Latest News

ഹൈദരാബാദ്: സല്‍ക്കാര ചടങ്ങുകള്‍ക്കിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെയാണ് സംഭവം. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി വൈകിയാരംഭിച്ച വിവാഹ സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചുവെന്ന് ആരോപിച്ച് ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതാണ് സംഭവത്തിന്റെ തുടക്കം. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്നും ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നുംഅതിഥികളില്‍ ചിലര്‍ ആരോപിച്ചു.

സല്‍ക്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പിന്നീട് തിരിച്ചു വരികയും സല്‍ക്കാരം നടത്തിയ വീട്ടിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ടുരച്ചു. ദേഹമാസകലം മുറിവ് പറ്റിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിച്ചു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചത്.

ഒന്നര വര്‍ഷം മുന്‍പ് ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്ത കാലംമുതല്‍ക്കെ കുട്ടിയുടെ നിറം സുധ തിവാരിക്ക് ഇഷ്ടമായിരുന്നില്ല. കുട്ടിയെ വെളുപ്പിക്കുന്നതിനായി പലതരത്തിലുള്ള ശ്രമങ്ങള്‍ സുധ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ കുട്ടിയുടെ ദേഹത്ത് കറുത്ത കല്ലുകള്‍ കൊണ്ടുരച്ചത്.

കുട്ടിയെ ശാരീരികമായ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവായ ശോഭനാ ശര്‍മ്മയാണ് പോലീസിനെ വിവരമറിയിച്ചത്. അഞ്ച് വയസ് തികഞ്ഞിട്ടും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സുധ തയ്യാറായിട്ടില്ലെന്ന് ശോഭന ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ തോളിനും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. മധ്യപ്രദേശില്‍ മൂന്നും രാജ്സ്ഥാനില്‍ ഒരാളും അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലും മധ്യപ്രദേശിലും കെട്ടിടങ്ങള്‍ള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അക്രമത്തിന് പ്രേരിപ്പിക്കരുതെന്നും സമാധാനം പാലിക്കണമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സംഘടനകളോടും അഭ്യര്‍ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

മലയാളത്തിലെ യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയായ ദീപ്തിയാണ് വധു. കോഴിക്കോട് വെച്ചായിരുന്നു വിവാഹം. സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് നീരജ് മാധവ്. ഡാന്‍സര്‍ കൂടിയായ നീരവ് അടുത്തിടെ പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1983, അപ്പോത്തിക്കിരി, ഒരു വടക്കന്‍ സെല്‍ഫി, ദൃശ്യം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം.

Photo credit: Magsman stories

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ഡിവിഷന്‍ ബഞ്ചിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളായിരുന്നു ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തേ ഈ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ നല്‍കിയിരിക്കുന്ന അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണെന്ന് 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമേ യുഎപിഎ ചുമത്തുമ്പോള്‍ ഉണ്ടായിരുന്നുള്ളു.

ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി സ്റ്റേ. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര വിജിലന്‍്‌സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.

ജഡ്ജിമാര്‍ക്കെതിരെ അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് ഗായകനുമായ രാജേഷ് കുമാറിനെ(34) കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞു. ഖത്തറില്‍ നിന്ന് എത്തിയ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞു. പ്രതികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കാതിരാക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖത്തറിലെ രാജേഷിന്റെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. പക്ഷേ പ്രതികളും ക്വട്ടേഷന്‍ ഏല്‍പ്പിച്ച വ്യക്തിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെടാതിരുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. സന്ദേശങ്ങള്‍ കൈമാറാന്‍ വാട്ട്‌സാപ് ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഖത്തറിലുള്ള യുവതിയുമായി രാജേഷിന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാജേഷിന്റെ ഫോണിലെ ലോക്ക് തുറക്കാനുള്ള ശ്രമം പോലീസ് നടത്തി വരികയാണ്. ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജേഷ് രാത്രിയാണ് തന്റെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ് നടത്താറുള്ളതെന്ന് ക്വട്ടേഷന്‍ സംഘം മനസ്സിലാക്കിയിരുന്നു. സംഭവദിവസം സുഹൃത്ത് കുട്ടനോടൊപ്പം സ്റ്റുഡിയോയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് അക്രമി സംഘമെത്തുന്നത്. കുട്ടനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പുറത്താക്കിയ സംഘം രാജേഷിനെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.

ഹൈദരാബാദ്: ടെലിവിഷന്‍ അവതാരകയായിരുന്ന യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മൂസാപെട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പ് ഇവിടെനിന്നു കണ്ടെത്തി.

36കാരിയായ രാധിക റെഡ്ഡി വിവാഹ മോചനത്തിന് ശേഷം പത്തുവയസ്സുകാരനായ മകനൊപ്പം മാതാപിതാക്കളുടെ കൂടെയാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ ഉടന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം രാധിക വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷാദ രോഗം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തില്‍ ആരും ഉത്തരവാദികളെല്ലെന്നും രാധികയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വി 6 ചാനലിന്റെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാധിക.

നിയന്ത്രണം വിട്ട് ബഹിരാകാശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ചൈനീസ് ബഹിരാകാശ നിലയം ടിയാങ്‌ഗോംങ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമര്‍ന്നു. ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലായാണ് പേടകം ഭൂമിയില്‍ തിരികെ പ്രവേശിച്ചതെന്ന് ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയോടെയായിരുന്നു ഭൗമാന്തരീക്ഷത്തിലേക്ക് നിലയം പ്രവേശിച്ചത്. പേടകത്തിന്റെ മിക്ക ഭാഗങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കത്തി നശിച്ചതായി അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.

ശനിയാഴ്ചയോ ഞായറാഴ്ചയോ ചൈനീസ് നിലയം ഭൂമിയില്‍ പ്രവേശിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി പതിക്കുമെന്നായിരുന്നു ചൈന പ്രതീക്ഷിച്ചിരുന്നത്. സമുദ്രത്തിനു മുകളിലായി ടിയാംഗോംഗ് ഭൗമപ്രവേശനം നടത്തുമെന്നായിരുന്നു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറഞ്ഞിരുന്നത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കില്ലെന്നും വിശദീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എവിടെയാണ് ബഹിരാകാശ നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കുക എന്ന കാര്യത്തിലായിരുന്നു ലോകമൊട്ടാകെ ആശങ്ക നിലനിന്നിരുന്നത്. 2013ല്‍ ഡീകമ്മീഷന്‍ ചെയ്യാനിരുന്ന നിലയം 2016 വരെ പ്രവര്‍ത്തനം തുടര്‍ന്നു. 2017 ഡിസംബറിലാണ് ഇതിന്റെ മേല്‍ നിയന്ത്രണം നഷ്ടമായെന്ന് ചൈന അറിയിച്ചത്. പിന്നീട് കാണാതായ പേടകം കണ്ടെത്തിയപ്പോള്‍ ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് സഞ്ചാരപാതയെന്ന് വ്യക്തമാകുകയായിരുന്നു.

വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന ഭൂമാഫിയ സംഘം ഒളിക്യാമറയില്‍ കുടുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വയനാട് ജില്ലാ കളക്ടറും സിപിഐ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ കൂടുങ്ങിയത്. തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സമീപിക്കുകയായിരുന്നു. ഇയാള്‍ വഴി ഡപ്യൂട്ടി കളക്ടര്‍ സോമരാജന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവരുമായും ചാനല്‍ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടു. നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കാമെന്ന് ഇവര്‍ വാക്ക് നല്‍കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഡപ്യൂട്ടി കളക്ടറെ സസ്‌പെന്റ് ചെയ്യാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതിയെന്ന് ഭൂമാഫിയ ഇടനിലക്കാരന്‍ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി വഴി കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്നും ഇടനിലക്കാരന്‍ ഉറപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം എന്തു നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആദ്യ ഗഡു എന്ന നിലയ്ക്ക് റിപ്പോര്‍ട്ടര്‍ ചെറിയൊരു തുക ഡപ്യൂട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ടര്‍ കൈമാറുന്നതും ഒളിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പില്‍ വരെ ഭൂമാഫിയാ സംഘത്തിന്റെ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved