Latest News

ചാലക്കുടി മനപ്പടിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് സംശയിക്കുന്നു.

ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജുവിനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ലൈജുവും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. പക്ഷേ, കുറച്ചുനാളായി ജോലിക്കു പോകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിഷാദ രോഗമുണ്ടായിരുന്നതായാണ് സംശയം.

പകല്‍മുഴുവന്‍ വാതിലില്‍ തട്ടി മകന്‍ വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മകന്‍ മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അതുവരെ മകന്‍ പട്ടിണിയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്‍മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തിയേറ്ററുകളിൽ തരംഗമായ ദുൽഖർ ചിത്രം മഹാനടി കാണുന്നതിനിടെ താൻ അപമാനിക്കപ്പെട്ടുവെന്ന് ടെലിവിഷൻ അവതാരകയും നടിയുമായ ഹരിതേജയുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിലൂടെയാണ് താരം തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഹരിതേജ താൻ നേരിട്ട കയ്പേറിയ അനുഭവം വിവരിച്ചത്.

സിനിമ പകുതിയോളം പൂർത്തിയായ സമയത്തായിരുന്നു ഹരിതേജയുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ സംഭവം നടന്നത്. സിനിമാ കാണാനെത്തിയ സ്ത്രീയിൽ നിന്നാണ് തനിക്ക് അപമാനമേറ്റത്. സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. ഇത് തന്‍റെ അച്ഛനാണെന്ന് പറഞ്ഞിട്ടു പോലും, അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരി പറയുന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അനുഭവമെന്നും തന്റെ മുൻപിൽ വച്ചു കുടുംബം ഒന്നാകെ അപമാനിക്കപ്പെട്ടത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഹരിതേജ ഫെയ്സ്ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇത്തരത്തിൽ സിനിമാതാരങ്ങളെ കൈകാര്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മാന്യമായ പെരുമാറ്റം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഹരിതേജ പറഞ്ഞു. കുച്ചിപ്പുഡി നർത്തകിയായ ഹരി ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. തുടർന്ന് ബിഗ്ബോസ് തെലുങ്കിലും പങ്കെടുത്തു.

തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം മഞ്ഞ നിറത്തിലുള്ള സ്പോർട്സ് ജേഴ്സിയണിഞ്ഞ സ്നൈപ്പർ ടീം വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാജെ ദിലബാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സ്നൈപ്പർ സംഘം തൂത്തുക്കുടി കളക്ടർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനകൂടിയാണ് മറനീക്കി പുറത്ത് വന്നത്.

തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി കില്ലർ സ്നൈപ്പേഴ്‌സ്

സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെത്തിനായി നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായിരുന്നു അന്ന്. മനുഷ്യച്ചങ്ങല, മാർച്ച്, ഉപരോധം തുടങ്ങി വിവിധ സമരമുറകളിലൂടെയാണ് പ്രതിഷേധം 99 ദിവസങ്ങൾ പിന്നിട്ടത്. നേരത്തെ നടന്ന പ്രതിഷേധങ്ങളിൽ സ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ക്രൂരമായി അടിച്ചമർത്തുന്ന രീതിയൊന്നും ഇതുവരെ ഉണ്ടായിട്ടേയില്ല.

നൂറാം ദിവസത്തെ പ്രതിഷേധം ആൾക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു. അക്രമമുണ്ടായാൽ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസിൻറെ പ്രത്യേക റയറ്റ് കൺട്രോൾ വിഭാഗം, ദ്രുത കർമ്മ സേന, ആംഡ് – ലോ ആൻഡ് ഓഡർ വിഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു. മരണം ഒഴിവാക്കിക്കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബർ ബുള്ളറ്റ് ഫയർ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി കൊലപാതകം നടത്തണം എന്ന ഉദ്ദേശത്തിലാണ് ലോങ്ങ് റേഞ്ചിൽ നിന്നുകൊണ്ട് ഷാർപ് ഷൂട്ടർമാർ വെടിവച്ചത്. ആൺ – പെൺ – വിവിധ പ്രായത്തിലുള്ളവർ – നേതൃനിരയിലുള്ളവർ എന്നിവരെ കൃത്യമായി തെരഞ്ഞുപിടിച്ച് ഷൂട്ട് ചെയ്യുകയാണുണ്ടായത്. പൊലീസ് വാഹനത്തിനു മുകളിൽ നിന്ന് വളരെ ‘സമാധാനത്തോടെ’ ഷൂട്ട് ചെയ്യുന്ന സ്നൈപ്പർ സംഘാങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.

എൻകൗണ്ടർ ടീം അഥവാ മുഖ്യമന്ത്രിയുടെ സ്വാകാര്യ കൊട്ടേഷൻ സംഘം

തമിഴ്‌നാട് പൊലീസിൽ കാലാകാലമായി ഒരു ഏറ്റുമുട്ടൽ സംഘമുണ്ടായിരിക്കും. തീവ്രവാദ – നക്സൽ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വിദഗ്ധരും കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ ‘നിയമപരമായി’ നടപ്പാക്കുന്നവരുമായിരിക്കും. തമിഴ് പുലികൾ, വീരപ്പൻ വേട്ട, തീവ്രവാദ ഭീഷണി എന്നിവയുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇത്തരമൊരു വിഭാഗത്തെ നിയമപരമായി നിർത്താൻ തന്നെ സാധിച്ചിരുന്നു.

ആഭ്യന്തരം കൂടി കൈയിലുള്ള  തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വകാര്യ സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. പലപ്പോഴും ഉന്നത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയും ഇവർക്കെല്ലാം വേണ്ടപ്പെട്ട വിവിഐപികൾക്കുവേണ്ടിയും ഇവർ ‘സ്‌പെഷ്യൽ അസൈന്മെന്റുകൾ’ എടുക്കും.

സ്നൈപ്പർ ടീമിന്റെ സാന്നിധ്യം തന്നെ വലിയ ഗൂഡാലോചനയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെ, എല്ലാത്തിനും അപ്പുറം വേദാന്ത എന്ന കോർപ്പറേറ്റ് ഭീമൻ – തമിഴ്‌നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പോലും ‘സ്നൈപ്പർ ടീമിനെക്കുറിച്ച്’ സംസാരിക്കാൻ തയ്യാറല്ല.

 

ശ്രീനഗര്‍:  കശ്മീരില്‍ കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെ ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന് സംശയാസ്പദമായി ഇയാളെ ഒരു പെണ്‍കുട്ടിയോടൊപ്പം കണ്ടതിനെ തുടര്‍ന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായിരുന്നു സൈനികന്റെ കൂടെയുണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൈനികന്റെ മൊഴിയെടുത്ത ശേഷം അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ശ്രീനഗര്‍ പോലീസ് സുപ്രണ്ടിനാണ് അന്വേഷണ ചുമതല.

ലിതുല്‍ ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഹോട്ടല്‍ അധികൃതരുമായി വാക്കേറ്റമുണ്ടാക്കി. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

2017-ല്‍ ആയിരുന്നു കശ്മീരില്‍ കല്ലേറ് നടത്തിയതിന്റെ പേരില്‍ യുവാവിനെ മേജര്‍ സ്വന്തം ജീപ്പിന്റെ ബോണറ്റില്‍ കെട്ടി യാത്ര നടത്തിയത്. ഇത് ഏറെ വിവാദത്തിനും കാരണമായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ നിപ്പ വൈറസ് ബാധയെക്കുറിച്ച്  നവ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരേയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരേയുമാണ് കേസ്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിപ്രകാരമാണ് കേസ്.

നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹത്തിന്റെ അവകാശവാദം. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കഞ്ചേരിയുടെ ഈ വിചിത്രമായ വാദം.

നിപ്പാ വൈറസ് രോഗബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ് നിപ്പ. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നുമാണ് മോഹനന്‍ വൈദ്യരുടെ വാദം.  ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നായിരുന്നു പരാതി.

ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കൊച്ചി: പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂരിലെ രമിത്ത്, ആണ്ടല്ലൂര്‍ സന്തേഷ്, പി.കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ ബിജു, കണ്ണൂരിലെ രാധാകൃഷ്ണന്‍, വിമല, രവീന്ദ്രന്‍പിള്ള,  രാജേഷ് എന്നിവരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേസുകളിലെല്ലാം പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

എന്നാല്‍ ഇരകളുടെ ബന്ധുക്കളില്‍ നിന്ന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും കേസിന്റെ വിചാരണ വേളയില്‍ കേസ് സിബിഐക്ക് വിടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആന്റണിഡൊമനിക് അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുന്ന ലിനി…  നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരിക്കുന്ന നിമിഷങ്ങൾ… നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. അമ്മയുടെ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ, സന്ധ്യനേരത്തെ് ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ…. ഇത് മരിച്ചുപോയ ലിനിക്കായി സോഷ്യൽ മീഡിയയിൽ കുറിക്കപ്പെടുന്ന തേങ്ങലുകൾ..

അന്യനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന മാലാഖയുടെ പേരിനെ സ്വര്‍ണ്ണലിപിയില്‍ എഴുതപ്പെട്ടപ്പോൾ നഷ്ടപ്പെട്ടത് എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ ഭാവിയാണ്…  ഭർത്താവിന് നഷ്ടപ്പെട്ടത് സ്നേഹനിധിയായ  ഭാര്യയെയാണ്… എന്നാൽ ലിനിയുടെ കുടുംബത്തോട് ചേർന്ന് കേരളം ഒന്നാകെ ഒരുമിച്ചു എന്നത് ഒരു സത്യം മാത്രം… നഷ്ടം നമ്മൾക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ മലയാളിയുടെ മനുഷ്യസ്നേഹം പല രൂപത്തിൽ ആ കുടുംബത്തിലേക്ക് ഒഴുകിയെത്തുന്നു.. നഷ്ടത്തിന് പകരം വയ്ക്കാൻ പറ്റില്ലെങ്കിലും മരണത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഉതകുന്ന നടപടികളുമായി പ്രവാസികളും…  സാമ്പത്തികമായ സഹായം നൽകി സർക്കാർ ആ കുടുംബത്തെ ഏറ്റെടുത്തു എന്നത് സന്തോഷം പ്രധാനം ചെയ്യുന്ന ഒന്നായി..

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രഖ്യാപനം…

നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്തു ലക്ഷം രൂപവീതം നല്‍കും. അഞ്ചുലക്ഷം വീതം ദൈനംദിന ആവശ്യങ്ങള്‍ക്കും അഞ്ചു ലക്ഷം വീതം സ്ഥിരനിക്ഷേപമായി നല്‍കുന്നതിനുമാണ് തീരുമാനം. ആവശ്യമെങ്കില്‍ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവച്ച നഴ്‌സാണു ലിനി. രോഗി പരിചരിച്ചതുകൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരിച്ചതും.

അതിനാല്‍ അവരുടെ കുടുംബത്തോടു നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. നിപ്പ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടന്‍ എന്‍സിഡിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ, നിപ്പ വൈറസിനെ നേരിടാന്‍ റിബവൈറിന്‍ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആലോചിക്കാനും 25ന് സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷത്തെ കരിയറിനൊടുവിലാണ് ‘മിസ്റ്റര്‍ 360’ ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും, 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും നേടിയിട്ടുണ്ട്. 78 ടി20 മത്സരങ്ങള്‍ കളിച്ച താരം 1672 റണ്‍സ് നേടി. ടെസ്റ്റില്‍ 22 സെഞ്ചുറിയും ഏകദിനത്തില്‍ 25 സെഞ്ചുറിയും എബിഡി സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കാനുള്ള തീരുമാനം കടുപ്പമേറിയതാണ്. എന്നാല്‍ ഇന്ത്യയ്ക്കും ഓസീസിനും എതിരായ പരമ്പര വിജയത്തിനൊടുവില്‍ ശരിയായ സമയത്താണ് ഈ തീരുമാനം കൈക്കൊണ്ടത്.

കരിയറില്‍ പിന്തുണ നല്‍കിയ പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിക്കുന്നതായും എബിഡി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 2004ല്‍ ടെസ്റ്റിലും തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും എബിഡി അരങ്ങേറ്റവും കുറിച്ചു. ഒന്നര പതിറ്റാണ്ട് ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചാണ് എബിഡി കളംവിടുന്നത്. സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായാണ് എബിഡി അറിയപ്പെടുന്നത്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വേദാന്ത സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും സമരക്കാര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിവെച്ചത്.

ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത് ലോങ് മാര്‍ച്ച് പ്ലാന്റിനു മുന്നില്‍ പൊലീസ് തടഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. മാര്‍ച്ച് തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേരെയും പ്ലാന്റിനു നേരെയും കല്ലേറു നടത്തി. പൊലീസ് വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തി വിശീയത്.

ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെവാശ്യപ്പെട്ട് നടന്നുവന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി .

പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു

ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു.

സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സാഹസികന് പണി കിട്ടിയിരിക്കുകയാണ്. ഇയാളെ ട്രാഫിക്ക് പൊലീസ് കസറ്റ്ഡിയില്‍ എടുത്തു..

RECENT POSTS
Copyright © . All rights reserved