Latest News

സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ വെളിച്ചത്തിൽ നിന്നും ബോളിവുഡ് താരം ഗീതാ കപൂർ യാത്രയായി. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരത്തിന്റെ അവസാന നാളുകൾ ഏറെ വേദന നിറഞ്ഞതായിരുന്നു. മക്കൾ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ മാനസികമായും ശാരീരകമായും തളർന്ന ഗീത ഒടുവിൽ മരണത്തെ വരിച്ചു. നൂറിലേറെ സിനിമകളില്‍ വേഷമിട്ടെങ്കിലും പക്കീസ, റസിയ സുല്‍ത്താന എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേക നിരൂപക ശ്രദ്ധ നേടിയിരുന്നു. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്നു ഇത്രനാൾ അന്ധേരിയിയിലെ ‘ജീവന്‍ ആശ’ എന്ന വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു താരം.

കഴിഞ്ഞവർഷം ഏപ്രിലിൽ മകൻ രാജ ഗൊരെഗാവിലെ എസ്ആര്‍വി ആശുപത്രിയില്‍ അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. എടിഎമ്മിൽ നിന്നും പണം എടത്തിട്ട് വരാമെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ നിന്നും കടന്നത്. സിനിമയിൽ കോറിയോഗ്രാഫറാണ് മകൻ രാജ. മകൾ പൂജ എയര്‍ഹോസ്റ്റസാണ് ഇവരും അമ്മയെ തിരിഞ്ഞുനോക്കിയില്ല. ഒരു മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തിന്റെ ചികിൽസച്ചെലവ് നൽകിയത് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണ്. മക്കളെ ഒാർത്ത് അവർ എപ്പോഴും സങ്കടപ്പെട്ടിരുന്നതായും അശോക് പറയുന്നു. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും മക്കൾ തയാറായിട്ടില്ല. ആരും ഏറ്റെടക്കാൻ വന്നില്ലെങ്കിൽ നാളെ മൃതദേഹം സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗീതാ കപൂറിന്റെ മൃതദേഹം രണ്ടു ദിവസമായി ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്.

 

മുംബൈ: ഐപിഎല്ലിലെ ടീമുകളെ ട്രോളി ചെന്നൈയുടെ ആരാധകർ പറയുന്ന ഒരു കാര്യമുണ്ട്. ഐപിഎൽ ചെന്നൈയും മറ്റ് ടീമുകളും തമ്മിലുളള മൽസരമാണെന്ന്. കഴിഞ്ഞ പത്ത് സീസണിൽ ആറ് തവണ ഫൈനലിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സാണ് ഐപിഎല്ലിലെ ഹീറോയെന്നാണ് അവരുടെ വാദം. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം തുടങ്ങുക.

എന്നാൽ ഐപിഎല്ലിൽ നിന്ന് വിലക്കപ്പെട്ട രണ്ട് വർഷം ആ ടീമിന്റെ മുകളിൽ പറ്റിപ്പിടിച്ച ഒരിക്കലും മായാത്ത കറ തന്നെയാണ്. എങ്കിലും ഐപിഎല്ലിലേക്കുളള രണ്ടാം വരവിലും ആ ടീമിന്റെ കരുത്ത് ചോർന്ന് പോയിരുന്നില്ല.

അതേസമയം മറുവശത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നിശബ്ദ കൊലയാളിയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ബോളിങ് പ്രകടനം പുറത്തെടുത്ത ടീം. ശിഖർ ധവാനും കെയ്ൻ വില്യംസണും മുന്നിൽ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.

കുറഞ്ഞ സ്കോറിൽ പുറത്തായ സന്ദർഭങ്ങളിലെല്ലാം അവരെ ബോളിങ് നിര തുണച്ചു. അവസരത്തിനൊത്ത് ഓരോ ഘട്ടത്തിലും താരങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് മൽസരത്തിന്റെ ഇതുവരെയുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഒരു ടീമിനോട് മാത്രം അവർക്ക് കാലിടറി.

ആ ടീമാണ് ചെന്നൈ. ഈ സീസണിൽ ആദ്യ രണ്ട് ലീഗ് മൽസരത്തിലും ചെന്നൈയോട് തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദ് പിന്നീട് ഫൈനലിലേക്കുളള ആദ്യ ക്വാളിഫെയർ മൽസരത്തിലും ആയുധം വച്ച് കീഴടങ്ങി. ആ മേൽക്കൈയാണ് ചെന്നൈയുടെ പ്രതീക്ഷ. എന്നാൽ രണ്ടാം ക്വാളിഫെയർ മൽസരത്തിൽ കൊൽക്കത്തയെ മലർത്തിയടിച്ച് വീണ്ടും ടീം വിജയവഴിയിലേക്ക് എത്തിയത് കരുത്തായി.

കഴിഞ്ഞ മത്സരത്തില്‍ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ഹർഭജന് ഇന്ന് ഓവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരണ്‍ ശർമ്മയും ടീമിലെത്താനുള്ള സാധ്യതയുണ്ട്.

ആകാംഷയോടെ ക്രിക്കറ്റ് ലോകം

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടാമത്തെ ഐപിഎൽ ഫൈനലാണിത്. ചെന്നൈ വിലക്കപ്പെട്ട 2016 സീസണിലായിരുന്നു ഇതിന് മുൻപ് അവർ ഫൈനലിൽ എത്തിയത്. അന്ന് ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗലുരുവിനെയാണ് അവർ പരാജയപ്പെടുത്തിയത്.

ഇത് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏഴാമത്തെ ഐപിഎൽ ഫൈനലാണ്. കഴിഞ്ഞ ആറ് ഫൈനലിൽ രണ്ട് തവണയാണ് അവർക്ക് കിരീടം നേടാനയത്. 2008 ൽ രാജസ്ഥാനോട് ഫൈനലിൽ തോറ്റ ചെന്നൈ, പിന്നീട് 2010 ലും 2011 ലും കിരീടം നേടി. എന്നാൽ 2012 ലും 2013 ലും 2015 ലും അവർ ഫൈനലിൽ തോറ്റു.

ഐപിഎല്ലിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് ബോളിവുഡിൽ നിന്നുളള താരരാജാക്കന്മാരെയും റാണിമാരെയും എത്തിച്ച് വിപുലമായ ആഘോഷമാണ് ഒരുങ്ങുന്നത്. വാംഖഡെയിലെ മൈതാനത്ത് ഇതിനായി ഇന്നലെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

തങ്ങൾ ചെന്നൈയിലെ മൈതാനത്തല്ല കളിക്കുന്നതെന്നത് ഫൈനലിനെ സംബന്ധിച്ച് ഏറെ നിരാശയുളളതാണെന്നും ദൗർഭാഗ്യമാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. “കഴിഞ്ഞ രണ്ട് തവണയും ഞങ്ങളിവിടെ ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. ഞങ്ങളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവർ. ചെന്നൈയിലല്ല കളിക്കുന്നതെന്നത് ദൗർഭാഗ്യമാണ്. എന്നാലും പ്രൊഫഷണലായി കളിക്കുക തന്നെയാണ് പ്രധാനം,” ധോണി പറഞ്ഞു.

എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ . നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സി.ഐ ഓഫീസ് വളപ്പിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്.

കുഞ്ഞിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണെന്നാണ് ഭാര്യയുടെ പരാതി. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സിഐ ഓഫീസിന് അടുത്ത് തമ്പടിച്ച നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചു മൂടിയെന്ന പരാതിയുമായി ഉച്ചയോടെയാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

തുടര്‍ന്ന് മണികണ്ഠനേയും കൂട്ടി സ്ഥലത്ത് പരിശോധന നടത്തുകയും കുഴിച്ചു മൂടിയ നിലയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. അതേസമയം മുലപ്പാലു കുടിക്കുന്നതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് താന്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.

പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ റിട്ട. എസ്.ഐയും മകനും പിക്കപ്പ് വാന്‍ കയറി മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.20ന് ദേശീയ പാതയില്‍ കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. റിട്ട: എസ്.ഐ കരിവെള്ളൂര്‍ ചീറ്റ കട്ടച്ചേരിയിലെ എം.രവീന്ദ്രന്‍ (58), മകന്‍ അര്‍ജുന്‍ ആര്‍.നായര്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്.  ബൈക്ക് മറിഞ്ഞയുടന്‍ എതിരെ വന്ന പിക്കപ്പ് വാന്‍ രണ്ടുപേരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.

പിതാവ് സംഭവസ്ഥലത്തു മകന്‍ ആശുപത്രിയിലുമാണ് മരിച്ചത്.തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം കിട്ടാതെ വലഞ്ഞു. അപകടം നടന്ന് ഇരുവരും രക്തം വാര്‍ന്ന് പതിനഞ്ച് മിനുട്ടോളം റോഡില്‍ തന്നെ കിടന്നു. പിന്നീടാണ് അതുവഴി കടന്നുവന്ന വാഹനം തടഞ്ഞുനിര്‍ത്തി അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും രവീന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹ‌ങ്ങള്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാളെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കരിവെള്ളൂര്‍ കട്ടച്ചേരിയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്കാരം നടക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകിയത്.

എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്പോൾ പ്രവർത്തക സമിതിയിലേക്കും ഉമ്മൻ ചാണ്ടി തെരഞ്ഞെടുക്കപ്പെടും. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽ നിന്ന് സി.പി. ജോഷിയെയും നീക്കുകയും ചെയ്തു. പകരം ഗൗരവ് ഗൊഗോയ്ക്കാണ് ചുമതല നൽകിയിട്ടുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര‍യിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പാടവം പ്രയോജനപ്പെടുത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചതെന്നാണ് സൂചന.

നേരത്തേ, കേരളത്തിൽനിന്നുള്ള കെ.സി. വേണുഗോപാൽ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കർണാടകയുടെ ചുമതലയാണ് കെ.സി. വേണുഗോപാലിന് നൽകിയിരിക്കുന്നത്.

മലയാളസിനിമയില്‍ മോഹന്‍ലാലിന് പകരം പ്രൊഫസര്‍ പച്ചക്കുളം വാസു എത്തുന്ന രംഗമുണ്ട്. മലയാളികള്‍ ഒരിക്കലും മറക്കാത്ത കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ മാത്രം കണ്ടിട്ടുളള ഇങ്ങനൊരു രംഗത്തെ അനുസ്മരിപ്പിക്കും വിധമുള്ള കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കണ്ടത്.

തിരഞ്ഞെടുപ്പ് കാലത്ത് വിജയിക്കാന്‍ ജനങ്ങളുടെ പള്‍സ് അറിഞ്ഞ് വോട്ടു പിടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന പ്രഖ്യാപനം നടത്തി പ്രചരണവും നടത്തി. എന്നാല്‍ പകരം വന്നതോ കോലിയുടെ ഡ്യൂപ്പും.

മഹാരാഷ്ട്രയിലെ ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള സംഭവം നടന്നത്. മെയ് 25ന്റെ റാലിയില്‍ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്നായിരുന്നു ആളെക്കൂട്ടാനുള്ള പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയായ വിത്തന്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്ലക്സില്‍ അടിച്ചിരുന്നു.

എന്തൊക്കെയായലും നാട്ടുകാര്‍ വളരെ സന്തോഷത്തിലായിരുന്നു. പോസ്റ്ററും കൂടി കണ്ടപ്പോള്‍ കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ സ്ഥാനാര്‍ത്ഥി നാട്ടുകാരെ നിരാശരാക്കിയില്ല. വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും എന്ന അര്‍ത്ഥത്തില്‍ കോഹ്ലിക്ക് പകരം ആര്‍ക്കും കണ്ടാല്‍ മനസ്സിലാകാത്ത അസ്സലൊരു ഡ്യൂപ്പിനെ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ കോഹ്ലിയുടെ അപരന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുളള ഈ കള്ളക്കളി സോഷ്യല്‍ മീഡിയ പൊളിച്ചുകൊടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോയ്ക്ക് കമന്റുകളിട്ട് സ്ഥാനാര്‍ത്ഥിയെ ട്രോളിക്കൊല്ലുകയാണ്.

 

ഫേയ്സ് ബുക്കിലെ പോസ്റ്റിന്റെ പേരില്‍ സാമൂഹീക പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ബലാ‍ല്‍സംഗം ചെയ്യുമെന്നും കൂടുംബത്തെയാകെ ചുട്ടു കൊല്ലുമെന്നും ഭീഷണി. എഴുത്തുകാരി പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയാണ് ഭീഷണി നേരിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പരാതി നല്‍കിയ നീതിക്കായുളള കാത്തിരുപ്പിലാണ് അപര്‍ണയും കുടുംബവും.

അല്ലു അര്‍ജുന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സിനിമയെക്കുറിച്ച് ഫേയ്സ് ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആരംഭിച്ചതാണ് തെറിയഭിഷേകം. പെണ്‍കുട്ടിയാണന്ന പരിഗണന പോലുമില്ലാതെ എല്ലാ അതിര്‍ത്തികളും കടന്ന് തെറിവിളിയും വധഭീഷണിയും തുടരുകയാണ്. അമ്മയേയും മകളേയും ബലാല്‍സംഘം ചെയ്യുമെന്നും കൊന്നു കളയുമെന്നുമാണ് ഫേയ്സ് ബുക്കു വഴി തുടരുന്ന ഭീഷണി. പലതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമുളള ഭീഷണികളാണ്.

