Latest News

കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. ഒമ്പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അനാഥരാക്കി പോലീസ്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കവര്‍ച്ചക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കുട്ടികള്‍ തനിച്ചായത്. ഇവരുടെ അച്ഛന്‍ കൂടെയുണ്ടെങ്കിലും ഈ പ്രായത്തില്‍ അമ്മയുടെ സാമീപ്യം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയതായി ആരോപിച്ചാണ് മെഡിക്കല്‍ കോളേജ് പോലീസ് ജയയെ കസ്റ്റഡിയിലെടുക്കുന്നത്.

കുട്ടികള്‍ക്ക് അസുഖമായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് ജയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് കുട്ടികളുടെ കാര്യം ജഡ്ജിയില്‍ നിന്ന് മനപൂര്‍വ്വം മറച്ചു പിടിക്കുകയും ചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കുട്ടികളെയും കൊണ്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരുടെ അച്ഛന്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയിട്ടുണ്ട്.

ജയയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭര്‍ത്താവിന് നല്‍കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ മാത്രമാണ് നല്‍കിയത്. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും. കേസ് നടത്താന്‍ മാണിക്യത്തിന്റെ കയ്യില്‍ പണമില്ല. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് പോലീസ് നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായായിട്ട് ഒന്നരമാസത്തോളം ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴും വിവരങ്ങളൊന്നുമില്ലാത്തത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കുന്നു. ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.

പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.

സഹോദരിയെ കാണാതായിട്ട് 44 ദിവസം പിന്നിട്ടിരിക്കുന്ന അവസരത്തില്‍ ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജെയ്സ് ജോണും സഹോദരിയും.

ജെസ്നയെ കണ്ടെത്താന്‍ തങ്ങളെ സഹായിക്കണം എന്നും അവളെ സ്വന്തം പെങ്ങളായി കണ്ട് പ്രവര്‍ത്തിക്കണം എന്നും ഇവര്‍ പറയുന്നു. മാതാവ് മരിച്ചിട്ട് ഏതാനം മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേര്‍പാടു കൂടി താങ്ങാന്‍ കഴിയില്ല എന്നും ഇവര്‍ വേദനയോടെ പറയുന്നു. ജെസ്‌നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവര്‍ സത്യവസ്ഥ മനസിലാക്കണം എന്നും ജെയ്സ് പറയുന്നു. ജെയ്സിന്റെ വാക്കുകള്‍ ഇങ്ങനെ.

നാല്‍പ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തില്‍ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസില്‍ പോയി. ശേഷം താന്‍ എട്ടരവരെ വീട്ടിലുണ്ടായിരുന്നു.

തന്റെ ബികോം റിസള്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോള്‍ അവള്‍ക്കൊരിക്കലും പ്ലാന്‍ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവള്‍ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താന്‍ കോളജില്‍ പോയി 9.15 ഒക്കെ ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്നും പറഞ്ഞു.

ഓട്ടോ കയറി ഒരു ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയല്‍വക്കത്തെ പിള്ളേരോടും പഠിക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയില്‍ നിന്നു കയറിയ ഒരു ബസ്സില്‍ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയില്‍ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവള്‍ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം.

അവള്‍ക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കില്‍ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ പറ്റാത്തതായിരിക്കും. ഞങ്ങളുെട അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ അതു പോലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു.

എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പില്‍ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാല്‍ അതവളുടെ ഭാവിയെ തകര്‍ക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്.

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല. അവള്‍ കൂടി പോയി കഴിഞ്ഞാല്‍ പിന്നെ താങ്ങാന്‍ സാധിക്കില്ല.

സ്വന്തം പെങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണ്. നാളെ അവള്‍ക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കൂടെ നില്‍ക്കുന്നതാണ്.

മമ്മി മരിച്ച വിഷമത്തില്‍ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങള്‍ കൂടിയായി കണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അവള്‍ക്കൊരു റിലേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്. കാരണം അവള്‍ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളര്‍ത്തുന്ന ആരോപണങ്ങള്‍ ദയവുചെയ്ത് ഉണ്ടാക്കരുത്.

