Latest News

ബംഗലൂരു: മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷും എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കുപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65 എം.എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സ്ഥാപിക്കാന്‍ ആധികാരിക തെളിവുകളുണ്ടായിരുന്നില്ല.

ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.

2017 സെപ്തംബര്‍ അഞ്ചിന് ബെംഗലൂരുവിലെ സ്വന്തം വസതിയില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് വര്‍ഷം മുമ്പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് കേസില്‍ അറസ്റ്റിലായ നവീന്‍ കുമാറിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു.

ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മുകുള്‍ വാസ്നിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നിക്കിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി ആഞ്ഞടിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രശ്നത്തില്‍ പരിഹാരം ആയില്ലെങ്കില്‍ മാത്രം ഇടപെടാമെന്നുമാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് സൂചന.

നേരത്തെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വാസ്നിക്കിനെതിരെ പരാതി ഉയര്‍ന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത അദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്ന് ക്യത്യമായി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തിയ പിസി ജോര്‍ജിനെതിരെ ജെസ്‌നയുടെ കുടുംബം. അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെസ്‌നയുടെ സഹോദരി ജെഫി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ജെഫി രംഗത്തു വന്നത്.

‘ജെസ്‌നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തങ്ങളെ സഹായിക്കേണ്ടവര്‍ തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്. പിതാവിനെതിരെ ആരോപണമുന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ എന്തെന്ന് ഇങ്ങനെയുള്ളവര്‍ മനസിലാക്കണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിന്മേല്‍ ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്. അമ്മയുടെ മരണ ശേഷം ഞങ്ങള്‍ മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത്’ ജെഫി വീഡിയോയില്‍ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന്‍ തയാറാകണമെന്നും ജെഫി വീഡിയോയില്‍ പറയുന്നു.

മുംബൈയിലെ ഫോര്‍ട്ട് മേഖലയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടത്തം. ശനിയാഴ്ച രാവിലെയാണ്  കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.പിന്നീട് നാലാം നിലയിലേക്കും പടര്‍ന്നതിനെത്തുടര്‍ന്ന് 18ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക്  പരിക്കേറ്റത്.

നാല് മണിയോടെയുണ്ടായ തീപിടത്തം ആറരയോടെ അഗനിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടായ കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമാണ്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യകതമായിട്ടില്ല. 16 ഫയര്‍ എന്‍ജിനുകളും 11 ടാങ്കറുകളും 150 ഫയര്‍ ഓഫീസര്‍മാരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. നിലവില്‍ എല്ലാം നിയന്ത്രണ വിധേയമായെന്ന് അഗ്‌നിരക്ഷാസേനയ്ക്ക നേതൃത്വം കൊടുത്ത ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

ഇതേ മേഖലയില്‍ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തീപിടത്തമുണ്ടാവുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴച വന്‍ തീപിടിത്തമുണ്ടായിരുന്നു.

തിരുവനന്തപുരം/ബംഗുളുരു: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില്‍ പോകുന്ന മത്സ്യ തൊഴിലാലികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്‍ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം കനത്ത മഴ തുടരുന്ന കര്‍ണാടകത്തില്‍ വ്യാപക നാശനഷ്ടം. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകിയാണ് ഓടുന്നത്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യൂത ലൈനുകള്‍ തകര്‍ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.

വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്‍ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് ശവപ്പെട്ടികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.

ഉമ്മന്‍ ചാണ്ടിയും , ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല്‍ പേസ്റ്ററുകള്‍ ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.

മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരു തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് വ്യക്തതയായി. രണ്ട് കൊലപാതകങ്ങള്‍ക്കും സമാനതകളുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.

എം.എം കണ്‍ട്രി ഗണ്ണില്‍ നിന്നുമാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം ബംഗളുരു കോടതിയില്‍ സമര്‍പ്പിച്ചു.

2015 ഓഗസ്റ്റ് 30നാണ് എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബര്‍ 5നായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.2015ല്‍ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് മരിച്ചതിലും 2013ല്‍ മഹാരാഷ്ട്രയില്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവത്തിലും സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ന്യൂസ്‌ ഡെസ്ക്

വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ  നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.

അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ്  സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോംഹിൽ റോഡിലുള്ള ഹോഡ്ജ് ഹിൽ കോളജിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക്‌ 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.

അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ്  കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നല്കുന്നു.  2018 ലെ കമ്മിറ്റിയ്ക്ക്  അഭിലാഷ് , ബോബൻ, ജോയ്, സ്മിത, സിജി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

ബിസിഎംസിയിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് രക്ഷാധികാരികളായ പ്രവർത്തിക്കുന്നത് ജിമ്മി മൂലംകുന്നം, സിബി ജോസഫ്, ജോയ് അന്തോണി എന്നിവരാണ്. സിറോഷ് ഫ്രാൻസിസ്, സാജൻ കരുണാകരൻ എന്നിവർ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളുമായി രംഗത്തുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ബിസിഎംസി ടീമിന്റെ മാനേജർ സനൽ പണിക്കർ. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ്‌ വി.കെ. നഗറില്‍ സജിത (24)യാണ്‌ അറസ്‌റ്റിലായത്‌. ഇന്നലെ രാവിലെ നെല്ലിയാമ്പതി കേശവന്‍ പാറയ്‌ക്കു സമീപം ഇരുവരേയും സംശയാസ്‌പദമായി കണ്ടതിനെത്തുടര്‍ന്ന്‌ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവച്ച്‌ പാടഗിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര്‍ പോലീസിന്‌ കൈമാറി.

ഈ മാസം നാലിന്‌ ആയക്കാട്‌ കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന്‌ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ തിരിച്ച്‌ പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്‌ യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന്‌ കാണിച്ച്‌ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്‌ച കോയമ്പത്തൂരില്‍ എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല്‍ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്‍നിന്ന്‌ യൂബര്‍ ടാക്‌സിയില്‍ കേരളത്തില്‍ തിരിച്ചെത്തി.

വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചിന്‌ യുവതിയുടെ അച്‌ഛന്‍ ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്‌ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്‍പ്പിച്ച്‌ വീണ്ടും നാടുവിട്ടു. തുടര്‍ന്നാണ്‌ ഇവര്‍ നെല്ലിയാമ്പതിയിലെത്തിയത്‌. യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്‌ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ്‌ യുവതിയെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

യുഡി എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയതിൽ പ്രതിഷേധിഷേധ സൂചകമായി കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ്​ സുധീരൻ​ ഇറങ്ങിപ്പോയത്​. മാണി വരുന്നത്​ യു.ഡി.എഫിനെ ശക്​തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന്​ സുധീരൻ. മാണിക്ക്​ രാജ്യസഭാ സീറ്റ്​ നൽകിയത്​ സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ്​ തീരുമാനമെടുത്തത്​. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്​ പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതി​ന്റെ ഗുണഭോക്​താവ്​ ബി.ജെ.പി മാത്രമാണ്.

ഇതിന്​ പാർട്ടി കനത്ത വില നൽകേണ്ടി വരും എന്നും സുധീരൻ പറഞ്ഞു. കേരള കോൺഗ്രസിന്​ സീറ്റ്​ നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന്​ താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്​ അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക്​ ഗുണകരമല്ല. ത​ന്റെ വിയോജിപ്പ്​ യു.ഡി.എഫ്​ യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved