Latest News

കൈവിരലിലുണ്ടായ ഒരു ചെറിയ മുറിവ് മൂലമുണ്ടായ അണുബാധ ജീവനെടുക്കാതിരിക്കണമെങ്കില്‍ 54 കാരിയായ മാര്‍ഗരീറ്റിന് സ്വന്തം കൈകാലുകള്‍ നഷ്ടപ്പെടുത്തേണ്ടി വരും. ഫൈഫിലെ ക്രോസ്ഹില്‍ സ്വദേശിനിയായ മുന്‍ നഴ്‌സറി ജീവനക്കാരിയായ മാര്‍ഗരീറ്റ് ഹെന്‍ഡേഴ്‌സണാണ് കയ്യിലുണ്ടായ നിസാരമായ മുറിവ് ജീവന്‍ തന്നെ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ശസ്ത്രക്രിയയില്‍ ഇവരുടെ കൈപ്പത്തികള്‍ മുറിച്ചു മാറ്റും. രണ്ടാഴ്ചയ്ക്ക് ശേഷം ഇരുകാലുകളും നീക്കം ചെയ്യും. ഇവര്‍ക്ക് ഭാവിയിലേക്ക് പ്രോസ്തറ്റിക് അവയവങ്ങളും ഇലക്ട്രിക് ചെയറും വാങ്ങുന്നതിനായി 80,000 പൗണ്ടിന്റെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

കൈവിരലിലുണ്ടായ ചെറിയൊരു മുറിവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്. അത് എങ്ങനെയുണ്ടായി എന്നുപോലും മാര്‍ഗരീറ്റിന് ഓര്‍മയുണ്ടായിരുന്നില്ല. അടുത്ത ദിവസം ഈ മുറിവില്‍ പഴുപ്പ് കണ്ടതിനെത്തുടര്‍ന്ന് അവര്‍ ഫാര്‍മസിസ്റ്റിനെ കണ്ടു. ഡോക്ടറെ കാണണമെന്ന് ഫാര്‍മസിസ്റ്റ് നിര്‍ദേശിച്ചതിനാല്‍ അടുത്ത ദിവസത്തേക്ക് അപ്പോയിന്റ്‌മെന്റ് എടുക്കുകയും ചെയ്തു. എന്നാല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ആഞ്ഞടിച്ചതോടെ അതിന് സാധിച്ചില്ല. അന്ന് ഉച്ചയോടെ മാര്‍ഗരീറ്റിന്റെ നില ഗുരുതരമായി. ചുണ്ടുകള്‍ നീല നിറമാകുകയും ത്വക്കിന്റെ നിറം മാറുകയും ചെയ്തു. നടക്കാനും സാധിക്കാതായി.

അതോടെ മക്കള്‍ ഇവരെ ആശുപത്രിയിലാക്കി. മാര്‍ഗരീറ്റിന് കടുത്ത അണുബാധയാണെന്ന് ആശുപത്രിയില്‍ സ്ഥിരീകരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങിയതോടെ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കൃത്രിമ കോമയിലാക്കിയാല്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അപ്രകാരം ചെയ്‌തെങ്കിലും കോമയില്‍ ഏഴ് ദിവസത്തോളം തുടര്‍ന്നു. പിന്നീടാണ് കൈകാലുകള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ മക്കളെയും ബന്ധുക്കളെയും അറിയിച്ചത്.

നിലവില്‍ പ്രോസ്തറ്റിക് അവയവങ്ങള്‍ എന്‍എച്ച്എസ് നല്‍കുമെങ്കിലും ഭാവിയിലേക്ക് അവ വാങ്ങുന്നതിനായി ഒരു ക്രൗഡ് ഫണ്ട് തുടങ്ങുന്നത് നന്നായിരിക്കുമെന്ന ഉപദേശവും ലഭിച്ചു. അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളില്‍ സെപ്‌സിസ് ആണ് ഒരു പ്രധാന കാരണം. ഓരോ വര്‍ഷവും 40,000 മരണങ്ങള്‍ സെപ്‌സിസ് മൂലം യുകെയിലുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.

ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ?പസഫിക് സമുദ്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈസ്റ്റര്‍ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരിയാണ് ഈ ദ്വീപ്‌ കണ്ടെത്തിയത്. അദ്ദേഹം ദ്വീപില്‍ കാലു കുത്തിയത് 1772ലെ ഈസ്റ്റര്‍ ദിനത്തിലായത് കൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. പാസ്ച് ഐലന്‍റ് എന്നാണ് റോജിവിന്‍ തന്‍റെ ദ്വീപിനെ വിളിച്ചതെങ്കിലും ആ ദിവസത്തിന്‍റെ പ്രാധാന്യം കാരണം ദ്വീപ്‌ കാലക്രമേണ ഈസ്റ്റര്‍ ദ്വീപ്‌ എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.

ഈസ്റ്റര്‍ ദ്വീപില്‍ നിരനിരയായി നില്‍ക്കുന്ന 887 കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്ര ലോകത്തിന് പിടി കിട്ടാത്ത അത്ഭുതമാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ ടണ്‍ കണക്കിന് ഭാരമുള്ള ശിലകള്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ അത് സാധിക്കില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മനുഷ്യരല്ല, അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന ഊഹാപോഹം ശക്തമാണ്.

വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുറഞ്ഞത്.

വിമാനത്തില്‍ മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍. മാന്യതയില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് മാനേജ്‌മെന്റിന് എയര്‍ ഹോസ്റ്റസുമാര്‍ പരാതി നല്‍കി. വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധന നടത്തിയത്.

ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി മാനേജ്‌മെന്റിനു മുന്നിലെത്തുന്നത്. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്. ജീവനക്കാര്‍ പരാതി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍.ഡി. ടിവിയാണ് പുറത്തുവിട്ടത്.

കമ്പനിയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തങ്ങളെ നഗ്നരാക്കി പരിശോധിക്കുകയായിരുന്നു. പരിശോധന എന്തിനെന്ന ചോദ്യത്തിന് വിമനത്തിലെ മോഷണം കണ്ടുപിടക്കാന്‍ എന്നായിരുന്നു സുരക്ഷാ വിഭാഗം മറുപടി നല്‍കിയത്. എയര്‍ ഹോസ്റ്റസ്മാരുടെ പരാതിയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ആറിയിച്ചിട്ടുണ്ട്. ഇതോടെ ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് പൊലീസ്. ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയും സംഘവും വിവരങ്ങള്‍ കൈമാറിയത് വാട്‌സാപ്പ് വഴിയെന്ന് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറ് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് കാറ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.

കൊലപാതകത്തെക്കുറിച്ച് ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് ദൃക്‌സാക്ഷി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് കായകുളം കേന്ദ്രമായിട്ടുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറ് വാടകയ്ക്ക് എടുത്ത വ്യക്തിയുടെ സുഹൃത്തുക്കളെക്കുറിച്ചാണ് വിവരം ലഭിച്ചിരിക്കുന്നത്.

കൊലപാതകത്തിന് മുമ്പും പിമ്പും സംഘത്തിലുള്ളവര്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷന്‍ നല്‍കിയാളുമായി വാട്‌സാപ്പ് വഴിയാണ് സംഘത്തിലുള്ളവര്‍ സംസാരിച്ചിരിക്കുക. സംഘത്തിലുള്ളവര്‍ രാജേഷിനെ ദിവസങ്ങളായി നിരീക്ഷിച്ചുട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റുഡിയോയില്‍ രാജേഷ് തനിച്ചാണെന്ന് ഇവര്‍ മനസ്സിലാക്കുന്നതും, രാത്രിയില്‍ കൊലപാതകം നടത്തുന്നതും. വിദേശത്തുള്ള യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മുമ്പുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പ്രതികളെ പിടികൂടണം.

പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് വലവിരിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 നാണ് തിരുവന്തപുരം മടവൂരില്‍ കാറിലെത്തിയ സംഘം റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സിനിമയിലെയും സീരിയലിലെയും ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളത്തിലെ ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ ഇട്ട് ഫെയ്‌സ്ബുക്ക് പേജുകള്‍ വോട്ടിങ് നടത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നു ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ചൈല്‍ഡ്ലൈനില്‍ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. മൂന്നു ജില്ലകളിലെ മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ അന്വേഷിക്കുന്നത്.

സൗദിയിലെ ദുരിതപൂര്‍ണമായ ജീവിതം തുറന്നുകാട്ടി മലയാളി യുവതികളുടെ വീഡിയോ വൈറലാകുന്നു. ഇരുട്ട നിറഞ്ഞ മുറിയില്‍ നിന്ന് 6 പേരടങ്ങുന്ന യുവതികളാണ് വീഡിയോയിലൂടെ തങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്.

ശമ്പളമില്ലാതെ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതികള്‍ കരഞ്ഞുകൊണ്ട് പറയുന്നത്. ആശുപത്രി ജോലിക്കുള്ള വിസയില്‍ രണ്ടു വര്‍ഷം മുമ്പ് ഇവിടെ എത്തിയെങ്കിലും ഇപ്പോള്‍ വീട്ടു ജോലിയാണ് ചെയ്യുന്നത്.

ഇത്രയും കാലമായിട്ടും നാട്ടിലേക്ക് നയാപൈസ അയച്ചിട്ടില്ല. ശമ്പളം ചോദിച്ചപ്പോള്‍ ആറു മാസം മുമ്പ് ഒരു മാസത്തെ ശമ്പളമാണ് ലഭിച്ചത്.നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും വിമാനടിക്കറ്റ് എടുക്കാനുള്ള പണമില്ല.

എത്രയും പെട്ടന്ന് ശമ്പളക്കുടിശ്ശിക നല്‍കി വിമാന ടിക്കറ്റ് നല്‍കി കയറ്റി വിടണമെന്നാണ് ഇവര്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നത്.വീഡിയോ അതിനോടകം തന്നെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായിക്കഴിഞ്ഞു.

എന്നാല്‍ എവിടെയാണ് ഇവര്‍ ഉള്ളത് എന്നതിനെപ്പറ്റി ഇതില്‍ വ്യക്തമല്ല. വീഡിയോയില്‍ ഇഖാമ എന്നു പറയുന്നത് കൊണ്ടാണ് ഇവര്‍ സൗദിയിലാണെന്ന് കരുതുന്നത്.

മലയാളി സാമൂഹ്യ പ്രവര്‍ത്തകൻ ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് താമസിച്ചിരുന്ന കൊച്ചി എടപ്പള്ളി സ്വദേശിയായ വലിയവീട് കുഞ്ഞാലിയാണ് മരണപ്പെട്ടത്. 50 വയസ്സായിരുന്നു ഇയാൾക്ക്. കള്‍ച്ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റും സി.ഐ.സി റയ്യാന്‍ സോണ്‍ ട്രഷററുമായിരുന്നു കുഞ്ഞാലി. ഭാര്യയും 2 മക്കളുമുണ്ട് .

ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് , ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ , സാന്ത്വനം കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.

നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അറിയിച്ചു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ അപ്രതീക്ഷിത പൊടിക്കാറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചോടെയാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളെ പൊടിയില്‍ കുളിപ്പിച്ച്‌​ മണല്‍ക്കാറ്റ്​ ആഞ്ഞുവീശിയത്. വ്യാഴാഴ്​ച പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായതി​ന്റെ തുടര്‍ച്ചയായി റിയാദ്​, ദമ്മാം എന്നീ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. മധ്യപ്രവിശ്യയില്‍ റിയാദ്​, അല്‍ഖര്‍ജ്​, മജ്​മഅ, ശഖ്​റ, കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാം, അല്‍ഖോബാര്‍, വെള്ളിയാഴ്​ച വൈകീ​ട്ടോടെ പൊടിപടലങ്ങള്‍ മൂടിയത്​.

ഗുരുതര ആരോഗ്യ പ്രശ്​നങ്ങളും ഗതാഗത കുരുക്കുകളും അപകടങ്ങളുമുണ്ടാകുമെന്ന ആശങ്കയാല്‍ സിവില്‍ ഡിഫന്‍സ്​ ജനറല്‍ ഡയറക്​ടറേറ്റ്​ കരുതലെടുക്കാന്‍ ജനങ്ങള്‍ക്ക്​ അടിയന്തര നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം തന്നെ അത്യാവശ്യ സഹായത്തിന്​ വിളിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ആസ്​മ പോലുള്ള രോഗങ്ങളുള്ളവരും ശ്വസന പ്രശ്​നമുള്ളവരും മുന്‍കരുതലെടുക്കുകയും ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയും വേണമെന്നും വാഹനം ഒാടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്.

പൊടിമൂടിയ അന്തരീക്ഷത്തില്‍ തൊട്ടടുത്തുള്ള കാഴ്​ച പോലും അവ്യക്​തമാകുന്നതിനാല്‍ വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ സൂക്ഷ്​മത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. അതേസമയം പലയിടങ്ങളിലും വാഹനാപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്​

താര സംഘടനയായ ‘അമ്മ’യുടെ അദ്ധ്യക്ഷ പദവിയില്‍ നിന്ന്‍ ഒഴിയുമെന്ന്‍ നടനും എംപിയുമായ ഇന്നസെന്റ്‌. വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ടെന്നും സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുള്ളതിനാൽ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നും നേരത്തേ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

വർഷങ്ങളായി ഈ സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ നാല് തവണയും തന്നെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന്‍ മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്‍റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി.

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്നസെന്റ്‌ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved