ന്യൂദല്‍ഹി: അമിത് ഷായുടെ മകന് ജയ് ഷാ ദ വയറിനെതിരെ നല്കിയ അപകീര്‍ത്തി കേസില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെ 2017 ഒക്ടോബറിലാണ് കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് നല്കിയ രോഹിണി സിങ്, സിദ്ധാര്‍ത്ഥ് വരദരാജ്, വേണു എന്നിവര്‍ക്കെതിരെയാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
എന്നാല്‍ ദ വയറിനെതിരെ നടക്കുന്ന എല്ലാ നിയമ നടപടിക്രമങ്ങളും നിര്‍ത്തിവെക്കണമെന്ന് കേസ് പരിഗണിക്കുന്ന ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ തങ്ങള്‍ക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദ വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ പരാതിയില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ് കോടതി മാധ്യമ സ്ഥാപനം വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വയര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഡി.എല്‍.എഫ് അഴിമതിക്കേസ് പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് രോഹിണി സിങ്. കേസ് തള്ളണമെന്ന വയറിന്റെ ഹര്‍ജി ഏപ്രില്‍ 12ന് സുപ്രീം കോടതി പരിഗണിക്കും. നരേന്ദ്ര മോഡി അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത വയറിന്റെ വാര്‍ത്ത വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയ കൊച്ചി ടസ്കേഴ്സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഐപിഎല്ലിലെ ഒരു സീസണ് മാത്രമാണ് കേരളാ ടീമിന് കളിക്കാന്‍ കഴിഞ്ഞത്. ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെന്ന കാരണം ചൂണ്ടികാട്ടി ബിസിസിഐ ടീമിനെ പുറത്താക്കുകയായിരുന്നു.
550 കോടി രൂപ നഷ്ടപരിഹാരമായി ബി.സി.സി.ഐ ടീം ഉടമകള്‍ക്ക് നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 2015ല്‍ കോച്ചി ടീമിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധിച്ചിരുന്നു. എന്നാല്‍ പണം നല്കാന് ബിസിസിഐ തയ്യാറായില്ല. തുടര്‍ന്ന് കേസില്‍ നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന് കാണിച്ച് ബിസിസിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.
നേരത്തെ കൊച്ചി ടീമിനെ നിലനിര്‍ത്തണമെന്ന് ബി.സി.സി.ഐ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് ടീമിനെ പുറത്താക്കാനുള്ള കടുത്ത തീരുമാനം കൈകൊണ്ടത്. നേരത്തെ 550 കോടി രൂപക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്ത് 850 കോടി വേണമെന്നായിരുന്നു കൊച്ചി ടസ്കേഴ്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നത്.
മംഗളൂരു: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗത്വം ഇല്ലെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മംഗളൂരു പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചവരില്‍ പ്രധാനിയാണ് പ്രകാശ് രാജ്. ”ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത പടര്‍ത്തി രാജ്യത്തിനുതന്നെ അപകടമാകുന്ന കക്ഷിക്കെതിരെ പ്രചാരണം നടത്തും.” അദ്ദേഹം മംഗുളൂരുവില്‍ പറഞ്ഞു.
ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയെയും നേതാക്കളായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി-സിനിമാസ് തീയേറ്റര്‍ ഭൂമി കയ്യേറിയല്ല നിര്‍മിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഭൂമി കയ്യേറ്റത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ദിലീപ്, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയ എന്നിവരെ എതിര് കക്ഷികളാക്കി പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. തീയേറ്റര്‍ സമുച്ചയം നിര്‍മിക്കാന്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ തീയേറ്ററിനു സമീപമുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ചാലക്കുടി ഡി സിനിമാസിന്റെ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സര്‍വേയറുടെ റിപ്പോര്‍ട്ട് പകര്‍ത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം.
തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന് ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു(24), ഡി വി ഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്സണ്(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്. ടി എന്‍ റോക്കേഴ്സ് ,ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ വലയിലാക്കാന്‍ കഴിഞ്ഞത്. വിവിധ സിനിമകള്‍ പകര്‍ത്തി ടോറന്റ് സൈറ്റ് ആയ തമിള്‍ റോക്കേഴ്സ്.ഇന്‍, തമിള്റോക്കേഴ്സ്.എസി, തമിള്റോക്കേഴ്സ്,എംഇ തുടങ്ങി പത്തൊമ്പത് ഡൊമൈനുകളില്‍ സിനിമകള്‍ അപ്ലോഡ് ചെയ്ത് ലക്ഷങ്ങളുടെ വരുമാനം സമ്പാദിച്ചു വരുകയായിരുന്നു.
പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുസരിച്ച് വിവിധ അഡ്വെര്‍ടൈസിങ് ഏജന്‍സി മുഖേന ഇവരുടെ അക്കൗണ്ടിലേയ്ക്ക തുക ലഭിക്കുകയും ചെയ്യും. ഉദ്ദേശം ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് മാസവരുമാനം.ഒരു ഡോമൈന് ഏതെങ്കിലും രീതിയില്‍ ബ്ലോക്ക് ആയാല്‍ ഉടന്‍ തന്നെ മറ്റൊരു ഡോമൈനില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി നിരവധി ഡോമൈനുകള്‍ ശേഖരിച്ചാണ് കുറ്റകൃത്യം നടത്തുന്നത്. തമിഴ് റോക്കേഴ്സ് ഉടമയായ കാര്‍ത്തിയുടേയും മറ്റും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടിയിലധികം രൂപയുടെ വരുമാനം സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. ഡിവിഡി റോക്കേഴ്സ് ഉടമ 2015-16 കാലഘട്ടത്തില്‍ അരക്കോടി രൂപയും ടി എന്‍ റോക്കേഴ്സ് ഉടമ 2016-17 കാലഘട്ടത്തില്‍ 75 ലക്ഷം രൂപയും സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് അക്കൗണ്ടുകള്‍ സാമ്പത്തിക ശ്രോതസ്സുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്.
പൈറസി നടത്താന്‍ ഉപയോഗിച്ച ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. കമ്പ്യൂട്ടറില്‍ ശരിയായ ഐപി മറച്ചുവെച്ച് വ്യാജ ഐപി ഉപയോഗിച്ചാണ് പൈറസി നടത്തിയിരുന്നത്. അതിനാല്‍ ഇവ പരിശോധിക്കുമ്പോള്‍ വിദേശങ്ങളിലാണ് ഇവരുടെ വിലാസങ്ങള്‍ കാണിച്ചിരുന്നത്. തമിഴ്നാട് വില്ലുപുരം കേന്ദ്രമാക്കി കാര്‍ത്തിയുടെ വീടാണ് തമിഴ്റോക്കേഴ്സിന്റെ പ്രവര്‍ത്തനകേന്ദ്രം. ഇത് കൂടാതെ വലിയ പൈറസി മാഫിയതന്നെ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയുമാണ്.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി.കെ പ്രശാന്തന് കാണിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. രാഗേഷ് കുമാര്‍.വി, ഡിക്റ്റടീവ് ഇന്‍സ്പെക്ടര്‍ പി എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്പെക്ടര്‍മാരായ രൂപേഷ് കുമാര്‍.ജെ.ആര്, സുരേന്ദ്രന് ആചാരി, ജയരാജ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സനല്‍കുമാര്‍, സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാത്തിം, സജി, സന്ദീപ്, സ്റ്റെര്‍ലിന്‍ രാജ് , ബെന്നി, അജയന്, അദീന്‍അശോക്, സുബീഷ്, ആദര്‍ശ്, സ്റ്റാന്‍ലി ജോണ്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ പ്രതിയായ നൈജീരിയൻ യുവതിയെ ബംഗളുരൂവിൽ നിന്നു മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലോ പമിലെറിൻ ഡെബോറ (23)യാണ് പിടിയിലായത്. മലപ്പുറം പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.
കഴിഞ്ഞ ജനുവരിയിൽ ഓണ്‍ലൈൻ വെബ്സൈറ്റ് മുഖേന നടന്ന ഇടപാടിൽ പരാതിക്കാരന്റെ പണം പ്രതി തട്ടിയെടുത്തെന്നാണ് കേസ്. പരസ്യ വെബ്സൈറ്റിൽ തന്റെ ഇലക്ട്രോണിക് ഉപകരണം വിൽക്കാൻ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയിൽ നിന്നെന്ന മട്ടിൽ ഓണ്‍ലൈനിൽ ബന്ധപ്പെട്ടാണു യുവതി പണം തട്ടിയത്. ഇലക്ട്രോണിക്സ് ഉപകരണം തന്റെ വിലാസത്തിൽ അയച്ചുകൊടുത്താൽ പണം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു. ഉപകരണം അയച്ചുകൊടുത്തെങ്കിലും പണം നൽകിയില്ല. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്റർനാഷണൽ ട്രാൻസ്ഫർ ചാർജ് എന്ന പേരിൽ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പുതിയ തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പാണ് യുവതി ഉൾപ്പെട്ട സംഘം നടത്തുന്നതെന്നു പോലീസ് കണ്ടെത്തി. വിവിധ ഓണ്‍ലൈൻ പരസ്യ വെബ്സൈറ്റുകൾ നിരന്തരം നിരീക്ഷിക്കുന്ന പ്രതികൾ വിവിധ സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ വ്യാജമായി തയാറാക്കിയ നമ്പറുകൾ മുഖേന വാട്ട്സാപ്പ് മുതലായ മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട്, ഇവർ നൽകുന്ന വിലാസത്തിലേക്ക് സാധനം അയച്ചു കൊടുക്കാൻ പറയുകയും കൊറിയർ ചെയ്ത ശേഷം പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നു തെറ്റിദ്ധരിപ്പിക്കുകയുംചെയ്യും.
ഇതു വിശ്വസിച്ചു വിൽക്കേണ്ട സാധനം അയച്ചു കൊടുക്കുന്ന ആളുകളോട് വില്പനയ്ക്കുശേഷം പണം ഉടമയ്ക്ക് എത്തിക്കുന്നതിനുള്ള വിവിധ ചാർജുകളെന്ന പേരിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേതെന്നു തോന്നുന്ന ഫോണ്‍ നമ്പരുകളാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം മലപ്പുറം എസ്ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ, എസ്ഐ ടി. അബ്ദുൾ റഷീദ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കൽ മുഹമ്മദ് ഷാക്കിർ, എൻ.എം. അബ്ദുള്ള ബാബു, വനിതാ സിപിഒമാരായ ശാലിനി, ശ്യാമ എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരൂവിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
കറുത്ത വംശജനായ സഹപാഠിയെ പോസ്റ്റില്‍ ബന്ധിച്ച് വടികൊണ്ടടിച്ച് അടിമ വ്യാപാരം നടത്തി വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍. വംശീയത നിറഞ്ഞ ക്രൂരത കാണിച്ചത് 12 ഓളം വരുന്ന വെള്ളക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇവരെ സ്കൂളില്‍ നിന്നു സസ്പെന്റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് 12 ഓളം വരുന്ന വെള്ളക്കാരായ കുട്ടികളാണ് തങ്ങളുടെ സഹപാഠിയെ പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചത്. വംശവെറി പൂണ്ട കാലത്തെ അനുസ്മരിക്കും വിധം ഇവര്‍ അടിമ വ്യാപാരത്തെ അനുകരിച്ച് കാണിക്കുകയായിരുന്നു. ബാത്തിലെ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന 3 കുട്ടികളെ പുറത്താക്കാന്‍ സ്കൂള്‍ ഭരണ സമിതി വിസമ്മതിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ കുറ്റവാളികളായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നിയമാനുശ്രുതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സംഭവം റിപ്പോര്‍ട്ട് ചെയ്ത സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. പക്ഷേ സസ്പെന്റ് ചെയ്യപ്പെട്ട എല്ലാവരും തന്നെ സ്കൂളിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രൂരകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളെ ഹെഡ്ടീച്ചര് ആദ്യം പുറത്താക്കിയിരുന്നു. എന്നാല്‍ സ്കൂളിന്റെ ഭരണ സമിതി ഇടപ്പെട്ട് പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയായിരുന്നു. ഹെഡ്ടീച്ചര് പുറത്താക്കിയ മൂന്ന് പേര്‍ക്കും കേസില്‍ ഉള്‍പ്പെട്ട മറ്റു കുട്ടികളെപ്പോലെ രണ്ടാഴ്ച്ച സസ്പെന്ഷന് നല്കിയാല് മതിയെന്ന് സ്കൂള്‍ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികരണം നടത്താന്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പരിഭ്രമം രേഖപ്പെടുത്തി. സ്കൂളിലെ ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ ഗ്യാംങാണ് അതിക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സംഭവം നടന്നതിന് ശേഷം പഴുതുകളില്ലാത്ത അന്വേഷണം സ്കൂളിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമാനുശ്രുതമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്കൂള്‍ അധിതൃതര്‍ പറയുന്നു.
സംഭവം പോലീസിനെ അറിയിച്ചത് സ്കൂള്‍ അധികൃതരാണ്. പോലീസുമായി പൂര്‍ണ അര്‍ഥത്തില്‍ സ്കൂള്‍ സഹകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെഡ്ടീച്ചര് പുറത്തിറക്കിയ കുറിപ്പില്‍ കൂടുതലൊന്നും പറയാനില്ലെന്ന് സ്കൂള്‍ ഭരണ സമിതി അറിയിച്ചു. സ്കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കളോട് സംഭവം നടന്ന വിവരം അധികൃതര്‍ അറിയിച്ചിരുന്നില്ല. ബാത്ത് ക്രോണിക്കിളാണ് വിഷയം പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് വിഷയം വ്യാപകമായി പ്രചരിക്കുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പലരും പ്രതികരിച്ചു. സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തില്‍ ദമ്പതികള്‍ നടുക്കം രേഖപ്പെടുത്തി. തങ്ങളുടെ കുട്ടി മിശ്രവശംജനാണെന്നും അവന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ദമ്പതികള്‍ പറയുന്നു.
നെര്‍വ് ഏജന്റ് ഉപയോഗിച്ച് സാലിസ്ബെറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. നെര്‍വ് ഏജന്റ് ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് രാസായുധ പ്രയോഗം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചിലപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ച റഷ്യയുടെ ടെക്നിക്കല്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഡിപാര്‍ട്ട്മെന്റിന് കീഴില്‍ കെമിക്കല്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന് ഡോ. വില്‍ മിര്‍സായനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ വെപ്പണുകളുടെ നിര്‍മ്മാണം മനുഷ്യരാശിക്ക് തന്നെ വിപത്താണെന്ന് മനസ്സിലാക്കിയ ഡോ. വില്‍ മിര്‍സായനോവ് കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയ വ്യക്തിയാണ്. നിലവില്‍ രാസയുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം.
നെര്‍വ് ഗ്യാസിനേക്കാള്‍ 10 ഇരട്ടി അപകടകാരിയായ നെര്‍വ് ഏജന്റാണ് സാലിസ്ബെറിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുമെന്നും മിര്‍സായനോവ് സാക്ഷ്യപ്പെടുത്തുന്നു. സെര്‍ജി സ്ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായിരിക്കുന്ന തരത്തിലുള്ള വലിയ ഡോസിലുള്ള നെര്‍വ് ഏജന്റ് പ്രയോഗം അതീവ അപകടം പിടിച്ചതാണ്. ഇരുവര്‍ക്കും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവിശ്യമായിരിക്കും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലാബിലുണ്ടായ ചെറിയൊരു അപകടത്തില്‍ സഹപ്രവര്‍ത്തകന്റെ ജീവന് തന്നെ നഷ്ടമായിരുന്നതായി അദ്ദേഹം പറയുന്നു. ഇത്തരം രാസപ്രയോഗങ്ങള് പരിഹാരമില്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആക്രമണ നടക്കുന്ന സമയത്ത സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പൊതു ജനങ്ങള്‍ക്കും അണുബാധയുണ്ടായേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നെര്‍വ് ഏജന്റ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മിര്‍സായനോവ് പറയുന്നു.
കടുത്ത തലവേദന, ചിന്താശേഷി കുറവ്, ചലന വൈകല്യങ്ങള്‍ തുടങ്ങി നെര്‍വ് ഏജന്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ആക്രമണം ബാധിച്ചുവെന്ന് കരുതുന്നവര്‍ എത്രയും പെട്ടന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്ഥിരമായി തങ്ങളുടെ ആരോഗ്യ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വസ്ത്രങ്ങള്‍ കഴുകിയതുകൊണ്ടോ മറ്റു രീതികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതുകൊണ്ടോ രാസയുധത്തിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇഗ്ലണ്ടിലെ ആരോഗ്യ രംഗത്തിന് നിര്‍ദേശം നല്‍കണമെന്നും മിര്‍സായനോവ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് സെര്‍ജി സ്ക്രിപാല്‍ ഉപയോഗിച്ച ടിക്കറ്റ് മെഷീന് കുറച്ച് സമയത്തിനു ശേഷമാണ് പ്രോട്ടക്ടീവ് കവര്‍ ഉപയോഗിച്ച് മറച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ പ്രദേശം സംരക്ഷിത ആവരണങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അതീവ വെല്ലുവിളി നിറഞ്ഞതാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ നെയില്‍ ബസു പറഞ്ഞു.
ലണ്ടന്‍: അടുത്ത മാസം മുതല്‍ നിങ്ങളുടെ ശമ്പളത്തില്‍ രണ്ടു ശതാമനത്തോളം കുറവ് വന്നേക്കാം. പെന്ഷന് ആനുകൂല്യങ്ങള്‍ക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍ വര്‍ദ്ധന വരുത്തിയതോടെയാണ് ഇത്. ഏപ്രില്‍ 6 മുതല്‍ ഇപ്രകാരം ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക ഒരു ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ശരാശരി ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 540 പൗണ്ടായിരിക്കും ഈ വിധത്തില്‍ നല്‍കേണ്ടി വരിക. എന്നാല്‍ ഈ നഷ്ടം കുറയ്ക്കാന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റിനു ശേഷം ലഭിക്കുന്ന 4,50,000 പൗണ്ടായിരിക്കും നഷ്ടമാകുകയെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനമായ എയ്ഗോണ്‍ കണക്കുകൂട്ടുന്നു.
പെന്ഷന് പദ്ധതിയിലേക്ക് ജീവനക്കാര്‍ ഓട്ടോമാറ്റിക് എന്റോള്‍മെന്റിലൂടെയാണ് പ്രവേശിക്കുന്നത്. പത്തില്‍ ഒന്‍പത് പേരും വര്‍ക്ക്പ്ലേസ് പെന്‍ഷനില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിടിക്കുന്ന തുക കൂടുതലാണെന്ന് കരുതി പദ്ധതിയില്‍ നിന്ന് പിന്മാറരുതെന്നും കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്ന തുകയ്ക്കൊപ്പം തൊഴിലുടമയുടെ വിഹിതവും ഇരട്ടിയാകുന്നുണ്ട്. ഒരു ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായാണ് ഈ വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് ഫലത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ ശമ്പള വര്‍ദ്ധന ലഭിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും എയ്ഗോണ്‍ പറയുന്നു. 2019 ഏപ്രിലില്‍ ഈ വിഹിതം 8 ശതമാനമായി വര്‍ദ്ധിക്കും. തൊഴിലുടമയുടെ വിഹിതമായി 3 ശതമാനവും ജീവനക്കാരുടെ വിഹിതമായി 5 ശതമാനവുമാണ് ഈടാക്കുക. റിട്ടയര്മെന്റില് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി മിനിമം ഓഹരി പരമാവധി വര്‍ദ്ധിപ്പിച്ചു കൊണ്ടുവരാനാണ് പദ്ധതി. അടുത്ത മാസം നടപ്പിലാക്കുന്ന പെന്ഷന് വിഹിതം വര്‍ദ്ധനയേക്കുറിച്ച് ജീവനക്കാരില്‍ 53 ശതമാനത്തിനും അറിയില്ലെന്നും എയ്ഗോണ്‍ പറയുന്നു. 700 ജീവനക്കാരില്‍ നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികനായ റോഷി ആഗസ്റ്റിന് എംഎല്‍എ ക്ക് പരിക്ക്. എം എൽ എ യെ കൂടാതെ ആര് പേർക്കും പരിക്കേറ്റു. എം എൽ എ യും മറ്റുള്ളവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. റോഷി ആഗസ്റ്റിന് എംഎല്‍എ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരത്തേക്കു പോയി. ഇന്നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം.
ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമല്ല. നിയമസഭയില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു റോഷി ആഗസ്റ്റിന് എംഎല്‍എ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ് തടിലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. അതിനിടെ ലോറിയില്‍ ഇടിച്ച ബസ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മറ്റൊരു സൂപ്പര്‍ ഫാസ്റ്റുമായും കൂട്ടിമുട്ടി.