വത്തിക്കാൻ സിറ്റി: പോൾ ആറാമൻ മാർപാപ്പ, ദരിദ്രരോടു പക്ഷം ചേർന്നു പ്രവർത്തിച്ചതിന്റെ പേരിൽ സ്വേച്ഛാധിപത്യ ഭരണകൂടം ദേവാലയത്തിൽ വിശുദ്ധ കുർബാനമധ്യേ വധിച്ച ആർച്ച്ബിഷപ് ഓസ്കർ റൊമേറോ എന്നിവരും മറ്റ് അഞ്ചുപേരും ഇന്നു വിശുദ്ധരുടെ പട്ടികയിൽ. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.
1963 മുതൽ 78 വരെ കത്തോലിക്കാസഭയെ നയിച്ച പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണു വത്തിക്കാൻ സൂനഹദോസിന്റെ പ്രധാന സമ്മേളനങ്ങളെല്ലാം നടന്നത്. പുരോഗമന ചിന്തയെയും യാഥാസ്ഥിതികത്വത്തെയും സംയോജിപ്പിച്ചു സഭയിൽ മാറ്റങ്ങൾ വരുത്തിയ ആളാണ് അദ്ദേഹം. ഇന്ത്യയിൽ ആദ്യം സന്ദർശനം നടത്തിയ (1964 ഡിസംബർ, മുംബൈ) മാർപാപ്പ, സഭൈക്യ നീക്കങ്ങൾക്കു കരുത്തുപകർന്നു മറ്റു ക്രിസ്തീയ സഭാ അധിപന്മാരുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ മാർപാപ്പ എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. സെപ്റ്റംബർ 26 ആണ് തിരുനാൾ ദിനം.
ലാറ്റിനമേരിക്കയിലെ എൽസാൽവദോറിലായിരുന്നു ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടെ (1917-80) ജീവിതം. 1980 മാർച്ച് 24-നാണ് ഭരണകൂടത്തിന്റെ വാടകക്കൊലയാളികൾ ദിവ്യബലി മധ്യേ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. വിമോചന ദൈവശാസ്ത്രത്തിന്റെ അനുയായി ആയിരുന്നില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനുമെതിരേ ശക്തമായി പോരാടിയ ആളാണ് അദ്ദേഹം. മറ്റു ക്രൈസ്തവ വിഭാഗങ്ങളും അദ്ദേഹത്തിന്റെ തിരുനാൾദിനം (മാർച്ച് 24) തങ്ങളുടെ ആരാധനക്രമ കലണ്ടറിൽ പെടുത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിൾസുകാരനായ വൈദികൻ വിൻചെൻസോ റൊമാനോ (1751-1831), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരിയായ മരിയ കാതറീന കാസ്പർ (1820-1898), സ്പെയിനിൽ ജനിച്ച് അർജന്റീനയിൽ മരിക്കുകയും മിഷനറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്ന മറ്റുള്ളവർ.
ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാർ താരസംഘടനയായ “അമ്മ’യ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തിൽ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ “അമ്മ’ അംഗങ്ങളിൽ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു.
അമ്മ’ എപ്പോഴും ഇരയ്ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടർന്നും നൽകും. തനിക്ക് ഈ നടയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ “അമ്മ’ പ്രസിഡന്റ് മോഹൻലാൽ നടിമാർ എന്ന് അഭിസംബോധന ചെയ്തതിൽ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങൾക്കും മോഹൻലാലിന്റെ മെക്കിട്ട് കേറാമെന്ന ധാരണ ആർക്കും വേണ്ട. അത്തരം നീക്കങ്ങളെ അംഗീകരിക്കില്ല- ബാബുരാജ് പറഞ്ഞു.
ഡബ്ല്യൂസിസി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ താൻ ഇരയെ അപമാനിച്ചു എന്ന് പറഞ്ഞത് ശരില്ലെന്നും ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണെന്ന് ചെയ്തതെന്നും പറഞ്ഞ ബാബുരാജ്, ഇക്കാര്യം ഉന്നയിച്ച പാർവതിക്ക് ആ പഴഞ്ചൊല്ലിന്റെ അർഥമറിയാഞ്ഞിട്ടായിരിക്കും തനിക്കെതിരെ പറഞ്ഞതെന്നും വ്യക്തമാക്കി.
അമ്മ’ എല്ലായിപ്പോഴും ബൈലോ അനുസരിച്ച് തന്നെയാണ് പ്രവർത്തിക്കുന്നതെന്നു പറഞ്ഞ ബാബുരാജ് തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവർത്തിക്കുന്നത് നിർത്തണമെന്നും കൂട്ടിച്ചർത്തു. തിലകനെ പുറത്താക്കുന്നതിന് മുൻപ് “അമ്മ’ തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ജനറൽബോഡി ചേർന്നാണ് തന്നെ തിരിച്ചെടുത്തത്- നടൻ വിശദീകരിച്ചു.
കുമ്പള: വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴ് വയസുകാരി മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് നടന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുമ്പള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്പെക്ടര്‍ കെ.പ്രേംസദന് പറഞ്ഞു.
തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്ന എസ്ഐക്ക് പാറാവ് പണികൊടുത്ത എഎസ്പിയുടെ നടപടി വിവാദത്തില്‍. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്.
രാവിലെ 10 മുതല്‍ രാത്രി വൈകിയും ശിക്ഷ നടത്തുകയായിരുന്നു. രാവിലെ മണിക്കൂറുകളില്‍ നിര്‍ത്തിയും തുടര്‍ന്ന് കസേര നല്കി ഇരുത്തിയമാണ് ശിക്ഷ നടത്തിയത്.
തന്റെ അധികാരപരിധിയിലുള്ള എസ്ഐയോട് രാവിലെ തന്നെ വിളിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതില്‍ നിന്നും വീഴ്ച വരുത്തിയതിനാണ് എഎസ്പി ശിക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് എസ്ഐയെ വിളിച്ചുവരുത്തി ശിക്ഷിച്ചത്.
എസ്ഐക്ക് പാറാവ് നില്‍ക്കുന്നതിന് വേണ്ടി നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശകര്‍ എത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിനു വിളിപ്പിച്ചതാണെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളുമാണെന്നും എഎസ്പി പറഞ്ഞു.
താരസംഘടനയായ അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആരോപണം ഉന്നയിച്ച ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. വിമര്‍ശനമുന്നയിച്ച നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളാണ് ഫേസ്ബുക്ക് പേജില്‍. ഇന്നലെ നടന്ന നടിമാരുടെ വാര്‍ത്താസമ്മേളനം ലൈവ്സ്ട്രീം ചെയ്തതിന് താഴെയും ഇത്തരത്തില്‍ വ്യാപകമായ കമന്റുകളാണ്. പ്രമുഖ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് അക്രമത്തിന് പിന്നില്‍.
വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അസഭ്യവര്‍ഷവും അധിക്ഷേപവും തുടരുന്ന ഫാന്‍സിനെതിരെ സംവിധായകന് ഡോക്ടര്‍ ബിജു രംഗത്തെത്തി. ഇത്തരത്തിലുള്ള കമന്റുകള്‍ എല്ലാ ജില്ലകളിലും മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണമെന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ബിജു കുറിച്ചു.
“WCC യുടെ പ്രസ് മീറ്റ് വാര്‍ത്തകളുടെ ലിങ്കിന് താഴെ കമന്റ് വിസര്‍ജ്ജിക്കുവാന്‍ വന്ന ‘ഫാനരന്മാരുടെ’എണ്ണവും ഭാഷയും കണ്ട് ഞെട്ടേണ്ടതില്ല..കേരളത്തില്‍ എല്ലാ ജില്ലകളിലും ഒട്ടേറെ മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ വേണം എന്ന അടിയന്തിര ഘട്ടം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഇത് സഹായിക്കും..”
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. മംഗളൂരു ഗഞ്ചിമഠിലെ മുഹമ്മദ് സമീറിന്റെ(35) ഭാര്യ ഫിർദോസ്(28), ഇവരുടെ കാമുകൻ ആസിഫ്(34) എന്നിവരെയാണ് കർണാടക–തമിഴ്നാട് അതിർത്തിയിൽ ഹൊസൂർ ബസ് സ്റ്റാൻഡ് പരിസരത്ത് തമിഴ്നാട് ദേവദനപ്പട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 15നാണ് ഇരുവരും ചേർന്നു സമീറിനെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം ഉപേക്ഷിച്ചത്. സമീറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മധുരയ്ക്കു സമീപം ഉള്ളതായി വ്യക്തമായി. തുടർന്ന് ഇവിടെ കണ്ടെത്തിയ അജ്ഞാത ജഡങ്ങൾ പരിശോധിച്ചാണു സമീറിനെ തിരിച്ചറിഞ്ഞത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതായി ഇവർ പൊലീസിനു മൊഴി നൽകി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ എ.എം.എം.എ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിട്ട് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.
മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ നടി ആക്രമണ കേസിലെ പ്രതിയായ ദിലീപ് ഫാന്‍സ് അംഗങ്ങളും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ലൈവ് വീഡിയോ ണഇഇ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.
തീയേറ്ററില്‍ നിങ്ങളുടെ സിനിമ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ചിലരുടെ ഭീഷണി. ചിലര്‍ നടിമാരുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ തെറിവിളികളുമായി രംഗത്ത് വന്നു. ചിലര്‍ മോഹന്‍ലാല്‍ മഹാനടനാണെന്നും നിങ്ങളൊക്കെ ഫീല്‍ഡ് ഔട്ടാണെന്നും വാദം ഉന്നയിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഡബ്ല്യുസിസി സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടുന്നത്. നേരത്തെ ദിലീപിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്ന സമയത്ത് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.
കോട്ടയം: ജലന്ധര്‍ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹന ജപമാല യാത്ര’യില്‍ നിന്ന് മുഖ്യാതിഥിയെ മാറ്റി. മുഖ്യാതിഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് പി.സി ജോര്‍ജ് എം.എല്‍.എയെ ആയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്കി കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജ് ജലന്ധറില്‍ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിര്‍ത്തതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
ജോര്‍ജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികര്‍ പരാതിയുമായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് അഗ്നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്ട്രേറ്റര്‍ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാന്‍ സംഘടാകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നും ലഭിക്കുന്ന വിവരം.

നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധര്‍ സെന്റ് ജോസഫ് ബോയ്സ് സ്കൂളില്‍ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയില്‍ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കത്തോലിക്കാ സഭയില്‍ ജപമാലയുടെ വണക്കത്തിനായി ഒക്ടോബര്‍ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളില്‍ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാല്‍ ജലന്ധറില്‍ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്ലി ഡേ പൈ ക്യാമ്പ് ആണ് ഇത്തവണ ആരോപണവുമായി വന്നിരിക്കുന്നത്. ഏഷ്യന്‍ ഏജില് ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നപ്പോഴാണ് മര്യാദ വിട്ട പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
മുന്‍ മാധ്യമപ്രവര്ത്തകന് കൂടിയായ അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ ആഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അക്ബര്‍ ആരോപണങ്ങളേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സര്‍വകലാശാലയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
കശ്മീര്‍ സ്വദേശികളായ വസിം മാലിക്, അബ്ദുള്‍ മിര്‍ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി.
കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്ററായ മനന്‍ ബഷീര്‍ വാനിക്ക് വേണ്ടി അറസ്റ്റിലായവര്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു.
അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സര്‍വകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോര്‍ട്ടു നല്കാന് നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.