മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തി. വ്യാജ ക്ലെയിമുകളിലൂടെ കമ്പനികള്‍ക്ക് പണം നഷ്ടപ്പെടുന്നതില്‍ കുറവുണ്ടായതോടെയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ശരാശരി 7 ശതമാനം വരെയാണ് പ്രീമിയത്തില്‍ കുറവുണ്ടായത്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 59 പൗണ്ട് മാത്രമായിരുന്നുവെന്ന് confused.com റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ ക്ലെയിമുകള്‍ ഇല്ലാതാക്കാന്‍ ഗവണ്മെന്റ് നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിജയം കണ്ടതിന്റെ സൂചനയാണ് ഇതെന്നും ഈ ഇന്‍ഷുറന്‍സ് പോര്‍ട്ടല്‍ പറയുന്നു. പുരുഷന്മാര് ഇന്‍ഷുറന്‍സ് കവറിനായി 810 പൗണ്ടും സ്ത്രീകള്‍715 പൗണ്ടുമാണ് ഇപ്പോള്‍ നല്കി വരുന്നത്.
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നവര്‍ മെഡിക്കല്‍ തെളിവുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് അവതരിപ്പിച്ച പദ്ധതിയില്‍ വ്യക്തമാക്കുന്നു. വ്യാജ ക്ലെയിമുകളിലൂടെ സാധാരണ വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. വ്യാജ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ അനുവദിക്കപ്പെടുന്ന സംസ്കാരത്തിന് അറുതി വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഗോക്ക് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒട്ടേറെ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളായിരുന്നു എത്തിക്കൊണ്ടിരുന്നത്. വല്ലാത്തൊരു നഷ്ടപരിഹാര സംസ്കാരമായിരുന്നു ഇതിലൂടെ തുടര്‍ന്നു വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പരിക്കുകള്‍ക്ക് പേഴ്സണല്‍ ഇന്‍ജുറി നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തണമെന്ന് കഴിഞ്ഞ മാസം മന്ത്രിസഭ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ഏപ്രിലില്‍ മാത്രമേ ഈ രീതി നടപ്പാകുകയുള്ളു. എങ്കിലും ഈ നിര്‍ദേശത്തിന്റെ പ്രതിഫലനം പ്രീമിയങ്ങളുടെ നിരക്കുകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു.
ഗള്‍ഫ് സ്ട്രീം എന്നറിയപ്പെടുന്ന സമുദ്ര പ്രവാഹത്തിനുണ്ടാകുന്ന തടസങ്ങള്‍ എന്തുവില കൊടുത്തും തടയണമെന്ന് ശാസ്ത്രജ്ഞര്‍. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ പ്രവാഹം എക്കാലത്തെയും ദുര്‍ബലമായ അവസ്ഥയിലാണെന്ന് ഈയാഴ്ച വെളിപ്പെടുത്തലുണ്ടായിരുന്നു. വന്‍ സമുദ്രജല പ്രവാഹങ്ങളിലൊന്നായ ഇതിന് തടസമുണ്ടായ ഘട്ടങ്ങളിലൊക്കെ അതിന്റെ സ്വാധീനം കാലാവസ്ഥയില്‍ പ്രകടമായിരുന്നു. ഈസ്റ്റേണ്‍ യൂറോപ്പില്‍ അതിശൈത്യവും അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അതിവേഗത്തില്‍ സമുദ്രനിരപ്പ് ഉയരുകയും ആഫ്രിക്കയില്‍ വരള്‍ച്ചയുണ്ടാകുകയുമൊക്കെ ഇതിന്റെ ഫലമായുണ്ടായിട്ടുണ്ട്.
ആഗോളതാപനം ഈ പ്രവാഹത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഈ പ്രവാഹത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. അറ്റ്ലാന്റിക്കിലെ ഉഷ്ണജലത്തെ ഉത്തരധ്രുവം വരെ എത്തിക്കുകയും അവിടെ വെച്ച് തണുക്കുന്ന പ്രവാഹം ദക്ഷിണദിശയിലേക്ക് തിരിച്ചു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്. ഉത്തരാര്‍ദ്ധഗോളത്തിന്റെയും അന്തരീക്ഷത്തിന്റെയും കാലാവസ്ഥ നിര്‍ണ്ണയിച്ചുകൊണ്ടിരുന്നത് ഈ പ്രവാഹമായിരുന്നു. അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക് എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രവാഹത്തിന് 1950ന് ശേഷം 15 ശതമാനത്തോളം ശക്തി കുറഞ്ഞിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതും കടല്‍ ജലത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ജലത്തിന്റെ സാന്ദ്രതയില്‍ കുറവുണ്ടാക്കുന്നത് ഈ പ്രവാഹത്തെ ബാധിക്കുന്നുണ്ട്. ഈ പ്രതിഭാസങ്ങളും ആഗോള താപനവും മൂലം സമുദ്രജല പ്രവാഹത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ നദികളുടെയും പ്രവാഹം ഒറ്റയടിക്ക് നിര്‍ത്തിയാലുണ്ടാകാവുന്ന ആഘാതമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 1600 വര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രവാഹത്തിന്റെ വേഗത വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. 450 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയിലാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകുന്നതെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു. മനുഷ്യ ഇടപെടല്‍ കൊണ്ടുണ്ടായ കാലാവസ്ഥാ ദുരന്തമാണ് ഇത്. അമോകിനെ ബാധിക്കുന്നതിലൂടെ ആഗോള കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും.
അമോകിന്റെ ശക്തി കുറയുന്നത് വെസ്റ്റേണ്‍ യൂറോപ്പിലേക്കുള്ള ഉഷ്ണജലപ്രവാഹം കുറയ്ക്കുകയും ശൈത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡേ ആഫ്റ്റര്‍ ടുമോറോ എന്ന ചിത്രത്തിന് സമാനമായ കാലാവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാകുക. സമുദ്രാന്തര ആവാസ വ്യവസ്ഥയും വ്യാപകമായി തകരും. സമ്മര്‍ ഹീറ്റ് വേവുകള് വര്‍ദ്ധിക്കാനും പ്രവാഹത്തിന്റെ ശക്തി കുറയുന്നത് കാരണമാകും. ഉത്തര ദിശയില്‍ നിന്നുള്ള പ്രവാഹം തണുക്കാന്‍ സമയമെടുക്കുന്നതാണ് ഇതിന് കാരണം. ഉപരിതലത്തിലെ തണുത്ത ജലം അന്തരീക്ഷത്തിലെ ചൂട് വായുവിനെ യൂറോപ്പില്‍ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയും 2015ല്‍ സംജാതമായ അതേ കാലാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ഗവേഷണം വ്യക്തമാക്കുന്നു.
കാലിഫോര്‍ണിയയ്ക്ക് സമീപം കാര്‍ ഈല്‍ നദിയില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ ഗൃഹനാഥന് സന്ദീപ് തോട്ടപ്പള്ളി (42)യുടെയും മകള്‍ സാച്ചി തോട്ടപ്പള്ളി(09)യുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സന്ദീപിന്റെ ഭാര്യ സൗമ്യ തോട്ടപ്പള്ളി(38)യുടെ മൃതദേഹം വെള്ളിയാഴ്ച ഈല്‍ നദിയില്‍ നിന്നും കണ്ടെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സന്ദീപ്, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാര്‍ നദിയില്‍ വീണ സ്ഥലത്ത് നിന്നും അര മൈല്‍ ദൂരെ നദിയുടെ അടിത്തട്ടിലെ ചെളിയില്‍ പൂണ്ട നിലയില്‍ ഇവരുടെ കാര്‍ കണ്ടെത്തുകയായിരുന്നു. നദിയുടെ മുകള്‍പരപ്പില്‍ എണ്ണമയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്.
ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് കാര്‍ ചെളിയില്‍ നിന്നും പുറത്തെടുത്ത് കരയ്ക്കെത്തിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാറിന്റെ ചില്ല് തകര്‍ന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഇത് ഇവര്‍ രക്ഷപെടാന്‍ നടത്തിയ ശ്രമത്തില്‍ സംഭവിച്ചതാണ് എന്ന് കരുതുന്നു.
ഏപ്രില്‍ ആറിനാണ് സന്ദീപും കുടുംബവും അപകടത്തില്‍ പെട്ടത് എന്ന് കരുതുന്നു. ഇവര്‍ എത്തിച്ചേരും എന്ന് പറഞ്ഞിരുന്ന വീട്ടില്‍ ഇവര്‍ എത്തിചേരാതിരുന്നതിനെ തുടര്‍ന്ന് എട്ടാം തീയതിയോടെയാണ് ഇവരെ കാണാനില്ല എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഇതിനിടയില്‍ ഒരു കാര്‍ ഈല്‍ നദിയിലേക്ക് വീഴുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പോലീസിനെ അറിയിച്ചതനുസരിച്ച് പോലീസ് നദിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. റോഡരികില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ കാര്‍ നദിയിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം.
സന്ദീപ്, സൗമ്യ, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മകന് സിദ്ധാര്‍ത്ഥിന് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച ഒൗദ്യോഗിക രേഖയിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ചു.
ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങൾ സഭ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാർപാപ്പ കൈമാറി.
കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത ഫാ. പയ്യപ്പിള്ളി 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലാണു ജനിച്ചത്. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 12നു പൗരോഹിത്യം സ്വീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരുമായി സേവനം ചെയ്തു.
1924 ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവർക്കിടയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയാണു തന്റെ പ്രത്യേകമായ വിളി ഫാ. പയ്യപ്പിള്ളി ആദ്യമായി പ്രകാശിപ്പിച്ചത്. വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തിൽ അവർക്കായി കരുതലിന്റെ ഭവനം ആരംഭിച്ചു. സന്യാസജീവിതം ആഗ്രഹിച്ച അഞ്ചു യുവതികളെ ആലുവ ചുണങ്ങംവേലിയിൽ ഒരുമിച്ചുചേർത്തു ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുവാദത്തോടെ അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചു. 1927 മാർച്ച് 19ന് ആരംഭിച്ച എസ്ഡി സന്യാസിനീ സമൂഹം ഇന്നു പതിനൊന്നു രാജ്യങ്ങളിൽ 131 സ്ഥാപനങ്ങളിലൂടെ ശുശ്രൂഷ ചെയ്യുന്നു. 1500ഓളം വൃദ്ധരും 38000 ഓളം രോഗികളും അശരണരുമായവരും എസ്ഡി സന്യാസിനിമാരുടെ പരിചരണവും സ്നേഹമറിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു. ആലുവ തോട്ടുമുഖത്താണ് എസ്ഡി ജനറലേറ്റ്.
1929 ഒക്ടോബർ അഞ്ചിനാണു ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ നിര്യാണം. സെന്റ് ജോണ്‍ നെപുംസ്യാൻ പള്ളിയിലാണു കബറിടം. 2009 ഓഗസ്റ്റ് 25നു കർദിനാൾ മാർ വർക്കി വിതയത്തിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു നാമകരണ നടപടികൾക്കു തുടക്കമായി. ധന്യപദവിയിലേക്കുയർത്തപ്പെട്ട ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയിൽ അത്ഭുതം സ്ഥിരീകരിച്ചാൽ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെടും. മറ്റ് ഏഴു ദൈവദാസരെ കൂടി മാര്‍പാപ്പ ഇന്നലെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കുനേരെ ഭര്‍ത്താവിന്റെ ആക്രമണം. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഭര്‍ത്താവ് സ്വയം ചിത്രീകരിക്കുകയും യുവതിയുടെ വീട്ടുകാര്‍ക്കയച്ച് സ്ത്രീധനം ആവശ്യപ്പെടുകയുമായിരുന്നു.
വീട്ടുകാരില്‍ നിന്നും 50,000 രൂപ വാങ്ങിനല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത് യുവതി നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കെട്ടിയിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി ഭര്‍ത്താവ് യുവതിയുടെ സഹോദരന് അയച്ച് സ്ത്രീധനം നല്കാന് ആവശ്യപ്പെടുകയായിരുന്നു. ബെല്‍റ്റുകൊണ്ടുള്ള കടുത്ത ആക്രമണത്തെ തുടര്‍ന്ന് യുവതി ബോധരഹിതയായിരുന്നു.
3 – 4 മണിക്കൂറുകളോളം എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ എന്നെ സീലിങ് ഫാനില്‍ ബന്ധിച്ചിരിക്കുകയായിരുന്നു’, യുവതി പറഞ്ഞു. ‘ഞാന്‍ വിദ്യാഭ്യാസമില്ലാത്തവളാണ്. അതുകൊണ്ടാണ് ഞാന്‍ ഈ അവസ്ഥയിലായത്’ , യുവതി കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍ പോയതിനാല്‍ ഇതുവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ഒരു സിനിമാക്കഥപോലെ ട്വിസ്റ്റും ടേണുമായി മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ കഥകള്‍ വീണ്ടും മാറി മറിയുന്നു. ഖത്തറിലുള്ള ബിസിനസുകാരന് പകരം അയാളുടെ ഭാര്യയായ നൃത്താദ്ധ്യാപികയാണോ ക്വട്ടേഷന്‍ എന്ന രീതിയിലാണ് പുതിയ സംശയം ഉയരുന്നത്. നൃത്താദ്ധ്യാപികയുടെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നതാണ് പോലീസ് പുതിയതായി ഉയര്‍ത്തുന്ന സംശയം. സംഭവത്തിന് തൊട്ടു മുമ്പായി നൃത്താദ്ധ്യാപികയുമായി രാജേഷ് മൊബൈലില്‍ സംസാരിക്കുമ്പോഴായിരുന്നു രാജേഷ് ആക്രമിക്കപ്പെട്ടത്.
സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും ചെന്നൈയിലെ സ്വകാര്യ സ്കൂളില്‍ ജോലി ലഭിച്ച് രാജേഷ് അവിടേയ്ക്ക് പോകുന്നതിന്റെ തലേദിവസമാണ് കൊലപാതകം നടന്നതെന്നതുമാണ് നൃത്താദ്ധ്യാപികയെ സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. നേരത്തേ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി നല്കിയ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സംശയം ഉയര്‍ന്നത്. ഇയാളുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു ക്വട്ടേഷന്‍ സംഘത്തലവന് അലിഭായിയും മുന്‍ ജീവനക്കാരനായിരുന്നു സഹായിയായ അപ്പുണ്ണിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തി ഖത്തറിലേക്ക് മടങ്ങിയ ഇയാളെ പിടിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
കൊല നടന്നതിന്റെ തലേന്ന് അലിഭായി നാട്ടിലെത്തിയതും തിരിച്ചുപോയതും വ്യാജ പാസ്പോര്‍ട്ടിലായിരുന്നു. ഇവര്‍ കായംകുളത്തെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതും. ഈ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ വാടകയ്ക്ക് എടുത്ത കാറിന് വ്യാജ നമ്പര്‍ പതിച്ചെങ്കിലും തിരിച്ചുപോകുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ യഥാര്‍ത്ഥ നമ്പറും പതിച്ചു.
അമിത വേഗതയിലായതിനാല്‍ പോലീസിന്റെ സ്പീഡ് ക്യാമറയില്‍ കാര്‍ പതിയുകയും ചെയ്തു. കായം കുളത്തു നിന്നും പജീറോ കാറിലായിരുന്നു അലിഭായി കൊച്ചിയിലേക്ക് പോയത്. അപ്പുണ്ണി ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലേക്കും മുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈലില്‍ വിളികള്‍ ഒഴിവാക്കി വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴിയായി വിവരം കൈമാറല്‍. അതിനിടയില്‍ കഴിഞ്ഞ ദിവസം രാജേഷിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം തുറന്നു പരിശോധിച്ചു. ഇതില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം.
ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കം മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട വിധി പറഞ്ഞ എന്‍.ഐ.എ ജഡ്ജ് രവീന്ദര്‍ റെഡ്ഡി രാജിവച്ചു. ഏറെ വിവാദമായ കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിട്ട വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കമാണ് റെഡ്ഡി രാജിവച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിന് അദ്ദേഹം രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.
2007ലാണ് മക്ക മസ്ജിദ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് കേസിലെ പ്രതികള്‍ക്കെതിരെ തെളിവുകള്‍ നല്കുന്നതില് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. സ്വാമി അസീമാനന്ദ ഉള്‍പ്പെടെ പത്തു പ്രതികളായിരുന്നു കേസില്‍ വിചാരണ നേരിട്ടത്. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത മക്ക മസ്ജിദില്‍ 2007 മെയ് 18 നാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിനെതിരെ ആക്ഷേപങ്ങളുയര്‍ന്നപ്പോളാണ് കേസ് അന്ന് സിബിഐക്ക് വിട്ടത്. തുടര്‍ന്ന് 2011 ലാണ് സിബിഐയില്‍ നിന്നും എന്‍ഐഎ കേസ് ഏറ്റെടുത്തത്.
പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ ദൂരൂഹമായ രാജി. അസീമാനന്ദ അടക്കം പ്രതികളെല്ലാം സംഘപരിവാര്‍ ബന്ധമുള്ളവരാണ്. 10 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അസീമാനന്ദ അടക്കം അഞ്ച് പ്രതികളെ മാത്രമാണ് അന്ന് അറസറ്റ് ചെയ്യാന്‍ സാധിച്ചത്. നാല് പ്രതികള്‍ ഒളിവില്‍ പോയി. സുനില്‍ ജോഷി എന്ന മറ്റൊരു പ്രതി ഇതിനിടെ മരണപ്പെട്ടു.
മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കരുത്. അവയെ പൂര്‍ണ്ണമായും ഒഴിവാക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതില്‍ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടാനുള്ള സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ പറയുന്നു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ റബര്‍ പ്ലാന്റേഷനുകളെ വനമേഖലയായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 123 വില്ലേജുകളിലായുള്ള 13,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിലെ വനപ്രദേശം തെറ്റായി കണക്കാക്കി ഡോ. ഉമ്മന്‍ വി ഉമ്മന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. അതിനാല്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.
കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ച ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഐഡികളാണ് ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ച കരീന അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
അസഭ്യവര്‍ഷം നടത്തുകയും കരീനയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരെ ചിലര്‍ രംഗത്ത് വരുകയും ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം കരീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം സ്വര ഭാസ്കറടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കരീനയ്ക്ക് ഏവരും പിന്തുണ പ്രഖ്യാപിക്കണമെന്നും സംഘപരിവാര്‍ ആക്രമണത്തിന്റെ ലക്ഷ്യം വേറെയാണെന്നും സ്വര പറയുന്നു.
#KareenaKapoorKhan #IndiaAgainstRape #JusticeForOurChild #JusticeforAsifa #JusticeForUnnao pic.twitter.com/NEqPsArNC6
— Swara Bhasker (@ReallySwara) April 14, 2018
ന്യൂ ഡല്‍ഹി:അഞ്ച് മാസമായി ഡല്‍ഹിയിലെ എയിംസില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ചുറ്റിത്തിരിഞ്ഞ 19കാരന് പോലീസ് പിടിയിലായി. കഴിഞ്ഞ അഞ്ച് മാസത്തോളം ഹോസ്പിറ്റലിന്റെ പരിസരങ്ങളിലും ഡോക്ടര്‍മാര്‍ നടത്തിയ പരിപാടികളിലും ഇയാള്‍ സജീവമായിരുന്നു. വ്യാജ ഡോക്ടറുടെ വേഷം കെട്ടി ഹോസ്പിറ്റല്‍ പരിസരത്ത് എത്തിയത് എന്തിനാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്നാന് ഖുരാം എന്നറിയപ്പെടുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
അതേസമയം മെഡിക്കല്‍ ബിരുദങ്ങളൊന്നും തന്നെയില്ലാത്ത ഇയാള്‍ക്ക് മരുന്നുകളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ ഡോക്ടമര്‍മാരെക്കുറിച്ചും വൈദ്യശാസ്ത്രത്തിലെ പലകാര്യങ്ങളെക്കുറിച്ചും ഇയാളുടെ അറിവ് അപാരമാണ്. എംയിസില്‍ 2000 ഓളം റെസിഡന്റ് ഡോക്ടര്‍മാരാണ് ഉള്ളത്. ഇവര്‍ക്ക് എല്ലാവര്ക്കും പരസ്പരം അറിയില്ല. ഇത് മുതലാക്കിയാണ് ഇയാള്‍ വ്യാജ വേഷം കെട്ടിയതെന്ന് പോലീസ് പറയുന്നു.
ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഖുറാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഡോക്ടേഴ്സ് ഒരുക്കിയ മാരത്തോണില്‍ ഖുറാം പങ്കെടുത്തിരുന്നു. ഇതിനിടെ ചില ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ ഖുറാമിന് അത് നല്‍കാനായില്ല. തുടര്‍ന്ന് പൊലീസ് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.