. യൂത്ത്്കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലൂരും ഒറ്റപ്പാലം സ്വദേശിയും തൃശൂരില്‍ താമസിക്കുന്ന എംവി സുരേഷും പട്ടികയിലുണ്ട്. മുന്‍പ് കുഴല്‍മന്ദം മണ്ഡലത്തില്‍ മല്‍സരിച്ച പരിചയമാണ് സുരേഷിനുളളത്.
ബിജെപിയില്‍ നിന്ന് ഷാജുമോന്‍ വട്ടേക്കാടിന്റെ പേരാണ് പ്രധാനമായുളളത്. വോട്ടുശതമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച സമയം നല്‍കണമെന്നാണ് ആവശ്യം. ഈ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയില്ലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് അവകാശപ്പെട്ട യുഎസ് ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അനന്തിരവന്‍ ആവശ്യപ്പെട്ടു. ഷൂജയുടെ വെളിപ്പെടുത്തലുകളെ ഹാക്കത്തോണിന്‍റെ സംഘാടകര്‍ തള്ളിപ്പറഞ്ഞു. ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ വിശദീകരണം.
അപവാദപ്രചാരണവും തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി െഎപിസി 505 പ്രകാരം എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത് യുഎസ് ഹാക്കര്‍ക്കര്‍ സെയ്ദ് ഷൂജയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നുവെന്ന് ഷൂജ അവകാശപ്പെട്ടിരുന്നു.
ഇത് തെറ്റാണെന്ന് ഇസിെഎഎല്‍ വ്യക്തമാക്കി. ഷൂജ വെളിപ്പെടുത്തലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഹാക്കത്തോണിന്‍റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ഹാക്കത്തോണില്‍ കപില്‍ സിബില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ സംഘടകര്‍ ക്ഷണിച്ചപ്പോള്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് കപില്‍ സിബിലിന്‍റെ വിശദീകരണം. കപില്‍ സിബില്‍ പങ്കെടുത്തതിനെ തൃണമൂല്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ മതിയെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
അതിനിടെ, 2014 മേയ് 12 ന് തന്‍റെ സഹായികളായ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത് ബിജെപി തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ചാണെന്ന് ഹാക്കര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് ആന്ധ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കപില്‍ സിബില്‍ ആവശ്യപ്പെട്ടു.
ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോയോ, സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് മുണ്ടെയുടെ അനന്തിരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ ആവശ്യം.
റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ക്രൈമിയയ്ക്കുസമീപം കെര്‍ച്ച് മുനമ്പില്‍ ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് 14 പേര്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായി. രണ്ടു കപ്പലുകളിലുമായി 15 ജീവനക്കാര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. ടാന്‍സാനിയന്‍ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. ലിബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ് ബാക്കി ജീവനക്കാര്‍. 12 പേരെ രക്ഷപെടുത്തിയതായി റഷ്യന്‍ നാവികസേന അറിയിച്ചു
തൃശൂരിൽ കാണാതായ നഴ്സ് ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കീഴടങ്ങി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് മുഖ്യപ്രതിയായ ജസ്റ്റിന്റെ കീഴടങ്ങൽ. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബെംഗളുരുവിൽ നഴ്സ് ആയിരുന്നു ആൻലിയ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആൻലിയയെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതിയുടെ പിതാവ് ജസ്റ്റിനെതിരെ പരാതി നൽകി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.
ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മകൾക്ക് നീതി ലഭിക്കുന്നതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പിതാവ് ഹെജിനസ്, നിയമപോരാട്ടം നടത്തുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് കൈത്താങ്ങുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബര്‍ 28 ന് ഉണ്ടായ വാഹനാപകടത്തിലാണ് മാർട്ടിന് ഗുരുതരമായി പരുക്കേറ്റത്. ശ്വാസകോശത്തിനും കരളിനും സാരമായി പരുക്കേറ്റ മാര്‍ട്ടിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയതിനു പിന്നാലെയാണ് നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ഗാംഗുലി സഹായവുമായെത്തിയത്.
‘മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഇന്ത്യന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
എഴുപതിനായിരം രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തിയിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്.
ബിസിസിഐയുടെ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേൽ മാര്‍ട്ടിന്റെ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ സഹായം മാര്‍ട്ടിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ അഞ്ച് ലക്ഷം രൂപ മാര്‍ട്ടിന്റെ സഹായത്തിനായി നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും നല്‍കി. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ നല്‍കിയ മൂന്ന് ലക്ഷത്തിന് പുറമെയും പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഗാംഗുലിക്ക് പുറമെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.
മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കൊളേജിലെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ ഡെയ്ൻ ഡേവിസിനെ ഇറക്കിവിട്ട സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. സ്റ്റേജിൽ അതിഥിയായി എത്തിയ ഡെയ്നിനോട് ഇറങ്ങിപ്പോടാ… എന്ന് പ്രിൻസിപ്പല്‍ ആക്രോശിച്ചുവെന്ന് ഡെയ്ന്‍ തുറന്നടിച്ചു. ഇതുകേട്ട് ഇറങ്ങാൻ തുടങ്ങിയ ഡെയ്നിനോട് വിദ്യാർഥികൾ അൽപ്പനേരം നിൽക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്നിനോട് ‘ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും നാണമില്ലേ നിൽക്കാൻ..’ എന്ന് പ്രിൻസിപ്പല്‍ ചോദിച്ച വിഡിയോ വൈറലായിരുന്നു. ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ ടി.പി.അഹമ്മദ് സംസാരിച്ചു.
കോളജിൽ വിദ്യാർഥികൾ രണ്ട് ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ൻ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് അതിഥിയെത്തിയത്. എത്തിയ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു. ഇതിനെക്കുറിച്ച് ഗെയ്റ്റിലെത്തിയപ്പോൾ തന്നെ ഞാൻ ഡെയ്നിനോട് പറഞ്ഞതാണ്. പരിപാടി നടത്താൻ സാധിക്കില്ല, നിങ്ങൾക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് നൽകേണ്ട തുക തന്നേക്കാം മടങ്ങിപൊയ്ക്കോളൂവെന്ന് അറിയിച്ചു. എന്നാൽ വിദ്യാർഥികൾ നിർബന്ധിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു– പ്രിൻസിപ്പല്‍ പറയുന്നു.
കോളജിൽ ഒരു അതിഥിയായി വന്നാൽ പെരുമാറേണ്ട രീതി ഇങ്ങനെയാണോ? സാധാരണ അതിഥികൾ പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് ചായസൽക്കാരം സ്വീകരിച്ചതിന് ശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയത്. വീണ്ടും പോകാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഈ വിദ്യാർഥികളുടെ പ്രിൻസിപ്പല്‍ ആയിരിക്കാം, എന്റെ അല്ല, എന്ന് മൈക്കിലൂടെ എന്റെ കുട്ടികളുടെ മുന്നിൽ വിളിച്ചു പറഞ്ഞു. കുട്ടികളുടെ മുമ്പിൽവെച്ച് ഈ രീതിയിൽ സംസാരിച്ച അതിഥിയോട് ഞാൻ അവിടെയിരിക്കാൻ പറയണോ? എനിക്ക് ഇനിയും കോളജിൽ കുട്ടികളുടെ മുമ്പിൽ നടക്കേണ്ടതാണ്. ഇങ്ങനെയൊക്കെ അവരുടെ മുന്നിൽവെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാൻ എനിക്കാവില്ലായിരുന്നു. ഡെയ്ൻ സോഷ്യൽമീഡിയിയൽ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാൻ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല. നാൽപ്പത്തിയഞ്ച് വർഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ആളാണ് ഞാന്‍. ഡെയ്ൻ തീരെ പക്വതയില്ലാത്ത അതിഥിയായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്ക് കാരണം. കോളജിൽ ക്രമസമാധനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. കുട്ടികൾ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാൽ മനേജ്മെന്റിനോട് സമാധാനം പറയേണ്ടത് ഞാനാണ്.– പ്രിൻസിപ്പല്‍ പ്രതികരിച്ചു.
എന്നാൽ കോളജിലേക്ക് വിദ്യാർഥികളും യൂണിയനും സ്വീകരിച്ച് ആനയിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്നും ഡെയ്ൻ ലൈവിൽ പ്രതികരിച്ചു. അധ്യാപകരായാൽ കുട്ടികൾക്കൊപ്പം ഇറങ്ങിച്ചെല്ലേണ്ടവരാണെന്നും ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡെയ്ൻ പറഞ്ഞു.
ഇറങ്ങിപ്പോടാ…; അപമാനിതനായ ആ നിമിഷം: രോഷത്തോടെ ഡെയ്ൻ പറയുന്നു
ലോകം ശ്വാസമടക്കി കാണുകയാണ് ഇൗ വിഡിയോ. കടലിൽ ചത്തുപൊങ്ങിയ ഭീമൻ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രണ്ടു മനുഷ്യരാണ് ഇത് പകർത്തിയതെന്നതും അദ്ഭുതമാണ്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂർത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഇൗ സമയം രണ്ടു ഡൈവർമാരും ഇതിന്റെ സമീപമെത്തി ഇത് ക്യാമറയിൽ പകർത്തുകയായിരുന്നു.
തൊട്ടടുത്തു മനുഷ്യരെത്തിയിട്ടും ഇവരെ ആക്രമിക്കാൻ സ്രാവ് ശ്രമിക്കുന്നില്ല എന്നത് ഗവേഷകരിലും അമ്പരപ്പുണ്ടാക്കുകയാണ്. ജുവാൻ ഒലിഫന്റ്, ഓസിയാൻ റാംസി എന്നീ ഡൈവർമാരാണ് വിഡിയോ പകർത്തിയത്.
ഒലിഫന്റാണ് ഈ കൂറ്റൻ സ്രാവിന്റെ വിഡിയോ പകർത്തിയത്. ലോകത്തിലെ ഏറ്റവും വമ്പത്തി സ്രാവിനൊപ്പം മുഖാമുഖമെത്തിയ നീന്തൽ അനുഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും അദ്ദേഹം പങ്കുവച്ചു. ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവൻ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു.