അടിച്ചുപൊളിച്ച് നടക്കേണ്ട ചെറു പ്രായത്തില്‍ മീന്‍ വില്‍പ്പന നടത്തിയ ജീവിക്കാനായി പാടുപെടുന്ന പെണ്‍കുട്ടി. ഉള്‍ക്കൊള്ളാനാവത്ത ആ സത്യമാണ്, കുറച്ചുനേരത്തേയ്‌ക്കെങ്കിലും പലരെയും ഹനാനെ തട്ടിപ്പുകാരിയെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.
പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ ഏത് ജോലിയും ചെയ്യാനുള്ള അവളുടെ മനസിനെ നിറകൈയ്യടികളോടെയാണ് ബഹുഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്.
എന്നാല്‍ അച്ഛനുപേക്ഷിച്ച, അമ്മയ്ക്ക് വയ്യാത്ത ഈ പെണ്‍കുട്ടിയിക്ക് മാന്യമായ ഏത് ജോലിയും ചെയ്തു ജീവിക്കാനുള്ള മനോഭാവം എവിടുന്നു കിട്ടി എന്നത് പലരെയും അത്ഭുതപ്പെടുത്തി. അതിനുള്ള ഉത്തരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ഹനാന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അവള്‍ക്കാ മനോഭാവം പകര്‍ന്നു നല്‍കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയാണെന്ന്. ആ പാഠം തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. ഹനാന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
‘എന്ത് ജോലിയും ചെയ്ത് ഞാന്‍ ജീവിക്കും. ഞാന്‍ അത് പഠിച്ചത് കലാഭവന്‍ മണിചേട്ടനില്‍ നിന്നാണ്. കൂലിപ്പണി എടുത്തിട്ടായാലും മീന്‍ വിറ്റിട്ടായാലും ഞാന്‍ ജീവിക്കും. ഒരുപാട് ആളുകള്‍ എന്നെ സഹായിക്കാനായി വന്നിട്ടുണ്ട്.
അതില്‍ ഒന്ന് മണിച്ചേട്ടനാ.. എന്നെ മരിക്കും വരെ വിളിക്കുമായിരുന്നു. മോളേ നിനക്ക് എത്ര രൂപ വേണം മണിച്ചേട്ടന്‍ സഹായിക്കാം.. അപ്പോള്‍ ഞാന്‍ പറയും മണിച്ചേട്ടാ എനിക്ക് പരിപാടികള്‍ പിടിച്ചു തന്നാ മതി. പിന്നെ അദ്ദേഹം മരിക്കുന്നത് വരെ എനിക്ക് ഒട്ടേറെ പരിപാടികള്‍ക്ക് വിളിച്ചിട്ടുണ്ട്. കുഞ്ഞുവാവെ എന്നാ മണിച്ചേട്ടന്‍ എന്നെ വിളിക്കാറ്.
മരിക്കുന്നതിന് മുന്‍പ് വരെ എന്നെ വിളിച്ച് പാട്ടുപാടിതരുമായിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടി തരാന്‍ പറഞ്ഞു. ‘എനിക്കുമുണ്ടേ അങ്ങേ വീട്ടില്‍ ഇഷ്ടത്തിലുള്ളൊരു കുഞ്ഞേട്ടന്‍, കുഞ്ഞന്‍ കരിവണ്ടും തോറ്റ് പോകണ പാവം കരുമാടി കുഞ്ഞേട്ടന്‍, പാടി ഉറക്കണ കുഞ്ഞേട്ടന്‍..’ ഇതു പാടിക്കഴിഞ്ഞപ്പോള്‍ മണിച്ചേട്ടന്‍ ചിരിച്ചു. ആ ചിത കത്തുന്നത് വരെ ഞാന്‍ ആ വീട്ടിലുണ്ടായിരുന്നു.
ആ ചിത കത്തിയമരുന്നത് ആ വീട്ടിന്റെ മുകളില്‍ ഇരുന്നാ ഞാന്‍ കണ്ടത്. അദ്ദേഹത്തിന് വേണ്ടി ഞാനൊരു പാട്ടും എഴുതി ചിട്ടപ്പെടുത്തിയിരുന്നു. അതൊന്നും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. മണിചേട്ടന്‍ പോയതോടെ ഞാനും തളര്‍ന്നു.
അദ്ദേഹത്തിന്റെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്’. ഹനാന്‍ പറഞ്ഞു നിര്‍ത്തുന്നു.
ന്യൂഡൽഹി∙ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ സമാധാന പ്രതീക്ഷകൾ ഉയർത്തി ഇന്ത്യ. പാക്കിസ്ഥാനില്‍ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ സുരക്ഷിതവും സുസ്ഥിരവുമായ ഏഷ്യൻ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യ അറിയിച്ചു. അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടത്. സമൃദ്ധവും വികസനോന്മുഖമായതും, അയൽരാഷ്ട്രങ്ങളുമായി സമാധാനം പാലിക്കുന്നതുമായ ഒരു പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്– വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
65 വയസുകാരനായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 116 സീറ്റുകളുമായി ഇമ്രാന്റെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആശങ്കകൾ ബാക്കിനിൽക്കുകയാണ്. അതേ സമയം ഇമ്രാന്റെ ജയത്തിനെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ– എൻ ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ സഹായത്തോടെ കൃത്രിമം കാട്ടിയാണ് ഇമ്രാന്‍ ഖാൻ ഭൂരിപക്ഷം നേടിയതെന്നാണ് ഇവരുടെ ആരോപണം.
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്റെ ആഗ്രഹം. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാൽ, ഞങ്ങൾ രണ്ടു ചുവടു വയ്ക്കാൻ തയാറാണ്. എന്നാൽ ഇതിന് ഒരു തുടക്കവും ആവശ്യമാണ്– തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടന്ന പൊതുയോഗത്തിൽ ഇമ്രാൻ ഖാന്‍ പ്രതികരിച്ചു.
അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായി ഉലഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ഇന്ത്യൻ സൈനിക ക്യാംപുകൾ അക്രമിക്കുന്നതും സ്ഥിരമായതോടെ ഇത് കൂടുതൽ വഷളായി. ചർച്ചകൾ നടത്തണമെങ്കിൽ പാക്ക് മണ്ണിലെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ നേരത്തേ പ്രതികരിച്ചിരുന്നു. ഇമ്രാൻ ഖാന്റെ സൗഹൃദത്തിനുള്ള ആഹ്വാനം സ്വീകരിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ലാലിഗ പ്രീ സീസൺ കിരീടം ജിറോണ എഫ്.സിയ്ക്ക്. അവസാന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 5–0ന് തോല്‍പിച്ചു . മോണ്‍ടെസ്, ഗ്രാനല്‍, പോറോ,ബെനിറ്റസ്,ഗാര്‍സിയ എന്നിവരാണ് ജിറോണക്കായി ഗോള്‍ നേടിയത് . ആദ്യമല്‍സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ ജിറോണ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു
തികച്ചും ലോകോത്തരമെന്നു വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ എറിക് മോണ്ടെസാണ് ജിറോണയ്ക്ക് തുടക്കത്തിൽ ലീഡ് സമ്മാനിച്ചത്. മൽസരത്തിന്റെ ആദ്യപകുതിയിൽ ജിറോണ എഫ്സിയുടെ ലോകോത്തര താരനിരയെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ കേരളാ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. പ്രതിരോധ മികവിനൊപ്പം ഭാഗ്യവും തുണച്ചതോടെയാണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നത്.
ജിറോണ എഫ്സിയുടെ രണ്ട് ഗോൾശ്രമങ്ങൾക്കു മുന്നിൽ പോസ്റ്റും ക്രോസ് ബാറും വില്ലനായി. പ്രതിരോധത്തിൽ ഉറച്ചുനിൽക്കുമ്പോഴും ആരാധകരെ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും നടത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ജിറോണ എഫ്സിയുടെ ബോക്സിനുള്ളിൽ പന്തെത്തിയതുപോലും വളരെ വിരളമായി മാത്രം.ഭൂരിഭാഗവും കളി നിയന്ത്രിച്ച ജിറോണ താരങ്ങള്‍ നിരവധി ഗോളവസരങ്ങൾ തുറന്നു
മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ നടി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ നടി പരാതി നൽകി. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരിൽ ഉൾപ്പെടും. ഏറ്റവും ഒടുവിൽ ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപയാണ് നടി പലരിൽ നിന്നായി തട്ടിയെടുത്തത്.
എന്നാൽ കേസ് കെട്ടിചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുെന്നന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയിൽ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങൾ മുഴുവൻ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങൾ പൂർണമായി അഴിച്ച് നഗ്നയായി നിർത്തി അതി്നറെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണിൽ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോൾ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകൾ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യിൽ വിലങ്ങ് വെക്കാൻ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.’–ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡിൽ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീർക്കുമെന്നും പൊലീസുകാരൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാൻ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂർ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.
തട്ടിപ്പ് ഇങ്ങനെ, 2017 മെയിലാണ് ബാലമുരുകൻ എന്ന യുവാവ് മാട്രിമോണിയൽ സൈറ്റിൽ തന്റെ പേര് റജിസ്റ്റർ ചെയ്തത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരിൽ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.
അതിനിടെ തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് ചതി പുറത്തായത്. തുടർന്ന് നടിയെ അറസ്റ്റ് ചെയ്തു. ശ്രുതി നിരവധി യുവാക്കളെ ഇതുപോലെ വഞ്ചിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.
ഗവി റൂട്ടില്‍ വെള്ളയാനകളെ കണ്ടെത്തി. വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ചാണ് ഇവയെ കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൂന്ന് വെള്ളയാനകളെയാണ് ചെക്ക് പോസ്റ്റിനു സമീപത്തുള്ള സീറോ പോയില്‍ കണ്ടത്. ഇതില്‍ ഒന്ന് കുട്ടിയാനയായിരുന്നു.
വെള്ളയാനകളുടെ സമീപത്ത് തന്നെ കറുത്തയാനയുമുണ്ടായിരുന്നു. ഇവയെ കാണാന്‍ വന്‍ ജനപ്രവാഹമാണ് ഉണ്ടായിരുന്നത്.
വനമേഖലയായ ഇവിടെ ഇതാദ്യമായിട്ടാണ് വെള്ളയാനകളെ കാണുന്നത്. ഇവയ്ക്ക് ജനിതക വ്യതിയാനം കാരണം നിറ വ്യത്യാസമുണ്ടായിതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിലെ കിഴക്കന്‍ ഡിവിഷന്റെ പരിധിയിലുള്ള ഇവിടെ വെള്ളയാനകളെ കണ്ടെത്തിയതോടെ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.
ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ദീൻദയാൽ ഉപാധ്യായ മാർഗില്‍ ശതകോടികള്‍ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചുനിലയിൽ പണിതുയർത്തിയ സൗധം വിട്ട് പഴയ കെട്ടിടത്തിലേക്ക് 2019-ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുളള ‘വാര്‍ റൂം’ ബിജെപി മാറ്റുന്നു.
പുതിയ മണിമാളിക ഓഫീസ് ബിജെപിക്ക് ഭാഗ്യം കൊണ്ടുവരുന്നില്ലെന്ന ഒരുവിഭാഗം നേതാക്കളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ലുട്യൻസ് ഡൽഹിയിലെ അശോക റോഡ് മന്ദിരത്തിലേക്ക് തന്നെ മടങ്ങാനൊരുങ്ങുന്നത്.
പഴയ ഓഫീസില്‍ നിന്ന് മാറിയശേഷം ബിജെപിക്ക് നല്ല കാലമല്ലെന്നാണ് ചില നേതാക്കള്‍ വാദിക്കുന്നത്. ഗോരഖ്പുർ, ഫൂൽപുർ, കൈരാന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയും, കർണാടകയില്‍ അധികാരത്തിനെത്താന്‍ കഴിയാഞ്ഞതും, കശ്മീരിൽ സഖ്യസർക്കാരിന്‍റെ വീഴ്ചയും, സഖ്യകക്ഷികളുടെ കൊഴിഞ്ഞു പോക്കും എല്ലാം പുതിയ ഓഫീസിന്‍റെ ശകുനക്കേടായി ഇവര്‍ വ്യാഖ്യാനിക്കുന്നു.
ചില നേതാക്കളാണ് ഈ കാര്യം ഉന്നയിച്ചതെങ്കിലും, ഈ നിര്‍ദേശം അംഗീകരിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പഴയ ആസ്ഥാനത്തിരുന്നു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
2014-ല്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ സിരാകേന്ദ്രം കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ ലോധി എസ്റ്റേറ്റ് വസതിയായിരുന്നു. 2009-ൽ എൽ.കെ.അദ്വാനിയുടെ പ്രചാരണത്തിനു യുദ്ധമുറിയായതു തുഗ്ലക് ക്രസന്റിൽ കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ വീട്.
ഇത്തരം ഭാഗ്യ-നിര്‍ഭാഗ്യ വിചാരങ്ങള്‍ക്കും, അന്ധവിശ്വാസങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ബിജെപി നേതൃത്വമെന്നുളളതിനാല്‍ ഇത്തരം നടപടികളില്‍ അതിശയപ്പെടാനില്ല. എന്നാല്‍, കോണ്‍ഗ്രസും ഭാഗ്യം മാനദണ്ഡമാക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഭാഗ്യം നോക്കിയാണെങ്കില്‍ 15 ഗുരുദ്വാര റഖബ്ഗഞ്ച് റോഡിലെ ‘വാര്‍ റൂം’ കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കേണ്ടി വരും. അവിടെ ഇരുന്ന് തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്ത കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്.
തഞ്ചാവൂര്‍: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ അന്തരിച്ചു. സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബെെക്കപകടത്തിലാണ് നാല്‍പത്തിയൊന്നുകാരന്റെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വന്‍ന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍.
തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ മകനാണ്.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.
ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര റായ്ഗഢിലെ അംബനലിഘട്ടില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30പേര്‍ മരിച്ചു. ഡാപോളി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരത്തിനു പോയ 34 സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ചെന്നൈയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ. മോഷണം കണ്ടെത്തിയ കടയുടമ ഇവരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തു. എന്നാൽ കടയുടമ മോഷണം പൊക്കിയതിന്റെ പ്രതികാരമായി ഇവർ ഭർത്താവിനെയും കുറെയാളുകളെയും കൂട്ടി വന്ന് കട തല്ലിതകർത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും തല്ലിച്ചതച്ചു.
നന്ദിനി എന്ന കോണ്‍സ്റ്റബിളിനെയാണ് കയ്യോടെ പിടികൂടിയത്. ഔദ്യോഗിക വേഷത്തിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽ നിന്ന് ചോക്ലേറ്റും, കൊതുക് തിരിയുമാണ് മോഷ്ടിച്ചത്. ഇത് എടുത്തിട്ട് സാവധാനത്തിൽ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരൻ ഈ ദൃശ്യം കാണുകയും ഉടമയെ അറിയിക്കുകയും ചെയ്തു. ഇതോടെ നന്ദിനിയെ ഉടമ പിടികൂടുകയായിരുന്നു. 115 രൂപയുടെ സാധനങ്ങളാണ് ഇവർ കട്ടെടുത്തത്.
തെളിവുകളോടെ പിടികൂടിയപ്പോൾ അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് മാപ്പ് അപേക്ഷയും എഴുതി നൽകി. പിന്നീട് വീട്ടിലെത്തിയിട്ടാണ് ഇവർ ഭർത്താവിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. ഇത് കടയുടമ പൊലീസിൽ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മോഷണം നടത്തിയതായി കണ്ടെത്തിയ നന്ദിനിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റിലായി. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ വയനാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്‍റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.
അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയില്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വിഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.
കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി. ഹനാന്റെ കേസിന് പുറമേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാൻ പൊലിസ് നടപടി തുടങ്ങുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് ഹനാനും രംഗത്തെത്തിയിരുന്നു.