Latest News

ആലപ്പുഴ മാന്നാറില്‍ ഭർത്താവിനോടുള്ള വിരോധത്താല്‍ ഒരു വയസ്സുകാരനെ ക്രൂരമായി മർദിച്ച അമ്മ കസ്റ്റഡിയില്‍.കുട്ടംപേരൂർ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദിച്ചത്. തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. വിദേശത്തുള്ള ഭർത്താവിന് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ അയച്ച്‌ നല്‍കിയിരുന്നു.

ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യത്താലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് വിവരം. കുഞ്ഞിനെ മർദിച്ച സംഭവത്തില്‍ യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്. മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

മർദന ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണില്‍ പകർത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനല്‍കുകയായിരുന്നു. കുട്ടംപേരൂർ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മർദിച്ചത്. ‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിർത്താതെ കരയുന്ന കുഞ്ഞിനെ ഇവർ വീണ്ടും വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങിലുണ്ട്.

”നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാൻ പറ്റത്തുള്ളൂവടാ. നീ കൊണ്ട് കേസ് കൊടുക്ക്, നീ കേസ് കൊടുക്കണം, നീ ആയിട്ട് കേസിന് പോണം. എനിക്ക് അതാണ് ആവശ്യം” ഇങ്ങനെ പറഞ്ഞാണ് യുവതിയുടെ മർദനം.

സംഭവം പുറത്തറിഞ്ഞതോടെ യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ സംരക്ഷണയിലാണെന്നുമാണ് വിവരം.

തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പ്രതിയായ യുവതിയുടെ ഭർത്താവ്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് യുവതി പൊതിരെത്തല്ലിയത്. ഇതിനിടെ യുവാവ് അടുത്തിടെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായാണ് വിവരം. ഇതിന്റെ പകയിലാണ് യുവതി കുഞ്ഞിനെ മർദിച്ചതെന്നും പൊലീസ് പറയുന്നു.

അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസിയെന്ന് നി​ഗമനം. എസിയിൽ നിന്നുള്ള ​ഗ്യാസ് ലീക്കാണ് തീപിടുത്തത്തിനുള്ള കാരണം എന്നാണ് കരുതുന്നത്. കൂടാതെ മുറിയിലെ വയറിങ്ങിലും ചി പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും.

എസിയിൽ നിന്നുള്ള വിഷപുക ശ്വസിച്ച് ബോധം പോയതിനാലാണ് രക്ഷപെടാൻ സാധിക്കാതിരുന്നതെന്നാണ് വിലയിരുത്തൽ. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണ്. മുറിയില്‍ എസി പ്രവര്‍ത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.

സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യു.കെ വടം വലി മത്സരം ജൂലൈ ഏഴാം തീയതി ഞായറാഴ്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂൾ മൈതാനത്ത് അരങ്ങേറും.

പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ യുകെയിലെ വടംവലി മത്സരത്തിലെ അജയ്യരും ശക്തരും പരസ്പരം കൊമ്പുകോർക്കുമ്പോൾ ആരാകും ഈ വർഷം കപ്പ് ഉയർത്തുന്നത്?


വടംവലിയുടെ ആവേശപ്പൊലിമയിൽ അവിസ്മരണീയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കെൻ്റിലെ അങ്കത്തട്ട് ഉണരുമ്പോൾ കൈ- മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാൻ യു.കെയിലെ കരുത്തരായ എല്ലാ വടംവലി ടീമുകളിലെയും വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും തയ്യാറായി കഴിഞ്ഞു.

യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകർന്നു നൽകിയ സഹൃദയയുടെ വടംവലി മത്സരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ, ആ ആവേശം നെഞ്ചോടു ചേർത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ചയ്ക്കാണ് ചരിത്രമുറങ്ങുന്ന കെന്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത് .


വാശിയും വീര്യവും നിറഞ്ഞു നിൽക്കുന്ന ഈ തീ പാറുന്ന കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനക്കാർക്കു ക്യാഷ് പ്രൈസും ട്രോഫിയും നൽകുമ്പോൾ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ സഹൃദയ നൽകുന്നതായിരിക്കും.

യുകെയിലെ ഒരു രജിസ്റ്റേർഡ് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരക്കണക്കിനു കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ്. സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങൾക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ്.


കുട്ടികൾക്ക് വേണ്ടി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, നാടൻ ഭക്ഷണശാല, ലക്കി ഡ്രോ ഒപ്പം എല്ലാ വടംവലി പ്രേമികൾക്കും

സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം‌ വന്നു ചേർന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിൽ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.


യു.കെയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനാറോളം ടീമുകൾ ഏറ്റുമുട്ടുന്ന ഈ വടംവലി മാമാങ്കത്തിൽ ആരാകാം ഈ വർഷത്തെ ചാമ്പ്യൻ പട്ടം ഉയർത്തുക? ആരാകും ഈ വർഷത്തെ അട്ടിമറി വീരന്മാർ ? എന്നീ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം ജൂലൈ ഏഴിന്.

വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം: Sackville School, Hildenborough, Kent TN11 9HN

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡൻ്റ് ആൽബർട്ട് ജോർജ് – 07956 184796 സെക്രട്ടറി – ഷിനോ തുരത്തിയിൽ – 07990935945, സേവ്യർ ഫ്രാൻസിസ് – 07897641637

ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, വളർത്തു പക്ഷികൾ എന്നിവയുടെ വിൽപനയ്ക്ക് വിലക്ക്.

പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി. മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. പോലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെയാണിത്. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. ജൂൺ 09 ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകൂ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും പിന്തുണച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖ്യമാണെന്നും പത്തുവര്‍ഷക്കാലം മികച്ച ഭരണം എങ്ങിനെയെന്ന് രാജ്യം കണ്ടെന്നും ഇന്ത്യയെ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമെന്നും നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മന്ത്രിസഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്കായി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ യോഗത്തില്‍ നയം വ്യക്തമാക്കി.

കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്.വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

അതെസമയം നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 09-06-2024ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ ഇടതു പക്ഷത്തെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവര ദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതന്‍ പറഞ്ഞത്.

പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠമെന്നും പിണറായി പറഞ്ഞു.

പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാന്‍ സഹായകമായത്.

വലിയ ദുരന്തമാണെങ്കിലും തലയില്‍ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറാത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ആ അതിജീവനം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതില്‍ പ്രശംസിക്കപ്പെട്ടതായും പിണറായി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക.

എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്.

രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത് ‘ തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നായിരുന്നു മാര്‍ കൂറിലോസിന്റെ വിമര്‍ശനം.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിനടുത്തുള്ള പുഴയില്‍ മുങ്ങി നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പുഴയില്‍ ഒഴുക്കില്‍പ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാലുപേര്‍കൂടി അപകടത്തില്‍ പെട്ടത്. വെലികി നൊവ്‌ഗൊറൊഡ് സിറ്റിയിലെ നൊവ്‌ഗൊറൊഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരും.

ഒഴുക്കില്‍പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ചാടിയ നാലുപേരില്‍ മൂന്നുപേര്‍കൂടി പുഴയിലെ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള ഇയാളുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ഇന്ത്യന്‍ എംബസി എക്‌സിലൂടെ അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വെലികി നൊവ്‌ഗൊറൊഡ് അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടില്‍ ബന്ധുക്കളുടെ അടുത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങളെല്ലാം വാ്ഗദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്, കോണ്‍സുലേറ്റ് ജനറല്‍ എക്‌സിലൂടെ വ്യക്തമാക്കി.

രക്ഷപ്പെട്ട വിദ്യാര്‍ഥിക്ക് മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരുടെ കൂടി മൃതദേഹങ്ങള്‍ ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ കൈക്കൊള്ളുക.

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടൻ സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സുരേഷ് ഗോപി മന്ത്രിയാവാൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പാർട്ടി നേതൃത്വം നിർദേശിച്ചതോടെ സുരേഷ് ഗോപി എതിർപ്പില്ലാതെ അംഗീകരിക്കുകയായിരുന്നു.

കേരളത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപി എന്ന ഭാരം തലയില്‍ എടുത്തു വയ്ക്കുന്നില്ല. താൻ എംപിമാരില്‍ ഒരാളാണെന്നും സുരേഷ് ഗോപി പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിർന്ന നേതാവ് പ്രഹ്ലാദ് ജോഷി പാർലമെന്ററി പാർട്ടി യോഗത്തില്‍ അറിയിച്ചു. എൻഡിഎയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉണ്ണികൃഷ്ണൻ ബാലൻ

മലയാളി മനസ് കീഴടക്കി സമീക്ഷയുടെ കുതിപ്പ്. ചുരുങ്ങിയ കാലം കൊണ്ട് യുകെയുടെ മണ്ണില്‍ നിലയുറപ്പിച്ച സമീക്ഷ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സമീക്ഷയുടെ മുപ്പത്തിമൂന്നാമത് യൂണിറ്റ് ഷ്രോപ്ഷയറിൽ‍ പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു. ഇനി ഷ്രോപ്ഷയർ മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പുതിയ യൂണിറ്റിന്‍റെ പ്രസിഡന്‍റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്‍റും സജികുമാർ ഗോപിനാഥൻ ജോയിന്‍റ് സെക്രട്ടറിയുമാണ്. ജെറിൻ തോമസാണ് ട്രഷറർ. സിറാജ് മെയ്തീൻ, അനിത രാജേഷ്, ജുബിൻ ജോസഫ്, ശ്വേത, സജി ജോർജ് എന്നിവർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പുതിയ ഭാരവാഹികളെല്ലാം നാട്ടിൽ സിപിഐഎം/ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായിരുന്നു. കോട്ടയം കുറുമള്ളൂർ സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ബാലസംഘം ജില്ലാ രക്ഷാധികാരിയായും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഖിൽ ശശി ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സജികുമാർ ഗോപിനാഥൻ. സിപിഐഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീൻ സിപിഐഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിൻ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കൽ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോർജ് സജീവ സി.ഐ.ടി.യു പ്രവർത്തകനായിരുന്നു.

യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷണല്‍ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളാപ്പള്ളില്‍, ട്രഷറർ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാർ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ, അരവിന്ദ് സതീശ്, ബൈജു പി കെ എന്നിവർ ആശംസ അറിയിച്ചു.

ഏഴ് വർഷം മുൻപാണ് യുകെയില്‍ സമീക്ഷ പ്രവർത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താല്‍പര്യമുള്ള മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് സമീക്ഷക്കൊപ്പം ചേർന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved