നിപ്പാ വൈറസ് രോഗബാധയുടെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നാല് സാംപിളുകള്‍ പരിശോധിച്ചതില്‍ നാലും നെഗറ്റീവ്. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് മൃഗസംരക്ഷണവകുപ്പ്. ചെങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളില്‍ നിന്നുളള നാല് സാംപിളാണ് പരിശോധിച്ചത്.
അതേസമയം നിപ്പ വൈറസ് രോഗ ചികില്‍സയ്ക്ക് കൂടുതല്‍ ഫലപ്രദമായ മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഉടനെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. നിരീക്ഷണത്തിലുള്ള 21പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ പന്ത്രണ്ടുപേരാണ് മരിച്ചത്. ചികില്‍സയിലുള്ള മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെ സര്‍വകക്ഷിയോഗത്തിനുശേഷം ആരോഗ്യമന്ത്രി പറഞ്ഞു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ കണക്കിലെടുക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു ദിവസം 21 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകി.
ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത ഇല്ലെന്ന കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.
ശ്രീദേവിയുടെ മരണത്തില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമിയുടെ ആരോപണത്തിനു പിന്നാലെ അതേ ആരോപണം ഉയര്‍ത്തി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി പോലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍. ശ്രീദേവിയുടെ മരണം പുനസൃഷ്ടിച്ച ശേഷം ദുബായില്‍ പോയി അന്വേഷണം നടത്തി തിരിച്ചു വന്നാണ് മരണത്തില്‍ ദുരൂഗത ആരോപിച്ചിരിക്കുന്നത്. വേദ് ഭൂഷണ്‍ നിലവില്‍ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തി വരികയാണ്.
ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമായ ദൂബായില്‍ നടന്ന ശ്രീദേവിയുടെ മരണം ദാവൂദ് അറിഞ്ഞു തന്നെയാകണം എന്നാണ് വേദ് ഭൂഷന്റെ വിലയിരുത്തല്‍. മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ദാൂവദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വേദ് പറയുന്നു. മരണം അന്വേഷിക്കാന്‍ താന്‍ ചെന്ന തനിക്ക് ശ്രീദേവിയുടെ രക്തസാമ്പിളുകളും, ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും നല്‍കാന്‍ ദുബായ് പോലീസ് തയാറായില്ലെന്നും വേദ് ഭൂഷണ്‍ വെളിപ്പെടുത്തി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ദാവൂദിന്റെ പങ്കിലേയ്ക്കാണെന്നും വേദ് പറയുന്നു.
കടുത്ത സംശയങ്ങള്‍ക്കിടെയാക്കുന്നത് ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വേദ് ഭുഷണ്‍. നേരത്തേയും ശ്രീദേവിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സംശയം ഉന്നയിച്ച് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുനില്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വരേണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ സേവനത്തിന് തയ്യാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.
എയിംസില്‍ നിന്നുള്ള വിഗദ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ താന്‍ വിദഗ്ദ്ധ സംഘം വരുന്ന കാര്യത്തിനല്ല എത്തുന്നതെന്നും സൗജന്യ സേവനത്തിനാണെന്നും വ്യക്തമാക്കിയിട്ടും വിശദീകരണം ലഭ്യമായില്ല. ഇന്ന് കൊച്ചിയിലേക്ക് താന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സ്വാഗതം ചെയ്യുകയും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം വരട്ടെയെന്നായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് മറ്റൊരാശുപത്രിയില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്താനാവില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ തുടർന്ന് ഓസ്ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണിത്. കേന്ദ്ര സർക്കാർ ശ്രമം നടത്തിയാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽനിന്നു മരുന്ന് എത്തിക്കാനാകും. ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനു കത്തെഴുതിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആരോഗ്യ സെക്രട്ടറിയും വിഷയം സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ വഴി മരുന്നു സൗജന്യമായും പെട്ടെന്നും ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഹെൻഡ്ര വൈറസ് ബാധയെ തുടർന്നാണ് ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിലെ ഹെൻഡ്ര വൈറസ് ദൗത്യ സംഘം 2013 ൽ മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച 11 പേരിൽ പത്തു പേരും രോഗം തരണം ചെയ്തു. ശരീരത്തിൽ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണിത്.
മരുന്നു കേരളത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇന്നലെ ആരോഗ്യ വകുപ്പു അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ഫോണിൽ സംസാരിച്ചു. നിലവിൽ റൈബവൈറിൻ എന്ന മലേഷ്യൻ മരുന്നാണു നിപ്പ രോഗബാധിതരായവർക്കു നൽകുന്നത്. റൈബവൈറിൻ പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പു വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്.
സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ നടന്ന സമരത്തെത്തുടർന്നുള്ള ഭീകരാന്തരീക്ഷം തുടരുന്നു. സമരക്കാർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. നൂറുകണക്കിന് ആളുകളെയാണു കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പിൽ പരിക്കേറ്റ് തൂത്തുക്കുടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ബന്ധുക്കളെയും ഇന്നലെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇത് ആശുപത്രിയിൽ ചെറിയ സംഘർഷത്തിനുമിടയാക്കി. കൂടാതെ കറുത്ത ടീ ഷർട്ട് ധരിച്ചു നഗരത്തിൽ വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനു പിന്തുണ നൽകിയവരാണു കറുത്ത ടീ ഷർട്ട് ധരിച്ചതെന്ന വാദമായിരുന്നു പോലീസിന്റേത്. എന്നാൽ, സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധിപേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുത്ത 300ൽ അധികം ആളുകളെ ഇപ്പോൾ കാണാനില്ലെന്നും ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണു സമരസമിതി ഭാരവാഹികൾ പറയുന്നത്. എന്നാൽ, പോലീസ് ഇവരെക്കുറിച്ചു വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിൽ ഇന്നലെയും തൂത്തുക്കുടിയിലെ വ്യാപര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. ശക്തമായ പോലീസ് സന്നാഹം നഗരത്തിലുടനീളം ദൃശ്യമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ചെറിയ സംഘർഷം ഉടലെടുത്തു. വൻ പോലീസ് സംഘം ഇവിടെയെത്തിയാണു രംഗം ശാന്തമാക്കിയത്. സ്റ്റെർലൈറ്റ് ഫാക്ടറിക്കു മുന്നിൽ ശക്തമായ പോലീസ് കാവൽ തുടരുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിച്ചു.
തൂത്തുക്കുടി അണ്ണാ നഗറിൽ ബുധനാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പോലീസിനു നേർക്കു നാട്ടുകാർ കല്ലേറു നടത്തിയെന്ന കാരണത്താലാണ് ഇന്നലെ പോലീസ് പുലർച്ചെ വീടുകൾ കയറി ലാത്തിച്ചാർജ് നടത്തുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം വ്യാപകമാകുന്നു എന്ന കാരണത്താൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു.
ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇന്നു തമിഴ്നാട്ടിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉളളതിനാൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ വിവാദ സൈനിക ഉദ്യോഗസ്ഥനെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞ വർഷം കാഷ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ടു വിവാദത്തിലകപ്പെട്ട മേജർ നിതിൻ ലീതുൾ ഗൊഗോയിയെയാണ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഗൊഗോയിയെ അയാളുടെതന്നെ യൂണിറ്റിനാണു കൈമാറിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ലീതുൾ ഗൊഗോയ് പിടിയിലാകുന്നത്. ഓണ്‍ലൈനിൽ മുറി ബുക്ക് ചെയ്തശേഷമാണ് ലീതുൾ ഗൊഗോയി ഹോട്ടലിലെത്തിയത്. എന്നാൽ ഡ്രൈവർക്കും പെണ്‍കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തിയ ഗൊഗോയിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു. ലീതുൾ ഗൊഗോയി തിരിച്ചറിയൽ കാർഡ് നൽകി. ഒപ്പമുള്ള പെണ്‍കുട്ടി ബുഡ്ഗാം സ്വദേശിനിയാണെന്നും തിരിച്ചറിയൽ കാർഡിൽനിന്നു വ്യക്തമായി. ഇതേതുടർന്നു ജീവനക്കാർ ലീതുൾ ഗൊഗോയിക്കു മുറി നിഷേധിക്കുകയായിരുന്നു.
ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടശേഷം പുറത്തുവന്ന ലീതുൾ ഗൊഗോയിയുടെ ഡ്രൈവർ ഹോട്ടൽ ജീവനക്കാരനെ മർദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് ലീതുൾ ഗൊഗോയിയെയും ഡ്രൈവറെയും മർദിച്ചു. സംഭവം വഷളായതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ലീതുൾ ഗൊഗോയിയെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയി.
സംഭവത്തിൽ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ലെന്ന് ദി വയർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. വിഷയം സംബന്ധിച്ചു പോലീസ് പത്രക്കുറിപ്പിറക്കിയെങ്കിലും ലീതുൾ ഗൊഗോയുടെയോ പെണ്‍കുട്ടിയുടെയോ പേര് പരാമർശിച്ചിട്ടില്ല. എന്നാൽ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുമുണ്ട്. പെണ്‍കുട്ടിക്കു 18 വയസിനുമേൽ പ്രായമുണ്ടെന്നും പോലീസ് അറിയിച്ചു. സൈന്യം ഇതു സംബന്ധിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
നിപ്പ വൈറസ് സംബന്ധമായ വാർത്തകളാണ് കേരളത്തിൽ നിന്നും അനുദിനം ഉയർന്നുകേൾക്കുന്നത്. അവരസത്തിനൊത്തുണർന്നു സർക്കാർ പ്രവർത്തിക്കുന്നു രോഗത്തെ നിയന്ത്രിക്കാൻ.. പല പരിപാടികളും മാറ്റിവെക്കപ്പെടുന്നു കാരണം വൈറസ് പടരാതിരിക്കാൻ .. ഈ മുന്കരുതലുകൾക്കപ്പുറവും ചില കുടുംബത്തെ വഴിയാധാരമാക്കിയ വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്… അതിൽ ഒന്നാണ് മലപ്പുറത്തുനിന്നുള്ള ഉബീഷിന്റെ സെൽഫി…
ദിവസങ്ങള്‍ക്കു മുന്‍പ് എടുത്ത സെല്‍ഫി കാണുമ്പോള്‍ മലപ്പുറം തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിന്റെ നെഞ്ച് പിടയും. കണ്ണില്‍ കുസൃതി നിറച്ചുള്ള ആ നോട്ടം ഇനിയില്ല. ഉബീഷിനെ തനിച്ചാക്കി ഷിജിത നിപ്പ വൈറസിന് കീഴടങ്ങി. ഭാര്യയെ തട്ടിയെടുത്ത മരണം ഉബീഷിനെയും നോട്ടമിട്ടിരിക്കുകയാണ്. നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ട ഷിജിതയും ഇന്നലെ നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെടിരിക്കുന്ന ഭര്‍ത്താവ് ഉബീഷും ഇപ്പോള്‍ ഒരുനാടിന്റെ വേദനയാണ്. ഷിജിതയുടെ മരണത്തെ തുടര്‍ന്നാണ് ഉബീഷിനെ വീണ്ടും നിപ്പ വൈറസ് പരിശോധന നടത്തിയത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉബീഷിനൊപ്പം നേരത്തെ ഒരാഴ്ച ഷിജിതയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.
ഈസമയത്താണ് ഷിജിതക്ക് പനി അനുഭവപ്പെട്ടു തുടങ്ങിയത്. അസഹനീയമായ കാലു വേദനയും വിറയലുമായിരുന്നു ആദ്യം. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയ്ക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്.
ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരേയും പനി ബാധിച്ച് ചികിത്സ തേടിയെത്തിയ മൂന്നുപേരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ധ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് ഉബീഷിനും നിപ്പ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം വ്യക്തമാക്കി. റഷ്യയുടെ ബക് മിസൈൽ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു നേരത്തേ സംഘം വ്യക്തമാക്കിയതാണ്. എന്നാൽ ഇതെവിടെ നിന്നാണു വിക്ഷേപിച്ചത് എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളാണ് ഇതാദ്യമായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയ, ബെൽജിയം, മലേഷ്യ, നെതർലൻഡ്സ്, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘമാണ് തങ്ങൾ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവിട്ടത്. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റി–എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണു വിവരം.
BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. മിസൈൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങൾ അറിയാമെങ്കിൽ നൽകണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യർഥിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച നൂറോളം പേരുടെ വിവരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിൽ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം. അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ രൂപീകരിക്കാൻ യുഎൻ രക്ഷാസമിതിയിൽ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാൽ പ്രോസിക്യൂഷൻ സംഘത്തിന്റെ കണ്ടെത്തൽ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം..
പതിവുപോലെ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞു. റഷ്യൻ നിർമിത ബക് മിസൈലാണ് ബോയിങ് 777 വിമാനത്തെ തകർത്തതെന്ന് ഡച്ച് സേഫ്റ്റി ബോർഡ് 2015ലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണു വിക്ഷേപിക്കപ്പെട്ടത് എന്നു വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തൽ പ്രസക്തമാകുന്നത്.
യുക്രെയ്ൻ വിമതരുടെ അധീനതയിലുള്ള പെർവോമയസ്ക് എന്ന ഗ്രാമത്തിൽ നിന്നാണു മിസൈൽ തൊടുത്തതെന്നായിരുന്നു രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം കഴിഞ്ഞ വർഷം പുറത്തുവിട്ട വിവരം. സംഭവത്തിനുശേഷം ശേഷം മിസൈൽ സാമഗ്രികൾ റഷ്യയിലേക്കു മാറ്റി. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ പോരാടുന്ന വിമതരാണു സംഭവത്തിന്റെ പിന്നിലെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ, യുക്രെയ്ൻ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.
മലയാളി സിനിമാ പ്രേക്ഷകരെ ഏറെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകരില്‍ ഒരാളാണ് സിദ്ധിഖ്. സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് മാറ്റത്തിന്റെ വഴിയെ സിനിമ ചെയ്തവരാണ്. റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമാ വ്യക്തി മുദ്ര പതിപ്പിച്ച ഈ ഇരട്ട സംവിധായകര്‍ പിന്നീടു മലയാളത്തില്‍ എഴുതി ചേര്‍ത്തത് നിരവധി ബോക്സോഫീസ് ഹിറ്റുകളാണ്.
റാംജിറാവ് സ്പീക്കിംഗ് , ഇന്‍ഹരിഹര്‍ നഗര്‍, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങിയവയാണ് സിദ്ധിഖ്- ലാല്‍ ടീമിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
സിദ്ധിഖ് സ്വതന്ത്ര സംവിധായകാനായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഹിറ്റ്ലര്‍, പിന്നീടു ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങിയ ചിത്രങ്ങളും ലാല്‍ ഇല്ലാതെ സിദ്ധിഖ് ബിഗ് സ്ക്രീനില്‍ എത്തിച്ച ചിത്രങ്ങളാണ്. കാബൂളി വാല എന്ന ചിത്രമാണ് സിദ്ധിഖ്-ലാല്‍ ടീമിന്റെ മാസ്റ്റര്‍ പീസ് മൂവി.
തെരുവ് ജീവിതങ്ങളുടെ നൊമ്പരത്തിന്റെ കഥ ഹൃദയ സ്പര്‍ശിയായി സ്ക്രീനില്‍ പകര്‍ത്തിയപ്പോള്‍ കണ്ണുനീര്‍ ഒഴുക്കാതിരുന്ന മലയാളികള്‍ വിരളം. ജഗതി ശ്രീകുമാര്‍ കടലാസായും ഇന്നസെന്റ് കന്നാസായും അഭിനയിച്ച് തകര്‍ത്തപ്പോള്‍ മലയാള സിനിമയുടെ വലിയ വിജയങ്ങളില്‍ ഒന്നായി കാബൂളിവാല മാറി.
തന്റെ കുട്ടിക്കാല ജീവിതത്തിലെ വിളിപ്പേര് ആയിരുന്നു കന്നാസ് എന്നും വീട്ടില്‍ അങ്ങനെയുള്ള വിളി പതിവ് ആയിരുന്നുവെന്നും സിദ്ധിഖ് ഓര്‍ക്കുന്നു, അതാണ് ഞാന്‍ കാബൂളിവാല സിനിമയിലേക്ക് എടുത്തത്. കന്നാസ് എന്നാല്‍ മറ്റുള്ളവരുടെ കണ്ണില്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നാണര്‍ത്ഥം. സിദ്ധിഖ് ചിരിയോടെ പങ്കുവെയ്ക്കുന്നു.