നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഒരു പിറന്നാല്‍ വിരുന്നിനിടെ മീനയെ കണ്ടപ്പോള്‍ ഗണേശന്‍ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങള്‍ കൂടുതല്‍.

അങ്ങനെ തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള അഭിനേത്രിയായി മാറി മീന എന്ന നടി. എക്കാലവും മനസില്‍ പതിഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ധാരാളം കഥാപാത്രങ്ങളെ അവര്‍ മലയാളത്തിനും സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മീന എന്ന നടിയോട് പ്രത്യേക അടുപ്പവും സ്‌നേഹവും മലയാളികള്‍ക്കുണ്ട്. ചലച്ചിത്ര മേഖലയില്‍ അടുത്ത കാലത്തായി നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള നടി മീനയുടെ അഭിപ്രായമാണ് ഇപ്പോള്‍ സിനിമാലോകത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുന്നത്. തെലുങ്കിലെ ശ്രീ റെഡ്ഡി വിഷയത്തില്‍ ഒരു ചാനലിനോട് പ്രതികരണം നടത്തവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം ശക്തമായിട്ടുണ്ടെന്നാണ് മീന വ്യക്തമാക്കിയിരിക്കുന്നത്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും താനൊക്കെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തും അത് സജീവമായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ മാത്രമല്ല, ഏത് തൊഴിലിടത്തിലായാലും സ്ത്രീകളോട് ഇത്തരം സമീപനം പുലര്‍ത്തുന്നവരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന നിലയില്‍ മീനയുടെ ഈ അഭിപ്രായവും ചര്‍ച്ചയ്ക്ക് കൂടുതൽ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല.