കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കെവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റായ വിവരം ധരിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു.
എന്നാല്‍,മുഹമ്മദ് റഫീഖ് പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് തെളിയുകയും മുഹമ്മദ് റെഫീഖിന്റെ എസ്പി സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ഹരിശങ്കറാണ് നിലവില്‍ കോട്ടയം എസ്പി.
ന്യൂഡല്‍ഹി: വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനായി അപേക്ഷ ക്ഷണിച്ചിട്ടും ആരും തയ്യാറാകുന്നില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം വ്യോമയാന മന്ത്രാലയം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയെ മാതൃ കമ്പനിയായ ടാറ്റ ഏറ്റെടുക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് 28 മുതല്‍ മെയ് 14 വരെ താല്പര്യപത്രം സമര്‍പ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പിന്നീട് ഇതിന്റെ തിയതി മെയ് 31ലേക്ക് നീട്ടി. ഈ കാലാവധിക്കുള്ളിലും ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികളൊന്നും രംഗത്തെത്തിയില്ല.
2017 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 48,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. 5000 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്.
കന്നഡ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിന്റെ അപകടമരണം. സിനിമാ ചിത്രീകരണത്തിനിടയിൽ ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ് മരിച്ച സന്തോഷ്. വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മൂന്നുദിവസം നിർത്താതെ പെയ്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു . 20 അടി താഴ്ചയുള്ള വെള്ളച്ചാടത്തിലേക്കാണ് സന്തോഷ് തെന്നിവീണത്.
തെൻമലയിലെ വീട്ടിൽ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമിന്റെ മൊഴി. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടർന്നു നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടു.
കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറിൽവച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോൾ വാഹനം ഓടിക്കുവാൻ കഴിയാതായി. നിയാസാണു പിന്നീടു കാർ ഓടിച്ചത്. മറ്റൊരു കാറിലാണു താൻ തുടർന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങൾ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോൾ മുന്നിൽ പോയ മറ്റു രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കണ്ടു.
തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയതായി മറ്റുള്ളവർ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങി – ടിറ്റു വെളിപ്പെടുത്തി. കെവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം എറണാകുളത്തിനു കടന്ന ടിറ്റു, മറ്റുള്ളവർ അറ്റസ്റ്റിലായെന്നറിഞ്ഞതോടെ മൂന്നാറിലേക്കു പുറപ്പെട്ടു. അവിടെ ഒളിവിൽ കഴിയാൻ സാഹചര്യം ഇല്ലാതെവന്നതോടെ കുമളി വഴി പീരുമേട്ടിൽ എത്തി.
തനിയെ എഴുനേറ്റു നിൽക്കാൻ പോലും ആവതില്ല, കരയാൻ ഒരു തുള്ളി കണ്ണുനീരില്ല. ആരാണീ ക്രൂരത കാണിക്കുന്നത്? കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമത്തിലും പ്രചരിക്കുന്ന വിഡിയോ കണ്ടവർ പരസ്പരം ചോദിക്കുന്നതാണിത്.
ഒരു ക്രൂരയായ സ്ത്രീ ഒരു പ്രായംചെന്ന സ്ത്രീയെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുടിക്ക് പിടിച്ചും മുഖത്തടിച്ചും കഴുത്തിൽ ഞെക്കിയും പിടിച്ചു തള്ളിയും ഇവർ വൃദ്ധയെ ഉപദ്രവിക്കുന്നു. അവർ നിസഹായയായി കണ്ണുനീർ പൊഴിച്ചിട്ടും ക്രൂരത തുടരുകയാണ്. ഈ വിഡിയോയ്ക്കെതിരെ രോക്ഷം പടരുകയാണ്. ആരാണ് ഈ ക്രൂര എന്നാണ് സോഷ്യൽമീഡിയയുടെ അന്വേഷണം.
നീനുവിന്റെ പിതാവ് ചാക്കോ മകളുടെ വിവാഹക്കാര്യം തന്റെ വർക്‌ഷോപ്പിൽ എത്തി സംസാരിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ വെളിപ്പെടുത്തൽ. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് മാസങ്ങൾക്ക് മുൻപ് കെവിൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ചൊന്നും കൂടുതലായി ഒന്നും സംസാരിച്ചില്ല. കഴിഞ്ഞ വെളളിയാഴ്ച രാവിലെ നീനുവിന്റെ അച്ഛൻ ചാക്കോ ജോസഫിന്റെ വർക്‌ഷോപ്പിൽ എത്തുകയും കെവിനും നീനുവും തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം ഉടൻ നടത്താമെന്നും അറിയിക്കുകയും ചെയ്തു. നീനു ഇപ്പോൾ എവിടെ ഉണ്ടെന്ന് ചാക്കോ തന്നോട് ചോദിച്ചതായും ജോസഫ് വെളിപ്പെടുത്തി.
എന്നാൽ താൻ നീതുവിനെ കണ്ടിണ്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും അറിയിച്ചതോടെ ചാക്കോ തിരിച്ചു പോയി. പിറ്റെന്നു രാവിലെ പരിചയമുളള പൊലീസുകാരനാണ് തന്നെ വിളിച്ച് കെവിന്റെ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കെവിനെയും ഒപ്പമുണ്ടായിരുന്ന നീനുവിനെയും പൊലീസുകാർ വിളിച്ചുവരുത്തിയിരുന്നു. ഇവർ വിവാഹം റജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതിന്റെ രേഖകൾ പൊലീസിനു കാട്ടിക്കൊടുത്തെങ്കിലും പൊലീസ് ഇതു നോക്കാൻ പോലും തയാറായില്ല. അവിടെ വച്ചു പിതാവു നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കെവിന്റെ ഒപ്പം പോകണമെന്നു കരഞ്ഞ് ബഹളംവച്ചതോടെ പൊലീസ് സ്റ്റേഷനിൽ എഴുതിവച്ച ശേഷം നീനുവിനെ കെവിനൊപ്പം അയച്ചു.
രണ്ടാം വട്ടവും തന്നെ കാണാൻ ചാക്കോ എത്തി. എല്ലാം പറഞ്ഞ് ശരിയാക്കിയെന്നാണ് ഇത്തവണ തന്നോട് പറഞ്ഞത്. സാനു ചാക്കോയും തന്നെ കാണാൻ വർക്‌ഷോപ്പിൽ എത്തിയിരുന്നു. നീനു എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നു– ചാക്കോ പറഞ്ഞു.
ഇതിനിടെ നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേർന്നു തട്ടിക്കൊണ്ടു പോകുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഫോണിലൂടെ കെവിൻ നീനുവിനോട് സംസാരിച്ചിരുന്ന വിവരവും പുറത്തു വന്നു. ഹോസ്റ്റലിൽ ആയിരുന്ന നീനുവിനെ കെവിൻ ആശ്വസിപ്പിച്ചു. പേടിക്കണ്ട കാര്യമില്ലെന്നും താന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും നീനുവിന് കെവിന്‍ ഉറപ്പു നല്‍കുകയും ചെയ്തു. രാത്രി ഒന്നര വരെ ഇരുവരും ഫോണിൽ സംസാരിച്ചു. അപ്പോഴോന്നും ഇങ്ങനെ ഒരു അപകടം സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് കണ്ണീരോടെ നീനു പറയുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഉജ്വലജയം.19,717 വോട്ടുകളുടെ ഭൂരിപക്ഷം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്‍റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700ല്‍ ഏറെ വോട്ട് കൂടി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്ത് രണ്ടായിരത്തിലേറെ വോട്ടുയര്‍ത്തി. ബിജെപിക്ക് എണ്ണായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു
1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.
മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.
മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മുളക്കുഴയിലും ആലയിലും പുലിയൂരും ബുധനൂരും സജി ചെറിയാൻ വ്യക്തമായ ലീഡ് നേടി. മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.
181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകളാണ്.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.
പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.
ഒന്നരവയസുകാരൻ ഗോകുലിനിത് രണ്ടാംജന്മം.അച്ഛന്‍ ഓടിക്കുകയായിരുന്ന കാറിന്റെ ഡോര്‍ തുറന്ന് ഒന്നര വയസുകാരന്‍ റോഡില്‍ വീണു. കുഞ്ഞുവീണതറിയാതെ അച്ഛനും അമ്മയും കുറച്ചുദൂരം മുന്നോട്ടുപോയെങ്കിലും റോഡില്‍ വീണ കുഞ്ഞിന് നാട്ടുകാരും പൊലീസും രക്ഷകരായി. നഗരമധ്യത്തില്‍ നടുറോഡില്‍ വീണ കുഞ്ഞിന് അദ്ഭുതകരമായ രക്ഷപെടല്‍.
ഇന്നലെ ഉച്ചയ്ക്ക് 1.45നു തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആശുപത്രിക്കു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന്‍ ഗോകുല്‍നാഥ് ഡോര്‍ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു.
കുട്ടി വീണത് അറിയാതെ കാര്‍ കുറച്ചുദൂരം മുന്നോട്ടുപോയി. വഴിയാത്രക്കാര്‍ ബഹളം കൂട്ടിയപ്പോഴാണ് അച്ഛനും അമ്മയും വിവരമറിയുന്നത്. ജില്ലാ ആശുപത്രിക്കു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലെ െ്രെഡവര്‍ ജിനൂപ് ആന്റോ സന്ദര്‍ഭോചിതമായി ഇടപെട്ടത് കുഞ്ഞിനു രക്ഷയായി. വാഹനം റോഡിനു കുറുകെ നിര്‍ത്തി ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയ ജിനൂപ് മറ്റു വാഹനങ്ങളെ തടഞ്ഞു. കുട്ടിയെ ഹൈറോഡിനു സമീപം ട്രാഫിക് ഡ്യൂട്ടിയില!ുണ്ടായിരുന്ന സിപിഒ ജോജോ നാലുകണ്ടത്തില്‍ ഓടിയെത്തി വാരിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
അച്ഛനും അമ്മയും നിലവിളിയോടെ ഓടിയെത്തുമ്ബോഴേക്കും കുട്ടിയെ സുരക്ഷിതമായി മാറ്റിയിരുന്നു. കുട്ടിക്കു പരുക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയത്തെ കെവിന്റെ കൊലപാതകത്തെക്കുറിച്ച് പ്രതി ഷാനു ചാക്കോ സൂചന നൽകിയിരുന്നുവെന്ന് ഷാനുവിന്റെ ഭാര്യയുടെ ബന്ധുക്കൾ. ഗൾഫിൽ നിന്ന് തിരുവനന്തപുരം പേരൂർക്കടയിലെ ഭാര്യവീട്ടിൽ എത്തിയ ശേഷമാണ് ഷാനു കൊലപാതകത്തിനു പുറപ്പെട്ടതെന്നും ബന്ധുക്കൾ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഷാനു ചാക്കോ തെറ്റുചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെന്ന് ഭാര്യയുടെ ബന്ധു പറഞ്ഞു.
ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തിൽ എത്തുമെന്നും ഇക്കാര്യം ബന്ധുക്കളോട് പറയരുതെന്നും ഷാനു ഭാര്യയോട് പറഞ്ഞിരുന്നു. പേരൂർക്കടയിലെ വീട്ടിൽ എത്തിയ ഷാനു ഭക്ഷണം പൂർണമായി കഴിക്കാതെ പുറപ്പെടുകയായിരുന്നു. പിന്നീട് ഭാര്യയെ മാത്രമാണ് വിളിച്ചത്. ബന്ധു ആദ്യം ഫോണിൽ സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴും ഫോൺ എടുത്തു. വനമേഖലയിൽ ആണെന്നായിരുന്നു മറുപടി. പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൊലീസ് പേരൂർക്കടയിലെ വീട്ടിൽ പരിശോധന നടത്തി. വീട് പൊലീസ് നിരീക്ഷണത്തിലാണ്.
ചെങ്ങന്നൂരില്‍ തരംഗമായി ഇടതുമുന്നണിയും സജി ചെറിയാന്നും കുതിപ്പ് തുടരുന്നു. ലീഡ് നില അയ്യായിരം കടന്നതോടെ ഇടത് കേന്ദ്രങ്ങള്‍ ആഹ്ലാദത്തിലായി. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം നേടാനായി.
ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചു. ഇവിടെ ബിജെപി രണ്ടാമതെത്തി. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഈ വിജയം കണക്കുകൂട്ടലിനപ്പുറമാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ലഭിക്കുന്ന ഭൂരിപക്ഷം പ്രതീക്ഷയ്ക്കപ്പുറമാണ്. കോണ്‍ഗ്രസ്,ബിജെപി അനുഭാവികളും തനിക്ക് വോട്ടുചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തോല്‍വി ഉറപ്പായതോടെ ആക്ഷേപവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി. വോട്ടുകച്ചവടം ആരോപിച്ച് ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും പുതിയ പോര്‍മുഖം തുറന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ എൽഡിഎഫ്–ബിജെപി ധാരണയുണ്ടെന്നാണ് വിജയകുമാറിന്‍റെ കണ്ടെത്തല്‍.
തനിക്ക് നേരത്തേതന്നെ ചില തോന്നലുകള്‍ ഉണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന് യുഡിഎഫ് വോട്ട് മറിച്ചെന്ന് ശ്രീധരന്‍പിള്ളയും ആരോപിച്ചു.