Latest News

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. എരുവട്ടി പാനുണ്ട യുപി സ്‌കൂളിനു സമീപം ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്കു ബോംബേറില്‍ പരുക്കേറ്റു. സ്‌കൂളിന് സമീപത്ത് വെച്ച് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരും പിരിഞ്ഞുപോവുകയും ചെയ്തു.

രാത്രി വൈകി വീടുകളിലേക്ക് പോകുകയായിരുന്ന ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്ക് നേരെ രണ്ട് ബൈക്കുകളിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു. മൂന്നുപേര്‍ക്കും സാരമായി പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

അതേസമയം പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ജുനാഥ്, ആദര്‍ശ്, പ്രശാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഭവ സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.

കോട്ടയം: കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന്  പ്രതികള്‍ കൂടി പോലീസ് പിടിയില്‍. ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് രണ്ട് പേരെ പിടികൂടിയത്. ഒരാള്‍ പീരുമേട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.അതിനിടെ, ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചെന്ന് കരുതുന്ന പോലീസ് ഡ്രൈവര്‍ അജയകുമാര്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ സ്‌റ്റേഷനില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചു.തുടര്‍ന്ന് മറ്റ് പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്‍പ്പെട്ട ഷെഫിന്‍,നിഷാദ് എന്നിവരാണ് ഇന്ന് ഏറ്റുമാനൂരില്‍ നിന്ന് പോലീസ് പിടിയിലായത്. ഗാന്ധിനഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ടിറ്റോ ജെറോം എന്നയാളാണ് പീരുമേട് കോടതിയില്‍ കീഴടങ്ങിയത്. നിലവില്‍ ഒമ്പത് പ്രതികളാണ് പിടിയിലായിരിക്കുന്നത്. രണ്ട് പോലീസുകാരുള്‍പ്പടെ 14 പ്രതികളാണ് ആകെയുള്ളത്.

പ്രതികളെ സഹായിച്ചതിന്റെ പേരിലാണ് രണ്ട് പോലീസുകാര്‍ പ്രതികളായിരിക്കുന്നത്. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു,ഡ്രൈവര്‍ അജയകുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ള പോലീസുകാര്‍. ഇവരില്‍ അജയകുമാറിനെ രാവിലെ ഏറ്റുമാനൂര്‍ സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് നാടകീയമായ രംഗങ്ങളുണ്ടായത്. കസ്റ്റഡിയിലെടുക്കുമെന്ന്  ഉറപ്പായതോടെ അജയകുമാര്‍ ഇറങ്ങിയോടുകയായിരുന്നു. പോലീസ് വേഷത്തിലായിരുന്നു അജയകുമാര്‍. തുടര്‍ന്ന് കൂടെയുള്ള പോലീസുകാര്‍ ഇയാളെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം.

 

 

 

ശ്രീകണ്ഠപുരം (കണ്ണൂര്‍) : വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി ധര്‍മ്മകിണറിനടുത്ത് ടി.കെ. ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍ കുമാര്‍ (23), പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി. അശ്വതി(20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശശിപ്പാറയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന പോയ അശ്വതി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് അമ്മാവന്‍ രാജേഷ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരിട്ടി മേഖലയിലുളളതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെ.എല്‍.13 എ.ഡി. 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ശശിപ്പാറ വ്യൂ പോയിന്റിനു താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്.

പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊല്ലം തെന്മല ഒറ്റക്കല്ലിലാണ് മാന്നാനത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ കുടുംബവീട്. അച്ഛനും അമ്മയും പ്രണയിച്ച മിശ്രവിവാഹിതരാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ് കേരളം അറിഞ്ഞ കഥ. എന്നാല്‍ നാട്ടില്‍ കൂലിപ്പണി പോലും കിട്ടാതിരുന്ന ചാക്കോ ഭാര്യയ്ക്കൊപ്പം ഗള്‍ഫിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എങ്ങനെ കോടീശ്വരരായി.

കടംവാങ്ങിയ പണവുമായി ഗള്‍ഫിലേക്ക് പോയ ഇരുവരും മാസങ്ങള്‍ക്കുള്ളില്‍ തെന്മലയില്‍ തിരിച്ചെത്തി ഏക്കറുകണക്കിന് സ്ഥലം വാങ്ങുകയും വലിയ വീടു വയ്ക്കുകയും ചെയ്തു. നാട്ടുകാര്‍ക്കു മുന്നില്‍ ‘കടയില്‍ സ്റ്റേഴ്സ് എന്ന പലചരക്ക് കടയും അതിനോടു ചേര്‍ന്ന വലിയ വീടും നിഗൂഡതയുടെ കോട്ടയാണ്. കടയുണ്ടായിരുന്നുവെങ്കിലും രഹ്നയും ചാക്കോയും നാട്ടുകാരുമായി വലിയ അടുപ്പമില്ലായിരുന്നു.

കടയില്‍ സാധനം വാങ്ങാനെത്തുന്നവരോട് കാര്യമായ വര്‍ത്തമാനമൊന്നുമില്ല. പലപ്പോഴും ഇരുവരും വിലകൂടിയ കാറില്‍ യാത്രകളിലായിരുന്നു. തെന്മലയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ക്ക് സ്ഥലവും മറ്റു സമ്പാദ്യങ്ങളും ഉണ്ടായിരുന്നു.

ദാരിദ്രത്തില്‍ നിന്നാണ് വളര്‍ന്നതെങ്കിലും വലിയ നിലയിലെത്തിയതോടെ ചെറുപ്പത്തില്‍ തങ്ങളെ സഹായിച്ചവരെ പോലും ചാക്കോ കണ്ടാല്‍ മിണ്ടില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പേരൂര്‍ക്കട സ്വദേശിനിയായ യുവതിയെ ഷാനു പ്രണയിച്ച് കല്യാണം കഴിക്കുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് ഷാനുവിനൊപ്പം ഈ പെണ്‍കുട്ടി ഇവിടെ വന്നിട്ടുള്ളുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

അന്ന് വീട്ടില്‍ വലിയ വഴക്കും നടന്നിരുന്നു. ഷാനുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യവും നാട്ടുകാര്‍ക്ക് അറിവില്ല. അതേസമയം ഷാനു ഗള്‍ഫിലില്‍ വലിയ മെയ്ന്റനന്‍സ് ഷോപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇതിനുള്ള പണം എവിടെ നിന്നാണെന്ന കാര്യം മാത്രം ആര്‍ക്കും അറിവില്ല.

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജയായ ബാലികയെ വെടിവച്ച് കൊലപ്പെടുത്തി. ഒമ്പതുവയസ്സുകരിയായ സാദിയ സുഖ്‌രാജ് ആണ് കൊല്ലപ്പെട്ടത്. ചാറ്റ്‌സ്‌വര്‍ത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച പിതാവിനൊപ്പം കാറില്‍ സ്‌കൂളിലേക്ക് പോകവേയാണ് തോക്കുമായി എത്തിയ മൂന്നംഗ സംഘം ഇവരുടെ കാര്‍ തട്ടിക്കൊണ്ടുപോയത്. അമിതവേഗത്തില്‍ ഓടിച്ചുപോയ കാറില്‍ നിന്ന് പിതാവിനെ അക്രമികള്‍ പുറത്തേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയെയും കാറുമായി അക്രമികള്‍ കടന്നുകളഞ്ഞു.

പ്രദേശത്തെ ഇന്ത്യന്‍ സമൂഹം കാറിനെ പിന്തുടര്‍ന്നതോടെ സമീപത്തുള്ള ഒരു പാര്‍ക്കില്‍ കാര്‍ ഇടിപ്പിച്ചു നിര്‍ത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കാറിനുള്ളില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നു.

നാട്ടുകാരും അക്രമികളും തമ്മില്‍ വെടിവയ്പ് നടന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട കാറില്‍ അക്രമികളില്‍ ഒരാളുടെ മൃതദേഹവുമുണ്ടായിരുന്നു. മറ്റൊരാളെ പോലീസ് പിടികൂടി. മൂന്നാമനു വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

സംഭവത്തിനു പിന്നാലെ മൂവായിരത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ചാറ്റ്‌വര്‍ത്ത് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തി. ദര്‍ബനില്‍ ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള മേഖലയാണിത്.

 

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ഷാനുവിന്റെ അമ്മാവന്റെ മകന്‍ നിയാസ് ചെയ്ത ജോലി ഡ്രൈവറുടേയും സംഘാടകന്റെയും. സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില്‍ കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ആത്മഹത്യ ചെയ്തത്.

അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില്‍ സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്‍ടിസി യില്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച് പോലീസ് ക്‌ളീയറന്‍സിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള്‍ കേസാകാതെ നോക്കാന്‍ കഴിഞ്ഞു.

ഈ രാഷ്ട്രീയ സ്വാധീനവും പോലീസിലുള്ള പിടിയും ആരേയും ഉപദ്രവിക്കാനുള്ള മടിയില്ലായ്മയുമാണ് അമ്മാവന്റെ മകനായ നിയാസിനെ പരിപാടിയില്‍ പങ്കാളിയാക്കാന്‍ ഷാനുവിനെ പ്രേരിപ്പിച്ച ഘടകം. ധാരാളം സുഹൃത്തുക്കളുള്ള നിയാസ് തട്ടിക്കൊണ്ടു പോകലില്‍ സംഘാംഗങ്ങളായി ചേര്‍ത്തതും കൂട്ടുകാരെയാണ്. പുനലൂരും ഇടമണ്ണിലുമുള്ളവരാണ് പങ്കാളികളായത്. തട്ടിക്കൊണ്ടു പോകല്‍ നടപ്പാക്കാന്‍ മൂന്ന് വാഹനങ്ങളാണ് നിയാസ് സംഘടിപ്പിച്ചത്.

സ്ഥലപരിചയം നന്നായി ഉള്ളതിനാല്‍ തട്ടിക്കൊണ്ടു പോകാന്‍ തെരഞ്ഞെടുത്തത് പിറവന്തൂര്‍-ചാലിയക്കര റോഡായിരുന്നു. വനമേഖലയാണെന്നതും വിജനമാണെന്നതുമാണ് ആനൂകൂല്യമായി കണ്ടത്. രണ്ടു വാഹനങ്ങളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടു വന്നത്.

ഇതിനിടയിലാണ് അനീഷ് തന്റെ വാഹനത്തില്‍ ഉണ്ടായിരുന്നവരോട് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞത്. തുടര്‍ന്ന് അനീഷിനെ ഇറക്കിയപ്പോള്‍ വാഹനത്തിലുള്ളവര്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ പോയി. ഈ സമയത്ത് കെവിന്റെ വാഹനത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഇറങ്ങിയ കെവിന്‍ ഇറങ്ങിയോടി. ഇതേ തുടര്‍ന്നാണ് അനീഷിനോട് കെവിന്‍ ചാടിപ്പോയെന്നും തിരിച്ചു പൊയ്‌ക്കൊള്ളാനും പറഞ്ഞത്. പിന്നീട് സംഘം പുനലൂരില്‍ നിന്നും അനീഷിനെ സംക്രാന്തിയില്‍ കൊണ്ടാക്കുകയും ചെയ്തു.

ഷാനുവിന്റെ മാതാവിന്റെ സഹോദരനാണ് നിയാസിന്റെ പിതാവ് നസിറുദ്ദീന്‍. എന്നാല്‍ ദീര്‍ഘനാളായി ഇരു കുടുംബവും തമ്മില്‍ കാര്യമായ ബന്ധമില്ലായിരുന്നു. തന്റെ മകനെ നീനുവിന്റെ മാതാപിതാക്കള്‍ കുടുക്കിയതാണെന്ന് നേരത്തേ നിയാസിന്റെ മാതാവ് ലൈലാബീവി ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രി ഷാനു നിയാസിനെ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്നും താന്‍ തനിച്ചായതിനാല്‍ ആദ്യം മടിച്ച ശേഷമാണ് മകന്‍ ഒപ്പം പോയതെന്നും ലൈലാബീവി പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ചാക്കോയും രഹ്നയും വീട്ടിലെത്തി നീനുവിന് അസുഖമാണെന്നും കൊണ്ടുവരാന്‍ പോയതാണെന്നും പറഞ്ഞു. പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈലാബീവി പറഞ്ഞത്.

മകളെ കൊണ്ടുവരാന്‍ വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ മാതാപിതാക്കള്‍ നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം നിഷേധിച്ച നിയാസ് ഷാനു വന്നതോടെ പോകുകയായിരുന്നെന്നും ലൈലാബീവി പറയുന്നു.

കോട്ടയം : പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.

കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു. എന്നാല്‍ അപ്പോള്‍ കെവിന്‍ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് ഇന്നലെ നീനുവും പറഞ്ഞിരുന്നു.

അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.

 

കെവിന്‍ വധത്തില്‍ പൊലീസിന്‍റെ നേരിട്ടുള്ള ഒത്താശ പുറത്തുവന്നതോടെ കേസന്വേഷണം സങ്കീര്‍ണമായ വഴികളില്‍. മരണത്തിനു തൊട്ടുമുൻപുളള നിമിഷങ്ങളിൽ കെവിൻ അനുഭവിച്ചത് കൊടിയ യാതനയെന്ന് പിടിയിലായ പ്രതികളുടെ മൊഴി. സാനു ചാക്കോയുടെയും കൂട്ടുപ്രതികളുടെയും മർദനമേറ്റ് അവശനിലയിലായിരുന്നു കെവിൻ. വെളളം ചോദിച്ചപ്പോൾ വായിൽ മദ്യം ഒഴിച്ചു കൊടുത്തുവെന്നാണ് വെളിപ്പെടുത്തൽ. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരുടേതാണ് മൊഴി.

നീനുവിനെ തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞാണ് സാനു തങ്ങളെയും ഒപ്പം കൂട്ടിയതെന്ന് ഇവർ മൊഴി നൽകി. നിനുവിനെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോഴാണ് കെവിൻ എവിടെയുണ്ടെന്ന് അന്വേഷണം തുടങ്ങിയതെന്നും അനീഷിന്റെ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രാത്രി തന്നെ അവിടെ എത്തിച്ചേരുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അനീഷിന്റെ വീട്ടിൽ എത്തിയതോടെ നീനു എവിടെയെന്ന് ചോദിച്ച് വാക്കേറ്റമായി. കെവിനെ ഉപദ്രവിച്ചതും വാഹനത്തിൽ കയറ്റിയതും സാനുവാണെന്നും ഇവർ മൊഴി നൽകി. എന്നാല്‍ ഇവരുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസിച്ചിട്ടില്ല. ചാക്കോയോയും സാനുവിനെയും ചോദ്യം ചെയ്തതിനു ശേഷമകും മൊഴി സ്ഥിരീരികരിക്കുക.

തനിക്ക് ഒന്നും അറിയില്ലെന്ന് തീർത്തുപറഞ്ഞതോടെയാണ് അനീഷിനെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്താൽ നീനു എവിടെയുണ്ടെന്ന് കെവിൻ പറയുമെന്ന നിലപാടായിരുന്നു സാനുവിന് ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. ഇവനെ ഞാൻ കൊല്ലില്ല, എല്ലാം കാണാൻ ഇവൻ ജീവിച്ചിരിക്കണമെന്ന് സാനു പറഞ്ഞതായി ഇവർ മൊഴി നൽകി.

അതേസമയം കെവിന്റെ മൃതദേഹത്തിൽ 15 ചതവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. എന്നാൽ, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. നാലുമണിക്കൂറോളം വാഹനം ഓടിയാലേ ഇവിടെയെത്തൂവെന്നും കണക്കാക്കുന്നു.

തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും  പ്രമുഖ മാധ്യമം പുറത്തു വിട്ടിരുന്നു . എല്ലാം ചോരുമ്പോള്‍ കേസന്വേഷണം പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പ്.

ചെങ്ങന്നൂരില്‍ നാളെ ഫലം വരാനിരിക്കെ കണക്കുകളില്‍ വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍…
വോട്ടു കണക്കുകള്‍ കൂട്ടിക്കിഴിച്ചിട്ടും വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍. ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് അന്തിമ കണക്കെടുപ്പിനൊടുവില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷിക്കുന്നത്. വിജയം അല്ലെങ്കില്‍ സിപിഎമ്മിനു പിന്നില്‍ രണ്ടാം സ്ഥാനം എന്നതാണ് ബിജെപിയുടെ അവകാശവാദം.
ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരത്തി മുപ്പത്തിയഞ്ച് വോട്ടാണ് ചെങ്ങന്നൂരില്‍ ആകെ പോള്‍ ചെയ്യപ്പെട്ടത്. പുറത്തു കാണും വിധം ശക്തമായ ത്രികോണ മല്‍സരം വോട്ടിങ്ങിലും പ്രതിഫലിച്ചാല്‍ 2016ലേതിനു സമാനമായ ഫലമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. യുഡിഎഫിനെക്കാള്‍ ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുളള വിജയം.

2016ലേതിനെക്കാള്‍ മികച്ച സംഘടനാ പ്രവര്‍ത്തനം,സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം,പിന്നെ ഭരണ വിരുദ്ധ വികാരവും ചേരുമ്പോള്‍ ഏഴായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് യുഡിഎഫിന്‍റെയും സ്വപ്നം. ഇടതുസ്ഥാനാര്‍ഥിക്കനുകൂലമായി മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
നാല്‍പ്പത്തിഅയ്യായിരത്തിനും അമ്പത്തിരണ്ടായിരത്തിനുമിടയില്‍ വോട്ടുകിട്ടുമെന്നാണ് ബിജെപി കണക്ക്. ചിലപ്പോള്‍ ജയിച്ചേക്കാം. അല്ലാത്ത പക്ഷം എല്‍ഡിഎഫിനു പിന്നില്‍ രണ്ടാം സ്ഥാനമെങ്കിലും ഉറപ്പെന്നും ബിജെപി കണക്കു പുസ്തകം പറയുന്നു.

വോട്ടെടുപ്പ് ദിവസം കെവിന്‍ വധത്തെ തുടര്‍ന്ന‍ുണ്ടായ സംഭവവികാസങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ആനുകൂല്യം യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന ആശങ്ക എല്‍ഡിഎഫിനും ബിജെപിക്കും ഉണ്ടു താനും.

പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.

ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. “എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല” എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.

അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.

ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.

അതുപോലെ തന്നെയാണ് നീനുവും. ‘ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”, കണ്ണീരോടെയാണ് ആ പെൺകുട്ടി അഭയത്തിനായി പൊലീസിനെ സമീപിച്ചത്. എല്ലാ കാത്തിരിപ്പുകളും വിഫലമായി. മാരകമുറിവുകളോടെ കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും ലഭിച്ചു. മരണത്തിനും പ്രതികാരത്തിനും ശേഷം ബാക്കിയാകുന്നത് കാത്തിരിക്കാൻ യാതൊന്നുമില്ലാതെ പ്രതീക്ഷിക്കാൻ യാതൊന്നുമില്ലാതെ ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം ചില ജീവിതങ്ങളാണ്. ദുരഭിമാനകൊലകൾ പെരുകുമ്പോൾ പ്രതീക്ഷയറ്റ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? നഷ്ടപ്പെട്ടതിന്റെ വില അവർക്കും മാത്രം മനസിലാകുന്നതാണ്, അത് തിരികെ നൽകാൻ ദുരഭിമാനത്തിന് സാധിക്കുമോ, ഇനിയും ഇതുപോലെ എത്ര വരാനിരിക്കുന്നു, എന്ന് പഠിക്കും പൊതു സമൂഹം ?

RECENT POSTS
Copyright © . All rights reserved