ചെങ്ങന്നൂരില്‍ തരംഗമായി ഇടതുമുന്നണിയും സജി ചെറിയാന്നും കുതിപ്പ് തുടരുന്നു. ലീഡ് നില അയ്യായിരം കടന്നതോടെ ഇടത് കേന്ദ്രങ്ങള്‍ ആഹ്ലാദത്തിലായി. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം നേടാനായി.

ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചു. ഇവിടെ ബിജെപി രണ്ടാമതെത്തി. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഈ വിജയം കണക്കുകൂട്ടലിനപ്പുറമാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ലഭിക്കുന്ന ഭൂരിപക്ഷം പ്രതീക്ഷയ്ക്കപ്പുറമാണ്. കോണ്‍ഗ്രസ്,ബിജെപി അനുഭാവികളും തനിക്ക് വോട്ടുചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‌തോല്‍വി ഉറപ്പായതോടെ ആക്ഷേപവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി. വോട്ടുകച്ചവടം ആരോപിച്ച് ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും പുതിയ പോര്‍മുഖം തുറന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ എൽഡിഎഫ്–ബിജെപി ധാരണയുണ്ടെന്നാണ് വിജയകുമാറിന്‍റെ കണ്ടെത്തല്‍.

തനിക്ക് നേരത്തേതന്നെ ചില തോന്നലുകള്‍ ഉണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന് യുഡിഎഫ് വോട്ട് മറിച്ചെന്ന് ശ്രീധരന്‍പിള്ളയും ആരോപിച്ചു.