ന്യൂഡല്‍ഹി:  കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ യുവാക്കളെ സുരക്ഷാ സേനയ്ക്ക് നേരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് മുകളിലുള്ളത്. ബുര്‍ഹാന്‍ വാനിയടക്കം 11 ഹിസ്ബുള്‍ ഭീകരര്‍ ആയുധവുമായി നില്‍ക്കുന്ന ചിത്രം. താഴ് വരയിലെ തീവ്ര ചിന്താഗതിക്കാരായ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ തരംഗമായി പ്രചരിച്ച ഈ ചിത്രം ഇന്ന് പക്ഷെ ഓര്‍മചിത്രമാണ്. ഇതിലെ 10 പേരും ഇന്ന് ജീവനോടെയില്ല. ഇവരെയെല്ലാം സൈന്യം ഒന്നൊഴിയാതെ ഏറ്റുമുട്ടലുകളില്‍ കൂടി വധിച്ചുകഴിഞ്ഞു. ജീവനോടെയുള്ള ഒരു ഭീകരന്‍ താരിഖ് പണ്ഡിറ്റ് മാത്രമാണ്‌. ഇയാള്‍ സൈന്യത്തിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.

2015 ജൂണിലാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം കശ്മീരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മുഖം മറയ്ക്കാതെ സധൈര്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയെങ്കിലും ഇവര്‍ കാണിച്ച സാഹസം സുരക്ഷാസേനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ത്തുവെന്ന വേണം പറയാന്‍. ഈ ചിത്രത്തിലെ 11-ാമനായിരുന്ന സദ്ദാം ഹുസൈന്‍ പദ്ദര്‍ കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഹിസ്ബുളിന്റെ മുന്‍നിര കമാന്‍ഡര്‍മാര്‍ മിക്കവരും വധിക്കപ്പെട്ടു കഴിഞ്ഞു.

സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ആ ഭീകരര്‍ ഇവരൊക്കെയാണ്

ബുര്‍ഹാന്‍ വാനി (22): കശ്മീര്‍ ഭീകരവാദത്തിന്റെ പോസ്റ്റര്‍ ബോയ് എന്നാണ് ബുര്‍ഹാന്‍ വാനിയെ വിശേഷിപ്പിച്ചിരുന്നത്. 2016 ജൂലൈ എട്ടിന് ബുര്‍ഹാനടക്കം രണ്ട് ഭീകരരെ സൈന്യം അനന്ത്‌നാഗ്‌ ജില്ലയിലെ കൊകെര്‍നാഗില്‍ ഏറ്റുമുട്ടലില്‍ കൂടി കൊലപ്പെടുത്തി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം 100 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. സൈന്യവുമായി ഏറ്റുമുട്ടിയ നിരവധി യുവാക്കള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

അദില്‍ ഖാണ്ഡേ( 20): 2015 ഒക്ടോബര്‍ 22 നാണ് ഇയാളെ സൈന്യം വകവരുത്തിയത്. ഷോപിയാനില്‍ ഇയാളെ വെടിവെച്ച കൊന്നതിന് പിന്നാലെ കശ്മിരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു.

നസീര്‍ പണ്ഡിറ്റ്( 29), വസീം മല്ല (27):  2016 ഏപ്രില്‍ ഏഴിന് ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. മുമ്പ് കശ്മീര്‍ സര്‍ക്കാരിലെ പിഡിപി മന്ത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു നസീര്‍. ഇയാള്‍ പിന്നീട് രണ്ട് എകെ-47 തോക്കുകളുമായി കടന്നുകളഞ്ഞ് ഭീകരരോടൊപ്പം ചേരുകയായിരുന്നു.

അഫഖ് ഭട്ട് (25): 2015 ഒക്ടോബര്‍ 26 നാണ് ഇയാളെ പുല്‍വാമയില്‍ വെച്ച് സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ പോലീസുദ്യോഗസ്ഥന്റെ മകനായിരുന്നു.

സബ്‌സര്‍ ഭട്ട് (26): കശ്മീരിലെ യുവാക്കളെ സോഷ്യല്‍ മീഡിയ സ്വാധീനം ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളാണ് സബ്‌സര്‍ ഭട്ട്. പുല്‍വാമയിലെ ത്രാലില്‍ വെച്ച് 2017 മെയ് 27നാണ് സൈന്യം ഇയാളെ വകവരുത്തുന്നത്.

അനീസ് (26): ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സൈന്യത്തിന്റെ പക്കല്‍ ഇപ്പോഴുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാളെയും സൈന്യം വകവരുത്തി.

ഇഷ്ഫാഖ് (23): പുല്‍വാമയില്‍ 2016 മെയ് ഏഴിന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. അന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സുരക്ഷാ സേന വെടിവെച്ച് കൊന്നു. യുവാക്കളെ സോഷ്യല്‍ മീഡിയകള്‍ വഴി ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന ഇഷ്ഫാഖ് സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഭീകരനായിരുന്നു.

വസീം ഷാ (26):   ഗ്രൂപ്പ് ഫോട്ടോയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഹിസ്ബുള്‍ മുജാഹിദിന്‍ വിട്ട് പിന്നീട് ലഷ്‌കര്‍ ഇ തോയ്ബയില്‍ ചേര്‍ന്നതും അതിന്റെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നതും. എന്നാല്‍ അധികം താമസിക്കാതെ പുല്‍വാമയില്‍ 2017 ഒക്ടോബര്‍ 14 ന് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

സദ്ദാം ഹുസൈന്‍ പദ്ദര്‍( 20): കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2014 മുതല്‍ ഇയാള്‍ ഭീകസംഘടനയില്‍ സജീവമായിരുന്നു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഹിസ്ബുളിന്റെ ജില്ലാ കമാന്‍ഡറായി വളര്‍ന്ന സദ്ദാം പദ്ദര്‍ സുരക്ഷാ സേനയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നയാളാണ്. ഇയാളുടെ തലയക്ക് 10 ലക്ഷം രൂപയാണ് സുരക്ഷാസേന പ്രഖ്യാപിച്ചിരുന്നത്.

കശ്മീരിലെ യുവാക്കളില്‍ സ്വാധീനം ചെലുത്താനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടതെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ സംശയിച്ചിരുന്നു. എന്തായാലും വെല്ലുവിളിച്ച് വന്നവരെ മുന്ന് വർഷത്തിനുള്ളിൽ തീര്‍ത്ത സൈന്യം കഥയുടെ ക്ലൈമാക്‌സ് തന്നെ മാറ്റിയെഴുതിരിക്കുകയാണ്.

നാടിന്റെ നൊമ്പരമായി 11കാരന്‍ ബിലാലിന്റെ മരണം. കടലില്‍ തിരയിലകപ്പെട്ട ബിലാലിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത് രണ്ട് മണിക്കൂര്‍.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നായനാര്‍ കോളനി കണ്ണോത്ത് ഹൗസില്‍ എ. നസിറുദ്ദീന്‍- ആബിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാല്‍ (11) ആണ് മരിച്ചത്. കടല്‍ത്തീരത്ത് പന്തിനു പിറകെ ഓടിയപ്പോള്‍ തിരയില്‍പെടുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വീടിനു മുമ്പിലെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.

കൂട്ടുകാരന്‍ ആഷിഖ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒമ്ബതു മണിയോടെയാണ് കടല്‍പാലത്തിന് സമീപത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാലിയ യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് അഫ്‌സല്‍, ഹമ്‌ന ഫാത്തിമ.

സ്വന്തം ജീവന്‍ പണയം വച്ച്  ബസ് ഇടിക്കാതെ പെണ്‍കുട്ടിയെ രക്ഷിച്ച പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരുപ്പതി ലീല മഹല്‍ സര്‍ക്കിളിലായിരുന്നു സംഭവം.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുപ്പതി പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സൈക്കിളുമായി പെണ്‍കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് സംഭവമുണ്ടായത്. ബസ് കുട്ടിയുടെ സൈക്കിളില്‍ തട്ടി. പക്ഷേ പെണ്‍കുട്ടി അപകടത്തില്‍പ്പെടുന്നതിന് മുമ്പെ പൊലീസുകാരന്‍ രക്ഷാദൂതനായെത്തി. ഇതു കാരണം പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

ഗതാഗത കുരുക്ക് കാരണം പതുക്കെ പോകുന്ന ബസിനു മുന്നിലൂടെ പെണ്‍കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിനു വഴിതെളിച്ചത്. പക്ഷേ കൃത്യസമയത്ത് തന്നെയുള്ള പൊലീസുകാരന്‍ നടത്തിയ ഇടപെടല്‍ കാരണം ദുരന്തം ഒഴിവായി.

പി. ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നു കേട്ടത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തിരിക്കുന്നു. ഗൗതം കാര്‍ത്തിക് നായകനായെത്തിയ ഈ സിനിമയെപ്പറ്റി വിചിത്രമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തിന് കാണാന്‍ കൊള്ളാത്ത ചിത്രമാണിതെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുവാക്കള്‍ ചിത്രം ആസ്വദിക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.

ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സാംസ്‌കാരിക നായകര്‍ ചിത്രത്തിന്റെ ഇതിവൃത്തത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. തമിഴ് സിനിമയില്‍ ഇതു പോലെ വൃത്തികെട്ട ടീസര്‍ ഇതിനു മുന്‍പ് ഇറങ്ങിയിട്ടില്ലെന്നും ഇതു തമിഴ് സിനിമയെയും സംസ്‌കാരത്തെയും ലോകത്തിനു മുന്നില്‍ അപമാനിക്കുന്നതായിരിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് അന്ന് സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘എല്ലാവരും പറയുന്നു ഇതൊരു പോണ്‍ ചിത്രമാണെന്ന്. സത്യത്തില്‍ എന്താണ് ബ്ലൂ ഫിലിം? ലോക സിനിമയില്‍ അഡല്‍ട്ട് കോമഡി, അഡല്‍ട്ട് ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ ഇവിടെ അതെല്ലാം പോണ്‍ സിനിമ എന്ന തലക്കെട്ടിനു കീഴിലാണ് ആളുകള്‍ ഉള്‍പ്പെടുത്തുന്നത്. നമ്മള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ക്കെന്തിനാണ് സെന്‍സര്‍ കട്ട് എന്നെനിയ്ക്കു മനസിലാകുന്നുല്ല. ചിത്രങ്ങളെ ബ്ലൂഫിലിം എന്ന് വിലയിരുത്തേണ്ടതില്ല’ – ജയകുമാര്‍ പറഞ്ഞു.

ഗൗതം കാര്‍ത്തികിന്റെ നായികയായി വൈഭവി ശൈന്‍ഡില്യയാണ് വേഷമിടുന്നത്. ഹരഹര മഹാദേവകി എന്ന അഡല്‍ട്ട് കോമഡി ചിത്രത്തിനു ശേഷം സന്തോഷ് പി ജയകുമാര്‍ ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഇരുട്ടു അറയില്‍ മുരുട്ടു കുത്തു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീനഗര്‍: മകന്‍ ആയുധമെടുക്കില്ലെന്ന വിശ്വാസം ഫയാസ് അഹമ്മദിനുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് മുഹമ്മദ് റാഫി ഭട്ടിന്റെ ഫോണ്‍വിളി വരുംവരെ. ‘നിങ്ങളെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു’ എന്നായിരുന്നു ഫോണില്‍ മുഴങ്ങിയ സന്ദേശം. ഞായറാഴ്ച പുലര്‍ച്ചെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട് വീടുവിട്ടിറങ്ങിയശേഷം ആദ്യമായും അവസാനമായും വീട്ടിലേക്കുവിളിച്ച വിളിയായിരുന്നു അത്.

സുരക്ഷാസേന വളഞ്ഞ ഷോപിയാനില്‍നിന്നുള്ള എല്ലാ ഫോണ്‍വിളികളും നിരീക്ഷിക്കുകയായിരുന്ന പോലീസ് റാഫിയുടെ ഫോണ്‍വിളി പെട്ടെന്ന് തിരിച്ചറിഞ്ഞു. മകനോട് കീഴടങ്ങാന്‍ നിര്‍ദേശിക്കണമെന്ന് വീട്ടിലെത്തിയ പോലീസ് സംഘം ഫയാസ് അഹമ്മദിനോടാവശ്യപ്പെട്ടു. അതിനിടെ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു.

ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴിതെറ്റിയ മകനെ ഒരിക്കല്‍ക്കൂടി പിന്തിരിപ്പിക്കാന്‍ ഫയാസ് അഹമ്മദ് പോലീസിനൊപ്പം ഷോപിയാനിലേക്ക് പുറപ്പെട്ടു. ഒപ്പം, അദ്ദേഹത്തിന്റെ ഭാര്യയും മകളും റാഫിയുടെ ഭാര്യയും. എന്നാല്‍, റാഫിയുടെ മരണവാര്‍ത്തയറിഞ്ഞ് പാതിവഴിയില്‍നിന്നുതന്നെ ഇവര്‍ മടങ്ങി. പുലര്‍ച്ചെ റാഫിയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ത്തന്നെ ഫയാസ് അഹമ്മദ് ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.

സോഷ്യോളജിയില്‍ പിഎച്ച്.ഡി. നേടിയ 33-കാരനായ റാഫി കശ്മീര്‍ സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭീകരസംഘടനയില്‍ റാഫി ചേര്‍ന്നെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അയാള്‍ ആയുധമെടുക്കില്ലെന്നാണ് ഫിയാസ് അഹമ്മദ് പോലീസിനോട് ആവര്‍ത്തിച്ചിരുന്നത്.

പതിനെട്ടാം വയസ്സില്‍ പാക് അധീന കശ്മീരിലേക്ക് പോകാന്‍ റാഫി ശ്രമിച്ചിരുന്നു. അന്ന് പോലീസ് പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. തൊണ്ണൂറുകളിലാദ്യം ഒരു ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് ഫയാസ് അഹമ്മദ് ഭട്ടും.

ശ്രീനഗര്‍: ഞായറാഴ്ച ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറടക്കം അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസും അക്രമാസക്തരായ ജനക്കൂട്ടവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഞ്ച് നാട്ടുകാരും വെടിയേറ്റു മരിച്ചു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനാലാണ് ഞായറാഴ്ച രാവിലെ ഷോപിയാനുസമീപത്തെ ബഡിഗാം ഗ്രാമം സുരക്ഷാ സേന വളഞ്ഞത്. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ കമാന്‍ഡര്‍ സദ്ദാം പാഡര്‍, കശ്മീര്‍ സര്‍വകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി, തെക്കന്‍ കശ്മീര്‍ സ്വദേശികളായ തൗസീഫ് ശൈഖ്, ആദി മാലിക്, ബിലാല്‍ എന്നീ ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസേന വധിച്ചത്.

അസി. പ്രൊഫസര്‍ മുഹമ്മദ് റാഫിയെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടിലേക്കുവിളിച്ച റാഫി താന്‍ ഭീകരരുടെയൊപ്പമുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ ഈ വിവരം പോലീസിനെ അറിയിച്ചു. ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ അനുനയിപ്പിച്ച് കീഴടക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സ്വദേശമായ ഗന്ദേര്‍ബാലില്‍നിന്ന് ബന്ധുക്കളെ പോലീസ് ബഡിഗാമിലേക്ക് കൊണ്ടുവന്നു. കീഴടങ്ങാന്‍ സംഘത്തിലെ മറ്റുള്ളവര്‍ അനുവദിച്ചില്ലെന്നാണ് കരുതുന്നതെന്ന് ഐ.ജി. എസ്.പി. പാണി പറഞ്ഞു. കരസേനയും പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ബഡിഗാമില്‍ ഭീകരരെ നേരിട്ടത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കും സൈനികനും പരിക്കേറ്റു.

മുഹമ്മദ് റാഫിയെ കാണാതായതിനെത്തുടര്‍ന്ന് ശനിയാഴ്ച സര്‍വകലാശാലയില്‍ വലിയ പ്രതിഷേധപ്രകടനം നടന്നിരുന്നു. റാഫിയെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വൈസ് ചാന്‍സലര്‍ ഉറപ്പും നല്‍കി. ഇതിനാവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു.

ഇതിനിടയിലാണ് താന്‍ ഭീകരര്‍ക്കൊപ്പമാണെന്ന റാഫിയുടെ ഫോണ്‍സന്ദേശം വീട്ടിലെത്തിയത്. മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷസാധ്യതയെത്തുടര്‍ന്ന് കശ്മീര്‍ സര്‍വകലാശാലയ്ക്ക് തിങ്കളാഴ്ചമുതല്‍ രണ്ടുദിവസത്തെ അവധി നല്‍കി. പരീക്ഷകളും മാറ്റിവെച്ചു.

അതിനിടെ, ഏറ്റുമുട്ടല്‍ നടക്കുന്നിടത്തേക്ക് യുവാക്കളുടെ സംഘം നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യുവാക്കള്‍ സുരക്ഷാസേനയ്ക്കുനേരെ കല്ലെറിഞ്ഞു. ഇവരെ തുരത്താനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞദിവസം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.

24 മണിക്കൂറിനിടെ എട്ടുഭീകരരെ വധിക്കാനായത് സുരക്ഷാസേനയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശനിയാഴ്ച ശ്രീനഗറിന് സമീപം ഛത്താബലില്‍ മൂന്നുഭീകരരെ വധിച്ചിരുന്നു.

ന്യൂഡല്‍ഹി: വര്‍ണ വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന ചോദ്യവുമായി ഹരിയാനയില്‍ സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷ. ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എച്ച്.എസ്.എസ്.സി) നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ പോസ്റ്റിലേക്കുള്ള പരീക്ഷയിലെ ചോദ്യമാണ് വിവാദത്തിലായത്.

ഏപ്രില്‍ 10ന് നടന്ന എച്ച്.എസ്.എസ്.സി പരീക്ഷയിലാണ് വിവാദ ചോദ്യമുള്ളത്. ‘താഴെക്കൊടുത്തിരിക്കുന്നവയില്‍ ഹരിയാനയില്‍ ദുശ്ശകുനമായി കരുതാത്തത് ഏത്’ എന്നായിരുന്നു ചോദ്യം. നല്‍കിയിട്ടുള്ള നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് തിരഞ്ഞെടുത്ത് എഴുതാനായിരുന്നു നിര്‍ദേശം. ‘ഒഴിഞ്ഞ ഭരണി, വിറകുകെട്ട്, കറുത്ത ബ്രാഹ്മണനെ കാണുന്നത്, ബ്രാഹ്മണ പെണ്‍കുട്ടിയെ കാണുന്നത്’- എന്നിവയായിരുന്നു നല്‍കിയിരുന്ന നാല് ഉത്തരങ്ങള്‍.

വര്‍ഗീയതയും സാമുദായിക വിവേചനവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതാണ് ചോദ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശനമാണ് പരീക്ഷയിലെ ചോദ്യത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതു പരീക്ഷയില്‍ ഇത്തരമൊരു ചോദ്യം കടന്നുകൂടാനിടയായ സാഹചര്യമെന്തെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റാവു നര്‍ബീര്‍ പറഞ്ഞു. ഉദ്യോഗാര്‍ഥിയുടെ മാനസിക ശേഷിയും ജോലി ചെയ്യാനുള്ള കഴിവുമാണ് പരീക്ഷകളില്‍ പരിശോധിക്കേണ്ടത്. അല്ലാതെ വര്‍ഗീയതും അന്ധവിശ്വാസങ്ങളുമല്ല. ഇത്തരമൊരു സംഭവം ഞെട്ടുലുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ കടന്നുവന്നതിനെതിരെ ഹരിയാന ബ്രാഹ്മണ സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രാഹ്മണ സമുദായത്തെ അപഹസിക്കുന്നതാണ് ഇത്തരമൊരു സംഭവമെന്നും സര്‍ക്കാര്‍ മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

താലികെട്ടും കഴിഞ്ഞു കൈയും കഴുകി ഉണ് കഴിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച ഇങ്ങനെ ! ജീവിതത്തിൽ അതുപോലെയൊരു അവസ്ഥ വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ പോലുമാകില്ല. പാചകക്കാരൻ കാരണം കൊച്ചി പനങ്ങാട്ടുള്ള രക്ഷിതാവിനാണ് ഈ ചതി പറ്റിയത്. മകളുടെ കല്യാണം ആഘോഷമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്തു. 50,000 രൂപ സദ്യയ്ക്ക് അഡ്വാൻസും കൊടുത്തു. 900 പേർക്കുള്ള സദ്യ വധുവിന്റെ വീട്ടുകാർ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ വധുവും വരനും കതിർമണ്ഡപത്തിൽ കയറിയിട്ടും കലവറക്കാർ എത്തിയില്ല.

വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളിൽ ആയിരുന്നു സൽക്കാരം.രാവിലെ കെട്ടു കഴിഞ്ഞ് വധൂവരൻമാർ ഹാളിൽ എത്തിയിട്ടും കലവറക്കാർ എത്തിയില്ല. വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ പനങ്ങാട് സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികൾ എല്ലാം അരിഞ്ഞ നിലയിൽ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.

ജീവനക്കാരെ വിളിച്ചപ്പോൾ ഉടമസ്ഥനിൽനിന്നു നിർദേശം കിട്ടാതിരുന്നതിനാൽ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. വധുവിന്റെ മാതാപിതാക്കൾ ഇതോടെ ബോധംകെട്ടു വീണു. റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. സദ്യ പ്രതീക്ഷിച്ച് എത്തിയവർക്ക് ചിക്കൻ ബിരിയാണി കിട്ടി. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേർ മടങ്ങി.

വരന്റെ പാർട്ടിയിൽ പെട്ടവർക്ക് മരടിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കിയെങ്കിലും ബന്ധുക്കൾ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങൾ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനിൽനിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണം കുളമാക്കിയ പാചകക്കാരൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Also read… വിവാഹത്തിനു മുമ്പ് ഉണ്ടായിരുന്ന ബന്ധം വിവാഹത്തിന് ശേഷവും;  ഭാര്യയെ തീവച്ചു കൊന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രതി ബിരാജ് 

RECENT POSTS
Copyright © . All rights reserved