സഹോദരനൊപ്പം സിനിമ തീയേറ്ററില്‍ പോയതിനേയും അശ്ലീലച്ചുവയോടെയാണ് ചിത്രീകരിച്ചത്. മലപ്പുറത്ത് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം പരാതി അയച്ചിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്. അപര്‍ണയുടെ വീട്ടില്‍ നിന്ന് മൂന്നു നാലും കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കുട്ടത്തിലുണ്ട്.

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്‌സ് എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റത്.

മന്ത്രിപത്‌നിക്കായി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിമാസം 35000 രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും ഏഴു സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.

മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മുന്‍പ് സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നു.

ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

 

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അവസാന കാലത്തു ചികിത്സയിലിക്കെ ഡോക്ടറോടു സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് അന്വേഷണ കമ്മിഷൻ. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമി മാധ്യമങ്ങൾക്കു കൈമാറിയത്. ആശുപത്രിയിൽ ജയയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാർ കമ്മിഷനു കൈമാറിയതാണ് ഇത്. 2016ൽ അവസാനമായി ജയയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ളതായിരുന്നു ഇത്.

1.07 മിനിറ്റുള്ള ഓഡിയോ ക്ലിപ്പാണു പുറത്തുവന്നത്. ഓഡിയോയിൽ ഉടനീളം ആശുപത്രി മോണിട്ടറിന്റെ ‘ബീപ്’ ശബ്ദവും കേൾക്കാം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞു കൊണ്ടാണു തുടക്കം. ‘(ശ്വാസമെടുക്കുമ്പോൾ) എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണത്– ഓഡിയോയിൽ ജയലളിത പറയുന്നു. ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇല്ലെങ്കിൽ അക്കാര്യം വിട്ടുകളയാനും ഡോക്ടറോടു പറയുന്നുണ്ട്.

രണ്ടാമത്തെ റെക്കോർഡിങ് 33 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ജയലളിതയുടെ ശ്വാസോച്ഛോസം റെക്കോർഡ് ചെയ്തെന്നും പേടിക്കാനൊന്നുമില്ലെന്നും അതിൽ ഡോ. ശിവകുമാർ പറയുന്നുണ്ട്. ജയലളിത പറഞ്ഞതിനു പിന്നാലെ താൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെന്നും ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.

തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവർ നൽകുന്ന ഉത്തരവുമാണ് റെക്കോർഡ് ചെയ്തിട്ടുള്ളതിലൊന്ന്. 140 ആണു രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയിൽ കേൾക്കാം. ആശുപത്രിയിലായിരിക്കെ ജയലളിതയ്ക്കു കനത്ത ശ്വാസതടസ്സം ഉണ്ടായിരുന്നതായും വ്യക്തമാണ്. തുടർച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരം.

2016 സെപ്റ്റംബർ 27നു രാത്രി അപ്പോളോ ഹോസ്പിറ്റലിൽ വച്ചു താൻ ജയയുടെ ശബ്ദം റെക്കോർഡ് ചെയ്തതായി നേരത്തേ ശിവകുമാർ കമ്മിഷനോടു പറഞ്ഞിരുന്നു. ഇക്കാര്യം ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ അനുയായി എൻ. രാജ സെന്തൂർ പാണ്ഡ്യൻ പുറത്തുവിടുകയും ചെയ്തു. ജയയ്ക്കു ശ്വാസതടസ്സം വന്നപ്പോഴായിരുന്നു ഓഡിയോ റെക്കോർഡ് ചെയ്തത്. ശബ്ദം ഒരു സ്പെഷലിസ്റ്റ് ഡോക്ടർക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചു കൊടുക്കുകയും ചെയ്തു.

2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയ്ക്ക് 27നാണു ശ്വാസതടസ്സം നേരിട്ടത്. ഒക്ടോബറിൽ ശ്വാസനാളത്തിൽ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം ഒരിക്കൽ ഏറെ പാടുപെട്ട് ജയയ്ക്കു സംസാരിക്കാൻ സാധിച്ചിരുന്നതായും ശിവകുമാർ കമ്മിഷനോടു പറഞ്ഞു. ചില ചിത്രങ്ങൾ കാണിച്ചപ്പോൾ അതു തിരിച്ചറിയുകയും ചെയ്തു.

ഓഗസ്റ്റിൽ താൻ ജയലളിതയ്ക്കു നൽകിയ ഡയറ്റിങ് ചാർട്ടിനെപ്പറ്റിയും ശിവകുമാർ പറഞ്ഞു. അതെല്ലാം സ്വന്തം കൈപ്പടയിൽ എഴുതിയാണു ജയലളിത നോക്കിയിരുന്നത്. ആ കുറിപ്പും ഡോക്ടർ കമ്മിഷനു മുന്നിൽ ഹാജരാക്കി. തന്റെ ആരോഗ്യനില സംബന്ധിച്ചു ജയ ബോധവതിയായിരുന്നെന്നും ശിവകുമാർ പറയുന്നു. ആ സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. ‘പനിനീർ’ കുടിച്ചാണു ദിവസം ആരംഭിച്ചിരുന്നത്. രാവിലെ 4.55ന് അതു കഴിച്ച് പിന്നീട് 5.45ന് ഒരു ഗ്രീൻ ടീ പതിവാണ്. പ്രാതലിന് ഒരു ഇഡലിയും നാലു കഷ്ണം ബ്രെഡും. ഇതോടൊപ്പം 230 മില്ലി ലീറ്റർ ഇളനീരും 400 മില്ലി കാപ്പിയും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം.

ഉച്ചയ്ക്കു രണ്ടിനും 2.35നും ഇടയ്ക്കായിരുന്നു ഭക്ഷണം. ഒന്നരക്കപ്പ് ബസ്മതി ചോറുംഒരു കപ്പ് തൈരും അരക്കപ്പ് തയ്ക്കുമ്പളവും കഴിക്കും. വൈകിട്ട് 5.45നു കാപ്പി പതിവാണ്. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയിലായിരുന്നു അത്താഴം. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും അരക്കപ്പ്, ഇഡലിയോ ഉപ്പുമാവോ ഒരു കപ്പ്, ഒരു ദോശ, രണ്ടു കഷ്ണം ബ്രെഡ്, 200 മില്ലി പാൽ ഇതായിരുന്നു ഭക്ഷണം. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും. ഇതെല്ലാം സ്വന്തം കൈപ്പടയിൽ, പച്ച മഷിയിൽ എഴുതി വച്ചിരുന്ന ജയയുടെ കുറിപ്പും ഡോ.ശിവകുമാർ ഹാജരാക്കി.

ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും പിന്നീട് 2016 ഡിസംബർ അഞ്ചിനു മരണപ്പെട്ടതിന്റെയും പിന്നിലെ കാരണങ്ങളാണ് കമ്മിഷൻ അന്വേഷിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെ ഒട്ടേറെ പേർ ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ഏപ്രിലിലാണ് അറുമുഖസാമി കമ്മിഷനെ സർക്കാർ നിയോഗിച്ചത്.

അതേസമയം തൂത്തുക്കുടിയിലെ വെടിവയ്പിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ജയലളിതയുടെ ശബ്ദം പുറത്തുവിട്ടതിലൂടെ കമ്മിഷൻ നടത്തുന്നതെന്ന് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ആരോപിച്ചു.

ലക്നൗ: ഹിന്ദു യുവതിയുമായി സൗഹൃദം സൂക്ഷിച്ച മുസ്ലിം യുവാവിന് സംഘ്പരിവാര്‍ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 24 കാരനായ മുസ്ലിം യുവാവിനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ അതിക്രൂരമായി ആക്രമിച്ചത്. ഇയാളെ അക്രമിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ഗുണ്ടകള്‍ അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഹിന്ദു പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് സൗഹൃദമുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പെണ്‍കുട്ടിയെ കാണാന്‍ റെയില്‍ വേ സ്റ്റേഷനിലെത്തിയതായിരുന്നു ഇയാള്‍. റെയില്‍ വേ സ്റ്റേഷനിലെത്തിയ ശേഷം പരിസരവാസികളായ ചിലര്‍ തന്റെ ചുറ്റം കൂടുകയും ചോദ്യം ചെയ്യാന്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു.

യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ശേഷം ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ‘നിന്നെ നശിപ്പിക്കാനായില്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ പേരുമാറ്റും’ അക്രമികള്‍ പറയുന്നതും കേള്‍ക്കാം. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമികള്‍ക്ക് തന്നെ മുന്‍പ് അറിയില്ലെന്നും യുവതിയുമായി സൗഹൃദം സൂക്ഷിച്ചതിന്റെ പേരില്‍ മാത്രമാണ് മര്‍ദ്ദിച്ചതെന്നും യുവാവ് പറയുന്നു. ഇയാളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

RECENT POSTS
Copyright © . All rights reserved