രാജു കാഞ്ഞിരങ്ങാട്
ഓണക്കാലമടുത്താല്‍
ഓര്‍മ്മയുടെ ഒരു കുടന്ന –
പൂവുമായെത്തും
അടുത്ത വീട്ടിലെ നാരായണി ചേച്ചി
അച്ഛനു ,മമ്മയു മില്ലാതെ
അനാഥയായി-
പോയവള്‍
സ്വന്തവും ബന്ധവുമില്ലാതെ
ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വന്നവള്‍
ശനിയും-
സംക്രാന്തിയും ഇല്ലാതെ
ഒറ്റപ്പെട്ടു പോയവള്‍
മനസ്സറിയാതെ ഗര്‍ഭിണിയായി
മനോരാജ്യം കണ്ടിരുന്നവള്‍
‘ആരാണാളെന്നു ചോദിച്ചാല്‍ ‘
ആരെന്നറിയാതെ
ആരെയും ചൂണ്ടി കാണിക്കുന്നവള്‍
അറിയപ്പെടുന്ന ചിലരെ ക്കുറിച്ച്
ആണ്‍കുട്ടികള്‍ ഞങ്ങള്‍ വാതു വെയ്ക്കും
അമ്മയ്ക്കായിരുന്നു വേവലാതി
ആണും തുണയും ഇല്ലാതവളെ ക്കുറിച്ച്
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ്
ഉണ്ണി പിറന്ന കാര്യം ഞാനറിഞ്ഞത് .
ആഹാരത്തിനായി അടുത്ത വീട്ടിലെല്ലാം
കാലത്ത് മുതല്‍ കയറിയിറങ്ങും
ഓണക്കാലത്ത് പൂക്കളുമായാണവര്‍
എന്റെവീട്ടില്‍ വരിക
അമ്മയെന്നും ഓണക്കോടി ആദ്യമെടുക്കുക
ആ അമ്മയ്ക്കും കുഞ്ഞിനുമാണ്
മുറ്റത്തെ പൂക്കളത്തിനേക്കാൾ –
ഭംഗി
അപ്പോള്‍ അമ്മ(നന്മ ) യുടെ മുഖത്തായിരിക്കും കാണുക
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138

ബിനോയ് എം. ജെ.
മനുഷ്യരിൽ വിജ്ഞാനം എങ്ങനെ സംഭവിക്കുന്നു? പാശ്ചാത്യ ശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിൽ ബാഹ്യലോകത്തിൽ നിന്നുള്ള സംവേദനങ്ങളെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഉള്ളിൽ അതിനെക്കുറിച്ചുള്ള അറിവ് നിറയുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിവ് പ്രവേശിക്കുന്നില്ലെന്നുള്ളത് നമുക്ക് വ്യക്തമായി അറിവുള്ള കാര്യമാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു വസ്തുവിനെ കാണുമ്പോൾ പ്രകാശം മാത്രമേ കണ്ണിലൂടെ പ്രവേശിക്കുന്നുള്ളൂ. ഒരു സ്വരം ശ്രവിക്കുമ്പോൾ വായു മാത്രമേ ചെവിയിലേക്ക് പ്രവേശിക്കുന്നുള്ളൂ. മറ്റിന്ദ്രിയങ്ങളുടെ കാര്യവും ഇതുപോലൊക്കെത്തന്നെ. ഭൗതിക ലോകത്തിൽ നിന്നും ഭൗതിക വസ്തുക്കൾ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കുന്നുള്ളൂ. വിജ്ഞാനം ഒരു വസ്തുവോ, പ്രകാശമോ, വായുവോ അല്ല. അത് ഭൗതിക വസ്തുക്കളിൽ നിന്നും തികച്ചും ഭിന്നമാണ്. ഇനി തലച്ചോറിലാണ് വിജ്ഞാനം സംഭവിക്കുന്നത് എന്നു വന്നാൽ അതും ഒരു ഭൗതിക വസ്തു തന്നെ. ഭൗതിക വസ്തുക്കൾക്ക് ചലിക്കുവാനേ കഴിയൂ. നമ്മുടെ തലച്ചോറിനുള്ളിൽ സംഭവിക്കുന്ന ചലനങ്ങളിൽ നിന്നുമാണ് അറിവ് സംഭവിക്കുന്നത് എന്നു വന്നാൽ അപ്പോഴും അറിവ് ചലനത്തിൽ നിന്നും ഭിന്നമാണ്. അപ്പോൾ അറിവിനെ സമ്മാനിക്കുന്ന മറ്റെന്തോ നമ്മുടെ ഉള്ളിൽ ഉണ്ടെന്നുള്ളത് സമ്മതിക്കേണ്ടി വരും. ഈയറിവാകട്ടെ അനന്തമാകുവാനേ വഴിയുള്ളൂ. കാരണം ഈ പ്രപഞ്ചത്തിൽ ഉള്ള എന്തിനെയും അറിയുവാനുള്ള കഴിവ് നമുക്കുണ്ട്. ആ കഴിവ് നമുക്കിപ്പോൾ അനുഭവവേദ്യമല്ലായിരിക്കാം. എങ്കിലും അതവിടെ ഉറങ്ങി കിടപ്പുണ്ട്. ബാഹ്യമായ എന്തെങ്കിലും സംവേദനം വരുമ്പോൾ അതുണരുന്നു.
അനന്തമായ വിജ്ഞാനം ഉള്ളിലുണ്ടെങ്കിലും നമുക്കത് അനുഭവവേദ്യമല്ലാത്തത് എന്തുകൊണ്ട്? മനസ്സ് അതിനെ മറക്കുന്നു! അത്യന്തം തേജസ്സോടെ പ്രകാശിക്കുന്ന സൂര്യനെ മേഘങ്ങൾ മറക്കുമ്പോൾ സൂര്യപ്രകാശം വേണ്ടവണ്ണം ഭൂമിയിൽ എത്തുന്നില്ല.ഇതുപോലെ മനസ്സാകുന്ന മേഘം ഉള്ളിലുള്ള വിജ്ഞാനസൂര്യനെ മറക്കുന്നു. ഇനി എന്താണ് മനസ്സ്? തെറ്റായ അറിവുകളുടെ സമാഹാരമാകുന്നു മനസ്സ്. അത് ആപേക്ഷികജ്ഞാനമാകുന്നു. നിർവ്വചിക്കുവാനാവാത്ത അനന്തജ്ഞാനത്തെ നിർവ്വചിക്കുവാനുള്ള പാഴ്ശ്രമത്തിൽ നിരപേക്ഷികജ്ഞാനം അപേക്ഷികജ്ഞാനമായി രൂപാന്തരപ്പെടുന്നു. ഈ അപേക്ഷികജ്ഞാനത്തിൽ പകുതിയോളം കളവുകളും തെറ്റുകളുമാകുന്നു. ഇപ്രകാരമുള്ള തെറ്റായ വിജ്ഞാനം മനുഷ്യനെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിച്ചാൽ അതിൽ പകുതിയും നിഷേധാത്മകമാണെന്ന് കാണാം. ഈ നിഷേധാത്മക വിജ്ഞാനം എവിടെ നിന്നും കടന്നു കൂടുന്നു? തെറ്റായ അറിവ് അഥവാ അജ്ഞാനം നാം ബാഹ്യലോകത്തിൽ നിന്നും കടം വാങ്ങുന്നതാണ്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ശാസ്ത്രകാരൻ പറയുന്നു ‘ഭൂമിയെ ലക്ഷ്യം വച്ച് ഒരു ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നു. അത് അധികകാലം താമസിയാതെ ഭൂമിയിൽ പതിക്കും’. വേറെ കുറെ ശാസ്ത്രകാരന്മാർ അതിനെ ശരിവക്കുകയും ചെയ്യുന്നു. തീർന്നു! ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിൽക്കും. പിന്നീടിവിടെ ആർക്കും സമാധാനമുണ്ടാകില്ല. വിനോദങ്ങൾക്കും സർഗ്ഗാത്മകതയ്ക്കും പിന്നീടാരും പോകില്ല. ആനന്ദവും ആസ്വാദനവും തിരോഭവിക്കും. ഭൂമി ഒരു നരകമായി മാറും. കുറെ കാലം കഴിയുമ്പോൾ അതേ ശാസ്ത്രകാരന്മാർ തന്നെ തങ്ങൾക്ക് ചില തെറ്റുകൾ പറ്റിയതായി സമ്മതിക്കുന്നു. അങ്ങനെ ഒരു ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നില്ല. ഹൊ! രക്ഷപെട്ടു! സുഖത്തിന്റെയും, ആനന്ദത്തിന്റെയും, ശുഭാപ്തി വിശ്വാസത്തിന്റെയും ഒരു പുനർജ്ജന്മം! വീണ്ടും ജീവിതം ഭാവാത്മകമാകുന്നു. ഇപ്രകാരം ബാഹ്യവിജ്ഞാനം മനുഷ്യന് എന്നും ഒരു പ്രശ്നമാണ്.
ഉള്ളിലുള്ള അനന്തജ്ഞാനത്തിൽ അജ്ഞാനത്തിന്റെ കലർപേയില്ല. അത് അത്യന്തം പ്രകാശപൂരിതവും ഭാവാത്മകമാകുന്നു. അത് വ്യംഗ്യമാണ്(implicit). എന്നാൽ വ്യംഗ്യമായ ഈ അനന്തജ്ഞാനത്തെ മനസ്സിന് വേണ്ടാ. അതിന് പരിമിതികളാണ് വേണ്ടത്. കാരണം മനസ്സ് തന്നെ പരിമിതിയുടെ പര്യായമാണ്. അത് അനന്തജ്ഞാനത്തെ പരിമിതജ്ഞാനമാക്കി(explicit knowledge) മാറ്റുന്നു. ചെറുപ്പം തൊട്ടേ നമുക്ക് കിട്ടുന്ന വിദ്യാഭ്യാസം വാച്യമായ പരിമിതജ്ഞാനമാണ്. അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. എത്ര പഠിച്ചാലും നാം പഴയ ആളുകൾ തന്നെ. പാശ്ചാത്യരിൽ നിന്നും കടമെടുത്ത ഈ വിദ്യാഭ്യാസസമ്പ്രദായം മാറേണ്ടിയിരിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കുവാനാണ് പരിശ്രമിക്കേണ്ടത്. മനസ്സ് തിരോഭവിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ നമുക്ക് യാതൊന്നും പഠിക്കേണ്ടതായില്ല. പഠിച്ചവയെ മറക്കുകയാണ് വേണ്ടത്(unlearning). കാരണം നമുക്ക് എല്ലാമറിയാം. ആ അനന്തജ്ഞാനം പ്രകാശിക്കണമെങ്കിൽ അൽപജ്ഞാനം തിരോഭവിക്കേണ്ടിയിരിക്കുന്നു.
അതിനാൽ നാം ചെറുപ്പം തൊട്ടേ മനസ്സിൽ കയറ്റി വച്ചിരിക്കുന്ന മഠയത്തരങ്ങളെ ഓരോന്നായി എടുത്തു കളയുവിൻ. നാം ജീവിക്കുന്നത് നുണകളുടെ ഒരു ലോകത്താണ്. അത്യന്തം സത്യമെന്ന് കരുതി നാം മനസ്സിൽ പൂജിക്കുന്ന ആശയങ്ങളും നുണകൾ തന്നെ. ഒരാശയത്തെ എതിർത്തുകൊണ്ട് മറ്റൊരാശയം. പരസ്പരവിരുദ്ധമായ ഈ ആശയങ്ങളിൽ ഏതാണ് ശരി? രണ്ടും നുണകൾ തന്നെ. നുണകളെ സത്യമായി സ്വീകരിച്ചാൽ നാം പിന്നീട് ദു:ഖിക്കേണ്ടി വരും. അപ്പോൾ പിന്നെ എന്താണ് സത്യം? നുണയുടെ സ്പർശമേൽക്കാത്തതും പ്രപഞ്ചത്തെ മുഴുവൻ വിശദീകരിക്കുവാൻ കഴിവുള്ളതുമായ ഒരാശയം നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്നുണ്ട്. അതിനു മുൻപിൽ ബാഹ്യമായ ലൗകിക വിജ്ഞാനങ്ങൾ തുച്ഛങ്ങളും നിഷ്പ്രഭങ്ങളുമാണ്. ആ മഹത്തത്വത്തെ കണ്ടെത്തുവാൻ ശ്രമിക്കുവിൻ. അത് കിട്ടിയാൽ പിന്നെ നിങ്ങൾ ഈശ്വരതുല്യനാണ്. ബാഹ്യലോകത്തെ കുറിച്ച് പഠിച്ചുകൊണ്ട് നിങ്ങൾക്ക് ഈ അനന്തജ്ഞാനത്തെ ആർജ്ജിച്ചെടുക്കുവാനാവില്ല. പകരം അവനവനിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120

ഐശ്വര്യ ലക്ഷ്മി.എസ്സ്.
മേലെ നോക്കിയാൽ ആകാശവും താഴെ ഭൂമിയും മാത്രം പരിചിതമായൊരു ലോകത്തിൻ്റെ കോണിൽ നിന്നും പറിച്ച് മാറ്റപ്പെടലുകളും ചേർത്ത് നിർത്തലുകളും സമ്മിശ്രമായൊരു മൊഴിമാറ്റം.
പൂർണ്ണതയിൽ നിന്ന് അപൂർണ്ണതയിലേക്കും പൂജ്യത്തിൽ നിന്ന് അനന്തതയിലേക്കുളള ഗണിതം പോലെ സ്വത്വത്തെ തിരയുമൊരു വൈകാരിക മാറ്റം.
അടുക്കും തോറും ചിട്ടയില്ലാതെ അകന്നുകൊണ്ടിരിക്കുകയും അകലും തോറും കാന്തം പോലെ തിരിച്ച് പിടിച്ച് കൊണ്ടുവരികയും ചെയ്യാൻ കെൽപ്പുള്ളൊരു ചുറ്റുവട്ടത്തിൻ്റെ തണൽ പെയ്ത്ത് .
കിന്നാരം പറഞ്ഞു ചിണുങ്ങുന്ന പ്രാണികളും തലതല്ലിയൊഴുകുന്ന മലവെള്ളവും പുതയിറങ്ങുന്ന മഴച്ചൂടും അതിൽ ഉരുകിയൊലിക്കുന്ന ഭൂമിയും അതിനു കുറുകെ മനുഷ്യത്വവും ചേർന്നൊരു മൊഴിമാറ്റം.
ഓടുന്ന സൂചിക്കും ഒഴുകുന്ന ചോരക്കും ഒലിക്കുന്ന കണ്ണീരിനും വരണ്ടുണങ്ങിയ നാവിനുമപ്പുറം കാലം തേര് തെളിച്ചെടുത്തൊരു മൊഴിമാറ്റം.
അതിൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല ഭാഷക്കും സ്പീഷിസുകൾക്കും അപ്പുറം അത്രമാത്രം വ്യക്തമായൊരു മഹാകാവ്യം “ഉലകത്തിൻ മൊഴിമാറ്റം”
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരേതനായ ശശിധര കൈമളുടെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരിൽ രഞ്ജിത്തിൻ്റെ ഭാര്യയുമാണ്.
ഇമെയിൽ : [email protected]

ഡോ. മായാഗോപിനാഥ്
സ്പെൻസർ ജംഗ്ഷനിലെ പള്ളിയ്ക്ക് മുന്നിലേക്ക് ഒഴുകിയെത്തിയ ലാപിസ് ബ്ലൂ സ്കോഡ കാറിലേക്ക് ധൃതിയിൽ കയറിയിരുന്നു വിന്ദുജ.
‘വിന്ദു ആകെ വിയർത്തല്ലോ ‘
മുടിയിൽ നര വീണിട്ടും മാറിയില്ലേ തന്റെ ഈ ഭയം?”
വളരെ ക്യാഷ്വലായിട്ടാണ് സുദീപ് ചോദിച്ചത്.
പിന്നെ മെല്ലെ ഇടം കൈ നീട്ടി വിന്ദുജയുടെ വലം കയ്യിൽ മൃദുവായി അമർത്തി. “ഞാനല്ലേ വിന്ദൂ. നിന്റെ മാത്രം സുദീപ്.
ബി കൂൾ. റിലാക്സ് വിന്ദൂ ”
വൈകുന്നേരം വിനയൻ വീട്ടിലെത്തും മുന്നേ നിന്നെ ഞാൻ തിരികെ എത്തിക്കാം. ട്രസ്റ്റ് മി ഹണി എന്റെ വാക്കാണ്.
വിന്ദുജ ബാഗിൽ നിന്നു കെർചിഫ് എടുത്തു നെറ്റി മേലെ വിയർപ്പു തുടച്ചു.
നീയിന്നു എന്റെ പ്രിയപ്പെട്ട ടർകൊയ്‌സ് ബ്ലൂ നിറത്തിൽ അതി സുന്ദരിയായിരിക്കുന്നു..
വിന്ദുജ സുദീപിനെ നോക്കി ചിരിച്ചു.
നമ്മൾ കൃത്യം ഒന്നര മണിക്കൂറിൽ എന്റെ സ്വപ്ന സൗധത്തിലെത്തും.
കാർ സിറ്റി വിട്ട് ഇടറോഡിലേക്ക് കയറിയിരുന്നു.
“വിന്ദു നിനക്കോർമ്മയുണ്ടോ
ഞാൻ നിന്നോട് പ്രണയം പറഞ്ഞ ആ ദിനം..”
ഉവ്വ് 27 ഓഫ് ഏപ്രിൽ.. പതിനഞ്ചു വർഷത്തിന്റെ ഋതുഭേദങ്ങൾ നമ്മെ കടന്നു പോയി..
ക്യാമ്പസ് ടൂറും ആ. നീല വാകമരച്ചോടും നിന്റെ അന്നത്തെ ആ സ്കൈ ബ്ലൂ ഷർട്ട് പോലും എനിക്ക് ഇന്നും ഓർമ്മയുണ്ട്.
ഒരില പോലും കാണാതെ പൂമൂടിയ ജെക്രാന്തമരങ്ങൾ.. മൂന്നാറിലെ നീലവസന്തം..
ഏപ്രിൽ കഴിഞ്ഞ് മെയ് മാസത്തോടെ കൊഴിയുന്ന പൂക്കൾ..
“നിനക്കറിയുമോ സുദീപ് എത്ര തവണ വിനയേട്ടൻ നിർബന്ധിച്ചിട്ടും ഞാൻ ഇന്ന് വരെ മറ്റൊരു മൂന്നാർ യാത്ര പോയിട്ടില്ല.
മൂന്നാർ എന്നാൽ എനിക്ക് നിന്റെ പ്രണയമാണ്
.അയാളുടെ ഉൾത്തടം വിറകൊണ്ടു. തന്റെ യൗവ്വനം മുഴുവൻ താൻ കാത്തുവച്ചത് ആർക്കുവേണ്ടിയോ കാത്തിരുന്നതാർക്കുവേണ്ടിയോ അതെ പ്രണയിനി ഒരു ദിവസം തനിക്കായി നൽകിയിരിക്കുന്നു….
അവർ ഇടതിങ്ങിയ റബ്ബർ മരങ്ങൾക്കിടയിലൂയിടെ ഉള്ള വഴിയിലേക്ക് തിരിഞ്ഞിരുന്നു…
വിന്ദുജ പുറത്തേക്കു നോക്കിയിരുന്നു. ഒരേയൊരിക്കൽ
താൻ വന്നു പോയ പാത. ഈ വഴിയുടെ അവസാനം കാണുന്ന ഒരു പഴയ ഓട് വീട്.
പായൽ പിടിച്ച മതിലോരം ചേർന്നു നിൽക്കുന്ന നാക മരം.. നിറയെ പൂക്കളും കായ്കളും. മുറ്റത്തിനിരുവശവും നിറയെ നന്ത്യർവട്ടവും അരളിയുമൊക്കെ കാട് പിടിച്ചു കിടന്നിരുന്നു..
അവിടെ ഉമ്മറത്തെ ചാരുകസേരയിൽ ചാരികിടന്ന നരച്ച താടിയുള്ള കഷണ്ടിത്തലയുള്ള ചുമ കൊണ്ടിടറിയ അച്ഛൻ..
അമ്മയുടെ മുഖത്തെ ദൈന്യതയും വിളർച്ചയും അവർ തന്ന ചായയെ പോലും മരവിപ്പിച്ചു..
അന്ന് സുദീപ് എന്ന കാമുകനൊഴികെ ആ വീടും വീട്ടുകാരും തന്റെയുള്ളിൽ ജരാനരകൾ വരച്ചിട്ടു…
കാർ വളവു തിരിഞ്ഞു പഴയ നാകമരത്തിനടുത്തെത്തി.
ഗേറ്റ് മുതൽ വീട് വരെ ടൈൽ നിരത്തിയിരുന്നു..
മുറ്റമാകെ പലയിനം ഓർക്കിഡുകളും റോസും….
കാറിൽ നിന്നു പുറത്തിറങ്ങിയ സുദീപ് വിന്ദുവിന് നേർക്കു കൈനീട്ടി. വരൂ പ്രിയപ്പെട്ടവളെ..
ഇതാണെന്റെ സ്വപ്നസൗധം….ഇവിടം നിനക്കായ് കാത്തിരിക്കുന്നു..
പഴയ വീടിന്റെ ഗൃഹാതുരത്വത്തിന്റെ ശീലുകളിൽ ഓട് പാകി പൈതൃകത്തിന്റെ ചരിഞ്ഞ മേൽക്കൂരയും കൊത്തുപണികളുമുള്ള അനേകം വാതിലുകളും ജനാലകളുമൊക്കെയുള്ള വലിയ ഒരു നാലുകെട്ട്.
ഉമ്മറത്ത് പഴയ ചാരു കസാല വാർണിഷ് ചെയ്തു ഒരു ഓർമ്മപോലെ സൂക്ഷിച്ചിരുന്നു. ഭിത്തിമേൽ അച്ഛന്റെ വലിയ ഒരു ചിത്രവും.
പൂമുഖം കടന്നപ്പോൾ ആദ്യം കണ്ടത് ഒരു ആട്ടുകട്ടിലാണ്.. അകമേ വെളിച്ചം വിതറുന്ന വലിയ നടുമുറ്റവും മധ്യത്തിൽ ഒരു പവിഴമല്ലി മരവും അതിൽ പടർന്നു കിടന്ന ശംഖ്‌പുഷ്പവും വീടിനു കുളിർമ്മയും സൗരഭ്യവും നൽകി..
വീടിന്റെ ചുവരുകൾക്കെല്ലാം വിൻടേജ് ചിത്രങ്ങൾ മിഴിവേകിയിരുന്നു. പല ചിത്രങ്ങളിലും നീല നിറത്തിന്റെ ധാരാളിത്തം തുടിച്ചു നിന്നു
തന്നെ പ്രതീക്ഷിച്ചു സ്വീകരണ മേശമേൽ വച്ചിരുന്ന പൂപ്പാത്രം നിറയെ ശംഖുപുഷ്പങ്ങൾ.. അവന്റെ പ്രിയപ്പെട്ട പൂക്കൾ…
പെട്ടെന്നു അതിലൊരെണ്ണമെടുത്ത് അവൻ വിന്ദുജയുടെ കണ്ണുകൾക്ക് മേലെ ഉഴിഞ്ഞു കൊണ്ട് പാടി..
ശംഖ്‌പുഷ്പം കണ്ണെഴുതുമ്പോൾ…. വിന്ദുജെ നിന്നെ ഓർമ്മവരും…..
കുറെ നാളുകളായി പൂക്കാൻ കൊതിച്ച ചന്ദനശാഖികൾ തന്നിൽ തളിർക്കുന്നത് അവളറിഞ്ഞു.. ആർട്സ് ഫെസ്റ്റിവൽ ദിനത്തിൽ രാത്രി വൈകി നടന്ന പരിപാടികൾക്ക് ശേഷം തനിക്കൊപ്പം കോളേജ് ഹോസ്റ്റലിലേക്ക് നടന്ന നേരം പിന്നിൽ നിന്നു തന്നെ നെഞ്ചോടു ചേർത്ത അവന്റെ മുഖം പതിഞ്ഞ പിൻകഴുത്തിൽ തുടിച്ച പുളകം എത്രയോ നാൾ തന്നെ കൊതിപ്പിച്ചു.
ഇന്നിപ്പോൾ മാറ്റാരുമില്ലാതെ താനും അവനും മാത്രമുള്ള ഈ വീട്ടിൽ…
അവളുടെ ഹൃദയമിടിപ്പ് കൂടി… അവനവളെ കിടപ്പുമുറിയിലേക്കാനയിച്ചു…
അവനവൾക്ക് കുളിക്കാൻ ടൗവലുകൾ നൽകി..
.വിന്ദു കുളികഴിഞ്ഞു വന്നപ്പോഴേക്കും അവനും കുളി കഴിഞ്ഞെത്തി…
ബാത്ത് ടവലിൽ ഒതുങ്ങിയിരുന്ന അവളുടെ യൗവനം തുളുമ്പുന്നത് അവനിൽ കാമജ്വാലകളെരിച്ചു….
പ്രണയപൂജയിലാദ്യമായി അധരങ്ങളാൽ അവളുടെ കലശങ്ങളെ അഭിഷേകം ചെയ്തു കൊണ്ട് അവൻ പറഞ്ഞു
രതി ദിവ്യമായ ഒരു പൂജയാണ് വിന്ദൂ……
നഗ്നമായ അവളുടെ പാദങ്ങളെ അവൻ നീല ടവലു കൊണ്ട് തുടച്ചു…
പിന്നെ അവളുടെ തുടുത്ത കാൽവിരലുകളെ ചുംബിച്ചു…
പിന്നെ അവർ ചുംബനങ്ങളുടെ മാദക ലഹരിയറിഞ്ഞു…..
പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന്റെ തിരമാലകളിൽ അവൻ അവളെ ആറാടിച്ചു…
അവളുടെ ഗർഭപാത്രത്തിലേക്ക് അവൻ തന്റെ പ്രണയവീഞ്ഞ് ഉരുക്കി ഒഴിച്ചു…
അവന്റെ നെഞ്ചിൽ നിന്നു മുഖം അടർത്തിയെടുത്തു വിന്ദു മേശമേലിരുന്ന ഫോൺ എടുത്തു സമയം നോക്കി….
തളർന്നു മയങ്ങിയ അവനെ കുലുക്കി ഉണർത്തി അവൾ പറഞ്ഞു “സുദീപ്..
നമുക്കു തിരികെ പോകേണ്ടേ “…
പോകാം
പക്ഷെ ഭക്ഷണം കഴിച്ച ശേഷം.
ഊണ് മേശ മേൽ ഭക്ഷണമുണ്ട്
നീയെനിക്കു വിളമ്പി തരണം…
അത് സമ്മതിച്ചു എഴുന്നേറ്റ വിന്ദുവിനെ സാരീ ഉടുക്കാൻ അവൻ അനുവദിച്ചില്ല.
നീയെനിക്കു അന്നം വിളമ്പുമ്പോൾ ഈ ടൗവൽ മാത്രം മതി…
അവനവളെ തന്നോട് ചേർത്ത് കെഞ്ചി….
ഒറ്റയ്ക്ക് നീ എങ്ങനെയാണ് ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കിയത് അത്ഭുതം തന്നെ…
അവൾ പറഞ്ഞു..
അവനവൾക്ക് വയറു നിറയെ ഭക്ഷണം വാരിക്കൊടുത്തു…തിരിച്ചും..
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം അവൾ പാത്രങ്ങളുമായ് അടുക്കളയിലേക്ക് പോയി.
തിരികെ വരുമ്പോഴും സുദീപ് സോഫയിൽ തന്നെ അലസമായി ഇരുന്നു..
നമുക്ക് പോകേണ്ടേ..
നീയെന്താണ് റെഡിയാവാത്തത്? അവൾ തിടുക്കം കൂട്ടി.
വരൂ കുട്ടീ തിടുക്കം കൂട്ടാതെ..
അവൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക് വീണ്ടും കൊണ്ട് പോയി…
ഒരിക്കൽ കൂടി പ്ലീസ്.. അവൻ കെഞ്ചി പറഞ്ഞു…
അവനവളെ മാറോടു ചേർത്തപ്പോൾ അവളും തളർന്നു പോയി…
അവളുടെ നെഞ്ചിൽ കിടന്നു കൊണ്ട് അവൻ കഴുത്തിലെ മാലയുടെ അറ്റത്തെ താലി തൊട്ട് പറഞ്ഞു…
ഇതിനു നീ എത്ര വിലയാണിട്ടത് വിന്ദൂ????
പത്തു ലക്ഷം? നൂറ് ലക്ഷം?? പറയു
ആ ചോദ്യത്തിൽ അവനെ തള്ളി മാറ്റി അവൾ കട്ടിലിൽ എഴുനേറ്റിരുന്നു.
അവൻ പൊട്ടി പൊട്ടിച്ചിരിച്ചു…
കുറെ പതിവ്രതകൾ…
വിന്ദുജയുടെ സപ്ത നാഡികളും തളർന്നു പോയി..
അവൻ വീണ്ടും പൊട്ടിച്ചിരിച്ചു…
ഞാൻ കാത്തിരുന്ന നിമിഷം ഇതാണ്… നീ ഉരുകി വീഴുന്നത് കാണാൻ..
എന്റെ പ്രണയം തട്ടി മാറ്റി നീ വിനയനെ വിവാഹം കഴിക്കാൻ തയ്യാറായതറിഞ്ഞു എന്റെ വേദന കണ്ടു ഇടനെഞ്ഞു വിങ്ങി വിവാഹലോചനയുമായി വന്ന എന്റെ അമ്മയെ നീ അപമാനിച്ചു വിട്ട ദിവസം മുതൽ….കാത്തിരുന്ന ദിവസം…….
അന്ന് തിരികെ വന്ന എന്റെ അമ്മ അധികനാൾ ജീവിച്ചിരുന്നില്ല..കാമുകിയാൽ വഞ്ചിതനായ മകൻ മദ്യത്തിലും ലഹരിയിലും മുങ്ങിയത് അവരെ തളർത്തി…അവരുടെ ഹൃദയം തകർന്നു പോയി..
നിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ എന്റെ പാവം അമ്മ ഈ ലോകം വിട്ട് പോയപ്പോൾ നീ മധുവിധു നുകരുകയായിരുന്നു..
ആ അമ്മയുടെ കണ്ണുനീർ വീണതു കൊണ്ടാണ് നിന്റെ ഗർഭപാത്രം വരണ്ടു പോയത്…
നിനക്ക് ഒരമ്മയാവാൻ കഴിയാഞ്ഞത്…
വിന്ദുജ കൈക്കുമ്പിളിൽ മുഖം പൊത്തി കരഞ്ഞു.
പോയ കൊല്ലത്തെ ക്യാമ്പസ് ഗെറ്റ് ടുഗെതർ ഞാൻ തന്നെ മുൻകൈ എടുത്തു നടത്തിയത് നിന്നെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി മാത്രമായിരുന്നു..
നീ പ്രവാസജീവിതം മതിയാക്കി തിരിച്ചു വരാൻ ഞാൻ കാത്തിരുന്നത് പതിനഞ്ചു വർഷങ്ങളാണ്…
കാശു കൊടുത്തും കൊടുക്കാതെയും എനിക്ക് എത്രയോ പെണ്ണുങ്ങളെ ഈ കിടക്കയിൽ കിട്ടുമായിരുന്നു.
പക്ഷെ സുദീപ് ഇന്ന് വരെ തന്റെ കാമന ഒരു പെണ്ണിന്റെയുള്ളിലും ഒഴുക്കിയിട്ടില്ല. അന്നും ഇന്നും എന്നും എന്റെ ഉള്ളിൽ നീ നീ മാത്രമാണ് പെണ്ണ്……
അയാൾ കിതയ്ക്കുമ്പോൾ പെട്ടെന്ന് സാരി വാരിച്ചുറ്റി വിന്ദുജ..
അപ്പോഴാണ് അയാൾ മുറിയിലെ ടെലിവിഷൻ സ്ക്രീൻ ഓണാക്കിയത്..
അതിൽ തെളിഞ്ഞു കണ്ട തന്റെ നഗ്ന മേനി അവളെ ചകിതയാക്കി.. സുധീപിനൊപ്പം പിണയുന്ന തന്റെ ഉടൽ….
അവളുടെ കയ്യിൽ നിന്നു സാരിത്തുമ്പ് താഴേക്കു വീണു….
നിനക്ക് വേണെങ്കിൽ എന്റെ ശരീരമേറ്റ് വാങ്ങി ശിഷ്ട കാലമിവിടെ കഴിയാം…
എന്റെ ദാനമായി നിനക്കത് ഏറ്റുവാങ്ങാം..
ഇല്ലെങ്കിൽ നിന്റെ വിനയനെ തേടി പോകാം. പക്ഷെ ഭാര്യയുടെ കാമലീലകൾ കണ്ടു കുളിര് കോരാൻ ഞാൻ ഇതവന് അയച്ചു കൊടുക്കും..
മേശമേലിരുന്നു അപ്പോൾ വിന്ദുജയുടെ ഫോൺ റിങ് ചെയ്തു..
മൈ ലവ് എന്ന് സേവ് ചെയ്ത നമ്പർ…
വിനയേട്ടൻ അവളുടെ ചുണ്ടുകളിടറി….
……
സുദീപ് പൊട്ടിച്ചിരിച്ചു..
വികാരവിക്ഷോഭങ്ങളോടെ കരിനീല മേഘമായി പെയ്യാനാവാതെ തറയിൽ ചിതറിയ പ്രണയനീലത്തിൽ വിന്ദു തളർന്നിരുന്നു
ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം ‘2024’ നാളെ സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സ്റ്റീവനേജ് മേയർ കൗൺസിലർ ജിം ബ്രൗൺ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സർഗം ‘പൊന്നോണം 2024 ‘നു അതിഥിയായെത്തുന്ന യുക്മയുടെ നാഷണൽ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു സംസാരിക്കും.
കലാപരിപാടികളുടെ ആധിക്യം മൂലം കൃത്യം പത്തിന് പുലികളിയും മാവേലി വരവേൽക്കലും ചെണ്ട മേളവും അടക്കം പ്രാരംഭ പരിപാടികൾ ആരംഭിക്കും. ആഘോഷത്തിലെ ഹൈലൈറ്റായ വെൽക്കം ഡാൻസ് പത്തരയോടെ ആരംഭിക്കുന്നതാണ്. കഥകളിയും, മെഗാ തിരുവാതിരയും, ഫാഷൻ ഷോയും, മെഡ്‌ലിയും അടക്കം കലാവതരണങ്ങൾക്കു ശേഷം 25 ഇന വിഭവങ്ങൾ അടങ്ങിയ ഓണസദ്യ തൂശനിലയിൽ വിളമ്പും. തുടർന്ന് കലാപരിപാടികൾ തുടരുന്നതാവും.
വാശിയേറിയ ഇൻഡോർ ഔട്ഡോർ മത്സരങ്ങളും, പിന്നണിയിൽ നീണ്ടു നിന്ന കലാപരിപാടികളുടെ പരിശീലനവും കൊണ്ട് തിരുവോണ അനുഭൂതിയിലാണ്ട സ്റ്റീവനേജിൽ തിരുവോണ ദിനത്തിനായൊരുക്കിയ കലാവിസ്മയങ്ങൾ സ്റ്റേജിൽ വർണ്ണം വിടർത്തുമ്പോൾ ഏറെ പ്രൗഢ ഗംഭീരമായ ആഘോഷമാവും സദസ്സിന് സമ്മാനിക്കുക.
സജീവ് ദിവാകരൻ, നീരജ പടിഞ്ഞാറയിൽ, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ എന്നിവർ പ്രോഗ്രാമിനും, ഹരിദാസ് തങ്കപ്പൻ, ചിന്ദു ആനന്ദൻ, നന്ദു കൃഷ്‌ണൻ എന്നിവർ സദ്യക്കും ജെയിംസ് മുണ്ടാട്ട്,അലക്സ് തോമസ്, അപ്പച്ചൻ എന്നിവർ ഇനേതൃത്വം നൽകും.
വൈസ് മോർട്ടഗേജ്, ജോൺ പോൾ സോളിസിറ്റേഴ്സ്, ചിൽ അറ്റ് ചില്ലീസ്, മലബാർ ഫുഡ്, 7s ട്രേഡിങ്ങ് ലിമിറ്റഡ്, കറി വില്ലേജ് എന്നീ സ്ഥാപനങ്ങൾ സർഗ്ഗം പൊന്നോണത്തിന് പ്രായോജകരാവും.
സർഗ്ഗം സ്റ്റീവനേജ് അസോസിയേഷൻ പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി സജീവ് ദിവാകരൻ നന്ദിയും പ്രകാശിപ്പിക്കും.

റോമി കുര്യാക്കോസ്
ബോൾട്ടൻ: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളിൽ ഒന്നായ ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – ന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 21 ന് വിപുലമായ രീതിയിൽ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനൽ സ്റ്റാർമാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോൾട്ടനിലെ ഇന്ത്യൻസ് സ്പോർട്സ് ക്ലബ് ഹാൾ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികൾക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം.
അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ – കായിക മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരുടേയും കാഴ്ചക്കാരുടെയും ആവേശം വാനോളം ഉയർത്തുന്ന വടംവലി മത്സരങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പുവിളികളുടെ ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.
ബി എം എയുടെ ആഭിമുഖ്യത്തിൽ അത്യാഡമ്പരപൂർവ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Bolton Indians Sports Club
Darcy Lever
BL3 1SD
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ : സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ . രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപതയുടെ വൈദിക സമിതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു . വിശ്വാസ പരിശീലനത്തിലും , അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യൂറോപ്പിലെ സഭയ്ക്ക് തന്നെ മാതൃകയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനങ്ങൾ ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകൾ തേടി കുടിയേറിയിട്ടുള്ള എഴുപതിനായിരത്തോളം സഭാ മക്കളുണ്ട് ,അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷയ്ക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ് തങ്ങളെന്ന് ബോധ്യപ്പെടണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു .

രൂപതയുടെ പ്രൗഢമായ വൈദിക സമിതിക്ക് ഈ നാടിന്റെ സംസ്കാരത്തിൽ വിശ്വാസ സമൂഹത്തെ പടുത്തുയർത്താനും നയിക്കാനുമുള്ള കടമയുണ്ട് . പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന വിധത്തിൽ തദ്ദേശീയ സംസ്കാരത്തിലും ഭാഷയിലും അജപാലന ശുശ്രൂഷ നിർവഹിക്കാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട് , അതിനായി നിസ്വാർഥമായ ആത്മസമർപ്പണവും , കഠിനാദ്ധ്വാനവും വൈദിക സമൂഹം ഏറ്റെടുക്കേണ്ടതുണ്ട് .
പ്രതിസന്ധികളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ പ്രത്യാശാപൂർവം വൈദികർ ദൈവജനത്തിനായി ഏറ്റെടുക്കുന്ന അദ്ധ്വാനങ്ങൾ വിലമതിക്കേണ്ടവയാണെന്ന് പിതാവ് അനുസ്മരിച്ചു . രൂപതയെ ശ്രദ്ധാപൂർവം നയിക്കുന്നതിനും , ഒരു വ്യക്തി സഭയെന്ന നിലയിലുള്ള സീറോ മലബാർ സഭയുടെ തനിമയും വ്യതിരക്തതയും കാത്ത് സൂക്ഷിക്കുന്നതിനും രൂപതാധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തുന്ന പരിശ്രമങ്ങളെ മേജർ ആർച്ച് ബിഷപ് അനുമോദിച്ചു .
വൈദികസമ്മേളനത്തിൽ സംബന്ധിക്കുവാൻ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതം ചെയ്തു , രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാർ തട്ടിൽ മടങ്ങിയത് . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിച്ചു .

ക്രിസ്തീയ ഭക്തിഗാന രംഗത്ത് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി ശ്രീ സാനു സാജൻ അവറാച്ചൻ , ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ,സാനുവിന്റെ മറ്റൊരു ഗാനവും കൂടെ റിലീസ് ആയിരിക്കുകയാണ് . “നിത്യവും എൻ അമ്മ” . തൂവെള്ള അപ്പമായി എന്ന കെസ്റ്റർ ആലപിച്ച ഗാനവും , തിരുമുഖം കാണുമ്പോൾ എന്ന മധു ബാലകൃഷ്ണൻ ആലപിച്ച ഗാനവും സൂപ്പർ ഹിറ്റ് ആയി നിൽക്കുമ്പോഴാണ് – ‘അമ്മേ മാതാവേ’ എന്ന് തുടങ്ങുന്ന ” നിത്യവും എൻ അമ്മ” എന്ന ആൽബത്തിലെ ഗാനം ശ്രദ്ധേയമാകുന്നത് .

ഇതിലെ വരികളും സംഗീതവും സാനു സാജൻ അവറാച്ചൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് , ഈ ഗാനത്തിന്റെ ഏറ്റവും പ്രത്യേകത പുതുമുഖ ഗായികയായ സെറീന സിറിൽ ഐക്കരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . വർഷങ്ങളായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിച്ചുവരുന്ന സിറിൽ ഐക്കരയുടെയും ഷിബി സിറിലിന്റെയും മകളാണ് സെറീന .
തന്റെ ചെറുപ്രായം മുതൽ സംഗീതത്തെ ഇഷ്ടപ്പെടുകയും ആദ്യ പിന്നണി ഗാനത്തിന്റെ റിലീസിന്റെ സന്തോഷത്തിലും ആണ് സെറീന .
ശ്രീ ടോം പാലായുടെ ഓർക്കസ്ട്രേഷനിൽ Made 4Memories എന്ന യൂട്യൂബ് ചാനലിൽ ഇറങ്ങിയ ഈ ഗാനം ,വളരെ ജനശ്രദ്ധ നേടി മുന്നോട്ട് പോകുന്നു .

ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽട്ടൻഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷന്റെ ഓണ നിലാവ് 2024 സെപ്റ്റംബർ 14 ശനിയാഴ്ച സെൻറ് എട്വേർഡ് സ്കൂളിൽ വച്ച് ഗൃഹാതുരത്വമുണർത്തുന്ന ഓണത്തിൻറെ ഓർമ്മകളുമായി ആഘോഷപൂർവ്വം നടത്തപ്പെടുകയാണ് .
ഓണ നിലാവ് 2024 ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻറ് ബെൻസൺ തോമസും സെക്രട്ടറി ഷിമ്മി ജോർജും അറിയിച്ചു ചെൽട്ടൻഹാം മലയാളികൾക്ക് മറക്കാനാവാത്ത ഓണത്തിന്റെ ഓർമ്മകൾ തന്മയിൽ തന്നെ പകർത്തി നൽകുവാൻ അസോസിയേഷൻ വിപുലമായ ഓണസദ്യയും നാടൻപാട്ടുകളും കലാ സന്ധ്യയുമായി അംഗങ്ങൾക്ക് എന്നും വേറിട്ടൊരു അനുഭവമായിരിക്കും ഈ വർഷത്തെ ഓണാഘോഷം. മഞ്ഞ് പോലെ തൂവൽ സ്പർശം പോലെ ഇന്നലത്തെ ഓർമ്മയാണ് ഓണം.
രാവിലെ 10:30ന് തിരിതെളിച്ച് തുടങ്ങുന്ന ഓണ നിലാവ് 2024 ദിവസം മുഴുവൻ നീണ്ടുനിൽക്കും. വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ യുകെയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യ ചെണ്ടമേളവും ശിങ്കാരിമേളവും പുലികളിയും എല്ലാം ഈ ഓണാഘോഷത്തിന് മാറ്റുകൂട്ടും അതോടൊപ്പം 151 മലയാളി മങ്കമാരുടെ മെഗാ തിരുവാതിര ഓണ നിലാവിൻറെ മറ്റൊരു ആകർഷണം ആയിരിക്കും .
ഓണനിലാവ് 2024 ന്റെ കലാപരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് ആർട്സ്കോഡിനേറ്റർ സജിനി കുര്യൻ ആണ്. ഈ ഓണ നിലാവ് 2024 ലേക്ക് ചെൽട്ടൻഹാമിലെ എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ നേതൃത്വം അറിയിച്ചു.

അടുത്ത വർഷം ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ മധുരയില്‍ നടക്കുന്ന സി.പി.എം പാർട്ടി കോണ്‍ഗ്രസില്‍ മൂന്നു ടേം പൂർത്തിയാക്കി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം.
ഇനിയുള്ള ചോദ്യം യെച്ചൂരിയുടെ പകരക്കാരൻ ആരാകുമെന്നതാണ് . ആർക്കെങ്കിലും താത്ക്കാലിക ചുമതല നല്‍കുമോ?
അതോ പാർട്ടി കോണ്‍ഗ്രസ് വരെ പി.ബിയിലെ പാർട്ടി സെന്റർ മറ്റു പി.ബി. അംഗങ്ങളുമായി ആശയവിനിമയം നടത്തി കൂട്ടായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമോ?.ഉടൻ ചേരുന്ന പി.ബി.യോഗത്തില്‍ തീരുമാനം ഉണ്ടാകാൻ ഇടയുണ്ട്.കേന്ദ്ര കമ്മിറ്റി പിന്നീട് അതംഗീകരിച്ചാല്‍ മതിയാകും.
പതിനേഴംഗ സി.പി.എം പി.ബിയില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്.അതേസമയം പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.ഐ.ടി.യു നേതാവ് തപൻസെൻ ,ആന്ധ്രയില്‍ നിന്നുള്ള ബി.വി.രാഘവലു, കേരളത്തില്‍ നിന്നുള്ള എം.എ.ബേബിഎന്നിവരാണ് പി.ബിയില്‍ നിലവിലുള്ളവരില്‍ പ്രായപരിധി കടക്കാത്തവരിലെ മുതിർന്ന നേതാക്കള്‍.ഇവരില്‍ ബേബിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
നാല്‍പ്പതു വർഷം മുൻപ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എം.എ.ബേബി ഒഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു.ഇപ്പോള്‍ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്ബോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല.കേരള ഘടകത്തിന്റെ പിന്തുണ ഇതില്‍ നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തില്‍ നിന്നും പി.ബിയിലുള്ളത്.
തപൻ സെൻ ട്രേഡ് യൂണിയൻ രംഗത്തായതിനാല്‍ സാധ്യത കുറവാണ്. പക്ഷേ, മുതിർന്ന നേതാവെന്ന നിലയില്‍ രാഘവലുവിനെ പരിഗണിച്ചേക്കാം.ബംഗാളില്‍ നിന്നുള്ള നീലോല്‍പ്പല്‍ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളില്‍ നീലോല്‍പ്പല്‍ ജൂനിയറാണെങ്കിലും ഉയർന്നു വരുന്ന നേതാവാണ് .എന്നാല്‍ അടുത്ത പാർട്ടി കോണ്‍ഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നല്‍കാൻ ആലോചിച്ചാല്‍ പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ് .അവർക്ക് സാധ്യത കുറവാണ്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം.